Tuesday, January 20, 2015

പക്ഷിയുടെ മണം......മാധവി കുട്ടി


എന്റെ വായന എനിക്കേറ്റവും ഇഷ്ടപ്പെട്ട ആമിയുടെ "പക്ഷിയുടെ മണം " എന്ന ചെറുകഥ സമാഹാരം ആയിരുന്നു ആഹരിച്ചത് .
കറന്റു ബുക്സ് അറുപത്തി നാലില്‍ ആദ്യ പ്രതി പുറത്തിറക്കിയ ഈ ഒന്‍പതു കഥകളുടെ സമാഹാരം .

മാധവിക്കുട്ടി ഒരു ആമുഖം തരേണ്ട എഴുത്തുകാരി ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . കാരണം മലയാളികള്‍ പ്രത്യേകിച്ചു സാഹിത്യ സ്നേഹികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സ്വകാര്യ രഹസ്യം ആണ് മാധവിക്കുട്ടി . പ്രണയത്തിന്റെ പാനപാത്രം കുടിച്ചു മതി വരാതെ മൃതി കൊത്തിയെടുത്തു പറന്നു പോയ കമലാസുരയ്യ . ഒരു വേദനയോടെ മാത്രമേ ആ വേര്‍പാട് ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ എനിക്ക് . മാധവിക്കുട്ടിയെ വായിക്കുക ഇപ്പോഴും സന്തോഷം തരുന്ന ഒരു വസ്തുതയാണ് എനിക്ക് . ഒരിക്കല്‍ പോലും നേരില്‍ കാണാതെ പോയ ആ അനുഗ്രഹീത എഴുത്ത് കാരിയെ ഞാന്‍ പ്രണയിക്കുന്നു . ഒരു പക്ഷെ മാധവിക്കുട്ടി ഇന്ന് ജീവനോടെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ നേരില്‍ പോയി കാണുകയും ആ വിരലുകളില്‍ ചുംബിക്കുകയും ചെയ്യുമായിരുന്നു .

പക്ഷിയുടെ മണം എന്ന ഈ കഥാ സാമാഹാരത്തില്‍ ഒന്‍പതു കഥകള്‍ ആണെന്ന് പറഞ്ഞല്ലോ . അവയില്‍ ഒന്‍പതും ഒന്നിനൊന്നു വേറിട്ട തലങ്ങളില്‍ ആണ് പറയുന്നത് എങ്കിലും ഓരോ കഥയിലും എനിക്ക് മാധവിക്കുട്ടിയുടെ സാമീപ്യമറിയാന്‍ കഴിയുന്നുണ്ടായിരുന്നു . രസാവഹമായ കാര്യം ഇവയില്‍ പല കഥകളിലും നായികാ നായകന്മാര്‍ വിവാഹിതരും മധ്യ വയസ്കരും ആയിരുന്നു എന്നതാണ് . ആ പ്രായത്തിന്റെ സൗന്ദര്യ , പ്രണയ , ചര്യകളും വിചാരങ്ങളും , പ്രവര്‍ത്തനങ്ങളും ഒക്കെ വളരെ നന്നായി അവതരിപ്പിചിരിക്കുന്നുണ്ട് കഥകളില്‍ ഉടനീളം .

സ്വതന്ത്ര ജീവികള്‍ എന്ന ആദ്യ കഥയില്‍ തന്നേക്കാള്‍ പ്രായം കൂടിയ അയാളെ എയര്‍ പോര്‍ട്ടില്‍ നിന്നും സ്വീകരിച്ചു കൊണ്ട് വന്നു തിരികെ കൊണ്ടാക്കുന്നത്തിനു ഇടയ്ക്കുള്ള നാലഞ്ചു മണിക്കൂറുകള്‍ ആണ് വിവരിക്കുന്നത് . ഹോട്ടലില്‍ അച്ഛനും മകളും ആയി മുറി എടുക്കുമ്പോഴും മുറിയില്‍ ഭക്ഷണ മേശയിലെ സംഭാക്ഷണങ്ങളിലും ഒക്കെ പ്രണയത്തിന്റെ ഒരു ഭാവവും നമുക്ക് അയാളില്‍ തിരഞ്ഞു കണ്ടെത്താന്‍ കഴിയില്ല എങ്കിലും അവള്‍ ഇപ്പോഴും തന്റെ നിസ്സഹായതയെ ഓര്‍ത്ത്‌ വ്യസനിക്കുക ആണ് നാം കാണുന്നത് . നീ മെലിഞ്ഞു പോയി എന്നതിന് അവള്‍ മനസ്സുകൊണ്ട് നല്‍കുന്ന ഉത്തരം ഒരു മാസത്തിലേറെയായി അയാളെ ഓര്‍ത്ത്‌ കരഞ്ഞ ചിന്ത ആണ് .പക്ഷെ കാപ്പി വേണ്ട എന്ന് പറയുമ്പോള്‍ അത് വേസ്റ്റ് ആകുമെന്ന് പറയുന്ന അയാളുടെ ചിന്തയോട് അവള്‍ പ്രതികരിക്കുന്നത് അരസികതയല്ല പകരം തന്നെ മനസ്സിലാക്കാതെ പോയ ആ മനസ്സിനെ ആണ് . ഒടുവില്‍ തിരികെ മുറിയില്‍ എത്തുമ്പോള്‍ അവള്‍ക്കു ഒന്ന് പൊട്ടിക്കരയണം എന്നുണ്ട് പക്ഷെ വെച്ച് കെട്ടിന്റെ പ്രൌഡി മൂലം രണ്ടു ഉറക്ക ഗുളികയില്‍ നിദ്ര പോകുകയാണ് അവള്‍ ചെയ്യുന്നത് .

ഇതേ ഉറക്കം തന്നെ ആണ് അരുണാചലത്തിന്റെ കഥയിലും സംഭവിക്കുന്നത്‌ ഒന്ന് താല്‍ക്കാലികം ആണെങ്കില്‍ ഇവിടെ നിതാന്തം എന്ന് മാത്രം . കര്‍ക്കശക്കാരനും പ്രായം നല്‍കിയ ഗൌരവവും മറ്റു ചപല വികാരങ്ങളെ തടഞ്ഞു നിര്‍ത്തുമ്പോള്‍ ചെറുപ്പക്കാരിയായ ടൈപ്പിസ്റ്റിന്റെ പ്രണയം കാണാതെ പോകുന്ന , അതിനെ അവഗണിക്കുന്ന അരുണാചലം അവളില്‍ നിന്നും അകലം ഇപ്പോഴും സൂക്ഷിക്കുന്നു കണ്ടു മുട്ടുമ്പോള്‍ മുതല്‍ എന്നത് അയാളിലെ നിസ്സഹായത ആണ് കാണിക്കുന്നത് . ഒടുവില്‍ മരണത്തിലേക്ക് നടന്നു പോകുന്ന അവസാന ചിന്തയില്‍ അയാള്‍ സ്വയം അതെ പെണ്‍കുട്ടിയെ ആണ് ഓര്‍മ്മിക്കുന്നത് എന്നത് അയാളുടെ ശരിയായ മനസ്സിനെ കാണിച്ചു തരുന്നുണ്ട് . എല്ലാ മനുഷ്യരിലും ഉള്ള കപടത അല്ലെങ്കില്‍ ഒളിച്ചു വയ്ക്കപ്പെടല്‍ ഇവിടെ വളരെ വ്യെക്തമയി പറയുന്നു .

ഇടനാഴിയിലെ കണ്ണാടികള്‍ പല കോണുകളില്‍ നിന്നും നടന്നടുത്തു പിരിഞ്ഞു പോകുന്ന ചിലരില്‍ പതിയുന്നു . സൌമ്യമൂര്‍ത്തിയും പ്രേമചന്ദ്രനും അയാളുടെ ഭാര്യയും ഒക്കെ പല ഭാഗങ്ങളില്‍ നിന്നും വന്നു ഒരു കേന്ദ്രത്തില്‍ ഒന്നിക്കും പോലെ ആണ് . വായനശാലയില്‍ വച്ച് പ്രേമചന്ദ്രന്റെ ഭാര്യയെ കാണും മുന്നേ തന്നെ മിന്നായം പോലെ അവളെ ഓഫീസില്‍ കണ്ടിരുന്നു . എന്നാല്‍ മഴ നനഞ്ഞു വന്ന അവളെ വായനശാലയുടെ ഏകാന്തതയില്‍ ഒരേ മേശയ്ക്കിരുപുറം കാണുമ്പോള്‍ അയാളില്‍ ഒരു തരം ഭയം ആണ് ഉണ്ടാകുന്നത് . അല്പം കൂടെ ഇരിക്കുമോ ഞാന്‍ ഒറ്റയ്ക്കായിപ്പോവും എന്ന അവളുടെ പരിദേവനം കേള്‍ക്കുമ്പോള്‍ അയാള്‍ അത് കൊണ്ട് ആണ് ഭയചകിതനായി ഓടി അകലുന്നത് . പക്ഷെ പകലുകള്‍ നല്‍കുന്ന ഭയം രാവു നല്‍കുന്നില്ല എന്നതിനാല്‍ ആണ് പാര്‍ട്ടിയില്‍ അവളുമൊത്ത്‌ ഒറ്റയ്ക്ക് നദീകരയില്‍ ഇരിക്കാന്‍ അയാള്‍ തയ്യാറാകുന്നതും . അവര്‍ തമ്മില്‍ ഉള്ള അടുപ്പത്തെ വരച്ചു കാണിക്കുന്നത് പക്ഷെ മറ്റൊരു തലത്തില്‍ ആണ് . അയാള്‍ അവളെ കുടഞ്ഞെറിയാന്‍ ആണ് ശ്രമിക്കുന്നത് അതിനു വേണ്ടി ആണ് പ്രേമചന്ദ്രനെ മദിരാശിയിലേക്ക് സ്ഥലം മാറ്റുന്നത് പക്ഷെ അവള്‍ ആ മാറ്റം ദൂരം മറികടക്കുന്നത് മരണത്തിലേക്ക് നടന്നു പോയും ആണ് . ഇവിടെ എല്ലാം വായിക്കാന്‍ കഴിയുന്നത്‌ സഫലം ആകാന്‍ കഴിയാതെ പോകുന്ന ദുഃഖങ്ങള്‍ മാത്രം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ട ആത്മാക്കളെ ആണ് .

ചതി മറ്റൊരു വായന നല്‍കുന്നു . തിരക്കേറിയ ഒരു ഭിഷഗ്വര ആയ നായികയ്ക്ക് തന്റെ ഭര്‍ത്താവിന് തന്നോടുള്ള സ്നേഹത്തിലും കരുതലിലും ഉള്ള ഗര് വ്വിനെ ഒറ്റ രാത്രി കൊണ്ട് അതും തന്റെ അന്‍പതാം ജന്മദിനത്തില്‍ തന്നെ തകര്‍ത്ത് കളയുന്നതും തന്റെ താലി തെരുപ്പിടിച്ചു കൊണ്ട് വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടിയെ നോക്കി നെടുവീര്‍പ്പിടുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു പക്ഷെ ചതിയുടെ ആഘാതം ആ മനസ്സിനെ എത്ര ഉലയ്ക്കുന്നു എന്നത് രണ്ടു ദിവസത്തെ നഷ്‌ടമായ ഉറക്കം തിരികെ പിടിക്കാനും ഒരു സര്‍പ്രൈസ് നല്‍കാനും കൊതിച്ചു വരികയും അന്യയായൊരു സ്ത്രീയുടെ കാലുകള്‍ കിടക്കയില്‍ ദര്‍ശിച്ചു തിരകെ പടി ഇറങ്ങി പോവുകയും ചെയ്യുന്ന ആ ഡോക്ടറിലൂടെ വരച്ചു കാണിക്കുമ്പോള്‍ അറിയാതെ മനസ്സ് തേങ്ങി പോകും .

വരലക്ഷ്മീ പൂജയില്‍ സമര്‍പ്പണം, സ്നേഹം , പങ്കു വയ്ക്കല്‍ എന്നിവ എത്ര കണ്ടു മാറുന്നു എന്ന് കാണാം . ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്ക് അപ്പുറം മറ്റൊന്നും ആഗ്രഹിക്കാത്ത ഭാര്യ തന്റെ ശരീരത്തെ കുറിച്ചും പ്രായത്തെ കുറിച്ചും ബോധവതി ആണെന്നതിനാല്‍ തന്നെ ഭര്‍ത്താവിനു ഇഷ്ടപ്പെട്ട സ്ത്രീയോട് അയാളെ വേദനിപ്പിക്കരുത് എന്ന് പറഞ്ഞു വഴി മാറി നില്ക്കാന്‍ ശ്രമിക്കുന്ന കാഴ്ച വളരെ വേറിട്ട ഒരു ചിന്ത ആയി തോന്നുന്നു . അവിടെ അവരുടെ മകന്‍ ആ സ്ത്രീയോട് തോന്നുന്ന അടുപ്പവും ഭര്‍ത്താവിന്റെ അടുപ്പവും ആ സ്ത്രീയില്‍ ഉണ്ടാക്കുന്ന മാനസിക വികാരം ആണ് അവര്‍ തിരികെ പോവുമ്പോള്‍ ചിന്തിക്കുന്ന വാക്കുകളില്‍ മറനീക്കുന്നത് "ഒരു വിലക്ക് ,ഒരു നാളികേരം ... ഇവ മാത്രമായിരിക്കുമോ എനിക്ക് നഷ്ടപ്പെടുന്നത് ? എന്തൊക്കെ നഷ്ടപ്പെടുവാന്‍ പോകുന്നു, ഈ ജീവിതത്തില്‍ ! അതെ അതില്‍ വായനക്കാരുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ട് .

പുസ്തകത്തിന്റെ തലക്കെട്ട്‌ ആയ പക്ഷിയുടെ മണം വളരെ നല്ലൊരു കഥ തന്നെ ആണ് . മരണത്തിന്റെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന മഞ്ഞ പൂക്കള്‍ , അവയിലൂടെ പതിനൊന്നു വയസ്സ് മുതല്‍ അവളെ വിടാതെ പിന്തുടര്‍ന്ന ആ നിഴല്‍ വരിഞ്ഞു മുറുക്കുന്നതും അവര്‍ തമ്മില്‍ സംവദിക്കുന്നതും കാണാം . ജീവിച്ചു കൊതി തീര്‍ന്നില്ല എന്ന അവളുടെ വാക്കുകള്‍ ആണ് തൊഴിലിന്റെ അന്വേഷണവും ഓടി മാറാനും , കതകു തുറന്നു സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനും രക്ഷപ്പെടാനും ഉള്ള ത്വര കാണിക്കുന്നത് . അവിടെ അവള്‍ പരാജയപ്പെട്ടു തളര്‍ന്നു ഇരുന്നു പോവുകയാണ് എങ്കിലും അനിവാര്യമായ വിധിയിലേക്ക് അവള്‍ ഓടി കയറുന്നത് മരണത്തിന്റെ നനുത്ത തൂവല്‍ മണത്തിലേക്ക് തന്നെ ആണ് . നല്ലൊരു തണുപ്പ് അനുഭവപ്പെട്ടു മരണത്തിന്റെ കുളിര്‍ തോന്നിച്ചു ആ വായന ..

കല്യാണിയില്‍ കൂടി നഷ്ടമാകുന്ന ,ഒഴിവാക്കാന്‍ ശ്രമിക്കുന്ന കാമനകളെ കാണിക്കുന്നുണ്ട് . നിയമത്തിന്റെ പാലകര്‍ എന്ന പ്രതിരൂപങ്ങളിലൂടെ യഥാര്‍ത്ഥ ജീവിതവും അതിന്റെ കുരുക്കുകളും അഴിക്കാന്‍ കഴിയാതെ വിഹ്വലയാകുന്ന അവള്‍ തന്റെ കെട്ടുപാടുകള്‍ ആകുന്ന വസ്ത്രങ്ങള്‍ അഴിക്കപ്പെട്ടു വെറും ഇരുട്ടില്‍ അകപ്പെടുന്നതും പിന്നെ തന്റെ തന്നെ കാമനകളെ തിരസ്കാരങ്ങളെ മുന്നില്‍ കണ്ടു ബോധം നശിച്ചു വീഴുകയും ചെയ്യുന്ന കാഴ്ച കാണിച്ചു തരുന്നു . യാതാര്‍ത്ഥ്യങ്ങള്‍ എത്ര ഭീകരം ആണ് എന്ന് തോന്നിപ്പിക്കുന്ന അല്ലെങ്കില്‍ സ്ഥാപിക്കപ്പെടുന്ന ഈ അവസ്ഥയില്‍ സ്ത്രീ എന്നും ഈ ദുര്‍ബ്ബലത അവളില്‍ ഒരു ശാപമായി പിന്തുടരുന്നതിനെ നിഷ്ക്രിയമായി നോക്കി നില്‍ക്കുന്ന പ്രതീതി ജനിപ്പിച്ചു .

ഭര്‍ത്താവിന്റെ മരണവും പത്തു വയസ്സുകാരന്‍ ആയ ഉണ്ണിയായി അദ്ദേഹത്തിന്റെ പ്രണയ അഭ്യര്‍ത്ഥനയും ഒരുപോലെ വേട്ടയാടുന്ന ഒരു കഥയാണ് ഉണ്ണി . ഒരിടത്ത് അവള്‍ എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ ആകാതെ ഉള്ളിലേക്ക് കയറി പറ്റുന്ന ആ കുട്ടിയില്‍ തന്റെ ബാല്യത്തെയും ഭര്‍ത്താവിനെയും ഓര്‍മ്മിക്കുമ്പോഴും അദ്ദേഹം വരുന്നു എന്ന ചിന്ത അവനെ ആട്ടിപ്പായിക്കാന്‍ അല്ല പകരം മൃദുവായ ഒരു സമീപനത്തിലൂടെ നാളെ വരാന്‍ പറഞ്ഞു ഒഴിവാക്കാന്‍ ആണ് ശ്രമിക്കുന്നത് . പക്ഷെ ദൂതന്‍ കൊണ്ട് വരുന്ന മരണവാര്‍ത്തയില്‍ സമനില തെറ്റി അവനെ ചവിട്ടി പുരത്താക്കുന്ന കുറച്ചു നിമിഷങ്ങള്‍ക്ക് മാത്രമേ അവനിലെ അപരിചിതത്വം നിലനില്‍ക്കുന്നുള്ളൂ . അടുത്ത നിമിഷത്തില്‍ ജാലകത്തിലൂടെ ആ പഴയ പത്തു വയസ്സുകാരനെ തേടുന്നതിലൂടെ അവള്‍ തന്നെ കാണാന്‍ വന്ന ഭര്‍ത്താവിന്റെ ആത്മാവിനെ ആണ് ദര്‍ശിക്കുന്നത് അല്ലെങ്കില്‍ തിരിച്ചൊരു പോക്കാണ് ആ ഉണ്ണിയില്‍ കൂടി തിരയുന്നത് എന്ന് കാണാം .

അവസാനമായി വക്കീലമ്മാവനില്‍ എത്തുമ്പോള്‍ അതൊരു വിശാലമായ ക്യാന് വാസ് ആകുന്നതു കാണാം . കുറച്ചു പേര്‍ ഒന്നിച്ചു കൂടുന്ന ഒരു മൈതാനം പോലെ . അവിടെ പല നിറങ്ങളില്‍ രൂപങ്ങളില്‍ ജീവിതങ്ങളെ വരച്ചു ചേര്‍ക്കുന്നു . കൗമാരക്കാരിലെ ചാപല്യതയും യൌവ്വനത്തിന്റെ അറിയാനുള്ള യാത്രയും മധ്യവയസ്സിന്റെ നിസ്സഹായതയും ഒക്കെ നല്ല രീതിയില്‍ കാണാം ഇതില്‍ . എന്‍ജിനീയര്‍ ഒപ്പം ആല്‍മരം കാണാന്‍ പോകുന്നവളില്‍ നിന്നും തിരികെ വരുന്ന കാഴ്ച പുഴയ്ക്കക്കരെ കാത്തു നില്ക്കാന്‍ പറഞ്ഞു കടന്നു പോകുന്ന കൌമാരം ആണ് അവിടെ നിന്നും ഫ്രൈം വന്നു വീഴുന്നത് വക്കീലമ്മാവന്‍ ആഹരിക്കുവാന്‍ വേണ്ടി ബാല്യത്തെ എടുത്തു മടിയില്‍ ഇരുത്തുന്നിടത്താണ് .

ജീവിതത്തിനെ എല്ലാ ഘട്ടങ്ങളെയും , വിഷയങ്ങളെയും തൊട്ടു തലോടി കടന്നു പോകുന്ന ഈ ഒന്‍പതു കഥകള്‍ ഒരു നല്ല വായനാനുഭവം നല്‍കി എന്ന് പറയാതെ വയ്യ . മാധവിക്കുട്ടി നല്‍കിയ ശൂന്യത ഇനിയൊരിക്കലും തിരികെ കിട്ടാത്ത ആ പ്രണയ ദാഹത്തിന്റെ വിരല്‍ത്തുമ്പുകള്‍ ഒക്കെയും ഒരിക്കല്‍ കൂടി ഓര്‍മ്മയില്‍ നല്‍കി ഈ പുസ്തകം .

1 comment: