Monday, October 29, 2018

സ്വാമി ശരണം

നമ്മളൊക്കെ ചരിത്രം പഠിക്കാൻ താത്പര്യമുള്ളവരാണല്ലോ. കുട്ടികൾ നാളെ ചോദിച്ചാൽ പറഞ്ഞു കൊടുക്കാൻ ബാധ്യസ്ഥരുമാണ്. ചില സംശയങ്ങൾക്ക് ഉത്തരം തേടുകയാണ് ഒരു കഥയിൽ നിന്നും അതോ കഥകളിൽ നിന്നോ .  ഉത്തരം ഉണ്ടാകില്ല എന്നറിഞ്ഞുകൊണ്ടും.
......
പാലാഴി മഥനത്തിലൂടെയാണ് ഈ കഥ തുടങ്ങുന്നത്. ശിവന്റെ അംശമായ അത്രിമുനിയുടെ പുത്രൻ ദുർവ്വാസാവിന് സ്വർഗ്ഗ വിസിറ്റിൽ ഒരു അപ്സരസെങ്ങാണ്ട്  ഒരു മാല കൊടുത്തു. പുഷ്പഹാരം. സ്വർഗ്ഗ വിസിറ്റ് ഒരു സാധാരണ സംഭവമൊന്നുമല്ല. ചരിത്രത്തിൽ നബിയടക്കം സ്വർഗ്ഗത്തു വിസിറ്റ് നടത്തിയവർ ആണ്. ഈയടുത്ത കാലത്ത് ഒരു പെൺകുട്ടി അവിടെ പോയി യേശു അപ്പൂപ്പന്റെ കൂടെ പൂന്തോട്ടത്തിൽ കറങ്ങി വന്നതാണ് ആ വിസിറ്റ് സീരിസിലെ അവസാന വിവരണം എന്നതിനാൽ സ്വർഗ്ഗം ഉണ്ട് എന്നു ഉറപ്പിക്കണം എന്ന വാദം ഉണ്ട്. അതിലേക്ക് പോണില്ല. വിഷയം അതല്ലല്ലോ.
അങ്ങനെ ഈ ഹാരം മുനി ദേവേന്ദ്രന് സമ്മാനം കൊടുത്തു. ദേവേന്ദ്രൻ അത് കിട്ടിയ പാടെ തന്റെ വാഹനമായ ഐരാവതം എന്ന ആനയുടെ കൈയ്യിൽ കൊടുത്തിട്ട് കുളിക്കാൻ പോയി. ഈ സമയം ആ പുഷ്പഗന്ധം മൂലം വണ്ടും ഈച്ചയും എല്ലാം കൂടി ആനയുടെ ചുറ്റും കൂടി. സ്വർഗ്ഗത്തിൽ വണ്ടും ഈച്ചയും ഉണ്ടോ എന്ന ചോദ്യം ഇവിടെ ചോദിക്കാൻ പാടില്ലാത്തതിനാൽ അത് തത്ക്കാലം ചോദിക്കുന്നതല്ല. ആന ദൈവം അല്ല വെറും വാഹനം ആയതിനാൽ മാല എടുത്തു തറയിലിട്ടു നാലു ചവിട്ടും കൊടുത്തു. ആന എടുത്ത് ദൂരെ എറിയാത്തതിൽ പരിഭവിക്കരുത്.
ഇതു കണ്ട മുനി സ്വതവേ ദേഷ്യക്കാരനായതിനാൽ അറഞ്ചം പിറഞ്ചം ശപിച്ചു നീയൊക്കെ നരച്ചു കുരച്ചു ചാവുമെന്നു.
നിത്യകന്യകന്മാരും കന്യകകളുമായ ദേവന്മാരും അപ്സരസ്സുകളും മുടിയൊക്കെ നരച്ചു തൊലിയൊക്കെ ചുളുങ്ങി വയറും ചാടി മുലയൊക്കെ ഇടിഞ്ഞു ഉദ്ദാരണമൊക്കെ നഷ്ടപ്പെട്ടു ജീവിക്കാൻ ആഗ്രഹിക്കുമെന്നു ആരെങ്കിലും കരുതിയോ? സ്വർഗ്ഗമെന്ന സങ്കല്പം കാട്ടി മോഹിപ്പിക്കുന്ന ഒരു മതം പോലും അത്തരമൊരു അവസ്ഥ ആഗ്രഹിക്കില്ല.
കരഞ്ഞു വിളിച്ചു കാൽക്കൽ വീണപ്പോ മുനി അയഞ്ഞു. ശാപമോക്ഷം കൊടുത്തു. പോയി പാലാഴി കടയ്. അമൃത് കിട്ടും. അതു കഴിച്ചാ ശര്യായിക്കൊള്ളും
അതോടെ ദേവൻമാർ വളരെ താഴ്മയോടെ അസുരന്മാരെ വിളിച്ചു പാലാഴി കടഞ്ഞു തുടങ്ങി. ഒറ്റയ്ക്കൊരു പണി ചെയ്യാൻ ആവതില്ലാത്ത ദൈവങ്ങളോ എന്ന് ചോദിക്കരുത്. ഒപ്പം ഇവർ പാലാഴി കടയാൻ പോയ സമയത്ത് സൂര്യചന്ദ്രന്മാരില്ലാതെ ഭൂമി ഇരുണ്ടു പോയോ സമുദ്രവും വായുവും അഗ്നിയും ഇല്ലാതെ ഭൂമി പണ്ടാരമടങ്ങിയോ എന്നൊക്കെ ഇടയിൽ കയറി ചോദിച്ചാ കഥ പറയില്ല പറഞ്ഞേക്കാം.
അങ്ങനെ പാലാഴി കടഞ്ഞു. അന്നേരം മന്ഥര പർവ്വതം (കടക്കോൽ ) പാലാഴിയിൽ താഴ്ന്നു. വിഷ്ണു അങ്ങനെ തന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മം എടുത്ത് ആ കടക്കോൽ പൊക്കിക്കൊടുത്തു. പിന്നേയും സംഭവങ്ങൾ പലതു നടന്നുവെങ്കിലും സമയം കളയാനില്ലാത്തതിനാൽ അതിലേക്ക് പോകുന്നില്ല..
അമൃത് കിട്ടിയതും ചരിത്രത്തിലെ എക്കാലത്തേയും വില്ലന്മാരായ അസുരന്മാർ അതും കൊണ്ടു മുങ്ങി. ഇത് വീണ്ടെടുക്കണം എങ്കിൽ യുദ്ധം ചെയ്യണം. അതിനു ജരാനര വന്ന ദൈവങ്ങൾക്ക് പാങ്ങില്ല. ഒടുക്കം വിഷ്ണു തന്റെ അടുത്ത അവതാരം എടുത്തു . അതാണ് മോഹിനി. ചരിത്രത്തിലെ എല്ലാ അവതാരങ്ങളിലെയും കൂടി ഏക വനിതാ പ്രാതിനിത്യം ആണ് മോഹിനി. പുള്ളിക്കാരി നേരെ പോയി (വില്ലന്മാർക്കിടയിൽ ഇന്നത്തെ ഹിന്ദി തമിഴ് തെലുങ്ക് സിനിമയിൽ കാണുന്ന പോലെ ഡാൻസ് ഒക്കെ ചെയ്തോ എന്നു ചോദിക്കാതിരിക്കുക ) അമൃത് അടിച്ചു മാറ്റി തിരികെ വന്നു.
ഇത് എഴുതപ്പെട്ട പുരാണങ്ങളായ മഹാഭാരതവും രാമായണവും പറഞ്ഞു തരുന്നുണ്ട്. അവയുടെ കാലഘട്ടം ബി സി നാലാം നൂറ്റാണ്ടോ മറ്റോ ആണ് എന്ന് കാണാം. എ ഡി നാലാം നൂറ്റാണ്ടിലെ ബ്രഹ്മാണ്ഡപുരാണത്തിൽ ശിവൻ മോഹിനിയെ കാണാൻ മോഹിച്ചുവെന്നും ഇതിനു വേണ്ടി വിഷ്ണുവിനെ കാണാൻ പാർവ്വതീസമേതം ചെല്ലുകയും മോഹിനിയായി കണ്ടതും പാർവ്വതിയെ പോലും മറന്ന ശിവൻ വികാരം നിയന്ത്രിക്കാനാകാതെ സ്ഖലിക്കുകയും ആ ബീജം ഒരു കുഞ്ഞായി മാറി അതാണ് ശാസ്താവ് എന്നു കാണാം. (ദൈവത്തിനു സുന്ദരിമാരെ കണ്ടാൽ നിയന്ത്രണം പോകുമെന്നും സ്ഖലിക്കുമെന്നും അതു  ഉടനെ കുഞ്ഞാകുമെന്നും സാരം. ശബരിമല നിറച്ചു കുഞ്ഞുങ്ങളോടിക്കളിക്കാതിരിക്കാനാണ് യുവതികൾ വരരുതെന്നു നിയമം വച്ചതെന്നു ഭക്തർ പറഞ്ഞേക്കാം.)എ ഡി എട്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടക്കുള്ള ഗണേശ പുരാണത്തിലും മറ്റുമാണ് പിന്നെ ഇതു കാണുന്നത്. മാത്രവുമല്ല പടിഞ്ഞാറൻ ഇന്ത്യയിൽ, മഹാരാഷ്ട്ര യിലും മറ്റും മോഹിനിയുടെ മറ്റൊരു പേര് മഹാലസയെന്നാണ്. ശിവന്റെ അവതാരമായ കണ്ടോബയും ഒന്നിച്ചാണ് ഈ ദേവത പൂജിക്കപ്പെടുന്നത് അവിടെ. ഈ ദൈവത്തിന്റെ പ്രത്യേകത എല്ലാ മതവും ഇസ്ലാം മതമടക്കം ആ ദൈവത്തിനു അനുകൂലമോ അനുവദനീയമോ ആണ് എന്നതാണ്.
ഇവിടെ ഇസ്ലാം മതം ഉണ്ടാകുന്നത് ഏഴാം നൂറ്റാണ്ടിലാണ്. അത് വച്ചു നോക്കുമ്പോൾ ഈ അവതാരങ്ങളും പാലാഴി മഥനവും ഒക്കെ ഈ 1400 കൊല്ലങ്ങൾക്കു ഇടയിൽ സംഭവിച്ചതായിരിക്കണ്ടേ ! എഴുതപ്പെട്ട ചരിത്രങ്ങളിൽ ഇവ രേഖപ്പെടുത്തി കാണുന്നില്ല. 2000 കൊല്ലം മുമ്പ് ഉള്ള പ്രധാന ചരിത്ര സംഭവങ്ങളിൽ ആരും തന്നെ യേശുവിനെക്കുറിച്ചു പറയുന്നില്ല (ബൈബിൾ ഒഴികെ) എന്നതുപോലെ 1400 കൊല്ലത്തെ ചരിത്രങ്ങളിൽ ( പുരാണങ്ങൾ മേൽ പറഞ്ഞവയൊഴികെ) അയ്യപ്പനെക്കുറിച്ചു ആരും പറഞ്ഞു കേട്ടില്ല. ആ കാലത്ത് ജീവിച്ചിരുന്നവർ പോലും എഴുതി വച്ചില്ല. വിദേശികൾ നാലായിരം വർഷങ്ങൾക്കു മേൽ (ഉറപ്പിച്ചു പറയാൻ കൂടുതൽ പഠിക്കണം ) കേരളവുമായി വ്യാപാര ബന്ധം നടത്തിയിട്ടും, സഞ്ചാരികൾ വന്നു പോയിട്ടും നേരിൽ കാണുകയോ എഴുതി വയ്ക്കുകയോ ഉണ്ടായില്ല. ബുദ്ധന്റ തെളിവുകൾ കൊത്തിവയ്ക്കപ്പെട്ടവയാണ്. എന്നാൽ എന്തുകൊണ്ടാണ്  അയ്യപ്പൻ എന്ന ദൈവം ചരിത്രരേഖകളിൽ സ്ഥാനം പിടിക്കാതെ പോയത്? അതുപോലെ കൂർമ്മാവതാരവും മോഹിനിയും ഈ പറഞ്ഞ കാലത്താണെങ്കിൽ പാലാഴിമഥനം എന്തുകൊണ്ടാരുമന്നു രേഖപ്പെടുത്തിയിട്ടില്ല. അതു കഴിഞ്ഞു രാമനും കൃഷ്ണനും വാമനനും പിന്നെ കേരള നിർമ്മാതാവ് പരശുരാമനും എഴുതി വയ്ക്കപ്പെട്ടില്ല. കേരളം പരശു നിർമ്മിച്ചതാണെങ്കിൽ മോഹിനി അയ്യപ്പനെ തുടവഴി പ്രസവിച്ച പന്തളത്തെ കാട് എതു സ്ഥലത്തായിരുന്നു.?
പഴയ കൊട്ടാരങ്ങളിലൊക്കെ ഡയറിക്കുറിപ്പുകൾ ഉണ്ട്. തിരുവിതാംകൂർ രാജകൊട്ടാരത്തിലും ഉണ്ടത്. പന്തളം കൊട്ടാരത്തിലങ്ങിനെ ഒരു വിശിഷ്ട സംഭവം നടന്നിട്ടു രേഖപ്പെടുത്തിയിട്ടുണ്ടോ? കെട്ടുകഥകൾ മാത്രമാകുന്ന വിശ്വാസങ്ങൾക്ക് മേൽ ഇരുന്നു കൊണ്ടു തന്തയ്ക്കും തള്ളയ്ക്കും വിളിക്കുകയും കൊലവിളി നടത്തുകയും ചെയ്യുന്നവർ ഇവയ്ക്കൊരുത്തരം തരും എന്നു കരുതട്ടെ. മത സൗഹാർദ്ദം ഇല്ലെങ്കിൽ ഞാനൊക്കെ സംശയിക്കപ്പെട്ടു പോകും എന്നു കരുതി സുഹൃത്തേ വിശ്വാസമാണ് സഹിഷ്ണുത വേണം എന്നൊക്കെ ഉപദേശികൾ ആകുന്ന സുഹൃത്തുക്കൾക്കും മറുപടി തരാം.
കാരണം ചോദ്യം ചോദിക്കുന്നതിലൂടെ മാത്രമേ അറിവ് വളരൂ.
പ്രതീക്ഷകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment