Tuesday, October 30, 2018

കവിത മരിക്കുമ്പോൾ

കവിത മരിക്കുമ്പോൾ !
...............................
"എനിക്ക് വായിക്കാനായി നീ എന്തെങ്കിലുമൊക്കെയെഴുതൂ"
എഴുതിയെഴുതിയൊടുവിലെൻ
ചിതയൊരുങ്ങുമ്പോൾ പക്ഷേ;
എല്ലാം വെറുതെയായിരുന്നു.
ഇഷ്ടങ്ങളും സ്വപ്നങ്ങളും എല്ലാം....,
വെറുക്കപ്പെട്ടവന്റെ സുവിശേഷം
വായിച്ചു മടക്കുന്നതിൽ നിന്നും
ബാക്കിയാകുന്നത് ചിലതുണ്ട്.
സൗഹൃദം എന്തെന്നറിയാനാവാത്ത
പ്രണയം എന്തെന്ന് തിരിച്ചറിയാത്ത
രതി ആരോടെന്നു വേർതിരിച്ചറിയാനാകാത്ത
വെറും എമ്പോക്കി ജീവിതം!
കുമിളകൾ പോലെ പൊട്ടിത്തീരാൻ
ഊതിവീർപ്പിക്കുന്ന ജീവൻ.
ചുവന്ന,എരിയുന്ന ദ്രാവകത്തിലൂടെ
ഓർമ്മകളെ കരയാൻ വിടാൻ
ബാക്കിയാകുന്ന ജീവനെയൊന്നു
കൂടു തുറന്നു വിടാൻ മാത്രം
പഴുതുകൾ തേടിയിരുളിലൊറ്റയ്ക്കിരിക്കുമ്പോൾ
കാരണമില്ലാത്തൊരു തേങ്ങൽ
പരിചിതമല്ലാത്തൊരു ഭാവമായി കടന്നു വരുന്നു.
കവിവാക്യം ചെവിയിൽ ആർദ്രമായി വീഴുന്നു.
" ഇനിയെന്റെ കൂട്ടുകാർ മരിച്ചവരാണ്."
.... ബി.ജി.എൻ വർക്കല

വഴിയൊഴിഞ്ഞു നില്ക്കുന്നു...

വഴിയൊഴിഞ്ഞു നില്ക്കുന്നു ..
.....................................
തിരിഞ്ഞു നടക്കുവാൻ കഴിയാത്തവണ്ണം
ഹൃദയമുടക്കിപ്പോയെങ്കിലും മണ്ണേ,
ഇവിടെയുപേക്ഷിച്ചു പോകുവാൻ തെല്ലും
ഹൃദയമനുവദിക്കുന്നില്ലയെങ്കിലുമിന്ന്
പതിയെ ഞാൻ വഴിമാറുന്നു പാതതൻ
ഇരുളുമൂടുന്നൊരീയിടവഴി തന്നിൽ.
ഒരിക്കലും നാം പങ്കുവയ്ക്കാത്തൊരാ
പ്രണയ ചുംബനമോർത്തു വിഷാദം
ഇടറും പാദങ്ങൾ മെല്ലെപ്പെറുക്കി വച്ചീ-
കനലു പാകിയ വഴിയിലേക്കിറങ്ങുന്നു.
പറഞ്ഞു നോക്കിയെൻ  മനസ്സിനെ മെല്ലെ
അടങ്ങി നില്ക്കുക നീ പരിത്യജനെന്നും
ഇവിടെയൊന്നും നിനക്കില്ലയെന്നുള്ള
ലോകതത്വം പഠിപ്പിച്ചു പലവുരു സ്വയമേ.
ബധിരനായന്ധനായി നിത്യമെങ്കിലും
തിരികെ നടന്നവഹേളനമേൽക്കുവാൻ.
അരുത് നോവിക്കുക മാനുഷികമല്ലെന്ന
വെളിവുകിട്ടാതെ ഭ്രാന്തനെപ്പോലാ സവിധം.
തിരിച്ചറിവുകൾ നല്കുന്ന ഉന്മാദ ഗന്ധം
നുരഞ്ഞു തുടങ്ങിയ ചോരഞരമ്പുകൾ
തുറന്നു വിടുവാൻ സമയമായെന്നെന്റെ
മനസ്സു ഗാഢമായ് ചൊല്ലുന്നിതിന്ന്.
മനസ്സിൽ വയ്ക്കാതെ മറന്നീടുകയിനി ഞാൻ
പറഞ്ഞു പോയ പാഴ്വാക്കുകൾ എല്ലാം.
പതിയെ ഞാൻ വഴിമാറുന്നു പാതതൻ
ഇരുളുമൂടുന്നൊരീയിടവഴി തന്നിൽ.
.... ബി.ജി.എൻ വർക്കല

Monday, October 29, 2018

സ്വാമി ശരണം

നമ്മളൊക്കെ ചരിത്രം പഠിക്കാൻ താത്പര്യമുള്ളവരാണല്ലോ. കുട്ടികൾ നാളെ ചോദിച്ചാൽ പറഞ്ഞു കൊടുക്കാൻ ബാധ്യസ്ഥരുമാണ്. ചില സംശയങ്ങൾക്ക് ഉത്തരം തേടുകയാണ് ഒരു കഥയിൽ നിന്നും അതോ കഥകളിൽ നിന്നോ .  ഉത്തരം ഉണ്ടാകില്ല എന്നറിഞ്ഞുകൊണ്ടും.
......
പാലാഴി മഥനത്തിലൂടെയാണ് ഈ കഥ തുടങ്ങുന്നത്. ശിവന്റെ അംശമായ അത്രിമുനിയുടെ പുത്രൻ ദുർവ്വാസാവിന് സ്വർഗ്ഗ വിസിറ്റിൽ ഒരു അപ്സരസെങ്ങാണ്ട്  ഒരു മാല കൊടുത്തു. പുഷ്പഹാരം. സ്വർഗ്ഗ വിസിറ്റ് ഒരു സാധാരണ സംഭവമൊന്നുമല്ല. ചരിത്രത്തിൽ നബിയടക്കം സ്വർഗ്ഗത്തു വിസിറ്റ് നടത്തിയവർ ആണ്. ഈയടുത്ത കാലത്ത് ഒരു പെൺകുട്ടി അവിടെ പോയി യേശു അപ്പൂപ്പന്റെ കൂടെ പൂന്തോട്ടത്തിൽ കറങ്ങി വന്നതാണ് ആ വിസിറ്റ് സീരിസിലെ അവസാന വിവരണം എന്നതിനാൽ സ്വർഗ്ഗം ഉണ്ട് എന്നു ഉറപ്പിക്കണം എന്ന വാദം ഉണ്ട്. അതിലേക്ക് പോണില്ല. വിഷയം അതല്ലല്ലോ.
അങ്ങനെ ഈ ഹാരം മുനി ദേവേന്ദ്രന് സമ്മാനം കൊടുത്തു. ദേവേന്ദ്രൻ അത് കിട്ടിയ പാടെ തന്റെ വാഹനമായ ഐരാവതം എന്ന ആനയുടെ കൈയ്യിൽ കൊടുത്തിട്ട് കുളിക്കാൻ പോയി. ഈ സമയം ആ പുഷ്പഗന്ധം മൂലം വണ്ടും ഈച്ചയും എല്ലാം കൂടി ആനയുടെ ചുറ്റും കൂടി. സ്വർഗ്ഗത്തിൽ വണ്ടും ഈച്ചയും ഉണ്ടോ എന്ന ചോദ്യം ഇവിടെ ചോദിക്കാൻ പാടില്ലാത്തതിനാൽ അത് തത്ക്കാലം ചോദിക്കുന്നതല്ല. ആന ദൈവം അല്ല വെറും വാഹനം ആയതിനാൽ മാല എടുത്തു തറയിലിട്ടു നാലു ചവിട്ടും കൊടുത്തു. ആന എടുത്ത് ദൂരെ എറിയാത്തതിൽ പരിഭവിക്കരുത്.
ഇതു കണ്ട മുനി സ്വതവേ ദേഷ്യക്കാരനായതിനാൽ അറഞ്ചം പിറഞ്ചം ശപിച്ചു നീയൊക്കെ നരച്ചു കുരച്ചു ചാവുമെന്നു.
നിത്യകന്യകന്മാരും കന്യകകളുമായ ദേവന്മാരും അപ്സരസ്സുകളും മുടിയൊക്കെ നരച്ചു തൊലിയൊക്കെ ചുളുങ്ങി വയറും ചാടി മുലയൊക്കെ ഇടിഞ്ഞു ഉദ്ദാരണമൊക്കെ നഷ്ടപ്പെട്ടു ജീവിക്കാൻ ആഗ്രഹിക്കുമെന്നു ആരെങ്കിലും കരുതിയോ? സ്വർഗ്ഗമെന്ന സങ്കല്പം കാട്ടി മോഹിപ്പിക്കുന്ന ഒരു മതം പോലും അത്തരമൊരു അവസ്ഥ ആഗ്രഹിക്കില്ല.
കരഞ്ഞു വിളിച്ചു കാൽക്കൽ വീണപ്പോ മുനി അയഞ്ഞു. ശാപമോക്ഷം കൊടുത്തു. പോയി പാലാഴി കടയ്. അമൃത് കിട്ടും. അതു കഴിച്ചാ ശര്യായിക്കൊള്ളും
അതോടെ ദേവൻമാർ വളരെ താഴ്മയോടെ അസുരന്മാരെ വിളിച്ചു പാലാഴി കടഞ്ഞു തുടങ്ങി. ഒറ്റയ്ക്കൊരു പണി ചെയ്യാൻ ആവതില്ലാത്ത ദൈവങ്ങളോ എന്ന് ചോദിക്കരുത്. ഒപ്പം ഇവർ പാലാഴി കടയാൻ പോയ സമയത്ത് സൂര്യചന്ദ്രന്മാരില്ലാതെ ഭൂമി ഇരുണ്ടു പോയോ സമുദ്രവും വായുവും അഗ്നിയും ഇല്ലാതെ ഭൂമി പണ്ടാരമടങ്ങിയോ എന്നൊക്കെ ഇടയിൽ കയറി ചോദിച്ചാ കഥ പറയില്ല പറഞ്ഞേക്കാം.
അങ്ങനെ പാലാഴി കടഞ്ഞു. അന്നേരം മന്ഥര പർവ്വതം (കടക്കോൽ ) പാലാഴിയിൽ താഴ്ന്നു. വിഷ്ണു അങ്ങനെ തന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മം എടുത്ത് ആ കടക്കോൽ പൊക്കിക്കൊടുത്തു. പിന്നേയും സംഭവങ്ങൾ പലതു നടന്നുവെങ്കിലും സമയം കളയാനില്ലാത്തതിനാൽ അതിലേക്ക് പോകുന്നില്ല..
അമൃത് കിട്ടിയതും ചരിത്രത്തിലെ എക്കാലത്തേയും വില്ലന്മാരായ അസുരന്മാർ അതും കൊണ്ടു മുങ്ങി. ഇത് വീണ്ടെടുക്കണം എങ്കിൽ യുദ്ധം ചെയ്യണം. അതിനു ജരാനര വന്ന ദൈവങ്ങൾക്ക് പാങ്ങില്ല. ഒടുക്കം വിഷ്ണു തന്റെ അടുത്ത അവതാരം എടുത്തു . അതാണ് മോഹിനി. ചരിത്രത്തിലെ എല്ലാ അവതാരങ്ങളിലെയും കൂടി ഏക വനിതാ പ്രാതിനിത്യം ആണ് മോഹിനി. പുള്ളിക്കാരി നേരെ പോയി (വില്ലന്മാർക്കിടയിൽ ഇന്നത്തെ ഹിന്ദി തമിഴ് തെലുങ്ക് സിനിമയിൽ കാണുന്ന പോലെ ഡാൻസ് ഒക്കെ ചെയ്തോ എന്നു ചോദിക്കാതിരിക്കുക ) അമൃത് അടിച്ചു മാറ്റി തിരികെ വന്നു.
ഇത് എഴുതപ്പെട്ട പുരാണങ്ങളായ മഹാഭാരതവും രാമായണവും പറഞ്ഞു തരുന്നുണ്ട്. അവയുടെ കാലഘട്ടം ബി സി നാലാം നൂറ്റാണ്ടോ മറ്റോ ആണ് എന്ന് കാണാം. എ ഡി നാലാം നൂറ്റാണ്ടിലെ ബ്രഹ്മാണ്ഡപുരാണത്തിൽ ശിവൻ മോഹിനിയെ കാണാൻ മോഹിച്ചുവെന്നും ഇതിനു വേണ്ടി വിഷ്ണുവിനെ കാണാൻ പാർവ്വതീസമേതം ചെല്ലുകയും മോഹിനിയായി കണ്ടതും പാർവ്വതിയെ പോലും മറന്ന ശിവൻ വികാരം നിയന്ത്രിക്കാനാകാതെ സ്ഖലിക്കുകയും ആ ബീജം ഒരു കുഞ്ഞായി മാറി അതാണ് ശാസ്താവ് എന്നു കാണാം. (ദൈവത്തിനു സുന്ദരിമാരെ കണ്ടാൽ നിയന്ത്രണം പോകുമെന്നും സ്ഖലിക്കുമെന്നും അതു  ഉടനെ കുഞ്ഞാകുമെന്നും സാരം. ശബരിമല നിറച്ചു കുഞ്ഞുങ്ങളോടിക്കളിക്കാതിരിക്കാനാണ് യുവതികൾ വരരുതെന്നു നിയമം വച്ചതെന്നു ഭക്തർ പറഞ്ഞേക്കാം.)എ ഡി എട്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടക്കുള്ള ഗണേശ പുരാണത്തിലും മറ്റുമാണ് പിന്നെ ഇതു കാണുന്നത്. മാത്രവുമല്ല പടിഞ്ഞാറൻ ഇന്ത്യയിൽ, മഹാരാഷ്ട്ര യിലും മറ്റും മോഹിനിയുടെ മറ്റൊരു പേര് മഹാലസയെന്നാണ്. ശിവന്റെ അവതാരമായ കണ്ടോബയും ഒന്നിച്ചാണ് ഈ ദേവത പൂജിക്കപ്പെടുന്നത് അവിടെ. ഈ ദൈവത്തിന്റെ പ്രത്യേകത എല്ലാ മതവും ഇസ്ലാം മതമടക്കം ആ ദൈവത്തിനു അനുകൂലമോ അനുവദനീയമോ ആണ് എന്നതാണ്.
ഇവിടെ ഇസ്ലാം മതം ഉണ്ടാകുന്നത് ഏഴാം നൂറ്റാണ്ടിലാണ്. അത് വച്ചു നോക്കുമ്പോൾ ഈ അവതാരങ്ങളും പാലാഴി മഥനവും ഒക്കെ ഈ 1400 കൊല്ലങ്ങൾക്കു ഇടയിൽ സംഭവിച്ചതായിരിക്കണ്ടേ ! എഴുതപ്പെട്ട ചരിത്രങ്ങളിൽ ഇവ രേഖപ്പെടുത്തി കാണുന്നില്ല. 2000 കൊല്ലം മുമ്പ് ഉള്ള പ്രധാന ചരിത്ര സംഭവങ്ങളിൽ ആരും തന്നെ യേശുവിനെക്കുറിച്ചു പറയുന്നില്ല (ബൈബിൾ ഒഴികെ) എന്നതുപോലെ 1400 കൊല്ലത്തെ ചരിത്രങ്ങളിൽ ( പുരാണങ്ങൾ മേൽ പറഞ്ഞവയൊഴികെ) അയ്യപ്പനെക്കുറിച്ചു ആരും പറഞ്ഞു കേട്ടില്ല. ആ കാലത്ത് ജീവിച്ചിരുന്നവർ പോലും എഴുതി വച്ചില്ല. വിദേശികൾ നാലായിരം വർഷങ്ങൾക്കു മേൽ (ഉറപ്പിച്ചു പറയാൻ കൂടുതൽ പഠിക്കണം ) കേരളവുമായി വ്യാപാര ബന്ധം നടത്തിയിട്ടും, സഞ്ചാരികൾ വന്നു പോയിട്ടും നേരിൽ കാണുകയോ എഴുതി വയ്ക്കുകയോ ഉണ്ടായില്ല. ബുദ്ധന്റ തെളിവുകൾ കൊത്തിവയ്ക്കപ്പെട്ടവയാണ്. എന്നാൽ എന്തുകൊണ്ടാണ്  അയ്യപ്പൻ എന്ന ദൈവം ചരിത്രരേഖകളിൽ സ്ഥാനം പിടിക്കാതെ പോയത്? അതുപോലെ കൂർമ്മാവതാരവും മോഹിനിയും ഈ പറഞ്ഞ കാലത്താണെങ്കിൽ പാലാഴിമഥനം എന്തുകൊണ്ടാരുമന്നു രേഖപ്പെടുത്തിയിട്ടില്ല. അതു കഴിഞ്ഞു രാമനും കൃഷ്ണനും വാമനനും പിന്നെ കേരള നിർമ്മാതാവ് പരശുരാമനും എഴുതി വയ്ക്കപ്പെട്ടില്ല. കേരളം പരശു നിർമ്മിച്ചതാണെങ്കിൽ മോഹിനി അയ്യപ്പനെ തുടവഴി പ്രസവിച്ച പന്തളത്തെ കാട് എതു സ്ഥലത്തായിരുന്നു.?
പഴയ കൊട്ടാരങ്ങളിലൊക്കെ ഡയറിക്കുറിപ്പുകൾ ഉണ്ട്. തിരുവിതാംകൂർ രാജകൊട്ടാരത്തിലും ഉണ്ടത്. പന്തളം കൊട്ടാരത്തിലങ്ങിനെ ഒരു വിശിഷ്ട സംഭവം നടന്നിട്ടു രേഖപ്പെടുത്തിയിട്ടുണ്ടോ? കെട്ടുകഥകൾ മാത്രമാകുന്ന വിശ്വാസങ്ങൾക്ക് മേൽ ഇരുന്നു കൊണ്ടു തന്തയ്ക്കും തള്ളയ്ക്കും വിളിക്കുകയും കൊലവിളി നടത്തുകയും ചെയ്യുന്നവർ ഇവയ്ക്കൊരുത്തരം തരും എന്നു കരുതട്ടെ. മത സൗഹാർദ്ദം ഇല്ലെങ്കിൽ ഞാനൊക്കെ സംശയിക്കപ്പെട്ടു പോകും എന്നു കരുതി സുഹൃത്തേ വിശ്വാസമാണ് സഹിഷ്ണുത വേണം എന്നൊക്കെ ഉപദേശികൾ ആകുന്ന സുഹൃത്തുക്കൾക്കും മറുപടി തരാം.
കാരണം ചോദ്യം ചോദിക്കുന്നതിലൂടെ മാത്രമേ അറിവ് വളരൂ.
പ്രതീക്ഷകളോടെ ബി.ജി.എൻ വർക്കല

നമുക്കിടയിൽ

നമുക്കിടയിൽ...
.:...........
നിലാവ് പെയ്യണ രാവുകളോ
മഞ്ഞു പൊഴിയുന്ന പ്രഭാതങ്ങളോ
മഴനൂൽ വിരലുകളുടെ ലാളനങ്ങളോ
ഇളവെയിലിന്റെ സാന്ത്വനമോയില്ല.

അടർന്നു പോകുന്ന ശല്കങ്ങളും
നിദ്രയറ്റ അതിഘോര രാവുകളും
ഒലിച്ചുപോകുന്ന ഋതുഭേദങ്ങളും
വേ‌ദനിപ്പിക്കുന്ന അരുതുകളും മാത്രം.

ഒന്നിച്ചു വിരൽ കോർത്ത് നടക്കാനും
ഒരേ പുതപ്പിൻകീഴിൽ പനിച്ചു കിടക്കാനും
ഒരേ സ്വപ്നത്തെ പകുത്തു വയ്ക്കാനും
ഒരു ചുംബനത്തിൽ അലിയാനാഗ്രഹിച്ചും

രണ്ടു ലോകങ്ങളിൽ, നെടുവീർപ്പിന്റെ
ധ്രുവശൈത്യങ്ങളിലകപ്പെട്ടോർ നാം.
പിന്നിലെ നിശബ്ദമായ ചിലയോർമ്മകളിൽ
കണ്ണുകെട്ടി കളിച്ചു കരയാതെ കരയുന്നവർ.
..... ബി.ജി.എൻ വർക്കല.

Sunday, October 28, 2018

മെഴുകുതിരിയാകുന്ന ജീവിതങ്ങൾ.

മെഴുകുതിരിയാകുന്ന ജീവിതങ്ങൾ.
................................................
സ്വയം തീർക്കുന്ന കൂടുകൾക്കുള്ളി-
ലെന്തിനോ ശ്വാസം മുട്ടി പിടയുന്നിരുവർ.
അനിവാര്യമെന്നൊരു വാക്കിൻ മുന-
കൊണ്ടൊരാളിൻ നിശബ്ദ പ്രതിരോധവും.
അണയുമീ ദീപമൊരു നാളിലെന്നറിയൂ
അവനിയിലൊന്നുമേയില്ല ശാശ്വതം.
ഒരുനാൾ പൊടുന്നനെ മരണം വിളി-
ച്ചൊരു യാത്ര പോകും മടക്കമുണ്ടാകില്ല.
പോകുന്നൊരാളിൻ ദുഃഖമറിയാതെ
ശേഷിച്ചൊരാളിൻ കണ്ണീരു കാണാതെ.
എന്തുണ്ട് ഗുണമെന്നു ചിന്തിച്ചു തുടങ്ങവേ
പൊന്തിവരും സങ്കടമാരു കാണാനന്ന്.
ഇന്നിൽ ജീവിക്കുക നാം എന്നുമേ
തുറക്കുക മനസ്സും പ്രിയങ്ങളും മടിയാതെ.
കാലമവിഘ്നം പായുമശ്വമാണതിൻ
വാലിൽ പിടിച്ചു നിർത്തുവാനാകില്ല.
മറ്റുള്ളവരെക്കുറിച്ചോർത്തും വിലപിച്ചും
ചിതലിനു നല്കുന്ന മനവും തനുവും
ഒരുനാളും നല്കുകയില്ലന്നോർക്കുക
ഇഹജീവിതത്തിൽ ശാന്തി മരണം വരേക്കുമേ.
........... ബി.ജി.എൻ വർക്കല

Saturday, October 27, 2018

മറക്കാതിരിക്കാന്‍


മറക്കാതിരിക്കാന്‍
******************
മറവി കൊണ്ട് മറച്ചുവയ്ക്കുന്ന  ചിലതുണ്ട്
മണ്ണിൽ തിരികെ നേടാനാകാത്തവയായ്.
വാക്കുകൾ കൊണ്ട് തീർത്താലും തീരാത്ത
നോവിന്റെ ചാല് കീറുമവ നെഞ്ചകത്തിൽ.
----------ബി.ജി.എന്‍ വര്‍ക്കല 

Friday, October 26, 2018

പ്രതീക്ഷ

പ്രതീക്ഷ
............
ഒരിയ്ക്കലും മുളയ്ക്കില്ലെന്നറിഞ്ഞും 
ചിലര്‍ വച്ചീടുന്നുണ്ടു ചില തൈകള്‍.
മണ്ണിന്റെ മാറിലായാഴത്തിലാഴ്ത്തി 
വെള്ളവും വളവുമേകിടുന്നെന്നുമേ .
..... ബി.ജി.എൻ

Thursday, October 25, 2018

ചിതൽ തിന്നുന്ന ജീവിതങ്ങൾ

ചിതൽ തിന്നുന്ന ജീവിതങ്ങൾ.
......................................
നിന്റെ മുലയില്‍ നിറയെ കാമമായിരുന്നു, 
അതെനിക്ക് വെളിപ്പെടുത്തും വരെ മാത്രം .
പിന്നതിൽ തെളിഞ്ഞത് സ്നേഹത്തിന്റെ പാലാഴിയാണ് .
ജീവിതം ഉരുകിയമരുംവരേയ്ക്കും വേണ്ടുന്ന അമൃതം.
ഞാനാ ക്ഷീരസാഗരത്തിന്റെ തീരത്തേകനായിരുന്നു. 
അശ്വത്ഥാമാവിന്റെ ജന്മം കടമെടുത്തവൻ ഞാൻ ....
പക്ഷേ, ഇപ്പോള്‍ മരിച്ചു കൊണ്ടിരിക്കുന്നതും ...!
---------ബി.ജി.എൻ

Tuesday, October 23, 2018

കാലം

ഓര്‍മ്മകള്‍ക്ക് പനിപിടിക്കുമ്പോള്‍
ജീവിതത്തിന്റെ ചതുപ്പ് നിലങ്ങള്‍ തോറും
ശവംനാറി പൂക്കളുടെ ഘോഷയാത്ര തുടങ്ങുന്നു.

ചീയുന്ന സുഗന്ധം പേറി
നരനായാട്ടിന്റെ അപ്പോസ്തലര്‍ സഞ്ചരിക്കുന്നു
നിനക്കും എനിക്കും
നഷ്ടമായ ഭൂമികയിലൂടെ ....

ഇത് വിഭൂതികള്‍ മാലേയമാകുന്ന
വിഭ്രാന്തിയുടെ കെട്ടുകാഴ്ച നിറയ്ക്കും കാലം !
ഇത് ജനനേന്ദ്രിയങ്ങളില്‍
കുടിപ്പകയുടെ വിഷസര്‍പ്പങ്ങള്‍
ദംശിക്കുന്ന കിരാതകാലം .

ഉണങ്ങിയ കതിരുകള്‍ പച്ചക്കതിരുകളെ തിന്നുന്ന
ജോസഫിന്റെ കിനാവുകള്‍ ഇന്നിന്റെതാകുമ്പോള്‍
ശുഷ്കിച്ച മുലകള്‍ വിട്ടു
നഗരം കൊഴുപ്പിന്റെ വഴുക്കലുകള്‍ തിരയുന്നു .

അയല്‍ജാലകക്കാഴ്ച്ചകളില്‍ ഹസ്തമൈഥുനം ചെയ്യും
പീളകെട്ടിയ മിഴികള്‍ക്ക്
അടുക്കളവാതില്‍ തുറന്നകലുന്ന
ജാരപാദങ്ങള്‍ മായയാകുന്നു .


പിറക്കാതെ പോകുന്ന
കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി കവിതകള്‍ രചിച്ച്', 
നിമിഷ സുഖങ്ങളില്‍, മറന്ന പൈതലുകളെ
കുരുതികൊടുക്കുന്നു
ഓപ്പറേഷന്‍ ടേബിളുകളില്‍ 
പക നിറഞ്ഞ മിഴികളും
തുറന്നു വച്ച കാലുകളുമായി പുതുമയുടെ ശാക്തീകരണങ്ങള്‍ !


അന്യമാകുന്നവയോരോന്നുമിനി
തിരികെ വേണ്ടങ്കിലും ,
നഷ്ടടമാകുന്നവ ഒന്നും മറക്കില്ലെങ്കിലും ,
എഴുതുന്നു വേരറ്റ വൃക്ഷങ്ങള്‍ക്ക് വേണ്ടി
കോണ്‍ക്രീറ്റു കൂടാരങ്ങളില്‍ ചേക്കേറിയ
നവയുഗകാവ്യ നഭസ്സുകള്‍ .


വാക്കുകളുടെ വേട്ടമൃഗങ്ങളെ കെട്ടഴിച്ചു വിട്ടു
യൗവ്വനങ്ങളുടെ മധു നുകര്‍ന്നിരുളില്‍ പേനയുന്തുന്നു
ചതിയുടെ,
സ്നേഹത്തിന്റെ
പ്രണയത്തിന്റെ
നിലയ്ക്കാത്ത അപചയങ്ങളില്‍
ക്ഷോഭത്തിന്റെ തീഷ്ണശരങ്ങള്‍ പതിപ്പിക്കുവാന്‍ വേണ്ടി !


ഇത് കാപട്യത്തിന്റെ ലോകം !
ഇത് വാക്കൊന്നും വഴിയൊന്നിന്റെയും കാലം !
ഇത് വെട്ടിപ്പിടിക്കലിനും ,
വെട്ടിനിരത്തലിനും വളക്കൂറുള്ള
 മണ്ണിന്റെ ലോകം .
ഇത് ഞാന്‍ ചവിട്ടി നില്‍ക്കും ലോകം .
--------------------------ബിജു ജി നാഥ്

Monday, October 22, 2018

പുതിയ ശരണ മന്ത്രങ്ങൾ

പുതിയ ശരണ മന്ത്രങ്ങൾ
......
സാമിയേ
ശരണമയ്യപ്പാ
എവിടെപ്പോണ്
മലക്ക് പോണ്
എന്തിന് പോണ്
സാമിയെ രക്ഷിക്കാൻ
എന്താ കാര്യം
യുവതികൾ വരുന്നു
എന്തിന് വരുന്നു
സാമിയെ കാണാൻ
സാമിയെ കണ്ടാൽ
മോക്ഷം കിട്ടും
എന്തിനു തടയുന്നു
സാമീടെ ബ്രഹ്മചര്യം.
സാമിയാരാ
ശക്തി സ്വരൂപൻ
നീയാരാ
സാമീടെ രക്ഷകൻ
സാമി വലുതോ ..?
പോടാ പൂറാ
പട്ടീ തെണ്ടീ
നിന്റമ്മേട ..
സാമിയേ
നിന്റെ പെങ്ങട..
സാമീയേ
നിന്റെ കെട്ടിയോള.....
സാമിയേ
ശരണമയ്യപ്പാ
ശരണമയ്യപ്പാ
.. ബി.ജി.എൻ

Sunday, October 21, 2018

നിന്നെയറിയാന്‍ മാത്രം

നിന്നെയറിയാന്‍ മാത്രം 
..........................................
നീയഴിച്ചിട്ടു പോയ മൗനം പുതച്ചുകൊണ്ട്
നിന്നെയറിയാന്‍  വെറുതെ ശ്രമിക്കുന്നു ഞാന്‍ .
ചുരുള്‍ മുടിയിഴകളില്‍, കാലം മെടഞ്ഞിട്ട
കനകാംബരപ്പൂക്കള്‍ തന്‍ ഭംഗിയില്‍...
നിന്റെ നിഗൂഢതകള്‍ കണ്ടെത്തുവാന്‍
വെറുതെയെങ്കിലും ഞാന്‍ ശ്രമിക്കുന്നു. 
നിന്നെ വരച്ചിട്ട ചന്ദനസന്ധ്യകള്‍ക്കും.
മഞ്ഞള്‍കുങ്കുമം നിറം ചാര്‍ത്തും അഴകിനും,
ഉള്‍ക്കണ്ണില്‍ മിഴിവേകുവാന്‍ വേണ്ടി
സ്വപ്‌നങ്ങള്‍ മെനയുന്നു മിഴി പൂട്ടിയിന്നു ഞാന്‍.
.....ബി ജി എന്‍  വര്‍ക്കല 

Saturday, October 20, 2018

എന്തിനായ് വീണ്ടുമീ ....

ഏതിരുൾക്കാട്ടിലും പെണ്ണേ
നിന്റെ,താരകമിഴികൾ തിളങ്ങും.
ഏതു പൂവാടിയെന്നാലും നിന്റെ,
ചേതോഹര വദനം വേറിട്ടറിയും.
എങ്കിലും ഞാൻ ശ്വസിക്കുന്നൊരീ-
കാറ്റിൽ നിൻ വിയർപ്പിൻ ഗന്ധമറികേ
ഉള്ളിൽ നിന്നുയരുന്നതെന്തേ തീ-
ക്കാറ്റിന്റെ ഹുങ്കാരമിങ്ങനെ?
..... ബി.ജി.എൻ വർക്കല

Thursday, October 18, 2018

ഇനി യാത്ര പറയട്ടെ

വിട പറഞ്ഞേവം അകലുവാന്‍ മനസ്സിനെ
വെറുതെ പഠിപ്പിക്കുന്നു ഞാനും .
ഇവിടെയീ മണലിന്‍ തിരകളില്‍ വീണെന്റെ
ഹൃദയം പൊടിയുന്നതറിയുകിലും .

*മുത്തശ്ശി തന്‍ മടിത്തട്ടില്‍ ഞാനേഴാണ്ട്
കഥകള്‍ കേട്ടുറങ്ങിയ നാളുകള്‍
സ്നേഹവും കരുണയും ബന്ധനങ്ങളും എന്റെ
ദേഹിയെ വരിഞ്ഞിരുന്നു ചുററിലും.

കണ്ടു ഞാന്‍ പലമുഖം,ഭാവങ്ങള്‍,ജീവിതം
കണ്ടു ഞാന്‍ മണല്ക്കാടിന്‍ ചൂടും .
കണ്ടു ഞാനേവം ഹൃദയം നുറുക്കുന്ന
കാഴ്ചകള്‍ തന്‍ വേലിയേറ്റം .

കണ്ടു ഞാന്‍ സ്നേഹത്തിന്‍ തീവ്രമാം പാശം,
കണ്ടു ഞാന്‍ പ്രണയവും വിരഹവും.
കണ്ടു ഞാന്‍ ജീവിതം തളിര്‍ത്തതും വാടിയതും ,
കണ്ടു ഞാന്‍കൊഴിയും മലരുകളും.

നെഞ്ചിലെ നീറ്റലായി നാടെന്നെ പലവുരു
കണ്ണുകളെ  ഈറനണിയിച്ചിരുന്നു .
യാത്ര പറയുമ്പോള്‍ കൂടെ ഞാന്‍ കരുതുന്നു
സ്നേഹവും കരുണയും വറ്റാത്തസൗഹൃദം.

