Friday, October 25, 2013

ശ്മശാന നഗരം


തച്ചുടക്കപ്പെട്ട
നഗരങ്ങള്‍ക്ക്
കാവലായി ചത്ത പട്ടികള്‍ .
രക്തം കട്ടപിടിച്ച
തെരുവുകള്‍
മുയല്‍ക്കുഞ്ഞുങ്ങള്‍ തുടയ്ക്കുന്നു.

ചത്തവരുടെ നഗരത്തില്‍
വിശുദ്ധര്‍
സുവിശേഷം ചൊല്ലുമ്പോള്‍ 
ചീഞ്ഞ ശവഗന്ധം നിറച്ച
വണ്ടികള്‍ തെരുവില്‍
അലറിവിളിച്ചു പായുന്നു.

ചുടലപറമ്പുകളില്‍
കുറുനരികള്‍
കടിച്ചു വലിച്ച
ഉടലുകളുടെ മരവിപ്പില്‍ 
അബലകളുടെ
രോദനത്തില്‍
ചിതകള്‍ നീറിപുകയുന്നു .


പുല്‍നാമ്പുകളുടെ മറവുകളില്‍
രക്തത്തുള്ളികള്‍ ഇറ്റിച്ച്
കണ്ണീര്‍മഴയില്‍
പുതഞ്ഞു കിടക്കുന്നു
മാലാഖ കുഞ്ഞുങ്ങള്‍ .

ശവഭോഗം കഴിഞ്ഞു
ഗംഗാസ്നാനം നടത്തി
ഇരുളില്‍ കറുത്തപന്നികള്‍
ലങ്കോട്ടി മുറുക്കി കെട്ടുമ്പോള്‍
ആകാശം പെയ്തൊഴിയാന്‍
വെമ്പി കറുത്ത്
മൂടികിടക്കുന്നു .

വിധവകളുടെ നാഭിച്ചുഴിയില്‍
വീഞ്ഞ് പകര്‍ന്നു കൊണ്ട്
സാമ്രാജ്യം പച്ചപരവതാനി
വിരിക്കുമ്പോള്‍
മാനത്തിന്‍റെ
സുവര്‍ണ്ണ നൂലിഴ
കഴുത്തില്‍
മുറുകി മരിക്കുന്നു
ആഭിജാത്യത്തിന്‍റെ
പച്ചിലകള്‍.
-------ബി ജി എന്‍ വര്‍ക്കല --

3 comments:

  1. തച്ചുടക്കപ്പെട്ട
    നഗരങ്ങള്‍ക്ക്
    കാവലായി ചത്ത പട്ടികള്‍ .
    രക്തം കട്ടപിടിച്ച
    തെരുവുകള്‍
    മുയല്‍ക്കുഞ്ഞുങ്ങള്‍ തുടയ്ക്കുന്നു....
    മുനയുള്ള പ്രയോഗങ്ങൾ , ഇഷ്ടം!

    ReplyDelete
  2. ഇന്നിന്‍റെ ലോകത്തില്‍ പലയിടത്തും കാണാമീ നഗരം . പല പ്രയോഗങ്ങളും വളരെ ഇഷ്ടായി!! :)

    ReplyDelete
  3. പച്ചിലകൾ കൊഴിയുന്ന സമയം കാക്കുക

    ReplyDelete