Saturday, January 10, 2015

പ്രളയം കഴിയുമ്പോള്‍


ഒരേകാന്ത നക്ഷത്രം
നിന്റെ മിഴികളില്‍ പൊലിഞ്ഞണയുമ്പോള്‍
കാലങ്ങള്‍ക്ക് അപ്പുറം നിന്നാകാം
പ്രണയം പൂനിലാമഴ പൊഴിക്കുന്നുവല്ലോ.

ഇരുട്ട് വന്നു തുടങ്ങുന്നു.
എണ്ണമെഴുക്കാര്‍ന്ന നിന്‍ കപോലങ്ങളില്‍
അധരമുദ്ര പതിപ്പിച്ചു ഞാന്‍
തോരാ മഴയുടെ കുട ചൂടിയകലുന്നു .

മഴനൂലുകള്‍ ചാലിട്ടൊഴുകും
കവിള്‍ത്തടങ്ങളില്‍ ഉപ്പുരസമറിയാതെ പോകുന്നു
ഇരുട്ടുമ്മ വയ്ക്കും കാറ്റിന്‍
നനുത്ത ചുണ്ടിണകളെന്നറിയുന്നു ഞാന്‍ .

പിന്നില്‍ ചെവിയോര്‍ക്കുന്നു
ഒരു ചെറു ശബ്ദത്താലെങ്കിലും എന്റെ
പാദങ്ങള്‍ നിലയ്ക്കുവാനൊരു ദീര്‍ഘ
നിശ്വാസത്തില്‍ നിന്റെ മാറുയരുന്നതറിയാന്‍ .

പ്രളയമവസാനിക്കുമ്പോള്‍
ഒഴുകിയകലുന്ന തമസ്സില്‍ നിന്നും
നനഞ്ഞൊരു മയില്‍പ്പീലി മണ്ണു
നിനക്കായ് നല്‍കുന്നു ഞാനാമുപഹാരമായി .
-----------------------------ബിജു ജി നാഥ്

1 comment: