Tuesday, January 27, 2015

കെ സുരേന്ദ്രന്റെ സുജാത ഒരു ആസ്വാദനം

കെ സുരേന്ദ്രന്‍ (1922 -1997) എന്ന എഴുത്തുകാരന്റെ തൂലികയില്‍ വിടര്‍ന്ന അനവധി എഴുത്തുകളില്‍ ഒന്നാണ് "സുജാത" . 1962ല്‍ 'മായ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയും 'ഗുരു' എന്ന നോവലിന് 94ല്‍ വയലാര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്ത അദ്ദേഹം പന്ത്രണ്ടോളം നോവലുകളും , നാല് നാടകങ്ങളും , മൂന്നു ജീവ ചരിത്രങ്ങളും , മൂന്നു അവലോകനങ്ങളും തന്റെ പേരില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട് .
എന്റെ ഈ കഴിഞ്ഞ ആഴ്ചയിലെ വായനയില്‍ എനിക്ക് കിട്ടിയ നോവല്‍ ആണ് "സുജാത" . കെ സുരേന്ദ്രന്റെ രചനകളില്‍ എന്റെ ഓര്‍മ്മയില്‍ "മരണം ദുര്‍ബ്ബലം" എന്ന നോവല്‍ കയറി വരുന്നുണ്ട് എങ്കിലും അതേത് കാലത്ത് എപ്പോ വായിച്ചു എന്നോ അതിന്റെ ഉള്ളടക്കം എന്തെന്നോ അറിയില്ല . വായിച്ചു മറന്നു പോയതാകാം അതിനാല്‍ തന്നെ ഒരു മുന്‍വിധിയോടെ സുജാതയെ സമീപിക്കേണ്ടി വരികയും ഉണ്ടായില്ല .
സുജാത പേര് പോലെ തന്നെ നായികയുടെ പേരും സുജാത ആണ് അല്ലെങ്കില്‍ ഇത് സുജാതയുടെ കഥ ആണ് . കഥ അല്ല ജീവിതം .
കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍ 1964ല്‍ പുറത്തിറക്കിയ സുജാത , ആ കാലഘട്ടത്തിന്റെ ഒരു മനോഹര ചിത്രം വരച്ചു കാണിക്കുന്നുണ്ട് . ജീവിത ബന്ധങ്ങളുടെയും , രാഷ്ട്രീയത്തിന്റെയും ,സാമൂഹിക മാറ്റങ്ങളുടെയും ഒരു നിഴല്‍ പോലെ ഈ വായന നമ്മെ പഴയ കാലത്തിലേക്ക് കൊണ്ട് പോയേക്കും . സംഭാക്ഷണങ്ങള്‍ നമ്മില്‍ പഴയ കാല രചനകളുടെ ആ മാസ്മരികമായ കാച്ചി കുറുക്കല്‍ അനുഭവവേദ്യമാക്കുകയും ചെയ്യും .
തികച്ചും ഒരു പൊതു നോട്ടം നോക്കിയാല്‍ ഇത് സുജാതയും വിക്രമനും തമ്മിലുള്ള പ്രണയത്തിന്റെയും ആത്മ നൊമ്പരങ്ങളുടെയും കഥ ആണെന്ന് തോന്നുമെങ്കിലും , രണ്ടു പേരിലൂടെയും വരച്ചു കാണിക്കുന്ന ചിത്രം ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ച ആണ് . നഷ്ടമായ മാനുഷികമൂല്യങ്ങളെ നമുക്ക് ഇതില്‍ കാണാന്‍ കഴിയും . പ്രണയത്തിന്റെ നേര്‍ത്ത നൂലുകള്‍ കൊണ്ട് മനോഹരമായ സൗധങ്ങള്‍ കെട്ടിപ്പൊക്കുന്നതും അവ ഇഴ പൊട്ടി വികൃതമാകുന്നതും പിന്നെ അവ തുന്നി ചേര്‍ക്കാന്‍ ഉള്ള വിഫലമായ ഒരു ശ്രമവും ഇതില്‍ വായിക്കാന്‍ സാധിക്കും .
വിക്രമന്‍ സുജാതയെ കാണുന്നത് അമ്മയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആണ് . അവിടെ നിന്നുമാണ് സുജാതയിലും വിക്രമനിലും പ്രണയത്തിന്റെ പരാഗരേണുക്കള്‍ പടര്‍ന്നു തുടങ്ങുന്നത് . വിക്രമന്റെ അമ്മയെ തനിക്കു നഷ്‌ടമായ സ്വന്തം അമ്മയായി കണ്ടു പരിചരിക്കുന്നതു മുതല്‍ വിക്രമന്‍ അവളുടെ ജീവിതത്തില്‍ ആരോ ഒക്കെ ആയി മാറുന്നുണ്ട് . വിക്രമന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അമ്മയെ പോലെ അത്ര അധികം സുജാത വിഷമിത അല്ലെ എങ്കിലും ആവശ്യങ്ങളില്‍ എത്താന്‍ കഴിയാതെ പോകുന്ന അവസരങ്ങള്‍ കൊണ്ട് അവള്‍ അതിനെ വെറുത്തു പോകുന്നുണ്ട് .
കുട്ടിക്കാലത് തന്നെ അച്ഛനെ നഷ്ടമാകുകയും മറ്റൊരാള്‍ അച്ഛന്റെ സ്ഥാനത്ത് വരികയും ചെയ്തപ്പോള്‍ വിക്രമന്‍ കുടുംബത്തില്‍ നിന്നും അകന്നു തുടങ്ങുകയും സമൂഹത്തിലേക്കു മുഖം തിരിക്കുകയും ചെയ്തു എന്ന് കാണാം. പക്ഷെ അയാള്‍ക്ക്‌ അമ്മയെ പ്രാണനായിരുന്നു . ആ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തെ വളരെ ചെറിയ വാക്കുകളിലൂടെ സംഭവങ്ങളിലൂടെ വിവരിക്കുന്നുള്ളൂ എങ്കിലും അതില്‍ ഒരു മഹാസമുദ്രം തന്നെ ഒളിഞ്ഞിരിക്കുന്നു . രാത്രി വളരെ ഇരുട്ടി വന്ന വിക്രമന്‍ അമ്മയെ ഉണര്‍ത്തണ്ട എന്ന് കരുതി പുറത്തു കിടക്കുന്ന ഒരു സന്ദര്‍ഭം നോക്കാം . പുലര്‍ച്ചെ ഉണര്‍ന്നു വന്ന അമ്മ കാണുന്നത് തണുത്ത തറയില്‍ പുസ്തകങ്ങള്‍ തലക്കീഴില്‍ വച്ച് ഉറങ്ങുന്ന മകനെ ആണ് . തന്റെ തലയിണ എടുത്തു കൊണ്ട് വന്നു മകന്റെ തലയ്ക്ക് താങ്ങായി വച്ച് കൊടുത്തു അവര്‍ അവിടെ ഇരുന്നു . അയാള്‍ ഉണരുമ്പോഴും അവര്‍ ചിന്തകളില്‍ ആയിരുന്നു . അതിനു ശേഷം വിക്രമന്‍ വൈകി വന്നാല്‍ അമ്മയെ വിളിച്ചു ഉണര്‍ത്തി അകത്തു കയറുക പതിവായി പലപ്പോഴും അയാള്‍ക്ക്‌ വിളിക്കേണ്ടി വന്നിട്ടില്ല അതിനു മുന്നേ അവര്‍ എഴുന്നേറ്റു വന്നിരിക്കും . മകന്റെ വരവ് കാത്തു ഉറക്കം ഒഴിച്ചിരിക്കുന്ന ആ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം നമുക്ക് മനസ്സിലാക്കാന്‍ ഇത്തരം ഒന്നോ രണ്ടോ രംഗങ്ങള്‍ കൊണ്ട് തന്നെ വളരെ ആഴത്തില്‍ സാധിച്ചിരിക്കുന്നു എന്നെനിക്കു തോന്നുന്നു .
സുജാത വിക്രമനെ കാത്തിരിക്കുന്നു എങ്കിലും തന്റെ ചേച്ചി മരിച്ചതോടെ അനാഥമായ മകനെ സംരക്ഷിക്കാനായി അച്ഛന്റെ നിര്‍ബന്ധവും മറ്റും മൂലം ചേച്ചിയുടെ ഭര്‍ത്താവിന്റെ കൂടെ ജീവിക്കേണ്ടി വരുന്നു.  സുജാത പക്ഷെ തന്റെ അസ്ഥിത്വം നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല . ഓരോ സന്ദര്‍ഭങ്ങളിലും കീഴടങ്ങലില്‍ പോലും അവള്‍ ആ ഒരു അഭിമാനം കാത്തു സൂക്ഷിക്കുന്നുണ്ട് . ഒടുവില്‍ ഭര്‍ത്താവും വിക്രമനും ആയുള്ള രാഷ്ട്രീയ പകയില്‍ പോലും അവള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട് . ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കുമ്പോഴും , വിക്രമനും ആയി അകലം സൂക്ഷിച്ചു കൊണ്ട് അവള്‍ തന്റെ ജീവിതത്തെ രണ്ടു വള്ളത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല . ഒടുവില്‍ അവള്‍ വീട് വിട്ടിറങ്ങുമ്പോഴും , അവളെ തിരക്കി വന്ന വിക്രമനോട് അവള്‍ പറയുന്നതും മറ്റൊരു ബന്ധത്തിലേക്ക് പോയ്ക്കൊള്ളാന്‍ ആണ് . അയാള്‍ പരാജിതനായി നാട് വിടാന്‍ ശ്രമിക്കുമ്പോള്‍ പക്ഷെ അവള്‍ക്കു ഇഷ്ടം അയാള്‍ നാട്ടില്‍ തന്നെ  നില്‍ക്കുന്നത് ആണെങ്കിലും ഒപ്പം ജീവിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല . ഒരിക്കല്‍ അയാള്‍ നല്‍കിയ പ്രണയ ഉപഹാരമായ പേന തിരികെ നല്‍കാന്‍ അവള്‍ സന്നദ്ധയായതും അതിനാല്‍ ആണ് . പക്ഷെ ഒടുവില്‍ ഒരു പ്രതീക്ഷ ഇരുവരിലും ഇട്ടു കൊണ്ട് നോവല്‍ അവസാനിക്കുമ്പോള്‍ വായനക്കാര്‍ പക്ഷെ രണ്ടു തട്ടില്‍ നിന്നേക്കാം എന്ന് ഉറപ്പു . അവള്‍ക്കൊപ്പം യാത്ര ചെയ്തവര്‍ക്ക് അവള്‍ വീണ്ടും വിക്രമനോട് ചേര്‍ന്ന് കൊണ്ട് പ്രണയത്തെ പൂവണിയിച്ചു ശുഭപര്യവസാനിയാക്കാന്‍ ആണോ അതോ രണ്ടു പേരും ഒറ്റയ്ക്കൊറ്റയ്ക്ക് തന്നെ ജീവിച്ചു ജീവിതം അവസാനിപ്പിക്കാനാണോ ഇഷ്ടം എന്ന് ചിന്തിക്കാന്‍ വിടുന്നു കഥാകാരന്‍ ഇവിടെ .
ഇതിനിടയില്‍ പ്രധാനമായി നിന്ന രാഷ്ട്രീയം ഞാന്‍ പറയാതെ പോകുന്നത് ജനന കാലത്തെ കോണ്ഗ്രസ് ,സോഷ്യലിസ്റ്റ് , കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പരാധീനതകളും , ചിന്തകളും ,ആശയക്കുഴപ്പങ്ങളും എല്ലാം ഇതില്‍ നന്നായി പറയുന്നുണ്ട് എങ്കിലും അത് രാഷ്ട്രീയ ചിന്തകള്‍ക്ക് മാത്രം പാത്രീഭവിക്കുന്നത് ആയതു കൊണ്ടാകാം എന്നെ സ്പര്‍ശിക്കാതെ കടന്നു പോയത് .
നല്ലൊരു വായന നിങ്ങള്‍ക്ക് നല്‍കും ഈ നോവല്‍ എന്ന് ആശിക്കുന്നു . ..................................................................................ബിജു ജി നാഥ് 

1 comment:

  1. "സുജാത" വായിച്ചിട്ടുണ്ട്.
    ആസ്വാദനം നന്നായി
    ആശംസകള്‍

    ReplyDelete