Saturday, January 31, 2015

ഇത് നിന്റെ ചരിത്രം .

നിനക്കില്ലൊരാകാശം
നിനക്കില്ലൊരു ചില്ലയും
നീ പറക്കാന്‍ കൊതിക്കുമീ
നീലവാനം നിനക്കന്യം  .

കാടുവെട്ടി തെളിച്ചിട്ടും
കുന്നുകള്‍ നിരത്തിയും
കാലനായി വിളങ്ങുന്നു
കായി നോക്കും മാനവന്‍.

ഉയരുന്നു ഹര്‍മ്മ്യങ്ങള്‍
ഉയരുന്നു രോദനങ്ങള്‍
ഉയിര് പോകും ജീവിതങ്ങള്‍
ഉറങ്ങുന്നധികാരവര്‍ഗ്ഗം .

ഇവിടെയില്ല നീരുറവകള്‍ 
ഇവിടെയില്ല നെന്മണികള്‍
ഇവിടെയില്ല പൂത്ത മാമരം
ഇവിടെയില്ല മനുഷ്യത്വം .

മതിലുകള്‍ പണിയും നാടുകള്‍ 
മതങ്ങള്‍ ഉയര്‍ത്തും  ആലയം
മനസ്സുകള്‍ തീര്‍ക്കും വേലികള്‍
മായയായി മറഞ്ഞു മാനവന്‍ .
------------ബിജു ജി നാഥ്


Thursday, January 29, 2015

ഇനി മടങ്ങാം ....

ഇരുള്‍ മങ്ങിയ ആകാശച്ചെരുവില്‍
പതറും മിഴികളെറിഞ്ഞു കേഴുന്നു
വേഴാമ്പല്‍ പക്ഷി തന്‍ മനമെങ്കിലും
കനിവിന്റെ കാര്‍മേഘങ്ങള്‍ വന്നതില്ല.

ഒരുനാളും വരാതെ അകന്നു പോകുന്നു 
മഴവില്ല് പോലെ നിന്‍ രൂപമെങ്കിലും
ഇളവെയില്‍ ചായും സന്ധ്യതന്‍ മടി-
ത്തട്ടില്‍ മാനം നോക്കിയിരിപ്പൂ ഞാന്‍ .

ഇണങ്ങിയും പിണങ്ങിയും ഋതുക്കള്‍
നിന്‍ ചികുരത്തില്‍ കൂട് കൂട്ടുമ്പോള്‍
വസന്തം ശലഭങ്ങളോട് ചേര്‍ന്നിന്നു
നിറങ്ങള്‍ തന്‍ ആകാശം മെനയുന്നു.

മഴയും വേനലും മഞ്ഞും കഴിഞ്ഞു
പരിലസിക്കുന്നൊരു ഭൂമിതന്നില്‍
കുഞ്ഞുപൈതലമ്മ തന്‍ മാറിലെന്ന
പോല്‍ മയങ്ങാന്‍ കൊതിപ്പു ഞാനും.
----------------------ബിജു ജി നാഥ്

Tuesday, January 27, 2015

കെ സുരേന്ദ്രന്റെ സുജാത ഒരു ആസ്വാദനം

കെ സുരേന്ദ്രന്‍ (1922 -1997) എന്ന എഴുത്തുകാരന്റെ തൂലികയില്‍ വിടര്‍ന്ന അനവധി എഴുത്തുകളില്‍ ഒന്നാണ് "സുജാത" . 1962ല്‍ 'മായ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയും 'ഗുരു' എന്ന നോവലിന് 94ല്‍ വയലാര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്ത അദ്ദേഹം പന്ത്രണ്ടോളം നോവലുകളും , നാല് നാടകങ്ങളും , മൂന്നു ജീവ ചരിത്രങ്ങളും , മൂന്നു അവലോകനങ്ങളും തന്റെ പേരില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട് .
എന്റെ ഈ കഴിഞ്ഞ ആഴ്ചയിലെ വായനയില്‍ എനിക്ക് കിട്ടിയ നോവല്‍ ആണ് "സുജാത" . കെ സുരേന്ദ്രന്റെ രചനകളില്‍ എന്റെ ഓര്‍മ്മയില്‍ "മരണം ദുര്‍ബ്ബലം" എന്ന നോവല്‍ കയറി വരുന്നുണ്ട് എങ്കിലും അതേത് കാലത്ത് എപ്പോ വായിച്ചു എന്നോ അതിന്റെ ഉള്ളടക്കം എന്തെന്നോ അറിയില്ല . വായിച്ചു മറന്നു പോയതാകാം അതിനാല്‍ തന്നെ ഒരു മുന്‍വിധിയോടെ സുജാതയെ സമീപിക്കേണ്ടി വരികയും ഉണ്ടായില്ല .
സുജാത പേര് പോലെ തന്നെ നായികയുടെ പേരും സുജാത ആണ് അല്ലെങ്കില്‍ ഇത് സുജാതയുടെ കഥ ആണ് . കഥ അല്ല ജീവിതം .
കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍ 1964ല്‍ പുറത്തിറക്കിയ സുജാത , ആ കാലഘട്ടത്തിന്റെ ഒരു മനോഹര ചിത്രം വരച്ചു കാണിക്കുന്നുണ്ട് . ജീവിത ബന്ധങ്ങളുടെയും , രാഷ്ട്രീയത്തിന്റെയും ,സാമൂഹിക മാറ്റങ്ങളുടെയും ഒരു നിഴല്‍ പോലെ ഈ വായന നമ്മെ പഴയ കാലത്തിലേക്ക് കൊണ്ട് പോയേക്കും . സംഭാക്ഷണങ്ങള്‍ നമ്മില്‍ പഴയ കാല രചനകളുടെ ആ മാസ്മരികമായ കാച്ചി കുറുക്കല്‍ അനുഭവവേദ്യമാക്കുകയും ചെയ്യും .
തികച്ചും ഒരു പൊതു നോട്ടം നോക്കിയാല്‍ ഇത് സുജാതയും വിക്രമനും തമ്മിലുള്ള പ്രണയത്തിന്റെയും ആത്മ നൊമ്പരങ്ങളുടെയും കഥ ആണെന്ന് തോന്നുമെങ്കിലും , രണ്ടു പേരിലൂടെയും വരച്ചു കാണിക്കുന്ന ചിത്രം ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ച ആണ് . നഷ്ടമായ മാനുഷികമൂല്യങ്ങളെ നമുക്ക് ഇതില്‍ കാണാന്‍ കഴിയും . പ്രണയത്തിന്റെ നേര്‍ത്ത നൂലുകള്‍ കൊണ്ട് മനോഹരമായ സൗധങ്ങള്‍ കെട്ടിപ്പൊക്കുന്നതും അവ ഇഴ പൊട്ടി വികൃതമാകുന്നതും പിന്നെ അവ തുന്നി ചേര്‍ക്കാന്‍ ഉള്ള വിഫലമായ ഒരു ശ്രമവും ഇതില്‍ വായിക്കാന്‍ സാധിക്കും .
വിക്രമന്‍ സുജാതയെ കാണുന്നത് അമ്മയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആണ് . അവിടെ നിന്നുമാണ് സുജാതയിലും വിക്രമനിലും പ്രണയത്തിന്റെ പരാഗരേണുക്കള്‍ പടര്‍ന്നു തുടങ്ങുന്നത് . വിക്രമന്റെ അമ്മയെ തനിക്കു നഷ്‌ടമായ സ്വന്തം അമ്മയായി കണ്ടു പരിചരിക്കുന്നതു മുതല്‍ വിക്രമന്‍ അവളുടെ ജീവിതത്തില്‍ ആരോ ഒക്കെ ആയി മാറുന്നുണ്ട് . വിക്രമന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അമ്മയെ പോലെ അത്ര അധികം സുജാത വിഷമിത അല്ലെ എങ്കിലും ആവശ്യങ്ങളില്‍ എത്താന്‍ കഴിയാതെ പോകുന്ന അവസരങ്ങള്‍ കൊണ്ട് അവള്‍ അതിനെ വെറുത്തു പോകുന്നുണ്ട് .
കുട്ടിക്കാലത് തന്നെ അച്ഛനെ നഷ്ടമാകുകയും മറ്റൊരാള്‍ അച്ഛന്റെ സ്ഥാനത്ത് വരികയും ചെയ്തപ്പോള്‍ വിക്രമന്‍ കുടുംബത്തില്‍ നിന്നും അകന്നു തുടങ്ങുകയും സമൂഹത്തിലേക്കു മുഖം തിരിക്കുകയും ചെയ്തു എന്ന് കാണാം. പക്ഷെ അയാള്‍ക്ക്‌ അമ്മയെ പ്രാണനായിരുന്നു . ആ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തെ വളരെ ചെറിയ വാക്കുകളിലൂടെ സംഭവങ്ങളിലൂടെ വിവരിക്കുന്നുള്ളൂ എങ്കിലും അതില്‍ ഒരു മഹാസമുദ്രം തന്നെ ഒളിഞ്ഞിരിക്കുന്നു . രാത്രി വളരെ ഇരുട്ടി വന്ന വിക്രമന്‍ അമ്മയെ ഉണര്‍ത്തണ്ട എന്ന് കരുതി പുറത്തു കിടക്കുന്ന ഒരു സന്ദര്‍ഭം നോക്കാം . പുലര്‍ച്ചെ ഉണര്‍ന്നു വന്ന അമ്മ കാണുന്നത് തണുത്ത തറയില്‍ പുസ്തകങ്ങള്‍ തലക്കീഴില്‍ വച്ച് ഉറങ്ങുന്ന മകനെ ആണ് . തന്റെ തലയിണ എടുത്തു കൊണ്ട് വന്നു മകന്റെ തലയ്ക്ക് താങ്ങായി വച്ച് കൊടുത്തു അവര്‍ അവിടെ ഇരുന്നു . അയാള്‍ ഉണരുമ്പോഴും അവര്‍ ചിന്തകളില്‍ ആയിരുന്നു . അതിനു ശേഷം വിക്രമന്‍ വൈകി വന്നാല്‍ അമ്മയെ വിളിച്ചു ഉണര്‍ത്തി അകത്തു കയറുക പതിവായി പലപ്പോഴും അയാള്‍ക്ക്‌ വിളിക്കേണ്ടി വന്നിട്ടില്ല അതിനു മുന്നേ അവര്‍ എഴുന്നേറ്റു വന്നിരിക്കും . മകന്റെ വരവ് കാത്തു ഉറക്കം ഒഴിച്ചിരിക്കുന്ന ആ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം നമുക്ക് മനസ്സിലാക്കാന്‍ ഇത്തരം ഒന്നോ രണ്ടോ രംഗങ്ങള്‍ കൊണ്ട് തന്നെ വളരെ ആഴത്തില്‍ സാധിച്ചിരിക്കുന്നു എന്നെനിക്കു തോന്നുന്നു .
സുജാത വിക്രമനെ കാത്തിരിക്കുന്നു എങ്കിലും തന്റെ ചേച്ചി മരിച്ചതോടെ അനാഥമായ മകനെ സംരക്ഷിക്കാനായി അച്ഛന്റെ നിര്‍ബന്ധവും മറ്റും മൂലം ചേച്ചിയുടെ ഭര്‍ത്താവിന്റെ കൂടെ ജീവിക്കേണ്ടി വരുന്നു.  സുജാത പക്ഷെ തന്റെ അസ്ഥിത്വം നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല . ഓരോ സന്ദര്‍ഭങ്ങളിലും കീഴടങ്ങലില്‍ പോലും അവള്‍ ആ ഒരു അഭിമാനം കാത്തു സൂക്ഷിക്കുന്നുണ്ട് . ഒടുവില്‍ ഭര്‍ത്താവും വിക്രമനും ആയുള്ള രാഷ്ട്രീയ പകയില്‍ പോലും അവള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട് . ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കുമ്പോഴും , വിക്രമനും ആയി അകലം സൂക്ഷിച്ചു കൊണ്ട് അവള്‍ തന്റെ ജീവിതത്തെ രണ്ടു വള്ളത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല . ഒടുവില്‍ അവള്‍ വീട് വിട്ടിറങ്ങുമ്പോഴും , അവളെ തിരക്കി വന്ന വിക്രമനോട് അവള്‍ പറയുന്നതും മറ്റൊരു ബന്ധത്തിലേക്ക് പോയ്ക്കൊള്ളാന്‍ ആണ് . അയാള്‍ പരാജിതനായി നാട് വിടാന്‍ ശ്രമിക്കുമ്പോള്‍ പക്ഷെ അവള്‍ക്കു ഇഷ്ടം അയാള്‍ നാട്ടില്‍ തന്നെ  നില്‍ക്കുന്നത് ആണെങ്കിലും ഒപ്പം ജീവിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല . ഒരിക്കല്‍ അയാള്‍ നല്‍കിയ പ്രണയ ഉപഹാരമായ പേന തിരികെ നല്‍കാന്‍ അവള്‍ സന്നദ്ധയായതും അതിനാല്‍ ആണ് . പക്ഷെ ഒടുവില്‍ ഒരു പ്രതീക്ഷ ഇരുവരിലും ഇട്ടു കൊണ്ട് നോവല്‍ അവസാനിക്കുമ്പോള്‍ വായനക്കാര്‍ പക്ഷെ രണ്ടു തട്ടില്‍ നിന്നേക്കാം എന്ന് ഉറപ്പു . അവള്‍ക്കൊപ്പം യാത്ര ചെയ്തവര്‍ക്ക് അവള്‍ വീണ്ടും വിക്രമനോട് ചേര്‍ന്ന് കൊണ്ട് പ്രണയത്തെ പൂവണിയിച്ചു ശുഭപര്യവസാനിയാക്കാന്‍ ആണോ അതോ രണ്ടു പേരും ഒറ്റയ്ക്കൊറ്റയ്ക്ക് തന്നെ ജീവിച്ചു ജീവിതം അവസാനിപ്പിക്കാനാണോ ഇഷ്ടം എന്ന് ചിന്തിക്കാന്‍ വിടുന്നു കഥാകാരന്‍ ഇവിടെ .
ഇതിനിടയില്‍ പ്രധാനമായി നിന്ന രാഷ്ട്രീയം ഞാന്‍ പറയാതെ പോകുന്നത് ജനന കാലത്തെ കോണ്ഗ്രസ് ,സോഷ്യലിസ്റ്റ് , കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പരാധീനതകളും , ചിന്തകളും ,ആശയക്കുഴപ്പങ്ങളും എല്ലാം ഇതില്‍ നന്നായി പറയുന്നുണ്ട് എങ്കിലും അത് രാഷ്ട്രീയ ചിന്തകള്‍ക്ക് മാത്രം പാത്രീഭവിക്കുന്നത് ആയതു കൊണ്ടാകാം എന്നെ സ്പര്‍ശിക്കാതെ കടന്നു പോയത് .
നല്ലൊരു വായന നിങ്ങള്‍ക്ക് നല്‍കും ഈ നോവല്‍ എന്ന് ആശിക്കുന്നു . ..................................................................................ബിജു ജി നാഥ് 

പൂക്കാത്ത പൂമരങ്ങള്‍

എന്റെ പ്രണയം
അതിലകള്‍ കൊഴിഞ്ഞ മരത്തിന്ന-
സ്ഥികള്‍ പോല്‍ വരണ്ടിരിക്കുന്നു .
ഉണങ്ങി വരണ്ടോരെന്‍ നെഞ്ചില്‍
കാലം മുഖമണച്ചു തേങ്ങുന്നു മൂകം  .

അടര്‍ന്നു വീഴുന്നിലകളില്‍ നോക്കി
കിനിയാതെ പോയ നിണം തിരയവേ
ചരല്‍ക്കല്ലുകളില്‍ വീണു ചിതറുന്നു
കണ്ണീര്‍ മണികള്‍ തന്‍ പരലുപ്പുകള്‍ .

ഓര്‍മ്മകള്‍ ഓണമുണ്ണാന്‍ കൂട്ട് ചേരും
ഊഞ്ഞാല വള്ളികള്‍ ദ്രവിച്ചു പോയ്‌
നെഞ്ചിലെ പ്രാവിന്‍ കുറുകല്‍ പോല്‍
ചില്ലകള്‍ സംഗീതമൊരുക്കുമ്പോള്‍ .

അടിവേരുകള്‍ മരവിച്ച മൗനമൂറ്റി
പൈദാഹമടയും ഏകാന്തതകളില്‍
ശല്ക്കങ്ങള്‍ പൊഴിയും ഉടലില്‍ ഇര
തിരയുന്നു ചുണ്ടുകള്‍ പകലുകളില്‍ .

തിരികെയൊരസാധ്യയാത്ര ഉണ്ടെ-
ന്നാലും കണ്ണുകള്‍ കൊതിക്കുന്നു വൃഥാ
നഷ്‌ടമായ ആകാശത്തില്‍ തിരയുവാ
നൊരു നീലാകാശവും വെണ്‍മേഘവും.
----------------------ബിജു ജി നാഥ്

Monday, January 26, 2015

അവര്‍ ഇരുവര്‍


തണുത്തുറഞ്ഞ ഹിമശൈലമായിരുന്നു നീ
ഉള്ളില്‍ നുരയുന്ന ഉഷ്ണപ്രവാഹിനികളെ
ഇറ്റ് കരുണപോലുമിനിയാ മനസ്സോടെ
തട്ടിയൊതുക്കിയമര്‍ത്തി ഞെരിച്ചിട്ടു
ഭംഗിയായി പുഞ്ചിരിക്കാന്‍ പഠിച്ചവള്‍ !

നിന്‍ യാത്രതന്‍ പാതയില്‍ ഒരുനാള്‍
നിര്‍ലജ്ജമെന്നുടെ നിഴല്‍ വീണപ്പോള്‍
ഉരുകാന്‍ കൊതിച്ചു നിന്നടിവാരങ്ങളില്‍
തിളച്ചുമറിയുന്ന ലാവയൊരഗ്നിപര്‍വ്വതം.

ഊതിപ്പഴുപ്പിച്ചൊരെന്‍ ദാഹത്തിന്‍
ഉഷ്ണവാതകാറ്റിലുരുകിയ മഞ്ഞില്‍
ഒലിച്ചു പോയ്‌ നിന്നിലെ ശീതത്തില്‍
ഒളിച്ചു വച്ചൊരു ഗൗരവപുഷ്പങ്ങള്‍.

ഒരു വെറും പൂവായി ചതഞ്ഞരഞ്ഞിന്നെന്‍
തൂവല്‍ ശയ്യയില്‍ നീ വീണുറങ്ങുമ്പോള്‍
വിശപ്പാറ്റിയൊടുവില്‍  നാവു നുണയുന്ന
കുറുനരിയെപോല്‍ ഞാന്‍ മാറുന്നുവോ ?

ഇന്നീ പകലിനെ മറന്നു ഞാനകലുന്നു
നിന്നിലെ ഹിമത്തെയുരുക്കിയൊഴുക്കി.
ഇനി വരില്ലൊരു നാളും തിരികെയെന്നുള്ള
മറുപടി ചിരിയില്‍ മറച്ചു ഞാനേവം .
--------------------------ബിജു ജി നാഥ്

Saturday, January 24, 2015

പ്രണയോപാസകന്‍


തവാംഗുലികള്‍ കോറും അക്ഷര 
പ്പൂവുകള്‍ തന്‍ ആരാമത്തില്‍ നിന്നും 
പ്രിയമൊരു വരിയുടെ ഈണം
ഹൃദയത്തിലെങ്ങോ മുളപൊട്ടുമ്പോള്‍
കരളില്‍ തറയ്ക്കും മൃദുനൊമ്പരങ്ങള്‍
പ്രിയതരമാമൊരു കവിതയായി .

പ്രണയമുറയും നെഞ്ചകം നിറയെ
നിരാസത്തിന്‍ തടയുയര്‍ത്തീടുമ്പോള്‍
കയറുവാനാകാതഴലില്‍ പൊതിയും
മമദുഃഖമെങ്ങനെ അറിയും നീയിന്നു.

പടിവാതില്‍ പിന്നിട്ടീറന്‍ മിഴികള്‍
അകതാരില്‍ ഇരുളാഴം തിരയുമ്പോള്‍
ഒരു നേര്‍ത്തമൗനമായി വാതില്‍പ്പുറകി-
ലുറയുന്നുവോ നിന്‍ ഹൃദയരാഗം ?

വ്യഥിതന്‍ ചരല്‍ക്കല്‍ വഴികളില്‍
പിടയും മനമോടകലുന്നു ഞാനിന്നു
നിറയും മിഴികള്‍ മഴകാക്കും ഭൂമിതന്‍
മാറില്‍ വീണലിയുന്നതറിയാതെങ്ങോ!
-----------------------ബിജു ജി നാഥ്

Thursday, January 22, 2015

നമ്മില്‍ വിടര്‍ന്നസ്തമിച്ച പകല്‍


പൂക്കള്‍ തീര്‍ക്കും മിഴികളില്‍ നിന്നും
സ്നേഹത്തില്‍ ചൊരിയുമൊരു പുഞ്ചിരി
കാത്തു നില്‍ക്കും ചോരന് നല്‍കിയീ
കാലമെന്തേ മരുവുന്നു വേഗം !

വര്‍ഷമൊന്നങ്ങകന്നു പോയീടുന്നു
വാക്കുകള്‍ മറന്നകന്നീടുന്നു
കാവല്‍ പോല്‍ ചില ബിംബങ്ങള്‍
ചുറ്റിലും കാവ് തീണ്ടും നിമിഷങ്ങളോഴികെ

ഓര്‍ത്തു പോകുന്നൊരു പകലിന്റെ മാറില്‍
വാക്കിനാല്‍ അളന്നിട്ട രൂപവും
നിന്‍ മുഖം പറഞ്ഞൊരു സത്യങ്ങള്‍
കൗതുകത്തോടെ കേട്ടു നിന്ന നിമിഷങ്ങളും .

യാത്രപോയന്നു നിന്നുടലിന്‍ സാന്ദ്ര
ദീപ്തമാം അളവുകള്‍ക്കപ്പുറം സഞ്ചാരം
നേര്‍ത്ത തിരശ്ശീലപോലുമില്ലാതന്നു
ചൂളി നിന്ന സന്ധ്യാംബരം ശോണിമം.

ഇന്ന് നിന്‍ ചൊടികളില്‍ വിരിഞ്ഞൊരു
മുല്ലമൊട്ടിന്‍ വെണ്മ ദര്‍ശിച്ചീടവേ
ഓര്‍ത്ത്‌ പോകുന്നാ പകലിന്‍ രഹസ്യങ്ങള്‍
ചാരെ നീ പിന്നൊരിക്കലും വന്നീടിലും .
-----------------------------ബിജു ജി നാഥ്

Wednesday, January 21, 2015

വരിക സഹജരെ

വാക്കുകള്‍ തന്‍ പൊള്ളമരങ്ങള്‍ മുറിയ്ക്കാ-
മിനി നമുക്ക് വാളുകളാകാം സ്വയം .
വാക്കിന്റെ പൊള്ളലില്‍ സ്വയം ചൂളും
നപുംസകങ്ങള്‍ക്ക് വായ്ക്കരിയിടാമിനി .

ഇവിടെ ഇല്ലൊരു തത്വശാസ്ത്രവും
ജനി മൃതികള്‍ തിന്നും മനുജന് വേണ്ടി
ഇവിടെയില്ലൊരു തണല്‍ മരങ്ങളും
തളര്‍ന്നു വീഴുന്നൊരുവനു താങ്ങായി .

ഇനി മുറിച്ചു മാറ്റാം വിത്തുകള്‍ വിതയ്ക്കും
ജനിതകലിംഗങ്ങള്‍ നമ്മില്‍ നിന്നും
ഇനി അറുത്തു കളയാം മതത്തിന്റെ
മേദസ്സ് നിറഞ്ഞ മുലകളും.

പടനയിക്കുവാന്‍ കാത്തു നിന്നീടൊല്ലേ
പട നിനക്ക് പിന്നില്‍ വരേണം
നശിക്കുവാനൊരു ജീവിതം നമ്മള്‍ക്ക്
നേടുവാനുള്ളതൊരു തലമുറ തന്‍ ജീവിതം.

വരിക സഹജരെ ഒന്നായി വന്നൊരു
പുതിയ സമരത്തിന്‍ ചങ്ങലയാകുവിന്‍
വരിക സഹജരെ ഒന്നായി നിന്നൊരു
പുതു ലോകത്തിന്‍ ബലിയായ്ത്തീര്‍ന്നിടാം ---------------------------ബിജു ജി നാഥ്

Tuesday, January 20, 2015

നിന്റെ വിരലുകള്‍

നനുത്ത പട്ടുനൂലുകള്‍ കൊണ്ട് നെയ്ത
പൂവിതള്‍ പോല്‍ അതിലോലം
പ്രിയതെ നിന്‍ വിരല്‍ത്തുംബുകളെന്‍
നെറ്റിയില്‍ തലോടുന്നൊരീ നേരം !

അക്ഷരങ്ങളെ പട്ടുപോല്‍ മൃദുവാക്കും
മൈലാഞ്ചി മണക്കുന്ന വിരല്‍ത്തുമ്പുകളെ
നിങ്ങളെന്നെ ഓര്‍മ്മകള്‍ തന്‍ പാടങ്ങളില്‍
കതിര്‍മണി തിന്നാന്‍ വിളിക്കുന്നുവോ ?

വിടര്‍ന്നു പടര്‍ന്നു കാറ്റിലോടിക്കളിക്കും
നേര്‍ത്തശീലപോല്‍ നിന്‍ ചികുരത്തെ
നീള്‍വിരലുകള്‍ കൊണ്ട് നീ മാടിയൊതുക്കുമ്പോള്‍
രണ്ടു ചുണ്ടുകള്‍ ചുംബിക്കും പോലെ.

ചുംബനമെന്നാല്‍ നമുക്കിടയിലന്യമോ ?
നിന്റെ വിരല്പ്പാടുകളെ ഉമ്മവച്ചു കൊണ്ട്
നിന്നിലെ നിന്നെ ഞാന്‍ ഉണര്‍ത്തുന്നു .

വാസനത്തൈലം തേച്ച നിന്നുടലില്‍
കാലം കുളിര്‍ന്നെഴുന്നേല്‍ക്കുന്നു.
ത്രസിക്കുന്നു മുലഞെട്ടുകള്‍ എന്നെ
വാരിയെടുത്തമൃതൂട്ടുവാന്‍ കൊതിച്ചു
നിന്റെ വിരലുകള്‍ കുടുക്കുകള്‍ തേടുന്നു .

ഞാന്‍ മയക്കത്തിന്റെ കാണാക്കയങ്ങളില്‍
സ്വപ്നത്തില്‍ ലയിക്കുന്നു
ഏതോ ജന്മത്തില്‍ നിന്നും
എന്റെ അധരങ്ങള്‍ പാല്‍മണം രുചിക്കുന്നു .

ഞാന്‍ ഒരു ശിശുവാകുന്നു
എന്റെ നിറുകയില്‍ പൂവിതള്‍പോല്‍.
വിരലുകള്‍ ഓടുന്നതറിയുന്നു
ഇരുള്‍ വന്നെന്നെ മൂടുന്നു
ഇപ്പോള്‍ ഞാന്‍ ഉറക്കത്തിലാണ് .
-------------------ബിജു ജി നാഥ്
 

ദല്‍ഹി..............എം മുകുന്ദന്‍

വായനയുടെ പുതിയ മുഖം തുറന്നത് ഒരു പഴയ നോവല്‍ ആയിരുന്നു . എം മുകുന്ദന്റെ "ദല്‍ഹി" ആണ് ഞാന്‍ ഇന്ന് വായിച്ചു തീര്‍ന്നത് . വായനയില്‍ ഒരു വിസ്ഫോടനം ഒന്നും സൃഷ്ടിച്ചില്ല എങ്കിലും ഈ നോവല്‍ വായിച്ചു പോകുമ്പോള്‍ മനസ്സ് അതില്‍ നിന്നും പിടി വിടാന്‍ തോന്നില്ല എന്നത് സത്യം ആണ് . എഴുത്തിന്റെ ശൈലി വളരെ രസാവഹമായി തോന്നി എനിക്ക് . അരവിന്ദന്‍ എന്ന നായകന്‍ നാട്ടില്‍ നിന്നും ഡല്‍ഹിയില്‍ എത്തുന്നതും അവിടെ ഒടുങ്ങുന്നതും വരെ ഉള്ള സംഭവങ്ങള്‍ അരവിന്ദനിലൂടെ തന്നെ കോറിയിടുന്ന ഈ നോവലില്‍ നമ്മുടെ ക്ഷുഭിത യൗവ്വന കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ വായിച്ചെടുക്കാം . ചിത്രകാരനായ അരവിന്ദന്‍ വെറും ഒരു ഓഫീസ് ജോലിക്കാരനായി അടിഞ്ഞു കൂടുന്നതും , എല്ലാം കുടഞ്ഞെറിഞ്ഞു തന്റെ ചിത്ര രചനയെ പുനര്‍ജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതും ഒടുവില്‍ എങ്ങും എത്താതെ ഒടുങ്ങുന്നതും ഒരു ചെറിയ വേദനയോടെ മാത്രം വായിച്ചു തീര്‍ക്കാന്‍ കഴിയൂ . രതിയുടെയും , സാമൂഹ്യഘടനയുടെയും , സാമൂഹിക ജീവിതത്തിന്റെയും എല്ലാ മേഖലകളും കയ്യടക്കി ആണ് ഈ എഴുത്ത് എന്നത് വളരെ രസാവഹം ആണ് . അരവിന്ദന്‍ ഒരു പച്ച മനുഷ്യനായി നില്‍ക്കുന്നു ഇതില്‍ . ഭാഷയില്‍ , ചിന്തയില്‍ , പ്രവര്‍ത്തിയില്‍ ഒക്കെ വളരെ സാധാരണരീതിയില്‍ നില്‍ക്കുന്ന അരവിന്ദനോപ്പം തന്നെ കരുണനും മീനാക്ഷിയും ശാലിനിയും ഒക്കെ നടന്നു കയറാന്‍ വിഫല ശ്രമം നടത്തുന്നുണ്ട് . വ്യത്യസ്ഥമായ ഒരു വായന തരും എന്നുറപ്പുണ്ട്‌ . വായിക്കാത്തവര്‍ക്ക് പഴയ കാല രചനയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഒരവസരം ആയി ഈ പുസ്തകത്തെ ഞാന്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു .

പക്ഷിയുടെ മണം......മാധവി കുട്ടി


എന്റെ വായന എനിക്കേറ്റവും ഇഷ്ടപ്പെട്ട ആമിയുടെ "പക്ഷിയുടെ മണം " എന്ന ചെറുകഥ സമാഹാരം ആയിരുന്നു ആഹരിച്ചത് .
കറന്റു ബുക്സ് അറുപത്തി നാലില്‍ ആദ്യ പ്രതി പുറത്തിറക്കിയ ഈ ഒന്‍പതു കഥകളുടെ സമാഹാരം .

മാധവിക്കുട്ടി ഒരു ആമുഖം തരേണ്ട എഴുത്തുകാരി ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . കാരണം മലയാളികള്‍ പ്രത്യേകിച്ചു സാഹിത്യ സ്നേഹികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സ്വകാര്യ രഹസ്യം ആണ് മാധവിക്കുട്ടി . പ്രണയത്തിന്റെ പാനപാത്രം കുടിച്ചു മതി വരാതെ മൃതി കൊത്തിയെടുത്തു പറന്നു പോയ കമലാസുരയ്യ . ഒരു വേദനയോടെ മാത്രമേ ആ വേര്‍പാട് ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ എനിക്ക് . മാധവിക്കുട്ടിയെ വായിക്കുക ഇപ്പോഴും സന്തോഷം തരുന്ന ഒരു വസ്തുതയാണ് എനിക്ക് . ഒരിക്കല്‍ പോലും നേരില്‍ കാണാതെ പോയ ആ അനുഗ്രഹീത എഴുത്ത് കാരിയെ ഞാന്‍ പ്രണയിക്കുന്നു . ഒരു പക്ഷെ മാധവിക്കുട്ടി ഇന്ന് ജീവനോടെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ നേരില്‍ പോയി കാണുകയും ആ വിരലുകളില്‍ ചുംബിക്കുകയും ചെയ്യുമായിരുന്നു .

പക്ഷിയുടെ മണം എന്ന ഈ കഥാ സാമാഹാരത്തില്‍ ഒന്‍പതു കഥകള്‍ ആണെന്ന് പറഞ്ഞല്ലോ . അവയില്‍ ഒന്‍പതും ഒന്നിനൊന്നു വേറിട്ട തലങ്ങളില്‍ ആണ് പറയുന്നത് എങ്കിലും ഓരോ കഥയിലും എനിക്ക് മാധവിക്കുട്ടിയുടെ സാമീപ്യമറിയാന്‍ കഴിയുന്നുണ്ടായിരുന്നു . രസാവഹമായ കാര്യം ഇവയില്‍ പല കഥകളിലും നായികാ നായകന്മാര്‍ വിവാഹിതരും മധ്യ വയസ്കരും ആയിരുന്നു എന്നതാണ് . ആ പ്രായത്തിന്റെ സൗന്ദര്യ , പ്രണയ , ചര്യകളും വിചാരങ്ങളും , പ്രവര്‍ത്തനങ്ങളും ഒക്കെ വളരെ നന്നായി അവതരിപ്പിചിരിക്കുന്നുണ്ട് കഥകളില്‍ ഉടനീളം .

സ്വതന്ത്ര ജീവികള്‍ എന്ന ആദ്യ കഥയില്‍ തന്നേക്കാള്‍ പ്രായം കൂടിയ അയാളെ എയര്‍ പോര്‍ട്ടില്‍ നിന്നും സ്വീകരിച്ചു കൊണ്ട് വന്നു തിരികെ കൊണ്ടാക്കുന്നത്തിനു ഇടയ്ക്കുള്ള നാലഞ്ചു മണിക്കൂറുകള്‍ ആണ് വിവരിക്കുന്നത് . ഹോട്ടലില്‍ അച്ഛനും മകളും ആയി മുറി എടുക്കുമ്പോഴും മുറിയില്‍ ഭക്ഷണ മേശയിലെ സംഭാക്ഷണങ്ങളിലും ഒക്കെ പ്രണയത്തിന്റെ ഒരു ഭാവവും നമുക്ക് അയാളില്‍ തിരഞ്ഞു കണ്ടെത്താന്‍ കഴിയില്ല എങ്കിലും അവള്‍ ഇപ്പോഴും തന്റെ നിസ്സഹായതയെ ഓര്‍ത്ത്‌ വ്യസനിക്കുക ആണ് നാം കാണുന്നത് . നീ മെലിഞ്ഞു പോയി എന്നതിന് അവള്‍ മനസ്സുകൊണ്ട് നല്‍കുന്ന ഉത്തരം ഒരു മാസത്തിലേറെയായി അയാളെ ഓര്‍ത്ത്‌ കരഞ്ഞ ചിന്ത ആണ് .പക്ഷെ കാപ്പി വേണ്ട എന്ന് പറയുമ്പോള്‍ അത് വേസ്റ്റ് ആകുമെന്ന് പറയുന്ന അയാളുടെ ചിന്തയോട് അവള്‍ പ്രതികരിക്കുന്നത് അരസികതയല്ല പകരം തന്നെ മനസ്സിലാക്കാതെ പോയ ആ മനസ്സിനെ ആണ് . ഒടുവില്‍ തിരികെ മുറിയില്‍ എത്തുമ്പോള്‍ അവള്‍ക്കു ഒന്ന് പൊട്ടിക്കരയണം എന്നുണ്ട് പക്ഷെ വെച്ച് കെട്ടിന്റെ പ്രൌഡി മൂലം രണ്ടു ഉറക്ക ഗുളികയില്‍ നിദ്ര പോകുകയാണ് അവള്‍ ചെയ്യുന്നത് .

ഇതേ ഉറക്കം തന്നെ ആണ് അരുണാചലത്തിന്റെ കഥയിലും സംഭവിക്കുന്നത്‌ ഒന്ന് താല്‍ക്കാലികം ആണെങ്കില്‍ ഇവിടെ നിതാന്തം എന്ന് മാത്രം . കര്‍ക്കശക്കാരനും പ്രായം നല്‍കിയ ഗൌരവവും മറ്റു ചപല വികാരങ്ങളെ തടഞ്ഞു നിര്‍ത്തുമ്പോള്‍ ചെറുപ്പക്കാരിയായ ടൈപ്പിസ്റ്റിന്റെ പ്രണയം കാണാതെ പോകുന്ന , അതിനെ അവഗണിക്കുന്ന അരുണാചലം അവളില്‍ നിന്നും അകലം ഇപ്പോഴും സൂക്ഷിക്കുന്നു കണ്ടു മുട്ടുമ്പോള്‍ മുതല്‍ എന്നത് അയാളിലെ നിസ്സഹായത ആണ് കാണിക്കുന്നത് . ഒടുവില്‍ മരണത്തിലേക്ക് നടന്നു പോകുന്ന അവസാന ചിന്തയില്‍ അയാള്‍ സ്വയം അതെ പെണ്‍കുട്ടിയെ ആണ് ഓര്‍മ്മിക്കുന്നത് എന്നത് അയാളുടെ ശരിയായ മനസ്സിനെ കാണിച്ചു തരുന്നുണ്ട് . എല്ലാ മനുഷ്യരിലും ഉള്ള കപടത അല്ലെങ്കില്‍ ഒളിച്ചു വയ്ക്കപ്പെടല്‍ ഇവിടെ വളരെ വ്യെക്തമയി പറയുന്നു .

ഇടനാഴിയിലെ കണ്ണാടികള്‍ പല കോണുകളില്‍ നിന്നും നടന്നടുത്തു പിരിഞ്ഞു പോകുന്ന ചിലരില്‍ പതിയുന്നു . സൌമ്യമൂര്‍ത്തിയും പ്രേമചന്ദ്രനും അയാളുടെ ഭാര്യയും ഒക്കെ പല ഭാഗങ്ങളില്‍ നിന്നും വന്നു ഒരു കേന്ദ്രത്തില്‍ ഒന്നിക്കും പോലെ ആണ് . വായനശാലയില്‍ വച്ച് പ്രേമചന്ദ്രന്റെ ഭാര്യയെ കാണും മുന്നേ തന്നെ മിന്നായം പോലെ അവളെ ഓഫീസില്‍ കണ്ടിരുന്നു . എന്നാല്‍ മഴ നനഞ്ഞു വന്ന അവളെ വായനശാലയുടെ ഏകാന്തതയില്‍ ഒരേ മേശയ്ക്കിരുപുറം കാണുമ്പോള്‍ അയാളില്‍ ഒരു തരം ഭയം ആണ് ഉണ്ടാകുന്നത് . അല്പം കൂടെ ഇരിക്കുമോ ഞാന്‍ ഒറ്റയ്ക്കായിപ്പോവും എന്ന അവളുടെ പരിദേവനം കേള്‍ക്കുമ്പോള്‍ അയാള്‍ അത് കൊണ്ട് ആണ് ഭയചകിതനായി ഓടി അകലുന്നത് . പക്ഷെ പകലുകള്‍ നല്‍കുന്ന ഭയം രാവു നല്‍കുന്നില്ല എന്നതിനാല്‍ ആണ് പാര്‍ട്ടിയില്‍ അവളുമൊത്ത്‌ ഒറ്റയ്ക്ക് നദീകരയില്‍ ഇരിക്കാന്‍ അയാള്‍ തയ്യാറാകുന്നതും . അവര്‍ തമ്മില്‍ ഉള്ള അടുപ്പത്തെ വരച്ചു കാണിക്കുന്നത് പക്ഷെ മറ്റൊരു തലത്തില്‍ ആണ് . അയാള്‍ അവളെ കുടഞ്ഞെറിയാന്‍ ആണ് ശ്രമിക്കുന്നത് അതിനു വേണ്ടി ആണ് പ്രേമചന്ദ്രനെ മദിരാശിയിലേക്ക് സ്ഥലം മാറ്റുന്നത് പക്ഷെ അവള്‍ ആ മാറ്റം ദൂരം മറികടക്കുന്നത് മരണത്തിലേക്ക് നടന്നു പോയും ആണ് . ഇവിടെ എല്ലാം വായിക്കാന്‍ കഴിയുന്നത്‌ സഫലം ആകാന്‍ കഴിയാതെ പോകുന്ന ദുഃഖങ്ങള്‍ മാത്രം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ട ആത്മാക്കളെ ആണ് .

ചതി മറ്റൊരു വായന നല്‍കുന്നു . തിരക്കേറിയ ഒരു ഭിഷഗ്വര ആയ നായികയ്ക്ക് തന്റെ ഭര്‍ത്താവിന് തന്നോടുള്ള സ്നേഹത്തിലും കരുതലിലും ഉള്ള ഗര് വ്വിനെ ഒറ്റ രാത്രി കൊണ്ട് അതും തന്റെ അന്‍പതാം ജന്മദിനത്തില്‍ തന്നെ തകര്‍ത്ത് കളയുന്നതും തന്റെ താലി തെരുപ്പിടിച്ചു കൊണ്ട് വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടിയെ നോക്കി നെടുവീര്‍പ്പിടുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു പക്ഷെ ചതിയുടെ ആഘാതം ആ മനസ്സിനെ എത്ര ഉലയ്ക്കുന്നു എന്നത് രണ്ടു ദിവസത്തെ നഷ്‌ടമായ ഉറക്കം തിരികെ പിടിക്കാനും ഒരു സര്‍പ്രൈസ് നല്‍കാനും കൊതിച്ചു വരികയും അന്യയായൊരു സ്ത്രീയുടെ കാലുകള്‍ കിടക്കയില്‍ ദര്‍ശിച്ചു തിരകെ പടി ഇറങ്ങി പോവുകയും ചെയ്യുന്ന ആ ഡോക്ടറിലൂടെ വരച്ചു കാണിക്കുമ്പോള്‍ അറിയാതെ മനസ്സ് തേങ്ങി പോകും .

വരലക്ഷ്മീ പൂജയില്‍ സമര്‍പ്പണം, സ്നേഹം , പങ്കു വയ്ക്കല്‍ എന്നിവ എത്ര കണ്ടു മാറുന്നു എന്ന് കാണാം . ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്ക് അപ്പുറം മറ്റൊന്നും ആഗ്രഹിക്കാത്ത ഭാര്യ തന്റെ ശരീരത്തെ കുറിച്ചും പ്രായത്തെ കുറിച്ചും ബോധവതി ആണെന്നതിനാല്‍ തന്നെ ഭര്‍ത്താവിനു ഇഷ്ടപ്പെട്ട സ്ത്രീയോട് അയാളെ വേദനിപ്പിക്കരുത് എന്ന് പറഞ്ഞു വഴി മാറി നില്ക്കാന്‍ ശ്രമിക്കുന്ന കാഴ്ച വളരെ വേറിട്ട ഒരു ചിന്ത ആയി തോന്നുന്നു . അവിടെ അവരുടെ മകന്‍ ആ സ്ത്രീയോട് തോന്നുന്ന അടുപ്പവും ഭര്‍ത്താവിന്റെ അടുപ്പവും ആ സ്ത്രീയില്‍ ഉണ്ടാക്കുന്ന മാനസിക വികാരം ആണ് അവര്‍ തിരികെ പോവുമ്പോള്‍ ചിന്തിക്കുന്ന വാക്കുകളില്‍ മറനീക്കുന്നത് "ഒരു വിലക്ക് ,ഒരു നാളികേരം ... ഇവ മാത്രമായിരിക്കുമോ എനിക്ക് നഷ്ടപ്പെടുന്നത് ? എന്തൊക്കെ നഷ്ടപ്പെടുവാന്‍ പോകുന്നു, ഈ ജീവിതത്തില്‍ ! അതെ അതില്‍ വായനക്കാരുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ട് .

പുസ്തകത്തിന്റെ തലക്കെട്ട്‌ ആയ പക്ഷിയുടെ മണം വളരെ നല്ലൊരു കഥ തന്നെ ആണ് . മരണത്തിന്റെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന മഞ്ഞ പൂക്കള്‍ , അവയിലൂടെ പതിനൊന്നു വയസ്സ് മുതല്‍ അവളെ വിടാതെ പിന്തുടര്‍ന്ന ആ നിഴല്‍ വരിഞ്ഞു മുറുക്കുന്നതും അവര്‍ തമ്മില്‍ സംവദിക്കുന്നതും കാണാം . ജീവിച്ചു കൊതി തീര്‍ന്നില്ല എന്ന അവളുടെ വാക്കുകള്‍ ആണ് തൊഴിലിന്റെ അന്വേഷണവും ഓടി മാറാനും , കതകു തുറന്നു സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനും രക്ഷപ്പെടാനും ഉള്ള ത്വര കാണിക്കുന്നത് . അവിടെ അവള്‍ പരാജയപ്പെട്ടു തളര്‍ന്നു ഇരുന്നു പോവുകയാണ് എങ്കിലും അനിവാര്യമായ വിധിയിലേക്ക് അവള്‍ ഓടി കയറുന്നത് മരണത്തിന്റെ നനുത്ത തൂവല്‍ മണത്തിലേക്ക് തന്നെ ആണ് . നല്ലൊരു തണുപ്പ് അനുഭവപ്പെട്ടു മരണത്തിന്റെ കുളിര്‍ തോന്നിച്ചു ആ വായന ..

കല്യാണിയില്‍ കൂടി നഷ്ടമാകുന്ന ,ഒഴിവാക്കാന്‍ ശ്രമിക്കുന്ന കാമനകളെ കാണിക്കുന്നുണ്ട് . നിയമത്തിന്റെ പാലകര്‍ എന്ന പ്രതിരൂപങ്ങളിലൂടെ യഥാര്‍ത്ഥ ജീവിതവും അതിന്റെ കുരുക്കുകളും അഴിക്കാന്‍ കഴിയാതെ വിഹ്വലയാകുന്ന അവള്‍ തന്റെ കെട്ടുപാടുകള്‍ ആകുന്ന വസ്ത്രങ്ങള്‍ അഴിക്കപ്പെട്ടു വെറും ഇരുട്ടില്‍ അകപ്പെടുന്നതും പിന്നെ തന്റെ തന്നെ കാമനകളെ തിരസ്കാരങ്ങളെ മുന്നില്‍ കണ്ടു ബോധം നശിച്ചു വീഴുകയും ചെയ്യുന്ന കാഴ്ച കാണിച്ചു തരുന്നു . യാതാര്‍ത്ഥ്യങ്ങള്‍ എത്ര ഭീകരം ആണ് എന്ന് തോന്നിപ്പിക്കുന്ന അല്ലെങ്കില്‍ സ്ഥാപിക്കപ്പെടുന്ന ഈ അവസ്ഥയില്‍ സ്ത്രീ എന്നും ഈ ദുര്‍ബ്ബലത അവളില്‍ ഒരു ശാപമായി പിന്തുടരുന്നതിനെ നിഷ്ക്രിയമായി നോക്കി നില്‍ക്കുന്ന പ്രതീതി ജനിപ്പിച്ചു .

ഭര്‍ത്താവിന്റെ മരണവും പത്തു വയസ്സുകാരന്‍ ആയ ഉണ്ണിയായി അദ്ദേഹത്തിന്റെ പ്രണയ അഭ്യര്‍ത്ഥനയും ഒരുപോലെ വേട്ടയാടുന്ന ഒരു കഥയാണ് ഉണ്ണി . ഒരിടത്ത് അവള്‍ എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ ആകാതെ ഉള്ളിലേക്ക് കയറി പറ്റുന്ന ആ കുട്ടിയില്‍ തന്റെ ബാല്യത്തെയും ഭര്‍ത്താവിനെയും ഓര്‍മ്മിക്കുമ്പോഴും അദ്ദേഹം വരുന്നു എന്ന ചിന്ത അവനെ ആട്ടിപ്പായിക്കാന്‍ അല്ല പകരം മൃദുവായ ഒരു സമീപനത്തിലൂടെ നാളെ വരാന്‍ പറഞ്ഞു ഒഴിവാക്കാന്‍ ആണ് ശ്രമിക്കുന്നത് . പക്ഷെ ദൂതന്‍ കൊണ്ട് വരുന്ന മരണവാര്‍ത്തയില്‍ സമനില തെറ്റി അവനെ ചവിട്ടി പുരത്താക്കുന്ന കുറച്ചു നിമിഷങ്ങള്‍ക്ക് മാത്രമേ അവനിലെ അപരിചിതത്വം നിലനില്‍ക്കുന്നുള്ളൂ . അടുത്ത നിമിഷത്തില്‍ ജാലകത്തിലൂടെ ആ പഴയ പത്തു വയസ്സുകാരനെ തേടുന്നതിലൂടെ അവള്‍ തന്നെ കാണാന്‍ വന്ന ഭര്‍ത്താവിന്റെ ആത്മാവിനെ ആണ് ദര്‍ശിക്കുന്നത് അല്ലെങ്കില്‍ തിരിച്ചൊരു പോക്കാണ് ആ ഉണ്ണിയില്‍ കൂടി തിരയുന്നത് എന്ന് കാണാം .

അവസാനമായി വക്കീലമ്മാവനില്‍ എത്തുമ്പോള്‍ അതൊരു വിശാലമായ ക്യാന് വാസ് ആകുന്നതു കാണാം . കുറച്ചു പേര്‍ ഒന്നിച്ചു കൂടുന്ന ഒരു മൈതാനം പോലെ . അവിടെ പല നിറങ്ങളില്‍ രൂപങ്ങളില്‍ ജീവിതങ്ങളെ വരച്ചു ചേര്‍ക്കുന്നു . കൗമാരക്കാരിലെ ചാപല്യതയും യൌവ്വനത്തിന്റെ അറിയാനുള്ള യാത്രയും മധ്യവയസ്സിന്റെ നിസ്സഹായതയും ഒക്കെ നല്ല രീതിയില്‍ കാണാം ഇതില്‍ . എന്‍ജിനീയര്‍ ഒപ്പം ആല്‍മരം കാണാന്‍ പോകുന്നവളില്‍ നിന്നും തിരികെ വരുന്ന കാഴ്ച പുഴയ്ക്കക്കരെ കാത്തു നില്ക്കാന്‍ പറഞ്ഞു കടന്നു പോകുന്ന കൌമാരം ആണ് അവിടെ നിന്നും ഫ്രൈം വന്നു വീഴുന്നത് വക്കീലമ്മാവന്‍ ആഹരിക്കുവാന്‍ വേണ്ടി ബാല്യത്തെ എടുത്തു മടിയില്‍ ഇരുത്തുന്നിടത്താണ് .

ജീവിതത്തിനെ എല്ലാ ഘട്ടങ്ങളെയും , വിഷയങ്ങളെയും തൊട്ടു തലോടി കടന്നു പോകുന്ന ഈ ഒന്‍പതു കഥകള്‍ ഒരു നല്ല വായനാനുഭവം നല്‍കി എന്ന് പറയാതെ വയ്യ . മാധവിക്കുട്ടി നല്‍കിയ ശൂന്യത ഇനിയൊരിക്കലും തിരികെ കിട്ടാത്ത ആ പ്രണയ ദാഹത്തിന്റെ വിരല്‍ത്തുമ്പുകള്‍ ഒക്കെയും ഒരിക്കല്‍ കൂടി ഓര്‍മ്മയില്‍ നല്‍കി ഈ പുസ്തകം .

Sunday, January 18, 2015

രാവേ മറയരുതേ

മദഭരമീ രാവ് മറയും വരേയ്ക്കും
മമസഖി നീയെന്നെ പിരിഞ്ഞിടായ്ക
രതിസുഖനിമിഷങ്ങള്‍ പ്രിയതരയാമങ്ങള്‍
പ്രണയസുരഭില നിമിഷത്തോണികള്‍ !...(രതിസുഖ )
മദഭരമീ രാവ്‌ മറയും വരേയ്ക്കും
മമസഖി നീയെന്നെ പിരിഞ്ഞിടായ്ക

ഘനശ്യാമരാവുകള്‍ ശശികലയൊത്തു
ഇണചേരുമീ നിമിഷങ്ങള്‍
കടമെടുത്തീടുന്നു നാണം മറയ്ക്കുവാന്‍ (കട ..
കാര്‍മുകില്‍മാലതന്‍ തിരശ്ശീലയെ ( ഘന ...
മദഭരമീ രാവ്‌ മറയും വരേയ്ക്കും
മമസഖി നീയെന്നെ പിരിഞ്ഞിടായ്ക....
--------------------ബിജു ജി നാഥ്

Saturday, January 17, 2015

നാം മറ്റൊരു ലോകമാകുന്നു



ഒരു മേശയ്ക്കിരുപുറം വെറും മുഖങ്ങള്‍
നമ്മള്‍ പങ്കിടുന്നു മിഴികള്‍ കോര്‍ത്തൊരു
ജന്മമായിരം പറഞ്ഞുതീരാത്ത സ്നേഹ
ത്തിന്‍ വികാരങ്ങള്‍ തന്നനന്തസാഗരം .

ഒന്ന് ചേര്‍ന്ന് നമ്മള്‍ കണ്ടുതുടങ്ങിയ
സ്വപ്നങ്ങളില്‍ വര്‍ണ്ണങ്ങള്‍ ചാര്‍ത്തുന്നു
കാലമാം യാഗാശ്വം കുഞ്ചിരോമങ്ങള്‍
കൊണ്ട് ഭ്രാന്തമാം വേഗത്താല്‍ ചുറ്റിനും.

നമുക്കിടയില്‍ കാലം വഴിമാറിടുന്നു
രണ്ടിലപ്പൂവുകള്‍ പോല്‍ വിരിഞ്ഞു നാം
സൂര്യനെ നോക്കി ചിരിക്കുന്നു , പിന്നെ
കൂമ്പും മിഴികളാല്‍ നാണം മറയ്ക്കുന്നു .

വര്‍ഷ മേഘങ്ങള്‍ പെയ്തിറങ്ങുന്നു
ചുറ്റിലും നീര്‍ക്കുമിളകള്‍ പോലെ മൗനം
പൊട്ടിയടരുന്ന മധുരസംഗീതമായ്‌
നമ്മില്‍ പടര്‍ത്തുന്നു പുതുമണ്ണിന്‍ ഗന്ധം.
----------------------------ബിജു ജി നാഥ്

Wednesday, January 14, 2015

കനവു കാണാന്‍ മാത്രം


കനവിന്റെ കാണാക്കയങ്ങളില്‍ നീ-
യെന്റെ ചിരിയില്‍ മയങ്ങിയെന്നോ .
നിനവില്‍ നീയോര്‍ക്കാത്ത നിമിഷങ്ങളെ 
നിന്റെ, കനവുകള്‍ കവര്‍ന്നെടുത്തെന്നോ ?

സഖീ നിന്റെ ചാരത്തു വന്നിരുന്നൊരു 
മാത്ര മിഴികള്‍ നോക്കിയിരിക്കാന്‍ 
ചൊടികളില്‍ വിരിയുന്ന ഹാസസൂനങ്ങളില്‍ 
മധുവോന്നു നുകരാന്‍ കൊതിപ്പൂ .

അരികിലില്ലാത്തൊരു നിമിഷങ്ങളാണ് 
ഇന്നധികവും നമ്മിലെന്നാലും .
അകലങ്ങള്‍ വിസ്മരിക്കുന്നൊരു 
ഭ്രമകല്പ ലഹരിയില്‍ നാം ലയിക്കുന്നു .

പൊള്ളുന്നു നിന്‍ മാറിടങ്ങളില്‍ വീണൊരു 
പൊന്‍താലി തന്‍ ബന്ധനങ്ങള്‍ 
ഹൃദയത്തില്‍ ഒരുനാളും ചേര്‍ത്തു വച്ചേ-
യില്ല നിന്‍ സീമന്ത കുങ്കുമ വര്‍ണ്ണം .

വിടുതല്‍ നേടാന്‍ കഴിയാതെ പിടയുന്ന 
ജീവന്റെ നേര്‍ത്ത ഞരക്കം പോല്‍ 
അകതാരില്‍ നോവിന്റെ ശീവേലിയായി 
നിന്റെ വ്രണിതജന്മം തപിക്കുന്നോ ?

കപടമാം ലോകത്തിന്‍ നിയതിയില്‍ 
വീണു നിന്‍ സ്വപ്‌നങ്ങള്‍ കത്തിയെരിയുന്നു .
വിഫലമാം ചിന്തയായി തീരുന്നുവോ 
ഒന്ന് കുടഞ്ഞെറിഞ്ഞീടുവാന്‍ ജന്മം.

അകലങ്ങളില്‍ നാമെങ്കിലും പ്രിയേ 
ഞാനറിയുന്നു നിന്നുടെ ദുഃഖം !
അറിയുന്നു ഞാന്‍ വെറും കാഴ്ചകള്‍ 
തന്‍ സഹചാരിയാണെന്ന സത്യം 
--------------------ബിജു ജി നാഥ് 

Tuesday, January 13, 2015

ലെവല്‍ ക്രോസ്


ജീവിതത്തിന്റെ പാതകളില്‍
ഓര്‍ക്കാപ്പുറങ്ങളില്‍ മാത്രമാണ്
കാവല്പ്പുരകള്‍ ചുവപ്പ് കാണിച്ചും
വാതിലടച്ചും നമ്മെ തടയുക !

തിരക്കിന്റെ അതിവേഗതകളില്‍
തടഞ്ഞിടുന്ന ചില നിമിഷങ്ങള്‍
കാത്തു നില്‍പ്പിന്റെ നെല്ലിക്ക നീരില്‍
കാലത്തെ ഓര്‍മ്മിക്കുന്നിടങ്ങള്‍ .

തടയണകള്‍ ഭേദിച്ച് പോകുക
മൃതിയുടെ കറുത്ത കരങ്ങളിലാകാം
സ്മൃതിഭ്രംശമാകം ,നഷ്ടപ്പെടലുകള്‍
തന്‍ തീരാ ദുഖങ്ങളാകാം ശേഷിപ്പുകള്‍

ചില കാത്തുനില്പ്പുകള്‍ നല്‍കും
നഷ്ടങ്ങള്‍ നികത്തുവാനാകാതെ പോകാം
ജീവിതങ്ങള്‍ , ജീവനുകള്‍ ,ബന്ധങ്ങള്‍
തന്‍ കൂടിച്ചേരലുകള്‍, വിട്ടുപോകലുകള്‍ .

എങ്കിലും നാം കരുതിയിരിക്കേണം
ഓരോ തിരുവുകളിലും , കവലകളിലും
കൈ നീട്ടി നില്‍ക്കുന്ന , അടഞ്ഞു പോം
കാവല്‍ മാടങ്ങളെ ജാഗ്രതാമനമോടെന്നും .
-------------------------------ബിജു ജി നാഥ് 

Monday, January 12, 2015

ന്യായവിധി


വിധി പറയും മുന്നേ പ്രിയേ
തിരിഞ്ഞൊന്നു നോക്കീടുക നീ.
ഇടയില്‍ ഇടക്കണ്ണികള്‍ നീ
അറിയാതെ നഷ്ടമായിരിക്കാം .

ഒരു വാക്കു കൊഴിയുമ്പോള്‍
ഒരു ജീവിതം തകര്‍ന്നേക്കാം
ഒരു തെറ്റ് മറയുമ്പോള്‍ മുന്നില്‍
ഒരു ശരി കൂടി മരിച്ചിരിക്കാം .

കുരിശില്‍ തറയ്ക്കും മുന്നേ നീ
വായിച്ചിടുക കുറ്റപത്രം മറന്നിടാതെ .
കൈകഴുകിപിന്തിരിഞ്ഞിടായ്ക
ഇത് തിരികെവരാത്ത ജീവിതമല്ലോ .

അസത്യങ്ങളുടെ പെരുമഴയില്‍
നിനക്ക് വിഭ്രാന്തിയുണ്ടായേക്കാം
എങ്കിലും സത്യത്തിന്‍ വഴിയില്‍
എന്റെ ജീവിതമുണ്ടെന്നറിയുക .
------------------------------ബിജു ജി നാഥ് 

Sunday, January 11, 2015

ഇല്ല നീയേകിയില്ല .....

ഇല്ല , നീയെനിക്കേകിയില്ലൊരു നാളും
വാക്കിന്റെ മലീമസ
ഗുപ്തമാം വീചികളെങ്കിലും
കണ്ടിരുന്നു  നിന്നില്‍ ഞാന്‍
കാമത്തിന്‍ പരാഗരേണുക്കള്‍
വിടരും സൈകതങ്ങള്‍ .

ഇല്ല നീയെനിക്കേകിയില്ലൊരു നാളും
മോഹത്തിന്‍ കടാക്ഷങ്ങള്‍
ശരമായിട്ടെന്‍ നേര്‍ക്കെങ്കിലും
ചിന്തിച്ചിരുന്നു ഞാന്‍ നിന്നധരങ്ങളില്‍
ഒരു ചുംബനത്തിന്‍ ശീല്കാരങ്ങള്‍ തന്‍
മുളങ്കാട്‌ തീര്‍ക്കുവാന്‍ .

ഇല്ല, നീയേകിയില്ലൊരു നാളും
ആലിംഗനത്തിന്‍ വിസ്മയങ്ങളെങ്കിലും
കനവു കണ്ടിരുന്നു ഞാനെന്‍ രാവുകളില്‍
നിന്റെ നഖമുനകളെന്നില്‍
നീറുമോരോര്‍മ്മയാകുന്നത് .

ഇല്ല നീയെനിക്കൊരിക്കലും നല്‍കിയില്ല
പ്രലോഭന ക്ഷീരസാഗരത്തിന്‍ മഞ്ഞുമലകളെങ്കിലും
എന്നുമെന്‍ ഉള്‍ക്കണ്ണില്‍ പെയ്തു തോര്‍ന്നിരു-
ന്നിലകള്‍ തുടിക്കുമൊരു പേമാരിയായി
ഞാന്‍ നിന്നില്‍ വീണുറങ്ങുന്നത് .
--------------------ബിജു ജി നാഥ്

Saturday, January 10, 2015

ഓര്‍ക്കുക !

ഓർക്കുക
...............
വാക്ക് കൊണ്ട് നാം തീര്‍ക്കും 
മൃദുഹാസത്തിന്‍ തീരാമലരില്‍ 
കാത്തുവച്ചൊരോര്‍മ്മച്ചില്ലയിൽ
തീര്‍ക്കുന്നു ഞാന്‍ കൂടൊന്നിന്നു .

കാലമകന്നു പനിയ്ക്കും നാളിന്റെ 
ശീലമകന്ന നരച്ച പകലില്‍ 
വീണുറങ്ങാത്ത ഭൂമിതന്‍ നിമ്നോന്ന- 
ഗൂഢതകളില്‍ കൊക്കുരുമ്മീടുവാന്‍ .

പ്രണയാദ്യാക്ഷരങ്ങൾ കൊണ്ടിന്നു
ഹൃദയത്തിന്‍ കന്മദമുരുക്കുവാന്‍
ആര്‍ത്തലച്ചു പെയ്യും മഴയില്‍ 
ഊഷരഭൂവിലുരുൾ പൊട്ടിയൊഴുകുവാന്‍.

കര്‍ക്കടകപ്പെരുമഴ നനയും ഭൂമി -
തന്നുൾത്തടം മഞ്ഞണിഞ്ഞീടുമ്പോള്‍ 
തുഷാരബിന്ദുക്കള്‍ മുളയ്ക്കുന്നു 
വിങ്ങുമീ മണ്ണിന്‍ മാറില്‍ മാലേയമായിതാ.

നേര്‍ത്ത് പോകും വിരഹത്തിന്‍ നടുവില്‍ 
ദലപുടങ്ങള്‍ വിറയാർന്നീടുമ്പോള്‍ ,സഖേ 
ഓര്‍ത്ത്‌ വയ്ക്കുക നീ പ്ര്രണയത്തിന്റെ 
നേർത്ത ശല്ക്കങ്ങള്‍ പൊഴിഞ്ഞു നിണമുതിരാതിരിക്കുവാന്‍ .
---------------ബിജു ജി നാഥ് വർക്കല 

ചിലപ്പോള്‍ ഞാന്‍


ചിലപ്പോള്‍
ഒരു തീക്കാറ്റായി
ഭൂമിയെ മുഴുവനെരിച്ചിടാന്‍
ചുട്ടുപൊള്ളിച്ചു മദിച്ചിടുവാന്‍
കൊതിച്ചു പോകുന്നു.

ചിലപ്പോള്‍
ഒരു കൊടുങ്കാറ്റായ്
എല്ലാം കടപുഴക്കിയെറിയാന്‍
ചുഴറ്റിയടിച്ചുന്മാദം കൊള്ളാന്‍
മനം ദാഹിക്കുന്നു

ചിലപ്പോള്‍
ഒരു പേമാരിയായ്
കരകവിഞ്ഞൊഴുകുന്ന നദിയായി
ഉരുള്‍ പൊട്ടുന്ന മലയായി
പരകായം കൊതിക്കുന്നു

ചിലപ്പോള്‍
ഒരു മഞ്ഞു മലയായ്‌
ഉറഞ്ഞു കൂടും കൊടും തണുപ്പായ്
ഉരുകാന്‍ മടിച്ചുറങ്ങുന്ന
വജ്രമാകാന്‍ ശ്രമിക്കുന്നു

ചിലപ്പോള്‍
ഒരു വലിയ തിരയായി
തീരത്തിന്‍ നെഞ്ചില്‍ അലച്ചുവീഴാന്‍
കരയൊന്നാകെ കൂടെ കൊണ്ടുപോകാന്‍
തീവ്രം ശ്രമിക്കുന്നു

ഒരിക്കല്‍ പോലും
എനിക്ക് ഞാനാകാന്‍
എന്നില്‍ നില്‍ക്കാന്‍
എന്നെ തടയാന്‍
കഴിയാതെ പോകുന്നതെന്താകാം ?
..............ബിജു ജി നാഥ്

പ്രളയം കഴിയുമ്പോള്‍


ഒരേകാന്ത നക്ഷത്രം
നിന്റെ മിഴികളില്‍ പൊലിഞ്ഞണയുമ്പോള്‍
കാലങ്ങള്‍ക്ക് അപ്പുറം നിന്നാകാം
പ്രണയം പൂനിലാമഴ പൊഴിക്കുന്നുവല്ലോ.

ഇരുട്ട് വന്നു തുടങ്ങുന്നു.
എണ്ണമെഴുക്കാര്‍ന്ന നിന്‍ കപോലങ്ങളില്‍
അധരമുദ്ര പതിപ്പിച്ചു ഞാന്‍
തോരാ മഴയുടെ കുട ചൂടിയകലുന്നു .

മഴനൂലുകള്‍ ചാലിട്ടൊഴുകും
കവിള്‍ത്തടങ്ങളില്‍ ഉപ്പുരസമറിയാതെ പോകുന്നു
ഇരുട്ടുമ്മ വയ്ക്കും കാറ്റിന്‍
നനുത്ത ചുണ്ടിണകളെന്നറിയുന്നു ഞാന്‍ .

പിന്നില്‍ ചെവിയോര്‍ക്കുന്നു
ഒരു ചെറു ശബ്ദത്താലെങ്കിലും എന്റെ
പാദങ്ങള്‍ നിലയ്ക്കുവാനൊരു ദീര്‍ഘ
നിശ്വാസത്തില്‍ നിന്റെ മാറുയരുന്നതറിയാന്‍ .

പ്രളയമവസാനിക്കുമ്പോള്‍
ഒഴുകിയകലുന്ന തമസ്സില്‍ നിന്നും
നനഞ്ഞൊരു മയില്‍പ്പീലി മണ്ണു
നിനക്കായ് നല്‍കുന്നു ഞാനാമുപഹാരമായി .
-----------------------------ബിജു ജി നാഥ്

Tuesday, January 6, 2015

കപട ലോകം

സ്നേഹിക്ക വയ്യിനിയവനിയിലൊന്നുമേ
സ്നേഹിപ്പതെന്തിനീ നരകലോകത്തെയും
കാമം കരഞ്ഞുണക്കിപ്പൊടിച്ചു മധുവില്‍ 
കാരസ്കരം നുകരും അന്ധകാരം ജന്മം .

മോഹിപ്പ വയ്യിനി തരുലതാദികള്‍ തന്‍
കോമളമാം പൂവാടികളൊന്നുമേ പാരില്‍.
കത്തിക്കരിഞ്ഞ സ്വപ്‌നങ്ങള്‍ കൊണ്ടു
കാലം തീര്‍ക്കും ശില്പജീവിതങ്ങള്‍ കാണ്‍കെ .

എന്തായിരുന്നു നീയെന്റെ ചിന്തകളില്‍
എന്തായിരുന്നു നീയെന്റെ ജീവതന്ത്രികളില്‍
എന്തോ തിരഞ്ഞു അശാന്തമലയും എന്‍
കണ്ണിമകളില്‍ നീയൊരു ഹിമശൈലമിന്നു .

പ്രണയം നിറയും ചഷകം മനോഹരം
കുടിപ്പുവാന്‍ ചുണ്ടുകള്‍ ദാഹിക്കും ന്യൂനം
വൈരൂപ്യത്തിന്‍ കാനനച്ചായകളെന്നും
ഭോഗാലസ്യത്തിന്‍ ഔഷധക്കൂട്ടു മാത്രം .

സ്നേഹിക്കുവാന്‍ , ഭോഗിക്കുവാന്‍ ,
പ്രണയിക്കുവാന്‍,മാറോട് ചേര്‍ക്കുവാന്‍
വേണം നമുക്ക് മണമുള്ളതെന്തും, വേണം
മധുരവും കാന്തിയും തനിമയും തളിരും .
--------------------ബിജു ജി നാഥ്

Monday, January 5, 2015

ചില നേരങ്ങളില്‍

ഒടുവില്‍,
തിരകള്‍ പിന്മാറിത്തുടങ്ങും
മഴയുടെ നൂലുകള്‍ ആകാശത്തേക്ക് വലിയും
കാറ്റിനു കരങ്ങള്‍ നഷ്ടമാകും .

പിന്നെ
കണ്ണുകള്‍ ചിരിക്കാന്‍ പഠിക്കും
ഹൃദയം പതിവുപോലെ മിടിക്കും
നാവില്‍ സംഗീതം വിടരും .

അപ്പോഴും
പ്രണയത്തിന്റെ ആറാം വിരല്‍ തുടിക്കും
നിനക്കും എനിക്കുമിടയില്‍
മൗനം ചിലങ്കകള്‍ കെട്ടിയാടും .
---------------ബിജു ജി നാഥ്

Sunday, January 4, 2015

ചുംബനം


ഒരു ചുംബനം കരുതിവയ്ക്കുക
എനിക്കായ് മാത്രം നിന്നധരങ്ങളില്‍ .
ഹിമശൈലങ്ങളില്‍ ഉരുകാതെ
ഹിമപാതങ്ങളില്‍ ഒലിച്ചു പോകാതെ
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
എനിക്കായി കരുതുക നീയത് .

ആസക്തിയുടെ അവസാനതീരത്തു
ഒരുപുഴയുടെ മണല്‍പ്പരപ്പില്‍
ലോകം മറന്നു നിന്നെ എനിക്ക് ചുംബിക്കണം.

തണുപ്പിന്റെ വന്മലകളെ
ഒരു നിമിഷത്തിന്റെ കണികയില്‍
എനിക്ക് അലിയിച്ചു കളയണം.

ചൂടുപിടിക്കുന്ന നിന്റെ അധരങ്ങള്‍
ഒരിക്കലും മറക്കാന്‍ കഴിയാതെ,
പിരിയാന്‍ കഴിയാതെ,
എന്റെ അധരങ്ങളില്‍ കുരുങ്ങിക്കിടക്കണം....
.................................ബിജു ജി നാഥ് വര്‍ക്കല 

Saturday, January 3, 2015

ആദിത്യനും രാധയും മറ്റു ചിലരും ... എം മുകുന്ദന്‍ ..... ഒരു അവലോകനം

                   വായനയ്ക്ക് ഇത്തവണ ഞാന്‍ തിരഞ്ഞെടുത്തത് എം മുകുന്ദന്റെ "ആദിത്യനും രാധയും മറ്റു ചിലരും " എന്ന നോവല്‍ ആയിരുന്നു . മുകുന്ദന്റെ വായന എന്നത് വളരെ മനോഹരവും , യാതാര്‍ത്ഥ്യങ്ങളുടെ ലോകത്ത് വിടരുന്നതും ആയ കഥകള്‍ ആണ് . മയ്യഴിയില്‍ ജനിച്ച ഈ എഴുത്തുകാരന്‍  കേരള സാഹിത്യ അക്കാദമി അവാര്‍ഡടക്കം ഒട്ടനവധി പുരസ്കാരങ്ങള്‍ കൊണ്ട് അനുഗ്രഹീതന്‍ ആണ് . "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" , "ദൈവത്തിന്റെ വികൃതികള്‍'" , "കേശവന്‍റെ വികൃതികള്‍" തുടങ്ങി ഒരുപാട് കൃതികള്‍ നമുക്ക് സമ്മാനിച്ച മുകുന്ദന്റെ "ദല്‍ഹി " യെ തുടര്‍ന്നാണ്‌ ഞാന്‍ ഈ നോവല്‍ വായിക്കാന്‍ ഇരുന്നത് . തുടരെ ഒരേ ആളിനെ തന്നെ വായിക്കുന്നതിന്റെ സുഖം ആ എഴുത്തുകാരനെ അറിയാന്‍ സഹായിക്കുമോ എന്ന് കൂടി ഉള്ള ഒരു എത്തി നോട്ടം ആയിരുന്നു . എന്റെ വായനയില്‍ ഞാന്‍ കണ്ട മുകുന്ദന്‍ ദല്‍ഹിയില്‍ നിന്നും വളരെ വ്യത്യസ്ഥന്‍ ആയി "ആദിത്യനും രാധയും മറ്റു ചിലരിലും" തിളങ്ങി നില്‍ക്കുന്നു എന്നതാണ് .

                      ഈ കഥ ആദിത്യന്റെയും രാധയുടെയും പിന്നെ അതെ മറ്റു ചിലരുടെതും ആണ് . അക്ഷരാര്‍ത്ഥത്തില്‍ ആദിത്യന്‍ എന്നെ പിടിച്ചു നടന്നത് എവിടെയൊക്കെയോ ആയിരുന്നു . സ്ഥലകാല ബോധം നഷ്ടപ്പെട്ടവനെ പോലെ ഞാന്‍ നാനൂറു വര്‍ഷങ്ങള്‍ക്കു പിന്നിലേക്കും ഇന്നിലെക്കും അമ്പതു വര്‍ഷം മുന്നിലേക്കും ഒക്കെ ഒരു സര്‍ക്കസ് കാരനെ പോലെ ചാടി മറിയുകയായിരുന്നു . ശരിക്കും ഞാന്‍ എവിടെയാണ് എന്നത് എന്നെ അലട്ടിയ ഒരു വിഷയം ആണ് ഈ വായനയില്‍ . ആദിത്യന്‍ ഒരു സ്വപ്ന ജീവി ആയിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് ഞാന്‍ പറയും . സംഗീതമായിരുന്നു ആ മനസ്സിലെ ഏക ഇഷ്ടം എന്ന് ഞാന്‍ മനസ്സിലാക്കുന്നു അതിനെ അടിവരയിട്ടുകൊണ്ട് നോവലിന്റെ അവസാനം ഒരു പഴയ സിത്താറും വാങ്ങി തെരുവിലേക്ക് ഇറങ്ങുന്ന ആദിത്യനെ ആണ് എഴുത്തുകാരന്‍ മുന്നില്‍ എറിഞ്ഞു തരുന്നത് യാത്ര പറയാതെ .

                    ആദിത്യന്‍ ഒരു പച്ച മനുഷ്യന്‍ ആയിരുന്നു . അമ്മയ്ക്ക് വേണ്ടി ,അയാള്‍ അമ്മയുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരു മനുഷ്യന്‍ . അത് നമ്മെ ബോധ്യപ്പെടുത്തുന്ന ഒട്ടനവധി നിമിഷങ്ങള്‍ നോവലില്‍ കാണാം . അമ്മയ്ക്ക് വേണ്ടി പഠിക്കാന്‍ പോകുന്നതും , അമ്മയ്ക്ക് വേണ്ടി വിവാഹം കഴിക്കുന്നതും (അതില്‍ ഒരു തമാശ ഉള്ളത് പഠനം അമ്മയ്ക്ക് വേണ്ടി ആയിരുന്നെങ്കിലും അത് ഒരു ഭാരിച്ച പണി ആയിരുന്നു ആദിത്യന് പക്ഷെ വിവാഹം എളുപ്പം പിടിച്ച ഒരു പണി ആയിരുന്നു എന്നയാള്‍ ഓര്‍മ്മിക്കുന്നുണ്ട് .) ഒടുവില്‍ മരിച്ചു കിടക്കുന്ന അമ്മയുടെ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ കാല്‍ക്കല്‍ തന്റെ ബിരുദങ്ങളും മറ്റും നിക്ഷേപിക്കുന്നതും അമ്മയ്ക്കൊപ്പം അവയെ എരിയാന്‍ വിടുന്നതും ഒക്കെ . ഓരോ മനുഷ്യനിലും ഒരു ലക്ഷ്യവും ആശയും അഭിലാഷങ്ങളും ഉണ്ടാകും എന്നാല്‍ അവയെ മറ്റുള്ളവര്‍ നിയന്ത്രിക്കുകയും അടച്ചു വയ്ക്കാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യുക എന്നൊരു കാഴ്ച വളരെ ദുഖകരം ആണ് എന്നത് ആദിത്യന്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട് .
                 രാധ ഇപ്പോഴും ഒരു നിഴലിനുള്ളില്‍ ആണ് നിലനില്‍ക്കുന്നത് എന്ന് തോന്നും . ആദിത്യന്റെ നിഴല്‍ . അയാള്‍ക്ക്‌ വേണ്ടി മാത്രം ജീവിച്ച ഒരു പെണ്ണായിരുന്നു രാധ . മാസാമാസങ്ങളില്‍ രണ്ടു മൂന്നു ദിനങ്ങളില്‍ തന്റെ അടിവയറ്റില്‍ ഉരുണ്ടു കൂടുന്ന വേദനയുടെ നാളുകളില്‍ ഒരു പുരുഷന്റെ തോളില്‍ തല ചായ്ച്ചു വയ്ക്കാന്‍ , അത് പക്ഷെ ആദിത്യന്‍ തന്നെ ആകണം എന്നതും അവളുടെ ഒരു സന്തോഷമായിരുന്നു . ആദിത്യന്‍ എന്ന പുരുഷന്‍ തന്റെ ജീവിതത്തിലെ എത്ര പ്രധാനിയാണ്‌ എന്ന് കാണിക്കുന്നുണ്ട് ഈ ഒരു അവസ്ഥയിലൂടെ . ആദിത്യന്‍ അകലെയായ അവസ്ഥയില്‍ ഈ ദിനങ്ങളില്‍ ആദിത്യന്റെ ചുമല്‍ കൊതിച്ചു കരയുന്ന രാധയും , ആദിത്യന്‍ ഇല്ലാതെ അഗ്നിവേശിന്റെ തോളില്‍ അത്തരം ഒരു ദിവസം ബസ്സിലെ യാത്രയ്ക്കിടയില്‍ തോളില്‍ തല വച്ച് നില്‍ക്കാന്‍ ശ്രമിച്ചതും അയാള്‍ അത് തട്ടി നീക്കിയതും രാധയിലെ പെണ്ണിന് ആദിത്യന്‍ നല്‍കിയ വിശ്വാസവും പരിരക്ഷയും കാണിക്കുന്നു . പക്ഷെ ഇത് രാധയില്‍ മാത്രമായിരുന്നു ആ തോന്നല്‍ എന്നത് ആദിത്യന്‍ സുധയെ വിവാഹം കഴിക്കുന്നതിലൂടെ കാണാം . എന്നാല്‍ അവസാനം ഒരു ആത്മഹത്യയില്‍ ജീവിതത്തിന്റെ മദ്ധ്യത്തില്‍ അവള്‍ എറിഞ്ഞു കളയുന്നത് വരെ ആദിത്യനു മാത്രമായിരുന്നു അവളുടെ ശരീരം അവള്‍ പങ്കു വച്ചിരുന്നത് എന്ന് കാണാം . ആദിത്യന്‍ വിവാഹിതന്‍ ആയതിനു ശേഷവും അയാള്‍ക്കൊപ്പം അവള്‍ കിടക്ക പങ്കിട്ടിരുന്നു എങ്കിലും ആദിത്യന്‍ അവയെ എല്ലായ്പ്പോഴും കണ്ടിരുന്നത്‌ കപടതയും നാട്യവും ആയിട്ടായിരുന്നു .

               ആദിത്യന്റെ വിവാഹ ജീവിതം പക്ഷെ ഒരു പരാജയമായിരുന്നു എന്ന് കാണാം . സുധയും ഒത്തുള്ള തന്റെ ജീവിതത്തില്‍ ഒരു കുട്ടിയുണ്ടാകുക എന്ന അവളുടെ മോഹം പോലും ഒരിക്കലും പൂത്തിരുന്നില്ലല്ലോ .ആദിത്യന്‍ പില്‍ക്കാലത്ത് മദ്യത്തില്‍ അഭയം തേടിയപ്പോള്‍ സുധ കരുതുന്ന ഒരു ചിന്ത അവര്‍ തമ്മിലുള്ള അടുപ്പത്തെ കാണിക്കുന്നുണ്ട് . അമ്മയോട് പറയണം ആദിത്യന്റെ കുടി നിര്‍ത്തുവാന്‍ , അമ്മ പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും എന്നവള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു എന്ന ചിന്ത അവര്‍ തമ്മിലുള്ള അകലത്തെ നന്നായി വരച്ചു കാണിക്കുന്നു . മാത്രവുമല്ല ആദിത്യന്റെ ചിന്തകളില്‍ വിടരുന്ന ഈ വസ്തുത " വിവാഹിതയായ ഓരോ പുരുഷന്റെയും മനസ്സില്‍ മറ്റൊരു സ്ത്രീ ഉണ്ടെന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്. അതുപോലെ വിവാഹിതരായ ഓരോ സ്ത്രീയുടെ മനസ്സിലും ഒരു പുരുഷനുണ്ട് . നാം ഈ രണ്ടു വസ്തുതകള്‍ അംഗീകരിച്ചാല്‍ എല്ലാ സ്ത്രീകളും പുരുഷന്മാരും അവരുടെ ജീവിതം അവരവരുടെ മാതിരികളില്‍ ജീവിച്ചു സംതൃപ്തരായി മരിച്ചു കൊള്ളും " ചൂണ്ടിക്കാണിക്കുന്നത് ആദിത്യന്റെ യഥാര്‍ത്ഥ ആവസ്ഥയും ആണ് . ഒരു പക്ഷെ ഇതൊരു കോമണ്‍ ഘടകം ആകാം മനുഷ്യ ജീവിതത്തില്‍ എന്നത് കൊണ്ട് ആദിത്യന്‍ നമ്മില്‍ ആരോ ഒരാള്‍ ആണെന്ന് തോന്നല്‍ ശക്തമാകുന്നുണ്ട് പലപ്പോഴും .
               രാധയോടുള്ള ആദിത്യന്റെ സ്നേഹം ഒടുവില്‍ വെളിപ്പെടുന്നത് രാധ പ്രവര്‍ത്തിച്ചിരുന്നതും ആദിത്യനാഗ്രഹിച്ചിരുന്നതുമായ ചേരികളില്‍ അവസാനം തിരികെ എത്തി ഭൂമി സംരക്ഷിക്കാനായി ജീവിതം ഉഴിച്ചു വച്ച ആ പെണ്‍കുട്ടിക്ക് രാധയുടെ ആദിത്യന്‍ ആണ് ഞാന്‍ എന്ന് പറഞ്ഞു കൊണ്ട്  തനിക്കുള്ളതെല്ലാം സമര്‍പ്പിച്ചു പടിയിറങ്ങുമ്പോള്‍ മാത്രമാണ് .
                മറ്റു ചിലരായി , അഗ്നിവേശും , ബ്രുഹസ്പതി , അഭിമന്യു ജലാന്‍ , ആദിത്യന്റെ അച്ഛനും അമ്മയും .സുധ , തുടങ്ങി പല കഥാപാത്രങ്ങള്‍ ആദിത്യനേയും രാധയും ചുറ്റി നിന്നിരുന്നു . പലപ്പോഴും നോവലില്‍ നാം അടുത്ത അധ്യായത്തില്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി പറഞ്ഞറിഞ്ഞു യാത്ര ചെയ്തു . ചിലപ്പോള്‍ പത്തു കൊല്ലം മുന്‍പുള്ള ആദിത്യനോ രാധയോ നമുക്ക് മുന്നില്‍ വന്നു പോയി . ചിലപ്പോള്‍ നാനൂറു കൊല്ലം പിന്നില്‍ ആദിത്യന്‍ നില്‍ക്കുന്നത് കണ്ടു . മുഴുവന്‍ വായനയില്‍ ഒരു ഭ്രമകല്പനയില്‍ വീണുപോയ അവസ്ഥ സമ്മാനിച്ച ഈ വായന തികച്ചും സന്തോഷം നല്‍കുന്നു . തീര്‍ച്ചയായും നിങ്ങള്‍ക്കും ഈ വായന ഇഷ്ടം ആകുമെന്ന് കരുതുന്നു . വായിച്ചവര്‍ക്ക് തോന്നിയ അഭിപ്രായം ആണോ എന്റെ എന്നോര്‍ത്തു ഞാന്‍ വ്യാകുലപ്പെടുന്നില്ല കാരണം എന്റെ വായന എനിക്ക് സമ്മാനിച്ച ഈ അറിവ് അതാണ്‌ എം മുകുന്ദന്‍ എനിക്ക് സമ്മാനിച്ച സന്തോഷം . .....ബിജു ജി നാഥ് .

Friday, January 2, 2015

ആകാശമേ നീ കവിതയാകുകെന്നില്‍ !

ശ്യാമയാമമാം ചക്രവാളമേ എന്‍
മോഹമേഘങ്ങളെ നെഞ്ചോട്‌ ചേര്‍ത്തു നീ
നീലവാനിലെ താരകങ്ങളില്‍
എഴുതുന്നുവോ പ്രണയകവിതയിന്ന്  .

കണ്ണുകള്‍ വാനിന്‍ തിരശ്ശീല ഭേദിച്ച്
തേടുന്നു നിന്നുടെ ഗൂഢമാം മൗനം !
ആരുടെ കനവുകള്‍ കവര്‍ന്നെടുത്തിന്നു
നീ വരയ്ക്കുന്നൂ ജലച്ഛായ ചിത്രം .

മഴയായ് പെയ്തും മഞ്ഞായ്‌ പൊതിഞ്ഞും
മനസ്സില്‍ നീയെഴുതും കവിതകളില്‍
അലിയുന്നു പ്രണയം , മമമാനസത്തിന്‍
മദഭരരാഗങ്ങള്‍ തരംഗിണികള്‍ .

ചുവപ്പും നീലയും കറുപ്പും വെളുപ്പും
നിറങ്ങള്‍ നിറയും നിന്‍ തനുവില്‍
അലിയുമൊരു നിശ്വാസബാഷ്പമായി ഞാന്‍
അണയുമൊരു തൂവല്‍ച്ചിറകായി ഞാന്‍ !------------------------ബിജു ജി നാഥ്

Thursday, January 1, 2015

അവര്‍ പ്രണയത്തിലാണ് !


മഴ പെയ്തു തോര്‍ന്നൊരു വാനം പോലെ
മലര്‍ പൂത്തു നില്‍ക്കും വാടികള്‍ പോലെ
മമ ചിത്തം നിറയെ വിടര്‍ന്നു വിലസുന്നു
*മാതംഗി നിന്‍ മന്ദഹാസം നിലാവുപോല്‍!

കതിരുകള്‍ പൂത്തുലഞ്ഞാടുന്ന പാടങ്ങള്‍
സൂര്യകാന്തിപ്പൂക്കള്‍ നിറയും താഴ് വരകള്‍
അര്‍ക്കനകലുമ്പോള്‍ അമ്പിളിയുണരുമ്പോള്‍
കണ്ണുകള്‍ ചിമ്മിത്തുറക്കുന്നൊരാമ്പലുകള്‍.

പ്രിയനവനെ തിരയും രാധതന്‍ മിഴികള്‍
വേണുനാദം തേടും പൈക്കളെ പോലെ,
വൃന്ദാവനത്തിലെ **ഇന്ദീവരങ്ങളില്‍ നിന്‍
മാനസതോഴന്റെ ചുംബനം തിരയുന്നോ ?

മണിവീണ മീട്ടി നീ രാവില്‍ മുഴുവനും
മധുരമോലുന്നൊരു രാപ്പാടിയാകുമ്പോള്‍
പ്രിയതെ നിന്നുടെ ചാരത്തണയുമൊരു
കുളിര്‍ കാറ്റിനെന്നുടെ ഗന്ധം മണത്തുവോ.!
-------------------------------ബിജു ജി നാഥ്