കനവിന്റെ കാണാക്കയങ്ങളില്‍ നീ-
യെന്റെ ചിരിയില്‍ മയങ്ങിയെന്നോ .
നിനവില്‍ നീയോര്‍ക്കാത്ത നിമിഷങ്ങളെ
നിന്റെ, കനവുകള്‍ കവര്‍ന്നെടുത്തെന്നോ ?
സഖീ നിന്റെ ചാരത്തു വന്നിരുന്നൊരു
മാത്ര മിഴികള്‍ നോക്കിയിരിക്കാന്‍
ചൊടികളില്‍ വിരിയുന്ന ഹാസസൂനങ്ങളില്‍
മധുവോന്നു നുകരാന്‍ കൊതിപ്പൂ .
ഇന്നധികവും നമ്മിലെന്നാലും .
അകലങ്ങള്‍ വിസ്മരിക്കുന്നൊരു
ഭ്രമകല്പ ലഹരിയില്‍ നാം ലയിക്കുന്നു .
പൊള്ളുന്നു നിന്‍ മാറിടങ്ങളില്‍ വീണൊരു
പൊന്‍താലി തന്‍ ബന്ധനങ്ങള്‍
ഹൃദയത്തില്‍ ഒരുനാളും ചേര്‍ത്തു വച്ചേ-
യില്ല നിന്‍ സീമന്ത കുങ്കുമ വര്‍ണ്ണം .
വിടുതല്‍ നേടാന്‍ കഴിയാതെ പിടയുന്ന
ജീവന്റെ നേര്‍ത്ത ഞരക്കം പോല്‍
അകതാരില്‍ നോവിന്റെ ശീവേലിയായി
നിന്റെ വ്രണിതജന്മം തപിക്കുന്നോ ?
കപടമാം ലോകത്തിന്‍ നിയതിയില്‍
വീണു നിന്‍ സ്വപ്‌നങ്ങള്‍ കത്തിയെരിയുന്നു .
വിഫലമാം ചിന്തയായി തീരുന്നുവോ
ഒന്ന് കുടഞ്ഞെറിഞ്ഞീടുവാന്‍ ജന്മം.
അകലങ്ങളില്‍ നാമെങ്കിലും പ്രിയേ
ഞാനറിയുന്നു നിന്നുടെ ദുഃഖം !
അറിയുന്നു ഞാന്‍ വെറും കാഴ്ചകള്‍
തന്‍ സഹചാരിയാണെന്ന സത്യം
--------------------ബിജു ജി നാഥ്
No comments:
Post a Comment