നാടോടി (സ്മരണ)
അയാൻ ഹിർസി അലി.
ഡി സി ബുക്സ്
വില :175 രൂപ
പലപ്പോഴും ചരിത്രത്തിൽ നിശബ്ദമായി ചില വിപ്ലവങ്ങൾ നടക്കാറുണ്ട്. ഇവ എഴുതപ്പെടാറില്ല. എഴുതിയാലും അവ മറയ്ക്കപ്പെടും. കാരണം അവ പലരേയും വൈകാരികമായി മുറിവേൽപ്പിക്കും എന്നതിനാൽ . ലോക ചരിത്രത്തിൽ ഇങ്ങനെ അടിച്ചമർത്തപ്പെട്ട ചരിത്ര കഥകൾ മിക്കവയും മതത്തിന്റെ പേരിൽ തടഞ്ഞു നില്ക്കുന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത് ചൂണ്ടിക്കാണിക്കുന്നതു പോലും സമൂഹത്തിൽ വിദ്വേഷം ജനിപ്പിക്കുന്നതും ലേബലുകൾ പതിപ്പിച്ചു നല്കുന്നതുമായ ഒരു വിഷയമാണ്. വിമർശനത്തെ സഹിക്കാനാവാത്ത മതവും പുരോഹിതവർഗ്ഗവും. ലോകത്തിൽ ഇസ്ലാം മതത്തിലാണ് ഈ ഒരു സംഗതി കൂടുതൽ ശക്തമായി നില്ക്കുന്നത്. ഇന്ത്യയിൽ ഇന്നു സംഘപരിവാർ അതേ നിലവാരത്തിലേക്ക് നടന്നടുക്കുന്നു എന്ന സമകാലീന രാഷ്ട്രീയ സാമൂഹിക സംഭവങ്ങൾ തെളിയിക്കുന്നു. സഹിഷ്ണുത, സ്നേഹം എന്നിവയെ 24 മണിക്കൂറും എടുത്തു പറയുന്ന റാഡിക്കൽ ഇസ്ലാമിന്റെ മറ്റൊരു മുഖമാണ് ആയുധം കൊണ്ടു വിമർശനത്തെ ഒടുക്കാൻ ശ്രമിക്കുക എന്നതും. പ്രവാചകന്റ ചിത്രം വരച്ചു എന്നോ കാർട്ടൂൺ വരച്ചു എന്നോ ഒരു ചെറിയ കാര്യം പോലും മരണശിക്ഷയുടെ പരിധിയിൽ വരുന്നവയാണ്. പ്രവാചകനെ തെറി വിളിച്ചു എന്ന കാരണം പറഞ്ഞു കേരളത്തിലെ ഒരധ്യാപകന്റെ അംഗ ഛേദം കൊണ്ടു കലിയടക്കിയ വിശ്വാസികളാണ് മലയാളിക്ക് പരിചയം. സാത്താന്റെ വചനത്താൽ സൽമാൻ റുഷ്ദിയും ലജ്ജയാൽ തസ്ലീമാ നസ്റീനും ഈ സഹിഷ്ണുതയുടെ മധുരം ആവോളം നുകരുന്നുണ്ട്. നബിയെക്കുറിച്ചൊരു വിമർശനാത്മക ഗ്രന്ഥം എഴുതി അലി സിനയെന്ന ഇറാനിയും ഇതേ അവസ്ഥ അനുഭവിക്കുന്നു എന്നറിയുകയുണ്ടായി. ഈ പുസ്തകങ്ങൾ വായനക്കാർക്കു ലഭിക്കുവാൻ പ്രയാസങ്ങൾ നേരിടുന്ന രാജ്യങ്ങൾ ഉണ്ട് എന്നത് നിസാര കാര്യമല്ല അതുപോലെ അവർക്ക് ജീവൻ ഭീഷണിയുടെ മുനയിലാണ് എന്നതും.
ഇതു പോലെ ജീവന് ഭീഷണി നേരിടുന്ന ഒരാൾ തന്റെ ജീവിതത്തെ വരച്ചിടുന്ന കൃതിയാണ് Nomad എന്ന ''നാടോടി''. 'അയാൻ ഹിർസി അലി' എന്ന ആ സോമാലിയൻ പെൺകുട്ടിയുടെ അനുഭവങ്ങളെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് പി.കെ.ശിവദാസ് ആണ്.
സോമാലിയ എന്ന രാജ്യത്തു നിന്നും സൗദി അറേബ്യയിലേക്കും ഡച്ചിലേക്കും അമേരിക്കയിലേക്കും പലായനം ചെയ്ത അയാൻ എന്ന മുസ്ലിം പെൺകുട്ടി. തന്റെ ജീവിതത്തിൽ മതം നല്കിയ ദുര്യോഗങ്ങളും വിഷമതകളും ഒടുവിലാ മതം വലിച്ചെറിഞ്ഞതു മൂലം അനുഭവിക്കുന്ന വധഭീഷണിയും വിശദമായി തന്നെ പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.
