Thursday, October 18, 2018

ശബ്ദങ്ങള്‍ ............ വൈക്കം മുഹമ്മദ്‌ ബഷീര്‍


ശബ്ദങ്ങള്‍ (നോവല്‍)
വൈക്കം മുഹമ്മദ്‌ ബഷീര്‍
ഡി സി ബുക്സ്
വില: 75 രൂപ 



            ജീവിതപന്ഥാവില്‍ പകച്ചുനില്‍ക്കുന്ന മനുഷ്യരുടെ കഥകള്‍ വായിക്കുക എന്നത് ജീവിതത്തെ നേരില്‍ കാണുക എന്നതുപോലെയാണ് . സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഒരാള്‍ക്ക് കഥയെഴുതാന്‍ കഴിയുമ്പോഴേ ആ കഥയ്ക്ക് ജീവിതം എന്ന് പറയാന്‍ കഴിയുകയുള്ളല്ലോ. കഥകളുടെ ലോകത്ത് കഥയില്ലായ്മ ഒരു കാരണമായി തീരുന്ന പുതിയകാല എഴുത്തുകാര്‍ ഇപ്പോള്‍ ഒരുകണക്കിന് പറഞ്ഞാല്‍ സീസണല്‍ എഴുത്തുകാര്‍ ആണ് . അവാര്‍ഡ് കാലത്തേക്ക് വേണ്ടി , ആഘോഷ കാലങ്ങള്‍ക്ക് വേണ്ടി , അവസരങ്ങള്‍ വിനിയോഗിക്കുന്നതിനു വേണ്ടി ഒക്കെയാണ് ഇന്ന് പലരും എഴുതുന്നത് . പ്രളയം വരാന്‍ കാത്തിരുന്ന പോലെ പ്രളയ ബാധിത പ്രണയകഥകളും ദുരന്ത കഥകളും നോവലുകളും ഒക്കെ എഴുതി ചൂടാറാതെ വായനക്കാരിലെത്തിക്കുക എന്നൊരു ധാര്‍മ്മികമായ ആവശ്യം എഴുത്തുകാരനുണ്ട്‌ എന്നവർ വിശ്വസിക്കുന്നു . അതുപോലെയാണ് സാഹിത്യോത്സവകാലങ്ങളും . ഒരുത്സവം വരുന്നത് കാത്തു പൊടിപിടിച്ചു കിടക്കുന്ന പഴയ കഥകള്‍ , നോവലുകള്‍ , കവിതകള്‍ വരെ പുതിയ ചട്ടയും മുണ്ടും ഇട്ടു കടന്നു വരും. ചിലപ്പോള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ പതിപ്പുകള്‍ ആകും ഇറങ്ങുക. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നപോലെ ഓടിപ്പിടച്ച്‌ കഥയോ കവിതയോ നോവലോ സമാഹാരങ്ങളോ പ്രകാശനം ചെയ്യിക്കാന്‍ ഉള്ള ഓട്ടവും മറ്റൊരിടത്ത് കാണാം.

          ഇത്തരം ആഘോഷങ്ങള്‍ നമുക്ക് നഷ്ടപ്പെടുത്തുന്നത് കഥയിലെ കഥയില്ലായ്മ ആണ് . എഴുതാന്‍ വേണ്ടി എഴുതുന്നവര്‍ . ഒരു വാക്ക് പോലും വായിക്കാന്‍ സമയമില്ലെങ്കിലും എഴുതിമരിക്കുന്ന എഴുത്തുകാര്‍ നമുക്ക് മാത്രം സ്വന്തമാണ് . അവര്‍ക്കിടയില്‍ അതുകൊണ്ട് തന്നെ പഴയകാല എഴുത്തുകാര്‍ വളരെ പ്രസക്തമായ ഒരു സംഗതിയാകുന്നു. കാരണമവര്‍ എഴുതിയത് മത്സരങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല . സ്വകീയമായ ഒരുള്‍വിളിയുടെ ബഹിര്‍ഗമനം ആയിരുന്നവ. അതിനാല്‍ അവയില്‍ ജീവിതം പനിച്ചു കിടന്നു . വായനക്കാരന്‍ തലമുറകള്‍ കഴിയുമ്പോഴും നെഞ്ചില്‍ ആഘോഷത്തോടെ , സ്നേഹത്തോടെ , വികാരത്തോടെ വാരിപ്പുണര്‍ന്നു പോകുന്നതും അതിനാല്‍ തന്നെയാണ് .

          എന്തുകൊണ്ടാണ് നാം ഇപ്പോഴും ബഷീറിനെ വായിക്കാന്‍ ഉത്സാഹപ്പെടുന്നത് എന്നതിനുള്ള ആമുഖമായി ഇത് പറഞ്ഞു പോകുന്നതാണ് . ഓരോ ബഷീര്‍ കഥകളും ഓരോ ജീവിതമായി അനുഭവപ്പെടുകയും തലമുറകള്‍ അവയെ നെഞ്ചോട്‌ ചേര്‍ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കുവാന്‍ ബഷീറിനെ വായിക്കുക തന്നെ വേണം. “ശബ്ദങ്ങള്‍” വായിക്കുമ്പോള്‍ ഈ അനുഭവങ്ങള്‍ ഒരിക്കല്‍ക്കൂടി മനസ്സിലേക്ക് പാഞ്ഞു കയറുക തന്നെ ചെയ്യും . ഇതിലെ കഥാപാത്രവും കഥാകാരനും തമ്മിലുള്ള സംഭാഷണങ്ങള്‍ ആണ് ആഖ്യാന ശൈലി . കിളിയെക്കൊണ്ട് കഥ പറയിച്ച മഹാകവിയെപ്പോലെ , വ്യാസഭാരതം എഴുതും ശീലുകള്‍ പോലെ കഥാപാത്രം തന്റെ കഥ എഴുത്തുകാരനെക്കൊണ്ട് എഴുതിക്കുന്ന ആ രസാവഹമായ അവതരണശൈലി മനോഹരമായ ഒരു അനുഭവം ആണ് .

           കഥയിലേക്ക് കടക്കുകയാണെങ്കില്‍ വായനക്കാരനെ ശാന്തമായ ഒരു അന്തരീക്ഷത്തില്‍ നിന്നും പൊടുന്നനെ ഒരു യുദ്ധഭൂമിയിലേക്ക് എടുത്തെറിഞ്ഞ പോലെ അനുഭവപ്പെടും . അവിടെ യുദ്ധത്തിന്റെ ഭീകരത അതിന്റെ അതേ ഭാവവും   ക്രൗര്യവും നിറച്ചു നെഞ്ചു പടപടപ്പിച്ചേക്കാം. യുദ്ധ ഭീകരത വര്‍ണ്ണിക്കുമ്പോഴും പട്ടാളക്കാരന്റെ മനസ്സിലെ വ്യാകുലതകളും വികാരങ്ങളും പ്രകടിപ്പിക്കുമ്പോഴും അതില്‍ ശരിക്കും ഒരു തീവ്രമായ അനുഭവസാക്ഷ്യം ഒളിഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നുണ്ട് . അതുപോലെ ലൈംഗികതയോടുള്ള പട്ടാളക്കാരന്റെ മനസ്സ്. ഒരു സ്ത്രീയെ നഗ്നയായി കണ്ടിട്ടെത്ര കാലമായി സിനിമാ നടികളുടെയും മറ്റും ചിത്രങ്ങളിലെ മുലകളും ചുണ്ടുകളും നാഭിച്ചുഴിയും തുടകളും കണ്ടു സംഭോഗസംതൃപ്തി അടയാന്‍ വിധിക്കപ്പെടുന്നവന്റെ മുന്നില്‍ എത്തപ്പെടുന്ന സ്ത്രീ അത് സ്ത്രീയോ പുരുഷനോ എന്നുപോലും അറിയാതെ തന്റെ ലൈംഗിക ദാഹം തീര്‍ക്കുന്ന അവസ്ഥ. ഗേ സെക്സ് , തെരുവ് ജീവിതത്തിന്റെ പച്ചയായ ലൈംഗിക, സാമൂഹിക ജീവിതം ഒക്കെയും ബഷീര്‍ തന്റെ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.

          തീവ്രമായ അനുഭവസമ്പത്തിന്റെ അമേയമായ ആഖ്യായശൈലിയില്‍ നിന്നുകൊണ്ട് ശബ്ദങ്ങള്‍ വായനക്കാരെ വികാരവിക്ഷുബ്ധരാക്കും എന്നതില്‍ സംശയമേതുമില്ല. ഇന്നത്തെ വായനകളില്‍ കിട്ടാത്ത ആ മധുരവും നോവും എരിവും അതിനാല്‍ തന്നെ കാലനുവര്‍ത്തിയായി നിലനില്‍ക്കുക തന്നെ ചെയ്യും. വെറുതെ അല്പം എരിവും പുളിയും കുറച്ചു സംഭാഷണങ്ങള്‍ പച്ചയായി പറയുകയും ചെയ്താല്‍ അത് കഥയാകും എന്ന് കരുതുന്ന ആധുനികത ഇതൊക്കെ വായിച്ചു നോക്കുക എങ്കിലും ചെയ്‌താല്‍ അവരെ നവീകരിക്കാന്‍ അത് ഉപകരിച്ചേക്കും . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല




















 

No comments:

Post a Comment