വഴിയൊഴിഞ്ഞു നില്ക്കുന്നു ..
.....................................
തിരിഞ്ഞു നടക്കുവാൻ കഴിയാത്തവണ്ണം
ഹൃദയമുടക്കിപ്പോയെങ്കിലും മണ്ണേ,
ഇവിടെയുപേക്ഷിച്ചു പോകുവാൻ തെല്ലും
ഹൃദയമനുവദിക്കുന്നില്ലയെങ്കിലുമിന്ന്
പതിയെ ഞാൻ വഴിമാറുന്നു പാതതൻ
ഇരുളുമൂടുന്നൊരീയിടവഴി തന്നിൽ.
ഒരിക്കലും നാം പങ്കുവയ്ക്കാത്തൊരാ
പ്രണയ ചുംബനമോർത്തു വിഷാദം
ഇടറും പാദങ്ങൾ മെല്ലെപ്പെറുക്കി വച്ചീ-
കനലു പാകിയ വഴിയിലേക്കിറങ്ങുന്നു.
പറഞ്ഞു നോക്കിയെൻ മനസ്സിനെ മെല്ലെ
അടങ്ങി നില്ക്കുക നീ പരിത്യജനെന്നും
ഇവിടെയൊന്നും നിനക്കില്ലയെന്നുള്ള
ലോകതത്വം പഠിപ്പിച്ചു പലവുരു സ്വയമേ.
ബധിരനായന്ധനായി നിത്യമെങ്കിലും
തിരികെ നടന്നവഹേളനമേൽക്കുവാൻ.
അരുത് നോവിക്കുക മാനുഷികമല്ലെന്ന
വെളിവുകിട്ടാതെ ഭ്രാന്തനെപ്പോലാ സവിധം.
തിരിച്ചറിവുകൾ നല്കുന്ന ഉന്മാദ ഗന്ധം
നുരഞ്ഞു തുടങ്ങിയ ചോരഞരമ്പുകൾ
തുറന്നു വിടുവാൻ സമയമായെന്നെന്റെ
മനസ്സു ഗാഢമായ് ചൊല്ലുന്നിതിന്ന്.
മനസ്സിൽ വയ്ക്കാതെ മറന്നീടുകയിനി ഞാൻ
പറഞ്ഞു പോയ പാഴ്വാക്കുകൾ എല്ലാം.
പതിയെ ഞാൻ വഴിമാറുന്നു പാതതൻ
ഇരുളുമൂടുന്നൊരീയിടവഴി തന്നിൽ.
.... ബി.ജി.എൻ വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Tuesday, October 30, 2018
വഴിയൊഴിഞ്ഞു നില്ക്കുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment