Tuesday, January 20, 2015

ദല്‍ഹി..............എം മുകുന്ദന്‍

വായനയുടെ പുതിയ മുഖം തുറന്നത് ഒരു പഴയ നോവല്‍ ആയിരുന്നു . എം മുകുന്ദന്റെ "ദല്‍ഹി" ആണ് ഞാന്‍ ഇന്ന് വായിച്ചു തീര്‍ന്നത് . വായനയില്‍ ഒരു വിസ്ഫോടനം ഒന്നും സൃഷ്ടിച്ചില്ല എങ്കിലും ഈ നോവല്‍ വായിച്ചു പോകുമ്പോള്‍ മനസ്സ് അതില്‍ നിന്നും പിടി വിടാന്‍ തോന്നില്ല എന്നത് സത്യം ആണ് . എഴുത്തിന്റെ ശൈലി വളരെ രസാവഹമായി തോന്നി എനിക്ക് . അരവിന്ദന്‍ എന്ന നായകന്‍ നാട്ടില്‍ നിന്നും ഡല്‍ഹിയില്‍ എത്തുന്നതും അവിടെ ഒടുങ്ങുന്നതും വരെ ഉള്ള സംഭവങ്ങള്‍ അരവിന്ദനിലൂടെ തന്നെ കോറിയിടുന്ന ഈ നോവലില്‍ നമ്മുടെ ക്ഷുഭിത യൗവ്വന കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ വായിച്ചെടുക്കാം . ചിത്രകാരനായ അരവിന്ദന്‍ വെറും ഒരു ഓഫീസ് ജോലിക്കാരനായി അടിഞ്ഞു കൂടുന്നതും , എല്ലാം കുടഞ്ഞെറിഞ്ഞു തന്റെ ചിത്ര രചനയെ പുനര്‍ജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതും ഒടുവില്‍ എങ്ങും എത്താതെ ഒടുങ്ങുന്നതും ഒരു ചെറിയ വേദനയോടെ മാത്രം വായിച്ചു തീര്‍ക്കാന്‍ കഴിയൂ . രതിയുടെയും , സാമൂഹ്യഘടനയുടെയും , സാമൂഹിക ജീവിതത്തിന്റെയും എല്ലാ മേഖലകളും കയ്യടക്കി ആണ് ഈ എഴുത്ത് എന്നത് വളരെ രസാവഹം ആണ് . അരവിന്ദന്‍ ഒരു പച്ച മനുഷ്യനായി നില്‍ക്കുന്നു ഇതില്‍ . ഭാഷയില്‍ , ചിന്തയില്‍ , പ്രവര്‍ത്തിയില്‍ ഒക്കെ വളരെ സാധാരണരീതിയില്‍ നില്‍ക്കുന്ന അരവിന്ദനോപ്പം തന്നെ കരുണനും മീനാക്ഷിയും ശാലിനിയും ഒക്കെ നടന്നു കയറാന്‍ വിഫല ശ്രമം നടത്തുന്നുണ്ട് . വ്യത്യസ്ഥമായ ഒരു വായന തരും എന്നുറപ്പുണ്ട്‌ . വായിക്കാത്തവര്‍ക്ക് പഴയ കാല രചനയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഒരവസരം ആയി ഈ പുസ്തകത്തെ ഞാന്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു .

1 comment:

  1. വായിച്ചിട്ടുണ്ട്....
    ആശംസകള്‍

    ReplyDelete