Monday, October 8, 2018

എന്നിലേക്ക്‌ നോക്കുമ്പോൾ ...

എന്നിലേക്ക്‌ നോക്കുമ്പോൾ ...
.................................................
നിശബ്ദത വല്ലാതെ ബുദ്ധിമുട്ടിച്ചു തുടങ്ങുമ്പോള്‍ ആണ് എല്ലാരും ജീവിതത്തെ വെറുത്തു തുടങ്ങുന്നതെന്ന വേദവാക്യം എന്‍റെ മനസ്സിനെയും വെറുതെ മലിനമാക്കിക്കൊണ്ടിരിക്കുന്നു . എവിടെയാണ് നിനക്ക് പിഴച്ചതെന്നു കാലത്തിന്‍റെ ഓരോ ചലനത്തേയും അളന്നു നോക്കി ചിന്തകള്‍ ആകുലപ്പെട്ടു തുടങ്ങി . എന്താകും , എവിടെയാകും വിഷുപ്പക്ഷിയുടെ ചിറകടിയൊച്ച കാത്തു ഉറക്കം നഷ്ടമായ ദിനങ്ങള്‍ തണുത്തുറഞ്ഞു കിടന്നത് ? കേവലതയുടെ വെറും നൂലുകള്‍ ഇഴചേര്‍ത്തു തുന്നിയെടുത്ത വിശ്വാസങ്ങളില്‍ എവിടെയൊക്കെയോ വിള്ളലുകള്‍ ഉണ്ടായിരിക്കുന്നു . നഷ്ടപ്പെടലുകള്‍ ആണല്ലോ എന്നും ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിക്കുന്നത് . കണ്ണീര്‍ കൊണ്ടും , വ്യസനം കൊണ്ടും , പരിഭവങ്ങള്‍ കൊണ്ടും അവയെ പേര്‍ത്തും പേര്‍ത്തും ഓര്‍ത്തു നടക്കുക എന്നത് ജീവിതവൃതം ആകുന്നതു അങ്ങനെയൊക്കെയാകണം. എനിക്ക് മുന്നേ എന്നതില്‍ നിന്നും എനിക്കൊപ്പം എന്നതിലേക്ക് വാക്കുകള്‍ താഴ്ന്നു വരികയും, നമുക്ക് വേണ്ടി എന്നൊരു വെറും വാക്കില്‍ കിടന്നു ഗദ്ഗദം പിടയ്ക്കുകയും ചെയ്തു തുടങ്ങുന്നു പിന്നെ . വക്കുകള്‍ പൊട്ടിയ മണ്‍ചട്ടികള്‍ പോലെയും , വാക്കുകള്‍ പതറിയ ഗീതങ്ങള്‍ പോലെയും മനസ്സിനെ പിടയ്ക്കാന്‍ വിട്ടുകൊണ്ടും കാലം മുന്നോട്ടു തന്നെ പോകുന്നു . വിരസത എന്നതൊരു മുഖമുദ്ര ആകുകയാണ് . ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്നും ,എന്‍റെ എന്ന കാഴ്ചകള്‍ ശിഥിലമാക്കുന്നത് കണ്ടു കണ്ണീര്‍ പൊഴിച്ചും ജീവിതമെന്താണ് എന്നൊരു അന്വേഷണത്തിന് ഇറങ്ങുന്ന മനുഷ്യനാണോ ഞാന്‍ ? എവിടെയാണ് വഴി പിരിഞ്ഞത് ചിന്തകള്‍ ? എവിടെയാണ് മൊഴികള്‍ അന്യമായത് ? ആര്‍ക്കാണ് തെറ്റുസംഭവിച്ചത് ? കാലം പറയാത്ത ചില കടങ്കഥകള്‍ ആണ് ചിലപ്പോഴൊക്കെ ജീവിതമെന്ന് തോന്നിപ്പിക്കുന്നതെന്താകും . ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്ക് ഉത്തരം ആയി മനസ്സ് പറഞ്ഞു പഠിപ്പിച്ച വാക്യമാണ് ലഹരിയുടെ പൂക്കള്‍ പൂവിടുന്ന താഴ്വരകളെ സ്നേഹിക്കാന്‍ . അല്ലെങ്കില്‍ മരണം മണക്കുന്ന തണുപ്പിന്റെ ആഴങ്ങളെ അതിലുമാഴത്തില്‍ പ്രണയിക്കാന്‍ . എന്താകാം പ്രണയത്തെക്കുറിച്ച് വാചാലമാകുമ്പോള്‍ ഹൃദയം ഇത്രയേറെ തുടിക്കുന്നത് ? അന്യായമായ ഒരു വിനോദമല്ലേ അത് . ആഴങ്ങള്‍ മറന്നു പോകുന്ന ഏതു ഗര്‍ത്തമാണ് , ലഹരികള്‍ ഉറഞ്ഞു പോയ ഏതു താഴ്വരകളാണ് ജീവിതത്തെ ഇടയില്‍ കലര്‍ത്തി , വേദനയുടെയും കടപ്പാടിന്റെയും സ്നേഹരാഹിത്യത്തിന്റെയും കഥകള്‍ പറഞ്ഞു തരുന്നത് ? സ്നേഹിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യന്‍ എന്നൊന്നുണ്ടാകും. അല്ല ഉണ്ടാകണം . കാരണം സ്നേഹിക്കാന്‍ കഴിയാത്തവര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ഭൂമിയിലാണ് ഞാനെന്റെ ജീവിതം തുടങ്ങി വച്ചത് . വെറുപ്പിന്റെ ബാലപാഠങ്ങള്‍ പോലും അന്യമാക്കണം എന്ന ചിന്തയില്‍ നിന്നെന്നോ തുടങ്ങിയ തേങ്ങല്‍! അതാണ് ഇന്നെന്‍റെ ജീവിതമെന്ന് കാറ്റു, പൂക്കളോടും ശലഭങ്ങളോടും പരദൂഷണം പറയുന്നത് ഞാനറിയുന്നുണ്ട്.
----ബി ജി എൻ വർക്കല

No comments:

Post a Comment