Saturday, January 17, 2015

നാം മറ്റൊരു ലോകമാകുന്നു



ഒരു മേശയ്ക്കിരുപുറം വെറും മുഖങ്ങള്‍
നമ്മള്‍ പങ്കിടുന്നു മിഴികള്‍ കോര്‍ത്തൊരു
ജന്മമായിരം പറഞ്ഞുതീരാത്ത സ്നേഹ
ത്തിന്‍ വികാരങ്ങള്‍ തന്നനന്തസാഗരം .

ഒന്ന് ചേര്‍ന്ന് നമ്മള്‍ കണ്ടുതുടങ്ങിയ
സ്വപ്നങ്ങളില്‍ വര്‍ണ്ണങ്ങള്‍ ചാര്‍ത്തുന്നു
കാലമാം യാഗാശ്വം കുഞ്ചിരോമങ്ങള്‍
കൊണ്ട് ഭ്രാന്തമാം വേഗത്താല്‍ ചുറ്റിനും.

നമുക്കിടയില്‍ കാലം വഴിമാറിടുന്നു
രണ്ടിലപ്പൂവുകള്‍ പോല്‍ വിരിഞ്ഞു നാം
സൂര്യനെ നോക്കി ചിരിക്കുന്നു , പിന്നെ
കൂമ്പും മിഴികളാല്‍ നാണം മറയ്ക്കുന്നു .

വര്‍ഷ മേഘങ്ങള്‍ പെയ്തിറങ്ങുന്നു
ചുറ്റിലും നീര്‍ക്കുമിളകള്‍ പോലെ മൗനം
പൊട്ടിയടരുന്ന മധുരസംഗീതമായ്‌
നമ്മില്‍ പടര്‍ത്തുന്നു പുതുമണ്ണിന്‍ ഗന്ധം.
----------------------------ബിജു ജി നാഥ്

No comments:

Post a Comment