Wednesday, October 10, 2018

സ്വസ്തി

സ്വസ്തി
-----------
രാത്രിതന് യാമങ്ങളിഴപൊട്ടി വീഴുമ്പോള്
യാത്രികേ,നീയെന് കൈവിട്ടുപോന്നുവോ ?
ഇരുളിന്റെ പാതയില് മിഴിനീരു പതിയിച്ചു
മൗനമേ നീയെന് വഴികള് തെളിച്ചുവോ ?

കരളല്ല കാരിരുമ്പിന് തുണ്ടാണ് നല്കിയ
പകലിന് വെളിച്ചമെന്നോതുന്നിതരുവികള്.
സ്നേഹത്തിന് പൂവിതള് സ്പര്ശമല്ലോ നിന്
മൊഴികള് മുള്ളു പോലെന്നില് പതിയവേ.

തെളിനീരു വറ്റിയ മരുഭൂവിന് കടലില്
ഒരു വേഴാമ്പലിന് ജന്മം ഞാന് കടമെടുപ്പൂ.
ഒരു മഴ പെയ്യുവാന് മനം തപിക്കുന്നോരീ
പകലുകള് ഇരവുകള് പിന്വിളിയ്ക്കെ .

ഇടറുമീ പാദങ്ങള് തിരികെ വയ്ക്കുന്നു ഞാന്
അരുതുകള് പാടില്ലെന്നറിയും നിമിഷത്തില് .
സീമന്തരേഖയില് വിയര്ക്കും വിഷാദത്തെ
പിടയുന്ന മനമോടെന് ഉള്ളിലൊതുക്കിടാം.

കടയും വേദനയാല് തളരും തനുവിനെ
പടരുന്നൊരഗ്നിക്ക് ജലമായ് നല്കീടാം.
ഒരു വാക്ശരത്തിന്റെ മുനപോലുമില്ലാതെ
പതിതമീ ജന്മം പകരം ഞാന് തന്നീടാം .
----------------ബിജു ജി നാഥ് വര്ക്കല



1 comment:

  1. എന്തിനെറിഞ്ഞുടയ്ക്കണം
    പുതുക്കിപ്പണിയാന്‍ സാദ്ധ്യതകള്‍ കിടക്കുമ്പോള്‍!

    ReplyDelete