Tuesday, October 23, 2018

കാലം

ഓര്‍മ്മകള്‍ക്ക് പനിപിടിക്കുമ്പോള്‍
ജീവിതത്തിന്റെ ചതുപ്പ് നിലങ്ങള്‍ തോറും
ശവംനാറി പൂക്കളുടെ ഘോഷയാത്ര തുടങ്ങുന്നു.

ചീയുന്ന സുഗന്ധം പേറി
നരനായാട്ടിന്റെ അപ്പോസ്തലര്‍ സഞ്ചരിക്കുന്നു
നിനക്കും എനിക്കും
നഷ്ടമായ ഭൂമികയിലൂടെ ....

ഇത് വിഭൂതികള്‍ മാലേയമാകുന്ന
വിഭ്രാന്തിയുടെ കെട്ടുകാഴ്ച നിറയ്ക്കും കാലം !
ഇത് ജനനേന്ദ്രിയങ്ങളില്‍
കുടിപ്പകയുടെ വിഷസര്‍പ്പങ്ങള്‍
ദംശിക്കുന്ന കിരാതകാലം .

ഉണങ്ങിയ കതിരുകള്‍ പച്ചക്കതിരുകളെ തിന്നുന്ന
ജോസഫിന്റെ കിനാവുകള്‍ ഇന്നിന്റെതാകുമ്പോള്‍
ശുഷ്കിച്ച മുലകള്‍ വിട്ടു
നഗരം കൊഴുപ്പിന്റെ വഴുക്കലുകള്‍ തിരയുന്നു .

അയല്‍ജാലകക്കാഴ്ച്ചകളില്‍ ഹസ്തമൈഥുനം ചെയ്യും
പീളകെട്ടിയ മിഴികള്‍ക്ക്
അടുക്കളവാതില്‍ തുറന്നകലുന്ന
ജാരപാദങ്ങള്‍ മായയാകുന്നു .


പിറക്കാതെ പോകുന്ന
കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി കവിതകള്‍ രചിച്ച്', 
നിമിഷ സുഖങ്ങളില്‍, മറന്ന പൈതലുകളെ
കുരുതികൊടുക്കുന്നു
ഓപ്പറേഷന്‍ ടേബിളുകളില്‍ 
പക നിറഞ്ഞ മിഴികളും
തുറന്നു വച്ച കാലുകളുമായി പുതുമയുടെ ശാക്തീകരണങ്ങള്‍ !


അന്യമാകുന്നവയോരോന്നുമിനി
തിരികെ വേണ്ടങ്കിലും ,
നഷ്ടടമാകുന്നവ ഒന്നും മറക്കില്ലെങ്കിലും ,
എഴുതുന്നു വേരറ്റ വൃക്ഷങ്ങള്‍ക്ക് വേണ്ടി
കോണ്‍ക്രീറ്റു കൂടാരങ്ങളില്‍ ചേക്കേറിയ
നവയുഗകാവ്യ നഭസ്സുകള്‍ .


വാക്കുകളുടെ വേട്ടമൃഗങ്ങളെ കെട്ടഴിച്ചു വിട്ടു
യൗവ്വനങ്ങളുടെ മധു നുകര്‍ന്നിരുളില്‍ പേനയുന്തുന്നു
ചതിയുടെ,
സ്നേഹത്തിന്റെ
പ്രണയത്തിന്റെ
നിലയ്ക്കാത്ത അപചയങ്ങളില്‍
ക്ഷോഭത്തിന്റെ തീഷ്ണശരങ്ങള്‍ പതിപ്പിക്കുവാന്‍ വേണ്ടി !


ഇത് കാപട്യത്തിന്റെ ലോകം !
ഇത് വാക്കൊന്നും വഴിയൊന്നിന്റെയും കാലം !
ഇത് വെട്ടിപ്പിടിക്കലിനും ,
വെട്ടിനിരത്തലിനും വളക്കൂറുള്ള
 മണ്ണിന്റെ ലോകം .
ഇത് ഞാന്‍ ചവിട്ടി നില്‍ക്കും ലോകം .
--------------------------ബിജു ജി നാഥ്

1 comment: