Saturday, October 13, 2018

ഭക്തര്‍ വല്ലതും അറിയുന്നുണ്ടോ ?

ഭക്തര്‍ വല്ലതും അറിയുന്നുണ്ടോ ?
------------------------------------------------
              ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ ഇപ്പോഴത്തെ അയ്യപ്പ വിശ്വാസികളുടെ നേതാവ് രാഹുല്‍ ഈശ്വര്‍ , അവതാരകന്റെ എന്തുകൊണ്ട് ശബരിമലയില്‍ സ്ത്രീകളെ പ്രത്യേകിച്ചും പത്തിനും അറുപതിനും ഇടയില്‍ ഉള്ളവരെ കയറ്റുന്നില്ല എന്ന ചോദ്യത്തിന് പറഞ്ഞ മറുപടി അതിനു മൂന്നു കാരണങ്ങള്‍ ആണ് എന്നാണു . അവ എന്താണ് എന്നാല്‍ 
ഒന്ന് അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് 
രണ്ടു അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് 
മൂന്നു അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് . ഇതായിരുന്നു . അതല്ലാതെ സ്ത്രീകള്‍ അശുദ്ധകള്‍ ആയതുകൊണ്ടല്ല എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കുകയും മൂന്നു സ്ത്രീകള്‍ ചോദ്യം കൊണ്ട് വിയര്‍പ്പിച്ചപ്പോള്‍ എന്തൊക്കെയോ വിളിച്ചു പറയുകയും ഭീഷണി മുഴക്കുകയും ഉണ്ടായി . ഒടുവില്‍ വേദങ്ങള്‍ ഒന്നും ശരിയല്ല എന്ന് വേദം പഠിച്ച (ആര്‍ക്കറിയാം പഠിച്ചോ എന്ന് ) ഒരുവന്‍ പറയുന്നത് കേട്ട് അവതാരകന്‍ നിനക്ക് വേദത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല പോയി വേദം പഠിച്ചിട്ടു ചര്‍ച്ചയ്ക്ക് വാടാ പയ്യനെ എന്ന് പറഞ്ഞു ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്യുന്നത് കണ്ടു.
           ഇതേ രാഹുലിന്റെ ഭാര്യ മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്ന് പറഞ്ഞത് 1991ലെ കേരള ഹൈക്കോടതി ആണ് എന്ന് സമ്മതിക്കുന്നുമുണ്ട്‌ എന്നത് മറക്കാന്‍ പാടില്ല
              എന്താണ് നൈഷ്ഠിക ബ്രഹ്മചര്യം എന്നത് മാത്രം ഒന്ന് പരിശോധിക്കാം എന്ന് കരുതുന്നു. ചരിത്രത്തില്‍  അറിയപ്പെടുന്ന നൈഷ്ഠിക ബ്രഹ്മചാരികള്‍ മൂന്നുപേര്‍ ആണ് . ഹനുമാന്‍ , ഭീഷ്മര്‍ , അയ്യപ്പന്‍. ഇതില്‍ ഹനുമാന്‍ രാമനോടും സീതയോടും ഒപ്പം ജീവിച്ച ആളും സീത ബ്രഹ്മസൂത്രം പഠിപ്പിച്ച ആളുമാണെന്ന് വേദങ്ങള്‍ പറയുന്നു. ഭീഷ്മര്‍ കൊട്ടാരത്തില്‍ ആണ് ജീവിച്ചത് . സ്ത്രീകള്‍ അദ്ദേഹത്തെ കാണാന്‍ വരാറുണ്ടായിരുന്നു . ദ്രൗപതി ആര്‍ത്തവത്തില്‍ ഇരിക്കുന്ന അവസ്ഥയില്‍ ആണ് ചൂതാട്ട വേദിയില്‍ വലിച്ചിഴച്ചു കൊണ്ട് വരികയും അവിടെ ഭീഷ്മര്‍ അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നതും. അംബ അംബിക അംബാലിക എന്നിവരെ ബലമായി പിടിച്ചു കൊണ്ട് വന്നതും ഭീഷ്മര്‍ ആണ് . അയ്യപ്പന്‍ കൊട്ടാരത്തില്‍ ജീവിച്ച ആള്‍ ആയിരുന്നു എന്നും മാളികപ്പുറത്തിനെ വിവാഹം കഴിക്കാം എന്ന് വാക്ക് കൊടുത്തിരിക്കുന്ന വ്യക്തി ആണെന്നും വിശ്വാസ സമൂഹം പറയുന്നു . വേദങ്ങളില്‍ അയ്യപ്പന്‍ ഇല്ലാത്തതിനാല്‍ കേരളത്തില്‍ മാത്രം പ്രചരിക്കുന്ന നൂറു കൊല്ലത്തോളം പഴക്കം മാത്രമേ കാണൂ എന്ന് കരുതുന്ന എഴുത്തുകളില്‍ മാത്രം കാണുന്ന ദൈവം ആണ് . നൈഷ്ഠിക ബ്രഹ്മ ചാരി കേരളത്തില്‍ എത്തുമ്പോള്‍ യൗവ്വന യുക്തകള്‍ ആയ സ്ത്രീകളോട് ആകര്‍ഷണം തോന്നുന്ന പച്ച മനുഷ്യന്‍ ആകുന്നതെങ്ങനെ എന്നതാണ് മനസ്സിലാകാത്തത്. ഹനുമാന്‍ ക്ഷേത്രങ്ങളില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ പോകുന്നുണ്ട് . കേരളം വിട്ടാല്‍ പിന്നെ ക്ഷേത്രങ്ങളില്‍ പൂജാരി ഉണ്ടാകുക വളരേ കുറവാണ് എന്ന് കാണാം . ഭക്തര്‍ നേരിട്ട് പൂജാ ദ്രവ്യങ്ങള്‍  അര്‍പ്പിക്കുകയും പൂജ ചെയ്യുകയും ചെയ്യുന്ന ക്ഷേത്രങ്ങള്‍ ഉത്തരേന്ത്യയില്‍ നേരില്‍ ഒരുപാട് കണ്ടിട്ടുള്ളതുമാണ് . കേരളത്തില്‍ മാത്രമാണ് പൂണൂല്‍ ഇട്ടവര്‍ക്കു മാത്രം പൂജ ചെയ്യാനും ക്ഷേത്രത്തിനു അകത്തു കയറാനും വിഗ്രഹത്തെ തൊടാനും അധികാരം ഉള്ളത് എന്നു കണ്ടിട്ടുണ്ട്.
               നൈഷ്ഠിക ബ്രഹ്മചര്യത്തിലേക്ക് തിരികെ വരാം. ബ്രഹ്മനെ അറിയുന്നവന്‍ ആണ് ബ്രഹ്മചാരി. അതായത് പരമാത്മാവിനെ അറിയുന്നവന്‍. കണ്ടെത്തുന്നവന്‍. പുരാണങ്ങളില്‍ ബ്രഹ്മചാരികള്‍ അയ ഒരുപാട് വിവാഹിതര്‍ ഉണ്ട് . ജനകന്‍ ബ്രഹ്മചാരി ആണ് . കൃഷ്ണന്‍ ബ്രഹ്മചാരി (നൈഷ്ഠിക ബ്രഹ്മചാരി എന്നും വിളിക്കുന്നുണ്ട് ) ആണ്. എന്നാല്‍ ഇവരില്‍ നിന്നും വേറിട്ട്‌ നൈഷ്ഠിക ബ്രഹ്മചാരിയാകുമ്പോള്‍ ഉള്ള പ്രത്യേകത ശുക്ലം വിസര്‍ജ്ജിക്കാന്‍ പാടില്ല എന്നുള്ളതാണ് . അത് യോഗയിലൂടെ കുണ്ഡലിനിയെ ഉണര്‍ത്തി ശിരസ്സില്‍ എത്തിക്കുന്ന വിദ്യ ആര്ജ്ജിക്കുമ്പോള്‍ ആണ് കരഗതമാകുന്നത് എന്നും ശാസ്ത്രം പറയുന്നു . അയ്യപ്പന്‍ അങ്ങനെ ശുക്ലം പുറത്തേക്ക് വരാതെ കുണ്ഡലിനിയെ ഉണര്‍ത്തി ശിരസ്സില്‍ എത്തിക്കാന്‍ കഴിവുള്ള ആള്‍ ആണ് . ശ്രീ നാരായണ ഗുരുവും യോഗ വിദ്യ അഭ്യസിച്ച ആള്‍ ആണ് . ബ്രഹ്മചാരിയും ആണ് . 

Celibacy is essential in preserving the Semen from falling to the ground or flowing down as this hinders the spiritual growth,
It is called Urthvarethas,
Meaning that the semen flows upwards through the Chakras in the body to reach the Sahasrara in the head,
This Celibacy is called Naishtika Brahmacharrya.(not allowing the semen to flow down)
Bhishma is a Naishtika Brahmachari.
He is the only Naishtika Brahmachari, apart from Hanuman.
.
              അങ്ങനെ കഴിവുള്ള ഒരാള്‍ ഇഹലോകത്തെ എല്ലാ കാഴ്ചകളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും മുക്തനും അവയോടു നിസംഗത പുലര്‍ത്താന്‍ കഴിയുന്നവനും ആകും . അതിനാല്‍ത്തന്നെ പൂര്‍ണ്ണ നഗ്നയായി ഒരു സ്ത്രീ വന്നു മുന്നില്‍ നിന്നാല്‍ പോലും അവളുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ ആ മനുഷ്യന് കഴിയും . ദൈവം ആകുമ്പോള്‍ തീര്‍ച്ചയായും  അത് കഴിയുക തന്നെ ചെയ്യും . അങ്ങനെ ഉള്ള അവസ്ഥയില്‍ എന്തുകൊണ്ട് അയ്യപ്പ ഭക്തര്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഭയക്കുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. സമരത്തിനു ഇറങ്ങുന്നവര്‍ കാര്യം അറിയാതെ അല്ലെ സമരം ചെയ്യുന്നത്? അതോ അയ്യപ്പന്‍ എന്ന ദൈവത്തിനു തന്റെ ബ്രഹ്മചര്യം നഷ്ടമാകും എന്ന് ഭയമുണ്ടോ ഭക്തര്‍ക്ക് ? അത്ര നിസ്സാരനായ ഒരു ദൈവമായി നിങ്ങള്‍ അയ്യപ്പനെ കാണുന്നോ? നിങ്ങളെ ഏതാപത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിവുള്ള വീരനും സര്‍വ്വോപരി നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ഉത്തമോദാഹരണവുമായിരിക്കുന്ന ഒരു ദൈവത്തെ നിങ്ങള്‍ എന്തുകൊണ്ട് സംരക്ഷിക്കാന്‍ ഇറങ്ങുന്നു എന്ന് ചിന്തിക്കുന്നിടത്തു രാഹുല്‍ ഈശ്വറും , എന്‍ എസ് എസ്സും ചേര്‍ന്ന് ബി ജെ പി യുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗൂഡാലോചന മനസ്സിലാക്കാന്‍ കഴിയും. അത് തിരിച്ചറിയാതെ അയ്യപ്പന്‍ എന്ന ദൈവത്തെ രക്ഷിക്കാന്‍ ഇറങ്ങുന്ന മനുഷ്യര്‍ , അയ്യപ്പനെ ദൈവമല്ല പകരം തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ കണക്കാക്കുകയും ആ അംഗം ബലഹീനന്‍ ആയതിനാല്‍ സകല കഴിവും ഉപയോഗിച്ച് അയാളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു  എന്ന് കരുതും കേരളവും ഉത്തരേന്ത്യയും പുറം ലോകവും.
              സ്വയം കോമാളി ആകാന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ ചിന്തിക്കുക. ബി ജെ പി ക്ക് ഇതില്‍ വ്യക്തമായ ലക്‌ഷ്യം ഉണ്ട് . അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഉറപ്പാക്കുക എന്നതാണു അത് . ഭക്തര്‍ അതറിയുന്നുണ്ടോ അതിനു വേണ്ടിയാണോ ഇറങ്ങുന്നത് എന്ന് മാത്രം ചിന്തിക്കുക.
ബി.ജി.എന്‍ വര്‍ക്കല

1 comment:

  1. എന്തായാലും കേരളം ഒരു യുദ്ധക്കളം ആവാന്‍ പോകുന്നു..

    ReplyDelete