-------------------ബിജു ജി നാഥ് 
(സൗദി പ്രവാസം മതിയാക്കി വരുമ്പോള്‍ തനിമ ജിദ്ദ നല്‍കിയ യാത്രയയപ്പില്‍ ചൊല്ലിയത് )
* ജിദ്ദ = മുത്തശ്ശി

ശബ്ദങ്ങള്‍ ............ വൈക്കം മുഹമ്മദ്‌ ബഷീര്‍


ശബ്ദങ്ങള്‍ (നോവല്‍)
വൈക്കം മുഹമ്മദ്‌ ബഷീര്‍
ഡി സി ബുക്സ്
വില: 75 രൂപ 



            ജീവിതപന്ഥാവില്‍ പകച്ചുനില്‍ക്കുന്ന മനുഷ്യരുടെ കഥകള്‍ വായിക്കുക എന്നത് ജീവിതത്തെ നേരില്‍ കാണുക എന്നതുപോലെയാണ് . സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഒരാള്‍ക്ക് കഥയെഴുതാന്‍ കഴിയുമ്പോഴേ ആ കഥയ്ക്ക് ജീവിതം എന്ന് പറയാന്‍ കഴിയുകയുള്ളല്ലോ. കഥകളുടെ ലോകത്ത് കഥയില്ലായ്മ ഒരു കാരണമായി തീരുന്ന പുതിയകാല എഴുത്തുകാര്‍ ഇപ്പോള്‍ ഒരുകണക്കിന് പറഞ്ഞാല്‍ സീസണല്‍ എഴുത്തുകാര്‍ ആണ് . അവാര്‍ഡ് കാലത്തേക്ക് വേണ്ടി , ആഘോഷ കാലങ്ങള്‍ക്ക് വേണ്ടി , അവസരങ്ങള്‍ വിനിയോഗിക്കുന്നതിനു വേണ്ടി ഒക്കെയാണ് ഇന്ന് പലരും എഴുതുന്നത് . പ്രളയം വരാന്‍ കാത്തിരുന്ന പോലെ പ്രളയ ബാധിത പ്രണയകഥകളും ദുരന്ത കഥകളും നോവലുകളും ഒക്കെ എഴുതി ചൂടാറാതെ വായനക്കാരിലെത്തിക്കുക എന്നൊരു ധാര്‍മ്മികമായ ആവശ്യം എഴുത്തുകാരനുണ്ട്‌ എന്നവർ വിശ്വസിക്കുന്നു . അതുപോലെയാണ് സാഹിത്യോത്സവകാലങ്ങളും . ഒരുത്സവം വരുന്നത് കാത്തു പൊടിപിടിച്ചു കിടക്കുന്ന പഴയ കഥകള്‍ , നോവലുകള്‍ , കവിതകള്‍ വരെ പുതിയ ചട്ടയും മുണ്ടും ഇട്ടു കടന്നു വരും. ചിലപ്പോള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ പതിപ്പുകള്‍ ആകും ഇറങ്ങുക. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നപോലെ ഓടിപ്പിടച്ച്‌ കഥയോ കവിതയോ നോവലോ സമാഹാരങ്ങളോ പ്രകാശനം ചെയ്യിക്കാന്‍ ഉള്ള ഓട്ടവും മറ്റൊരിടത്ത് കാണാം.

          ഇത്തരം ആഘോഷങ്ങള്‍ നമുക്ക് നഷ്ടപ്പെടുത്തുന്നത് കഥയിലെ കഥയില്ലായ്മ ആണ് . എഴുതാന്‍ വേണ്ടി എഴുതുന്നവര്‍ . ഒരു വാക്ക് പോലും വായിക്കാന്‍ സമയമില്ലെങ്കിലും എഴുതിമരിക്കുന്ന എഴുത്തുകാര്‍ നമുക്ക് മാത്രം സ്വന്തമാണ് . അവര്‍ക്കിടയില്‍ അതുകൊണ്ട് തന്നെ പഴയകാല എഴുത്തുകാര്‍ വളരെ പ്രസക്തമായ ഒരു സംഗതിയാകുന്നു. കാരണമവര്‍ എഴുതിയത് മത്സരങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല . സ്വകീയമായ ഒരുള്‍വിളിയുടെ ബഹിര്‍ഗമനം ആയിരുന്നവ. അതിനാല്‍ അവയില്‍ ജീവിതം പനിച്ചു കിടന്നു . വായനക്കാരന്‍ തലമുറകള്‍ കഴിയുമ്പോഴും നെഞ്ചില്‍ ആഘോഷത്തോടെ , സ്നേഹത്തോടെ , വികാരത്തോടെ വാരിപ്പുണര്‍ന്നു പോകുന്നതും അതിനാല്‍ തന്നെയാണ് .

          എന്തുകൊണ്ടാണ് നാം ഇപ്പോഴും ബഷീറിനെ വായിക്കാന്‍ ഉത്സാഹപ്പെടുന്നത് എന്നതിനുള്ള ആമുഖമായി ഇത് പറഞ്ഞു പോകുന്നതാണ് . ഓരോ ബഷീര്‍ കഥകളും ഓരോ ജീവിതമായി അനുഭവപ്പെടുകയും തലമുറകള്‍ അവയെ നെഞ്ചോട്‌ ചേര്‍ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കുവാന്‍ ബഷീറിനെ വായിക്കുക തന്നെ വേണം. “ശബ്ദങ്ങള്‍” വായിക്കുമ്പോള്‍ ഈ അനുഭവങ്ങള്‍ ഒരിക്കല്‍ക്കൂടി മനസ്സിലേക്ക് പാഞ്ഞു കയറുക തന്നെ ചെയ്യും . ഇതിലെ കഥാപാത്രവും കഥാകാരനും തമ്മിലുള്ള സംഭാഷണങ്ങള്‍ ആണ് ആഖ്യാന ശൈലി . കിളിയെക്കൊണ്ട് കഥ പറയിച്ച മഹാകവിയെപ്പോലെ , വ്യാസഭാരതം എഴുതും ശീലുകള്‍ പോലെ കഥാപാത്രം തന്റെ കഥ എഴുത്തുകാരനെക്കൊണ്ട് എഴുതിക്കുന്ന ആ രസാവഹമായ അവതരണശൈലി മനോഹരമായ ഒരു അനുഭവം ആണ് .

           കഥയിലേക്ക് കടക്കുകയാണെങ്കില്‍ വായനക്കാരനെ ശാന്തമായ ഒരു അന്തരീക്ഷത്തില്‍ നിന്നും പൊടുന്നനെ ഒരു യുദ്ധഭൂമിയിലേക്ക് എടുത്തെറിഞ്ഞ പോലെ അനുഭവപ്പെടും . അവിടെ യുദ്ധത്തിന്റെ ഭീകരത അതിന്റെ അതേ ഭാവവും   ക്രൗര്യവും നിറച്ചു നെഞ്ചു പടപടപ്പിച്ചേക്കാം. യുദ്ധ ഭീകരത വര്‍ണ്ണിക്കുമ്പോഴും പട്ടാളക്കാരന്റെ മനസ്സിലെ വ്യാകുലതകളും വികാരങ്ങളും പ്രകടിപ്പിക്കുമ്പോഴും അതില്‍ ശരിക്കും ഒരു തീവ്രമായ അനുഭവസാക്ഷ്യം ഒളിഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നുണ്ട് . അതുപോലെ ലൈംഗികതയോടുള്ള പട്ടാളക്കാരന്റെ മനസ്സ്. ഒരു സ്ത്രീയെ നഗ്നയായി കണ്ടിട്ടെത്ര കാലമായി സിനിമാ നടികളുടെയും മറ്റും ചിത്രങ്ങളിലെ മുലകളും ചുണ്ടുകളും നാഭിച്ചുഴിയും തുടകളും കണ്ടു സംഭോഗസംതൃപ്തി അടയാന്‍ വിധിക്കപ്പെടുന്നവന്റെ മുന്നില്‍ എത്തപ്പെടുന്ന സ്ത്രീ അത് സ്ത്രീയോ പുരുഷനോ എന്നുപോലും അറിയാതെ തന്റെ ലൈംഗിക ദാഹം തീര്‍ക്കുന്ന അവസ്ഥ. ഗേ സെക്സ് , തെരുവ് ജീവിതത്തിന്റെ പച്ചയായ ലൈംഗിക, സാമൂഹിക ജീവിതം ഒക്കെയും ബഷീര്‍ തന്റെ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.

          തീവ്രമായ അനുഭവസമ്പത്തിന്റെ അമേയമായ ആഖ്യായശൈലിയില്‍ നിന്നുകൊണ്ട് ശബ്ദങ്ങള്‍ വായനക്കാരെ വികാരവിക്ഷുബ്ധരാക്കും എന്നതില്‍ സംശയമേതുമില്ല. ഇന്നത്തെ വായനകളില്‍ കിട്ടാത്ത ആ മധുരവും നോവും എരിവും അതിനാല്‍ തന്നെ കാലനുവര്‍ത്തിയായി നിലനില്‍ക്കുക തന്നെ ചെയ്യും. വെറുതെ അല്പം എരിവും പുളിയും കുറച്ചു സംഭാഷണങ്ങള്‍ പച്ചയായി പറയുകയും ചെയ്താല്‍ അത് കഥയാകും എന്ന് കരുതുന്ന ആധുനികത ഇതൊക്കെ വായിച്ചു നോക്കുക എങ്കിലും ചെയ്‌താല്‍ അവരെ നവീകരിക്കാന്‍ അത് ഉപകരിച്ചേക്കും . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല




















 

Wednesday, October 17, 2018

നമ്മള്‍

ഒരൊറ്റ മുറിയുടെ ഏകാന്തതയില്‍ നിന്നുമാണ്
നിന്റെ നിശ്വാസങ്ങളുടെ മണിയൊച്ചകള്‍
ആകാശത്തിന്റെ സാധ്യതകളെ തേടി യാത്രയായത്‌.
ഇന്നാ മുറി, മണ്ണില്‍ അടയാളങ്ങളില്ലാതെ മാഞ്ഞിരിക്കുന്നു .
നിന്റെ ഏകാന്തത നഷ്ടമാകുകയും,
വെളിച്ചമണയാത്ത പനയോലകള്‍ക്കുള്ളില്‍
നീയൊരു കുരുവിക്കൂട് വയ്ക്കുകയും ചെയ്തിരിക്കുന്നു .
പക്ഷെ, നിന്റെ നിശ്വാസങ്ങളില്‍ മണിയൊച്ചയും,
നിന്റെ ആകാശത്തിനു അതിരുകളും ഉണ്ടായി .
നീ ഇന്ന് ചിറകു കുഴഞ്ഞൊരു പക്ഷിയാണ്.
കാണാതെ പോയ ആകാശക്കാഴ്ച്ചകളില്‍
മറന്നു വച്ച ഒരു മേഘത്തുണ്ടായി ഞാനുണ്ട് .
നീയൊരിക്കലും കാണാന്‍ ആഗ്രഹിക്കാതെ
കാറ്റിനോടും മലകളോടും അപേക്ഷിച്ചിട്ടും
ഓര്‍മ്മത്തെറ്റു  പോലെ നിന്നെ നോവിക്കുന്ന
ഒരു കാര്‍മേഘത്തുണ്ടായി ഞാനുണ്ട് .
നനുത്ത ഓര്‍മ്മകള്‍ നല്‍കാത്ത,
നനഞ്ഞ ചിറകുകള്‍ ഉണക്കാനിട്ടു
ആകാശക്കാഴ്ച്കളുടെ സ്വപ്നങ്ങളില്‍
ഒരു വിഷാദസ്മാരകത്തിന്റെ നിഴല്‍ പോലെ നീയും.
----------ബിജു ജി നാഥ് വര്‍ക്കല 

Tuesday, October 16, 2018

നാം ചരിത്രത്തിലെ തിരുശേഷിപ്പുകൾ

പറയാൻ കൊതിച്ചൊരു കഥയാവണം
നിന്നിലലിയാൻ കൊതിച്ചൊരു മഴയും.
ഇനിയുമെഴുതാൻ ബാക്കി വയ്ക്കുന്ന
കവിതയായ് നിന്റെ കരൾ കവരണം .

പകരം വയ്ക്കുവാനില്ലാത്തൊരെന്തിനോ
പേരായി വിലസണം നീയുലകിലിനിയെന്നും
ഇനിയും മരിയ്ക്കാത്ത പ്രണയപുഷ്പങ്ങളാൽ
തീർത്തൊരു  മാല്യമണിയിക്കണം നിന്നെ .

ഇനി വരും കാലങ്ങൾ നെഞ്ചേറ്റിവിങ്ങുന്ന
അരുമയാം കഥയിലെ രണ്ടാത്മാക്കൾ നാം.
അടരാൻ കഴിയാതെ അകലാനാവാതെ
മണ്ണിൻമടിയിൽ തുടിതാളമാകണം നാമിനി.
--------------ബിജു ജി നാഥ് വര്‍ക്കല 

Monday, October 15, 2018

നീയെന്റെ വെളിച്ചം

അലസമാം പകലുകള്‍
വിരസമാം രാവുകള്‍
ചിതലുകള്‍ പടരുന്ന
ചിന്തകള്‍ കനലുകള്‍ !
ചൂടു പിടിച്ചൊരു ദാഹ-
ക്കടലിലെ ബാഷ്പമുരുകി,
പെയ്തൊഴിഞ്ഞ മഴ-
മുകിലിരുളുകള്‍ കൊഴിയവേ !
വേനല്‍ മഴപോലെന്നില്‍
പെയ്തു പൊതിഞ്ഞൊരു
നിറസ്നേഹക്കടലാണ് നീയെ-
ന്നറിയുന്നലിയുന്നു ഞാന്‍ .
ഉരുകിത്തിളയ്ക്കുമെന്‍ മോഹ-
ക്കടലിനെ തപിപ്പിക്കുവാന്‍
ഒരു മഞ്ഞുതുള്ളിപോല്‍ നിന്‍
മൊഴിമതിയെന്നറിയുന്നു ഞാന്‍.
എതിര്‍വാദമില്ലാതെ മൊഴിയടയ്ക്കും
മറുവാക്കുകളില്ലാതെ കീഴടങ്ങും
പരിഭവമില്ലാതെ പിന്‍വാങ്ങും
നിന്റെ സാമീപ്യമെന്തെന്തു മായ !
അറിയാമീ ജന്മ,മതൊന്നുമാത്രം
അറിയാമീ ദേഹിയും മൃതിതിന്നുന്നു
എങ്കിലുമെന്നുമീ മനതാരിനുള്ളില്‍
കാത്തിരിപ്പിന്‍ തീരാമധുരം മാത്രം .
-----ബിജു.ജി.നാഥ് വര്‍ക്കല 





Saturday, October 13, 2018

ഭക്തര്‍ വല്ലതും അറിയുന്നുണ്ടോ ?

ഭക്തര്‍ വല്ലതും അറിയുന്നുണ്ടോ ?
------------------------------------------------
              ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ ഇപ്പോഴത്തെ അയ്യപ്പ വിശ്വാസികളുടെ നേതാവ് രാഹുല്‍ ഈശ്വര്‍ , അവതാരകന്റെ എന്തുകൊണ്ട് ശബരിമലയില്‍ സ്ത്രീകളെ പ്രത്യേകിച്ചും പത്തിനും അറുപതിനും ഇടയില്‍ ഉള്ളവരെ കയറ്റുന്നില്ല എന്ന ചോദ്യത്തിന് പറഞ്ഞ മറുപടി അതിനു മൂന്നു കാരണങ്ങള്‍ ആണ് എന്നാണു . അവ എന്താണ് എന്നാല്‍ 
ഒന്ന് അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് 
രണ്ടു അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് 
മൂന്നു അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് . ഇതായിരുന്നു . അതല്ലാതെ സ്ത്രീകള്‍ അശുദ്ധകള്‍ ആയതുകൊണ്ടല്ല എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കുകയും മൂന്നു സ്ത്രീകള്‍ ചോദ്യം കൊണ്ട് വിയര്‍പ്പിച്ചപ്പോള്‍ എന്തൊക്കെയോ വിളിച്ചു പറയുകയും ഭീഷണി മുഴക്കുകയും ഉണ്ടായി . ഒടുവില്‍ വേദങ്ങള്‍ ഒന്നും ശരിയല്ല എന്ന് വേദം പഠിച്ച (ആര്‍ക്കറിയാം പഠിച്ചോ എന്ന് ) ഒരുവന്‍ പറയുന്നത് കേട്ട് അവതാരകന്‍ നിനക്ക് വേദത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല പോയി വേദം പഠിച്ചിട്ടു ചര്‍ച്ചയ്ക്ക് വാടാ പയ്യനെ എന്ന് പറഞ്ഞു ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്യുന്നത് കണ്ടു.
           ഇതേ രാഹുലിന്റെ ഭാര്യ മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്ന് പറഞ്ഞത് 1991ലെ കേരള ഹൈക്കോടതി ആണ് എന്ന് സമ്മതിക്കുന്നുമുണ്ട്‌ എന്നത് മറക്കാന്‍ പാടില്ല
              എന്താണ് നൈഷ്ഠിക ബ്രഹ്മചര്യം എന്നത് മാത്രം ഒന്ന് പരിശോധിക്കാം എന്ന് കരുതുന്നു. ചരിത്രത്തില്‍  അറിയപ്പെടുന്ന നൈഷ്ഠിക ബ്രഹ്മചാരികള്‍ മൂന്നുപേര്‍ ആണ് . ഹനുമാന്‍ , ഭീഷ്മര്‍ , അയ്യപ്പന്‍. ഇതില്‍ ഹനുമാന്‍ രാമനോടും സീതയോടും ഒപ്പം ജീവിച്ച ആളും സീത ബ്രഹ്മസൂത്രം പഠിപ്പിച്ച ആളുമാണെന്ന് വേദങ്ങള്‍ പറയുന്നു. ഭീഷ്മര്‍ കൊട്ടാരത്തില്‍ ആണ് ജീവിച്ചത് . സ്ത്രീകള്‍ അദ്ദേഹത്തെ കാണാന്‍ വരാറുണ്ടായിരുന്നു . ദ്രൗപതി ആര്‍ത്തവത്തില്‍ ഇരിക്കുന്ന അവസ്ഥയില്‍ ആണ് ചൂതാട്ട വേദിയില്‍ വലിച്ചിഴച്ചു കൊണ്ട് വരികയും അവിടെ ഭീഷ്മര്‍ അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നതും. അംബ അംബിക അംബാലിക എന്നിവരെ ബലമായി പിടിച്ചു കൊണ്ട് വന്നതും ഭീഷ്മര്‍ ആണ് . അയ്യപ്പന്‍ കൊട്ടാരത്തില്‍ ജീവിച്ച ആള്‍ ആയിരുന്നു എന്നും മാളികപ്പുറത്തിനെ വിവാഹം കഴിക്കാം എന്ന് വാക്ക് കൊടുത്തിരിക്കുന്ന വ്യക്തി ആണെന്നും വിശ്വാസ സമൂഹം പറയുന്നു . വേദങ്ങളില്‍ അയ്യപ്പന്‍ ഇല്ലാത്തതിനാല്‍ കേരളത്തില്‍ മാത്രം പ്രചരിക്കുന്ന നൂറു കൊല്ലത്തോളം പഴക്കം മാത്രമേ കാണൂ എന്ന് കരുതുന്ന എഴുത്തുകളില്‍ മാത്രം കാണുന്ന ദൈവം ആണ് . നൈഷ്ഠിക ബ്രഹ്മ ചാരി കേരളത്തില്‍ എത്തുമ്പോള്‍ യൗവ്വന യുക്തകള്‍ ആയ സ്ത്രീകളോട് ആകര്‍ഷണം തോന്നുന്ന പച്ച മനുഷ്യന്‍ ആകുന്നതെങ്ങനെ എന്നതാണ് മനസ്സിലാകാത്തത്. ഹനുമാന്‍ ക്ഷേത്രങ്ങളില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ പോകുന്നുണ്ട് . കേരളം വിട്ടാല്‍ പിന്നെ ക്ഷേത്രങ്ങളില്‍ പൂജാരി ഉണ്ടാകുക വളരേ കുറവാണ് എന്ന് കാണാം . ഭക്തര്‍ നേരിട്ട് പൂജാ ദ്രവ്യങ്ങള്‍  അര്‍പ്പിക്കുകയും പൂജ ചെയ്യുകയും ചെയ്യുന്ന ക്ഷേത്രങ്ങള്‍ ഉത്തരേന്ത്യയില്‍ നേരില്‍ ഒരുപാട് കണ്ടിട്ടുള്ളതുമാണ് . കേരളത്തില്‍ മാത്രമാണ് പൂണൂല്‍ ഇട്ടവര്‍ക്കു മാത്രം പൂജ ചെയ്യാനും ക്ഷേത്രത്തിനു അകത്തു കയറാനും വിഗ്രഹത്തെ തൊടാനും അധികാരം ഉള്ളത് എന്നു കണ്ടിട്ടുണ്ട്.
               നൈഷ്ഠിക ബ്രഹ്മചര്യത്തിലേക്ക് തിരികെ വരാം. ബ്രഹ്മനെ അറിയുന്നവന്‍ ആണ് ബ്രഹ്മചാരി. അതായത് പരമാത്മാവിനെ അറിയുന്നവന്‍. കണ്ടെത്തുന്നവന്‍. പുരാണങ്ങളില്‍ ബ്രഹ്മചാരികള്‍ അയ ഒരുപാട് വിവാഹിതര്‍ ഉണ്ട് . ജനകന്‍ ബ്രഹ്മചാരി ആണ് . കൃഷ്ണന്‍ ബ്രഹ്മചാരി (നൈഷ്ഠിക ബ്രഹ്മചാരി എന്നും വിളിക്കുന്നുണ്ട് ) ആണ്. എന്നാല്‍ ഇവരില്‍ നിന്നും വേറിട്ട്‌ നൈഷ്ഠിക ബ്രഹ്മചാരിയാകുമ്പോള്‍ ഉള്ള പ്രത്യേകത ശുക്ലം വിസര്‍ജ്ജിക്കാന്‍ പാടില്ല എന്നുള്ളതാണ് . അത് യോഗയിലൂടെ കുണ്ഡലിനിയെ ഉണര്‍ത്തി ശിരസ്സില്‍ എത്തിക്കുന്ന വിദ്യ ആര്ജ്ജിക്കുമ്പോള്‍ ആണ് കരഗതമാകുന്നത് എന്നും ശാസ്ത്രം പറയുന്നു . അയ്യപ്പന്‍ അങ്ങനെ ശുക്ലം പുറത്തേക്ക് വരാതെ കുണ്ഡലിനിയെ ഉണര്‍ത്തി ശിരസ്സില്‍ എത്തിക്കാന്‍ കഴിവുള്ള ആള്‍ ആണ് . ശ്രീ നാരായണ ഗുരുവും യോഗ വിദ്യ അഭ്യസിച്ച ആള്‍ ആണ് . ബ്രഹ്മചാരിയും ആണ് . 

Celibacy is essential in preserving the Semen from falling to the ground or flowing down as this hinders the spiritual growth,
It is called Urthvarethas,
Meaning that the semen flows upwards through the Chakras in the body to reach the Sahasrara in the head,
This Celibacy is called Naishtika Brahmacharrya.(not allowing the semen to flow down)
Bhishma is a Naishtika Brahmachari.
He is the only Naishtika Brahmachari, apart from Hanuman.
.
              അങ്ങനെ കഴിവുള്ള ഒരാള്‍ ഇഹലോകത്തെ എല്ലാ കാഴ്ചകളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും മുക്തനും അവയോടു നിസംഗത പുലര്‍ത്താന്‍ കഴിയുന്നവനും ആകും . അതിനാല്‍ത്തന്നെ പൂര്‍ണ്ണ നഗ്നയായി ഒരു സ്ത്രീ വന്നു മുന്നില്‍ നിന്നാല്‍ പോലും അവളുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ ആ മനുഷ്യന് കഴിയും . ദൈവം ആകുമ്പോള്‍ തീര്‍ച്ചയായും  അത് കഴിയുക തന്നെ ചെയ്യും . അങ്ങനെ ഉള്ള അവസ്ഥയില്‍ എന്തുകൊണ്ട് അയ്യപ്പ ഭക്തര്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഭയക്കുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. സമരത്തിനു ഇറങ്ങുന്നവര്‍ കാര്യം അറിയാതെ അല്ലെ സമരം ചെയ്യുന്നത്? അതോ അയ്യപ്പന്‍ എന്ന ദൈവത്തിനു തന്റെ ബ്രഹ്മചര്യം നഷ്ടമാകും എന്ന് ഭയമുണ്ടോ ഭക്തര്‍ക്ക് ? അത്ര നിസ്സാരനായ ഒരു ദൈവമായി നിങ്ങള്‍ അയ്യപ്പനെ കാണുന്നോ? നിങ്ങളെ ഏതാപത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിവുള്ള വീരനും സര്‍വ്വോപരി നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ഉത്തമോദാഹരണവുമായിരിക്കുന്ന ഒരു ദൈവത്തെ നിങ്ങള്‍ എന്തുകൊണ്ട് സംരക്ഷിക്കാന്‍ ഇറങ്ങുന്നു എന്ന് ചിന്തിക്കുന്നിടത്തു രാഹുല്‍ ഈശ്വറും , എന്‍ എസ് എസ്സും ചേര്‍ന്ന് ബി ജെ പി യുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗൂഡാലോചന മനസ്സിലാക്കാന്‍ കഴിയും. അത് തിരിച്ചറിയാതെ അയ്യപ്പന്‍ എന്ന ദൈവത്തെ രക്ഷിക്കാന്‍ ഇറങ്ങുന്ന മനുഷ്യര്‍ , അയ്യപ്പനെ ദൈവമല്ല പകരം തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ കണക്കാക്കുകയും ആ അംഗം ബലഹീനന്‍ ആയതിനാല്‍ സകല കഴിവും ഉപയോഗിച്ച് അയാളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു  എന്ന് കരുതും കേരളവും ഉത്തരേന്ത്യയും പുറം ലോകവും.
              സ്വയം കോമാളി ആകാന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ ചിന്തിക്കുക. ബി ജെ പി ക്ക് ഇതില്‍ വ്യക്തമായ ലക്‌ഷ്യം ഉണ്ട് . അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഉറപ്പാക്കുക എന്നതാണു അത് . ഭക്തര്‍ അതറിയുന്നുണ്ടോ അതിനു വേണ്ടിയാണോ ഇറങ്ങുന്നത് എന്ന് മാത്രം ചിന്തിക്കുക.
ബി.ജി.എന്‍ വര്‍ക്കല

Thursday, October 11, 2018

നാടോടി ..... അയാൻ ഹിർസി അലി

നാടോടി (സ്മരണ)
അയാൻ ഹിർസി അലി.
ഡി സി ബുക്സ്
വില :175 രൂപ

പലപ്പോഴും ചരിത്രത്തിൽ നിശബ്ദമായി ചില വിപ്ലവങ്ങൾ നടക്കാറുണ്ട്. ഇവ എഴുതപ്പെടാറില്ല. എഴുതിയാലും അവ മറയ്ക്കപ്പെടും. കാരണം അവ പലരേയും വൈകാരികമായി മുറിവേൽപ്പിക്കും എന്നതിനാൽ . ലോക ചരിത്രത്തിൽ ഇങ്ങനെ അടിച്ചമർത്തപ്പെട്ട ചരിത്ര കഥകൾ മിക്കവയും മതത്തിന്റെ പേരിൽ തടഞ്ഞു നില്ക്കുന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത് ചൂണ്ടിക്കാണിക്കുന്നതു പോലും സമൂഹത്തിൽ വിദ്വേഷം ജനിപ്പിക്കുന്നതും ലേബലുകൾ പതിപ്പിച്ചു നല്കുന്നതുമായ ഒരു വിഷയമാണ്. വിമർശനത്തെ സഹിക്കാനാവാത്ത മതവും പുരോഹിതവർഗ്ഗവും. ലോകത്തിൽ ഇസ്ലാം മതത്തിലാണ് ഈ ഒരു സംഗതി കൂടുതൽ ശക്തമായി നില്ക്കുന്നത്. ഇന്ത്യയിൽ ഇന്നു സംഘപരിവാർ അതേ നിലവാരത്തിലേക്ക്  നടന്നടുക്കുന്നു എന്ന സമകാലീന രാഷ്ട്രീയ സാമൂഹിക സംഭവങ്ങൾ തെളിയിക്കുന്നു. സഹിഷ്ണുത, സ്നേഹം എന്നിവയെ 24 മണിക്കൂറും എടുത്തു പറയുന്ന റാഡിക്കൽ ഇസ്ലാമിന്റെ മറ്റൊരു മുഖമാണ് ആയുധം കൊണ്ടു വിമർശനത്തെ ഒടുക്കാൻ ശ്രമിക്കുക എന്നതും. പ്രവാചകന്റ ചിത്രം വരച്ചു എന്നോ കാർട്ടൂൺ വരച്ചു എന്നോ ഒരു ചെറിയ കാര്യം പോലും മരണശിക്ഷയുടെ പരിധിയിൽ വരുന്നവയാണ്. പ്രവാചകനെ തെറി വിളിച്ചു എന്ന കാരണം പറഞ്ഞു കേരളത്തിലെ ഒരധ്യാപകന്റെ അംഗ ഛേദം കൊണ്ടു കലിയടക്കിയ വിശ്വാസികളാണ് മലയാളിക്ക് പരിചയം. സാത്താന്റെ വചനത്താൽ സൽമാൻ റുഷ്ദിയും ലജ്ജയാൽ തസ്ലീമാ നസ്റീനും ഈ സഹിഷ്ണുതയുടെ മധുരം ആവോളം നുകരുന്നുണ്ട്. നബിയെക്കുറിച്ചൊരു വിമർശനാത്മക ഗ്രന്ഥം എഴുതി അലി സിനയെന്ന ഇറാനിയും ഇതേ അവസ്ഥ അനുഭവിക്കുന്നു എന്നറിയുകയുണ്ടായി. ഈ പുസ്തകങ്ങൾ വായനക്കാർക്കു ലഭിക്കുവാൻ പ്രയാസങ്ങൾ നേരിടുന്ന രാജ്യങ്ങൾ ഉണ്ട് എന്നത് നിസാര കാര്യമല്ല അതുപോലെ അവർക്ക് ജീവൻ ഭീഷണിയുടെ മുനയിലാണ് എന്നതും.

ഇതു പോലെ ജീവന് ഭീഷണി നേരിടുന്ന ഒരാൾ തന്റെ ജീവിതത്തെ വരച്ചിടുന്ന കൃതിയാണ് Nomad എന്ന ''നാടോടി''. 'അയാൻ ഹിർസി അലി' എന്ന ആ സോമാലിയൻ പെൺകുട്ടിയുടെ അനുഭവങ്ങളെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് പി.കെ.ശിവദാസ് ആണ്.

സോമാലിയ എന്ന രാജ്യത്തു നിന്നും സൗദി അറേബ്യയിലേക്കും ഡച്ചിലേക്കും അമേരിക്കയിലേക്കും പലായനം ചെയ്ത അയാൻ എന്ന മുസ്ലിം പെൺകുട്ടി. തന്റെ ജീവിതത്തിൽ മതം നല്കിയ ദുര്യോഗങ്ങളും വിഷമതകളും ഒടുവിലാ മതം വലിച്ചെറിഞ്ഞതു മൂലം അനുഭവിക്കുന്ന വധഭീഷണിയും വിശദമായി തന്നെ പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.

ഇത് ഒരു വായനയിൽ, മതത്തിന്റെ കരാളഹസ്തത്തിൽ പെട്ടു പോയ ഒരു സാധാരണ പെൺകുട്ടിയുടെ ഇച്ഛാശക്തിയും കഴിവും കൊണ്ടുള്ള രക്ഷനേടലും അതിജീവനവുമാണെങ്കിൽ അതിനൊപ്പം തന്നെ ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളുടെ അപചയങ്ങളും സംസ്കാരങ്ങളുടെ വൈവിദ്ധ്യങ്ങളും വായനക്കാരനിലെ ചരിത്രാന്വേഷകനെ ആകർഷിക്കും.

ഡച്ചുകാരുടെ വിദ്യാഭ്യാസ വീക്ഷണങ്ങളും യൂറോപ്പിൽ വർദ്ധിച്ചു വരുന്ന ഇസ്ലാം പുരോഗമനവും ക്രിസ്ത്യൻ തകർച്ചയും സോമാലിയയുടെ രാഷ്ട്രീയ ഭൂപടവും ഒപ്പം യൂറോപ്പിലേക്കുള്ള മുസ്ലീം അഭയാർത്ഥികളുടെ യഥാർത്ഥ ലക്ഷ്യങ്ങളും അയാൻ വ്യക്തമായി പറയുന്നുണ്ട്. അതുപോലെ ലോകത്തെ ഒരു വലിയ വിഭാഗം സ്ത്രീകൾ അനുഭവിക്കുന്ന ചേലാകർമ്മം എന്ന ദുരാചാരത്തിന്റെ ഭീകരതയും അയാൻ വിവരിക്കുന്നുണ്ട്.

വായന തുടങ്ങുമ്പോൾ ക്വോട്ട് ചെയ്യാം എന്ന ധാരണയിൽ ഇസ്ലാം നേരിടുന്നതും യാഥാർത്യവും എന്നാൽ വിളിച്ചു പറയുമ്പോൾ ഇരവാദവും ആകുന്ന പല പ്രസ്താവനകളും പേജ് മൂല മടക്കി അടയാളം വച്ചു തുടങ്ങിയെങ്കിലും വായന തീരുമ്പോൾ ആ പോയിന്റുകൾ മാത്രം കൊണ്ട് ഒരു ചെറിയ പുസ്തകം തീർക്കാം എന്ന നില കാണുകയുണ്ടായി. ശരിക്കും ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ ഇസ്ലാം എന്ത് എന്നു മനസ്സിലാക്കാൻ ഈ ഒരൊറ്റ പുസ്തകം മതിയാകും ഒരു സാധാരണ വായനക്കാരന് എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.

അഭയം തന്ന നാട്ടിന്റെ നേരെയുള്ള മൃദു സ്വഭാവം കൊണ്ടാകാം ക്രിസ്തുമതത്തെ അയാൻ വിമർശിക്കാൻ ശ്രമിക്കുന്നില്ല എന്നു കാണാം. താനൊരു യുക്തിവാദിയാണ് എന്നു പറയുമ്പോഴും താനൊരു നാൾ വീണ്ടും ഇസ്ലാം ആയിത്തന്നെ മാറിയേക്കാം എന്ന ആശങ്കയും , മതത്തോടുള്ള എവിടെയോ ഒക്കെ ഇനിയും വിടാത്ത ചില ഇഷ്ടങ്ങളും വരികൾക്കിടയിൽ വായിക്കാൻ കഴിയുന്നുണ്ട്.

തികച്ചും കാലികമായ ഒരു ചുറ്റുപാടിൽ നിന്നു കൊണ്ടു ഇസ്ലാം മതത്തിന്റെ ഉള്ളിൽ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന വിഷമതകളെ മറയില്ലാതെ അയാൻ വിശദീകരിക്കുമ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലിരുന്നു മാത്രം ലോകം കാണാൻ ശ്രമിക്കുന്ന മത വിശ്വാസികൾക്ക് അത് അത്ഭുതവും കപടവും തോന്നിവാസവും ആയി അനുഭവപ്പെട്ടേക്കാം. അനുഭവവും കേൾവിയും രണ്ടാണല്ലോ.

തികച്ചും വായന അർഹിക്കുന്ന ഒരു പുസ്തകമാണിത്. പരിഭാഷയുടെ ചില അസ്കിതകൾ ഉണ്ടു എങ്കിലും വളരെ വലിയ ഒരു പുസ്തകത്തെ സത്യസന്ധമായി മൊഴിമാറ്റം നടത്താൻ കഴിഞ്ഞു എന്നു അനുഭവപ്പെടുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല