Saturday, January 3, 2015

ആദിത്യനും രാധയും മറ്റു ചിലരും ... എം മുകുന്ദന്‍ ..... ഒരു അവലോകനം

                   വായനയ്ക്ക് ഇത്തവണ ഞാന്‍ തിരഞ്ഞെടുത്തത് എം മുകുന്ദന്റെ "ആദിത്യനും രാധയും മറ്റു ചിലരും " എന്ന നോവല്‍ ആയിരുന്നു . മുകുന്ദന്റെ വായന എന്നത് വളരെ മനോഹരവും , യാതാര്‍ത്ഥ്യങ്ങളുടെ ലോകത്ത് വിടരുന്നതും ആയ കഥകള്‍ ആണ് . മയ്യഴിയില്‍ ജനിച്ച ഈ എഴുത്തുകാരന്‍  കേരള സാഹിത്യ അക്കാദമി അവാര്‍ഡടക്കം ഒട്ടനവധി പുരസ്കാരങ്ങള്‍ കൊണ്ട് അനുഗ്രഹീതന്‍ ആണ് . "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" , "ദൈവത്തിന്റെ വികൃതികള്‍'" , "കേശവന്‍റെ വികൃതികള്‍" തുടങ്ങി ഒരുപാട് കൃതികള്‍ നമുക്ക് സമ്മാനിച്ച മുകുന്ദന്റെ "ദല്‍ഹി " യെ തുടര്‍ന്നാണ്‌ ഞാന്‍ ഈ നോവല്‍ വായിക്കാന്‍ ഇരുന്നത് . തുടരെ ഒരേ ആളിനെ തന്നെ വായിക്കുന്നതിന്റെ സുഖം ആ എഴുത്തുകാരനെ അറിയാന്‍ സഹായിക്കുമോ എന്ന് കൂടി ഉള്ള ഒരു എത്തി നോട്ടം ആയിരുന്നു . എന്റെ വായനയില്‍ ഞാന്‍ കണ്ട മുകുന്ദന്‍ ദല്‍ഹിയില്‍ നിന്നും വളരെ വ്യത്യസ്ഥന്‍ ആയി "ആദിത്യനും രാധയും മറ്റു ചിലരിലും" തിളങ്ങി നില്‍ക്കുന്നു എന്നതാണ് .

                      ഈ കഥ ആദിത്യന്റെയും രാധയുടെയും പിന്നെ അതെ മറ്റു ചിലരുടെതും ആണ് . അക്ഷരാര്‍ത്ഥത്തില്‍ ആദിത്യന്‍ എന്നെ പിടിച്ചു നടന്നത് എവിടെയൊക്കെയോ ആയിരുന്നു . സ്ഥലകാല ബോധം നഷ്ടപ്പെട്ടവനെ പോലെ ഞാന്‍ നാനൂറു വര്‍ഷങ്ങള്‍ക്കു പിന്നിലേക്കും ഇന്നിലെക്കും അമ്പതു വര്‍ഷം മുന്നിലേക്കും ഒക്കെ ഒരു സര്‍ക്കസ് കാരനെ പോലെ ചാടി മറിയുകയായിരുന്നു . ശരിക്കും ഞാന്‍ എവിടെയാണ് എന്നത് എന്നെ അലട്ടിയ ഒരു വിഷയം ആണ് ഈ വായനയില്‍ . ആദിത്യന്‍ ഒരു സ്വപ്ന ജീവി ആയിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് ഞാന്‍ പറയും . സംഗീതമായിരുന്നു ആ മനസ്സിലെ ഏക ഇഷ്ടം എന്ന് ഞാന്‍ മനസ്സിലാക്കുന്നു അതിനെ അടിവരയിട്ടുകൊണ്ട് നോവലിന്റെ അവസാനം ഒരു പഴയ സിത്താറും വാങ്ങി തെരുവിലേക്ക് ഇറങ്ങുന്ന ആദിത്യനെ ആണ് എഴുത്തുകാരന്‍ മുന്നില്‍ എറിഞ്ഞു തരുന്നത് യാത്ര പറയാതെ .

                    ആദിത്യന്‍ ഒരു പച്ച മനുഷ്യന്‍ ആയിരുന്നു . അമ്മയ്ക്ക് വേണ്ടി ,അയാള്‍ അമ്മയുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരു മനുഷ്യന്‍ . അത് നമ്മെ ബോധ്യപ്പെടുത്തുന്ന ഒട്ടനവധി നിമിഷങ്ങള്‍ നോവലില്‍ കാണാം . അമ്മയ്ക്ക് വേണ്ടി പഠിക്കാന്‍ പോകുന്നതും , അമ്മയ്ക്ക് വേണ്ടി വിവാഹം കഴിക്കുന്നതും (അതില്‍ ഒരു തമാശ ഉള്ളത് പഠനം അമ്മയ്ക്ക് വേണ്ടി ആയിരുന്നെങ്കിലും അത് ഒരു ഭാരിച്ച പണി ആയിരുന്നു ആദിത്യന് പക്ഷെ വിവാഹം എളുപ്പം പിടിച്ച ഒരു പണി ആയിരുന്നു എന്നയാള്‍ ഓര്‍മ്മിക്കുന്നുണ്ട് .) ഒടുവില്‍ മരിച്ചു കിടക്കുന്ന അമ്മയുടെ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ കാല്‍ക്കല്‍ തന്റെ ബിരുദങ്ങളും മറ്റും നിക്ഷേപിക്കുന്നതും അമ്മയ്ക്കൊപ്പം അവയെ എരിയാന്‍ വിടുന്നതും ഒക്കെ . ഓരോ മനുഷ്യനിലും ഒരു ലക്ഷ്യവും ആശയും അഭിലാഷങ്ങളും ഉണ്ടാകും എന്നാല്‍ അവയെ മറ്റുള്ളവര്‍ നിയന്ത്രിക്കുകയും അടച്ചു വയ്ക്കാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യുക എന്നൊരു കാഴ്ച വളരെ ദുഖകരം ആണ് എന്നത് ആദിത്യന്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട് .
                 രാധ ഇപ്പോഴും ഒരു നിഴലിനുള്ളില്‍ ആണ് നിലനില്‍ക്കുന്നത് എന്ന് തോന്നും . ആദിത്യന്റെ നിഴല്‍ . അയാള്‍ക്ക്‌ വേണ്ടി മാത്രം ജീവിച്ച ഒരു പെണ്ണായിരുന്നു രാധ . മാസാമാസങ്ങളില്‍ രണ്ടു മൂന്നു ദിനങ്ങളില്‍ തന്റെ അടിവയറ്റില്‍ ഉരുണ്ടു കൂടുന്ന വേദനയുടെ നാളുകളില്‍ ഒരു പുരുഷന്റെ തോളില്‍ തല ചായ്ച്ചു വയ്ക്കാന്‍ , അത് പക്ഷെ ആദിത്യന്‍ തന്നെ ആകണം എന്നതും അവളുടെ ഒരു സന്തോഷമായിരുന്നു . ആദിത്യന്‍ എന്ന പുരുഷന്‍ തന്റെ ജീവിതത്തിലെ എത്ര പ്രധാനിയാണ്‌ എന്ന് കാണിക്കുന്നുണ്ട് ഈ ഒരു അവസ്ഥയിലൂടെ . ആദിത്യന്‍ അകലെയായ അവസ്ഥയില്‍ ഈ ദിനങ്ങളില്‍ ആദിത്യന്റെ ചുമല്‍ കൊതിച്ചു കരയുന്ന രാധയും , ആദിത്യന്‍ ഇല്ലാതെ അഗ്നിവേശിന്റെ തോളില്‍ അത്തരം ഒരു ദിവസം ബസ്സിലെ യാത്രയ്ക്കിടയില്‍ തോളില്‍ തല വച്ച് നില്‍ക്കാന്‍ ശ്രമിച്ചതും അയാള്‍ അത് തട്ടി നീക്കിയതും രാധയിലെ പെണ്ണിന് ആദിത്യന്‍ നല്‍കിയ വിശ്വാസവും പരിരക്ഷയും കാണിക്കുന്നു . പക്ഷെ ഇത് രാധയില്‍ മാത്രമായിരുന്നു ആ തോന്നല്‍ എന്നത് ആദിത്യന്‍ സുധയെ വിവാഹം കഴിക്കുന്നതിലൂടെ കാണാം . എന്നാല്‍ അവസാനം ഒരു ആത്മഹത്യയില്‍ ജീവിതത്തിന്റെ മദ്ധ്യത്തില്‍ അവള്‍ എറിഞ്ഞു കളയുന്നത് വരെ ആദിത്യനു മാത്രമായിരുന്നു അവളുടെ ശരീരം അവള്‍ പങ്കു വച്ചിരുന്നത് എന്ന് കാണാം . ആദിത്യന്‍ വിവാഹിതന്‍ ആയതിനു ശേഷവും അയാള്‍ക്കൊപ്പം അവള്‍ കിടക്ക പങ്കിട്ടിരുന്നു എങ്കിലും ആദിത്യന്‍ അവയെ എല്ലായ്പ്പോഴും കണ്ടിരുന്നത്‌ കപടതയും നാട്യവും ആയിട്ടായിരുന്നു .

               ആദിത്യന്റെ വിവാഹ ജീവിതം പക്ഷെ ഒരു പരാജയമായിരുന്നു എന്ന് കാണാം . സുധയും ഒത്തുള്ള തന്റെ ജീവിതത്തില്‍ ഒരു കുട്ടിയുണ്ടാകുക എന്ന അവളുടെ മോഹം പോലും ഒരിക്കലും പൂത്തിരുന്നില്ലല്ലോ .ആദിത്യന്‍ പില്‍ക്കാലത്ത് മദ്യത്തില്‍ അഭയം തേടിയപ്പോള്‍ സുധ കരുതുന്ന ഒരു ചിന്ത അവര്‍ തമ്മിലുള്ള അടുപ്പത്തെ കാണിക്കുന്നുണ്ട് . അമ്മയോട് പറയണം ആദിത്യന്റെ കുടി നിര്‍ത്തുവാന്‍ , അമ്മ പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും എന്നവള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു എന്ന ചിന്ത അവര്‍ തമ്മിലുള്ള അകലത്തെ നന്നായി വരച്ചു കാണിക്കുന്നു . മാത്രവുമല്ല ആദിത്യന്റെ ചിന്തകളില്‍ വിടരുന്ന ഈ വസ്തുത " വിവാഹിതയായ ഓരോ പുരുഷന്റെയും മനസ്സില്‍ മറ്റൊരു സ്ത്രീ ഉണ്ടെന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്. അതുപോലെ വിവാഹിതരായ ഓരോ സ്ത്രീയുടെ മനസ്സിലും ഒരു പുരുഷനുണ്ട് . നാം ഈ രണ്ടു വസ്തുതകള്‍ അംഗീകരിച്ചാല്‍ എല്ലാ സ്ത്രീകളും പുരുഷന്മാരും അവരുടെ ജീവിതം അവരവരുടെ മാതിരികളില്‍ ജീവിച്ചു സംതൃപ്തരായി മരിച്ചു കൊള്ളും " ചൂണ്ടിക്കാണിക്കുന്നത് ആദിത്യന്റെ യഥാര്‍ത്ഥ ആവസ്ഥയും ആണ് . ഒരു പക്ഷെ ഇതൊരു കോമണ്‍ ഘടകം ആകാം മനുഷ്യ ജീവിതത്തില്‍ എന്നത് കൊണ്ട് ആദിത്യന്‍ നമ്മില്‍ ആരോ ഒരാള്‍ ആണെന്ന് തോന്നല്‍ ശക്തമാകുന്നുണ്ട് പലപ്പോഴും .
               രാധയോടുള്ള ആദിത്യന്റെ സ്നേഹം ഒടുവില്‍ വെളിപ്പെടുന്നത് രാധ പ്രവര്‍ത്തിച്ചിരുന്നതും ആദിത്യനാഗ്രഹിച്ചിരുന്നതുമായ ചേരികളില്‍ അവസാനം തിരികെ എത്തി ഭൂമി സംരക്ഷിക്കാനായി ജീവിതം ഉഴിച്ചു വച്ച ആ പെണ്‍കുട്ടിക്ക് രാധയുടെ ആദിത്യന്‍ ആണ് ഞാന്‍ എന്ന് പറഞ്ഞു കൊണ്ട്  തനിക്കുള്ളതെല്ലാം സമര്‍പ്പിച്ചു പടിയിറങ്ങുമ്പോള്‍ മാത്രമാണ് .
                മറ്റു ചിലരായി , അഗ്നിവേശും , ബ്രുഹസ്പതി , അഭിമന്യു ജലാന്‍ , ആദിത്യന്റെ അച്ഛനും അമ്മയും .സുധ , തുടങ്ങി പല കഥാപാത്രങ്ങള്‍ ആദിത്യനേയും രാധയും ചുറ്റി നിന്നിരുന്നു . പലപ്പോഴും നോവലില്‍ നാം അടുത്ത അധ്യായത്തില്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി പറഞ്ഞറിഞ്ഞു യാത്ര ചെയ്തു . ചിലപ്പോള്‍ പത്തു കൊല്ലം മുന്‍പുള്ള ആദിത്യനോ രാധയോ നമുക്ക് മുന്നില്‍ വന്നു പോയി . ചിലപ്പോള്‍ നാനൂറു കൊല്ലം പിന്നില്‍ ആദിത്യന്‍ നില്‍ക്കുന്നത് കണ്ടു . മുഴുവന്‍ വായനയില്‍ ഒരു ഭ്രമകല്പനയില്‍ വീണുപോയ അവസ്ഥ സമ്മാനിച്ച ഈ വായന തികച്ചും സന്തോഷം നല്‍കുന്നു . തീര്‍ച്ചയായും നിങ്ങള്‍ക്കും ഈ വായന ഇഷ്ടം ആകുമെന്ന് കരുതുന്നു . വായിച്ചവര്‍ക്ക് തോന്നിയ അഭിപ്രായം ആണോ എന്റെ എന്നോര്‍ത്തു ഞാന്‍ വ്യാകുലപ്പെടുന്നില്ല കാരണം എന്റെ വായന എനിക്ക് സമ്മാനിച്ച ഈ അറിവ് അതാണ്‌ എം മുകുന്ദന്‍ എനിക്ക് സമ്മാനിച്ച സന്തോഷം . .....ബിജു ജി നാഥ് .

No comments:

Post a Comment