ഇരുളിനു നിറം കൂടുമ്പോൾ.
......................................
മുറിവേറ്റ പക്ഷിതൻ
ചിറകിൽ നിന്നാകുമോ
ഒരു തുള്ളി നിണമെന്റെ
കൈയ്യിൽ വീഴ്കേ
അറിയാതെ ഞാൻ ഗഗന
വീചിയിലേക്കായി
മിഴികൾ തുറന്നൊന്നു നോക്കി മെല്ലെ.
മഴ പെയ്തു തോർന്നില്ല-
യെങ്കിലും വാനമിന്നിരുൾ മാറി
തെളിവൂ നറു നീലവർണ്ണമായെങ്ങും !
തുരുതുരെ മഴ പോലെ
ചൊരിയുന്ന ചോര തൻ
ശരമാരി മുകളിൽ നിന്നെന്തിതാകാം.?
ഗർഭഗൃഹത്തിലായി
ദൈവത്തിൻ മുന്നി,ലടി-
വയർപിളർന്നതിൽ നിന്നോ;
അതുമല്ല ചോര കുടിക്കും
കട്ടുറുമ്പിൻ വരിവിതച്ചൊരു
പെണ്ണുടലിൽ നിന്നാകാം.
എണ്ണിപ്പറയുവാനാകാതെ പോകുന്ന
യോനികൾ വിങ്ങിപ്പിടഞ്ഞതാവാം
മരണമേ നീ തന്ന കവചം
ധരിച്ചൊരു പടുജന്മ,മവർ തൻ
കണ്ണുനീരാകുമോ?
നിണമഴ നനഞ്ഞിതാ എൻ മുന്നിലൂടൊരു
പടയണി പോകുന്നലറലോടെ.
രക്ഷിക്ക ഞങ്ങടെ ദൈവത്തെയീ-
ഞങ്ങൾ തന്നശുദ്ധിയിൽ നിന്നു വേഗം.
കുലസ്ത്രീകൾ ഞങ്ങൾ, യൗവ്വന-
ത്തിളപ്പതിൻ പ്രലോഭനങ്ങൾ.
ബ്രഹ്മനും തടവതില്ലവൻ തൻ മനമത്ര
മോഹനമീ യുവതനുവെന്നറിക നിങ്ങൾ .
പിച്ചിക്കീറുവാൻ നിങ്ങൾ മുതിർന്നാലും
കുറ്റം ഞങ്ങൾ തൻ ഉടലെന്നറിയുന്നോർ.
ഇല്ലില്ല പരിഭവം ഞങ്ങൾക്കശേഷവും
ഞങ്ങൾ പഠിച്ചതീ സംസ്കാരമറിയുക.
പിതാ ഭർതൃ പുത്ര രക്ഷയാൽ
പുണ്യ സ്വർഗ്ഗം തേടും മാനിനിമാർ ഞങ്ങൾ.
ഇന്നവർ ചൊല്ലുന്നു വരികയീ നിരത്തിൽ
അണിചേർന്നു നില്ക്കുക നിങ്ങൾ വേഗം.
നിങ്ങൾ നാശത്തിൻ നാരായ വേരുകൾ
നിങ്ങൾ അശുദ്ധി തൻ കലവറ
നിങ്ങൾ സ്വയം വെളിപ്പെടുത്തുകയിനി
ഉണരട്ടെ മാനവികർ
ഉണരട്ടെ നീതിപീഠം
അറിയട്ടെ ലോകമിതു ഞങ്ങൾ തൻ കാൽക്കീഴിൽ.
ഞങ്ങൾ വിധിക്കും
ഞങ്ങൾ നയിക്കും
ഞങ്ങൾ ഭരിക്കും
ഞങ്ങൾ രമിക്കും.
വെറുമൊരു പാവതൻ വേഷമണിഞ്ഞിട്ടു
നടനം തുടങ്ങുക മടിയാതെ വേഗം.
കാഴ്ചകൾ കണ്ണുനിറഞ്ഞു തുളുമ്പവേ
പാടപോൽ മറയുന്നു രുധിര മഴയാൽ.
ചുറ്റും പടരുന്ന ചോരാന്ധകാരത്തിൽ
മുങ്ങി ഞാനെങ്ങോ പതിച്ചിടുന്നു.
ചെവിയിൽ മുഴങ്ങുന്നു സനാതന സംസ്കാര
മധുര മുരളിക വാക്യമപ്പോൾ
"യത്ര നാര്യസ്ഥു പൂജ്യന്ത രമന്തേ തത്ര ദേവത"
..... ബി.ജി.എൻ വർക്കല
No comments:
Post a Comment