Tuesday, January 20, 2015

നിന്റെ വിരലുകള്‍

നനുത്ത പട്ടുനൂലുകള്‍ കൊണ്ട് നെയ്ത
പൂവിതള്‍ പോല്‍ അതിലോലം
പ്രിയതെ നിന്‍ വിരല്‍ത്തുംബുകളെന്‍
നെറ്റിയില്‍ തലോടുന്നൊരീ നേരം !

അക്ഷരങ്ങളെ പട്ടുപോല്‍ മൃദുവാക്കും
മൈലാഞ്ചി മണക്കുന്ന വിരല്‍ത്തുമ്പുകളെ
നിങ്ങളെന്നെ ഓര്‍മ്മകള്‍ തന്‍ പാടങ്ങളില്‍
കതിര്‍മണി തിന്നാന്‍ വിളിക്കുന്നുവോ ?

വിടര്‍ന്നു പടര്‍ന്നു കാറ്റിലോടിക്കളിക്കും
നേര്‍ത്തശീലപോല്‍ നിന്‍ ചികുരത്തെ
നീള്‍വിരലുകള്‍ കൊണ്ട് നീ മാടിയൊതുക്കുമ്പോള്‍
രണ്ടു ചുണ്ടുകള്‍ ചുംബിക്കും പോലെ.

ചുംബനമെന്നാല്‍ നമുക്കിടയിലന്യമോ ?
നിന്റെ വിരല്പ്പാടുകളെ ഉമ്മവച്ചു കൊണ്ട്
നിന്നിലെ നിന്നെ ഞാന്‍ ഉണര്‍ത്തുന്നു .

വാസനത്തൈലം തേച്ച നിന്നുടലില്‍
കാലം കുളിര്‍ന്നെഴുന്നേല്‍ക്കുന്നു.
ത്രസിക്കുന്നു മുലഞെട്ടുകള്‍ എന്നെ
വാരിയെടുത്തമൃതൂട്ടുവാന്‍ കൊതിച്ചു
നിന്റെ വിരലുകള്‍ കുടുക്കുകള്‍ തേടുന്നു .

ഞാന്‍ മയക്കത്തിന്റെ കാണാക്കയങ്ങളില്‍
സ്വപ്നത്തില്‍ ലയിക്കുന്നു
ഏതോ ജന്മത്തില്‍ നിന്നും
എന്റെ അധരങ്ങള്‍ പാല്‍മണം രുചിക്കുന്നു .

ഞാന്‍ ഒരു ശിശുവാകുന്നു
എന്റെ നിറുകയില്‍ പൂവിതള്‍പോല്‍.
വിരലുകള്‍ ഓടുന്നതറിയുന്നു
ഇരുള്‍ വന്നെന്നെ മൂടുന്നു
ഇപ്പോള്‍ ഞാന്‍ ഉറക്കത്തിലാണ് .
-------------------ബിജു ജി നാഥ്
 

1 comment: