Monday, October 8, 2018

ക്രൂരമായൊരു കൊലപാതകം നടന്ന രാത്രി.


ഓ പ്രിയനേ,
രാവിന്റെ ഈ മധ്യയാമത്തില്‍
പോകുന്നതെങ്ങു നീ എന്നെ പിരിഞ്ഞിങ്ങനെ.
പോകുവാണോ സിദ്ധാര്‍ത്ഥനന്നാ,
യശോധയെ എന്നപോല്‍
രാവേറെയാകുന്നോരീ വേളയില്‍ .
ഇല്ല പ്രിയേ ,
ഞാന്‍ തിരികെ വരും തീര്‍ച്ച.
കേള്‍ക്കുന്നില്ലേ എന്റെ സോദരന്‍ തന്‍ ശബ്ദം.
കണ്ടു മടങ്ങട്ടെ ഞാനവരെ വേഗത്തില്‍.
എന്തുവന്നാലും മടങ്ങിടും ശങ്ക വേണ്ടല്പവും
എന്റെ കവീ,
മദീന തന്‍ ജൂതരില്‍
ചോര തിളക്കുന്നൊരു പേര് നീ.
ഓര്‍ക്കുക നിന്റെ കാവ്യങ്ങള്‍ കൊണ്ട്
നീ ഉണര്‍ത്തുന്ന ജനതയെ.
മറന്നിടായ്കവരെ നീ
വിട്ടു പോകരുതേ മരണത്തിന്‍ മുന്നിലായ്.
ഭയമാകുന്നെനിക്ക്‌ ചോര തന്‍
മണമാണ് ചുറ്റിലും പ്രിയനേ.
പ്രേയസീ ഭയക്കാതെ,
ഭീരുവല്ല ഞാന്‍ മരിക്കുവാന്‍.
കൊല്ലുവാനാകിലും രാവില്‍
വന്നിതു വിളിക്കും സോദരനെ
കണ്ടിടാന്‍ മടിക്കില്ല ഞാനെന്നത് മറക്കണ്ട.
ആയതു ചൊല്ലി പുമാന്‍
വാതില്‍ തുറന്നങ്ങേവം
പോയിതിരുള്‍ കാട്ടില്‍ , കൂട്ടിന്നായ് മണല്‍ക്കാറ്റും.
സോദരന്‍, തന്റെ പ്രിയമിത്രവും
ചേര്‍ന്നങ്ങു വിളിച്ചിട്ട്
പോയവര്‍ കുന്നിന്‍ ചോട്ടില്‍
രാവത് വളര്‍ന്ന നേരം .
പൌര്‍ണ്ണമി ശങ്കിച്ചേവം
നോക്കി നില്‍ക്കുന്നൊരാ
മണല്‍ക്കാടിന്റെ തണുപ്പിലായ്
കൂടിയവര്‍ നില്‍ക്കെ മന്ദം.
സോദരന്‍ ചൊന്നാനവനോട്
ഹാ എന്ത് സുഗന്ധം !നിന്നില്‍
പടരും കുളിര്‍ക്കാറ്റു തഴുകുമ്പോള്‍
കോള്‍മയിര്‍ കൊണ്ട് ദേഹ-
മെഴുന്നൂ വികാരത്താല്‍ .
ഉത്തമമായ സുഗന്ധ നിര്‍മ്മാതാക്കള്‍,
അറബ് വനിതകള്‍ തന്നതാണീ അത്തര്‍ ഉത്തരമോതിയവനും.
അനുവദിക്ക സോദരാ
നിന്റെ കേശമൊന്നു മണക്കുവാന്‍
അറിയട്ടെ ഞാനതിന്‍ ഗന്ധം നേരില്‍
കൊതിയാകുന്നു സത്യം .
നോക്കൂ പ്രിയ മിത്രമേ
നീ കൂടി മണക്കുക
സോദരന്‍ എന്റെ കവി തന്‍
മുടിയില്‍ നിറയുമീ ഗന്ധം .
എത്ര പ്രിയങ്കരം എന്‍ പ്രിയ സോദരാ ,ഞാന്‍
ഒന്നുകൂടി മണക്കാന്‍ കൊതിച്ചു
പോകുന്നു ലജ്ജാഹീനം .
അനുവദിക്കുന്നു ഞാനും
പ്രിയ സോദരാ വരിക ഇനിയും
മടിയും ലജ്ജയുമേതും വേണ്ട തെല്ലും.
നമ്മള്‍ അപരിചിതരല്ല മറക്കണ്ട.
മണക്കാന്‍ എന്ന ഭാവത്താല്‍ പിടിച്ചു മുടിയിലെന്നാല്‍ 
മുറുകെ പിടിച്ചതും
മാറിയവന്‍ ഭാവം മെല്ലെ.
മിത്രമേ, എടുക്കുക വേഗ-
മിവന്‍ അരുത് താമസം. 
ശത്രുവാണിവന്‍ തെല്ലും
കരുണ തോന്നവേണ്ട .
പിടയും കബന്ധത്തെ
മണലിന്‍ ദാഹം തീര്‍ക്കാന്‍
ഇരുളില്‍ ഉപേക്ഷിച്ചു നടന്നൂ അവര്‍ വേഗം.
ഭയവും ക്രോധവും കൊണ്ടാ ചന്ദ്രനും
പൊടുന്നനെ മറഞ്ഞൂ നിന്നൂ 
വയ്യ കാണുക ഭയാനകം. 
അകലെ തമ്പില്‍ ഉറക്കം വെടിഞ്ഞങ്ങ് 
കാത്തിരിക്കുന്നോരാ നേതാവിന്‍,
അരികെ ചെന്നവര്‍ ചൊന്നു.
കഴിഞ്ഞു തമ്പുരാനേ
നിന്നുടെ ശത്രു തീര്‍ന്നു .
----ബി.ജി.എന്‍ വര്‍ക്കല

(ചരിത്രത്തില്‍ എഴുതപ്പെടാത്ത പലതുണ്ട് . കവിത കൊണ്ട് മദീനയിലെ ഒരു ജൂത ഗോത്രത്തെ പ്രോജ്ജ്വലിപ്പിച്ച കവിയായിരുന്നു ക്വാബ് ബിന്‍ അല്‍ അഷറഫ്. ദേശ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ആരോപണത്തില്‍ പ്രവാചകന്‍ വധിക്കാന്‍ ഉത്തരവിട്ട അഷറഫിനെ രാത്രിയില്‍, പ്രവാചകന്റെ അനുയായിയായ മുഹമ്മദു ബിന്‍ ബിന്‍ സലാമ അഷറഫിന്റെ  അകന്ന ബന്ധത്തിലെ ഒരു സഹോദരനുമൊന്നിച്ചു വരികയും അഷറഫിനെ വിളിച്ചിറക്കി തന്ത്രപൂര്‍വ്വം വധിക്കുകയുമാണ്  ചെയത് . അയാള്‍ പൂശിയ അത്തര്‍ മണക്കുവാന്‍ എന്ന വ്യാജേന തല മണക്കുകയും ആ സമയം തല പിടിച്ചു വച്ച് വധിക്കാന്‍ ബിന്‍ സലാമയ്ക്ക് അവസരം നല്‍കുകയും ചെയ്യുകയാണ് ഉണ്ടായത്. )

No comments:

Post a Comment