ഇത് ഒരു വായനയിൽ, മതത്തിന്റെ കരാളഹസ്തത്തിൽ പെട്ടു പോയ ഒരു സാധാരണ പെൺകുട്ടിയുടെ ഇച്ഛാശക്തിയും കഴിവും കൊണ്ടുള്ള രക്ഷനേടലും അതിജീവനവുമാണെങ്കിൽ അതിനൊപ്പം തന്നെ ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളുടെ അപചയങ്ങളും സംസ്കാരങ്ങളുടെ വൈവിദ്ധ്യങ്ങളും വായനക്കാരനിലെ ചരിത്രാന്വേഷകനെ ആകർഷിക്കും.
ഡച്ചുകാരുടെ വിദ്യാഭ്യാസ വീക്ഷണങ്ങളും യൂറോപ്പിൽ വർദ്ധിച്ചു വരുന്ന ഇസ്ലാം പുരോഗമനവും ക്രിസ്ത്യൻ തകർച്ചയും സോമാലിയയുടെ രാഷ്ട്രീയ ഭൂപടവും ഒപ്പം യൂറോപ്പിലേക്കുള്ള മുസ്ലീം അഭയാർത്ഥികളുടെ യഥാർത്ഥ ലക്ഷ്യങ്ങളും അയാൻ വ്യക്തമായി പറയുന്നുണ്ട്. അതുപോലെ ലോകത്തെ ഒരു വലിയ വിഭാഗം സ്ത്രീകൾ അനുഭവിക്കുന്ന ചേലാകർമ്മം എന്ന ദുരാചാരത്തിന്റെ ഭീകരതയും അയാൻ വിവരിക്കുന്നുണ്ട്.
വായന തുടങ്ങുമ്പോൾ ക്വോട്ട് ചെയ്യാം എന്ന ധാരണയിൽ ഇസ്ലാം നേരിടുന്നതും യാഥാർത്യവും എന്നാൽ വിളിച്ചു പറയുമ്പോൾ ഇരവാദവും ആകുന്ന പല പ്രസ്താവനകളും പേജ് മൂല മടക്കി അടയാളം വച്ചു തുടങ്ങിയെങ്കിലും വായന തീരുമ്പോൾ ആ പോയിന്റുകൾ മാത്രം കൊണ്ട് ഒരു ചെറിയ പുസ്തകം തീർക്കാം എന്ന നില കാണുകയുണ്ടായി. ശരിക്കും ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ ഇസ്ലാം എന്ത് എന്നു മനസ്സിലാക്കാൻ ഈ ഒരൊറ്റ പുസ്തകം മതിയാകും ഒരു സാധാരണ വായനക്കാരന് എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.
അഭയം തന്ന നാട്ടിന്റെ നേരെയുള്ള മൃദു സ്വഭാവം കൊണ്ടാകാം ക്രിസ്തുമതത്തെ അയാൻ വിമർശിക്കാൻ ശ്രമിക്കുന്നില്ല എന്നു കാണാം. താനൊരു യുക്തിവാദിയാണ് എന്നു പറയുമ്പോഴും താനൊരു നാൾ വീണ്ടും ഇസ്ലാം ആയിത്തന്നെ മാറിയേക്കാം എന്ന ആശങ്കയും , മതത്തോടുള്ള എവിടെയോ ഒക്കെ ഇനിയും വിടാത്ത ചില ഇഷ്ടങ്ങളും വരികൾക്കിടയിൽ വായിക്കാൻ കഴിയുന്നുണ്ട്.
തികച്ചും കാലികമായ ഒരു ചുറ്റുപാടിൽ നിന്നു കൊണ്ടു ഇസ്ലാം മതത്തിന്റെ ഉള്ളിൽ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന വിഷമതകളെ മറയില്ലാതെ അയാൻ വിശദീകരിക്കുമ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലിരുന്നു മാത്രം ലോകം കാണാൻ ശ്രമിക്കുന്ന മത വിശ്വാസികൾക്ക് അത് അത്ഭുതവും കപടവും തോന്നിവാസവും ആയി അനുഭവപ്പെട്ടേക്കാം. അനുഭവവും കേൾവിയും രണ്ടാണല്ലോ.
തികച്ചും വായന അർഹിക്കുന്ന ഒരു പുസ്തകമാണിത്. പരിഭാഷയുടെ ചില അസ്കിതകൾ ഉണ്ടു എങ്കിലും വളരെ വലിയ ഒരു പുസ്തകത്തെ സത്യസന്ധമായി മൊഴിമാറ്റം നടത്താൻ കഴിഞ്ഞു എന്നു അനുഭവപ്പെടുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment