Thursday, October 17, 2013

ഒറ്റമരക്കൊമ്പിലെ അനാഥ പക്ഷി

കനലെരിയുന്ന മനസ്സുമായിഈ ഉഷ്ണത്തിരയില്‍ വിശ്രമിക്കുവാന്‍ കഴിയാതെ പണിയെടുക്കുന്ന എന്റെ ജീവിതത്തിന്റെ ഉള്‍ക്കാഴ്ച്ചകളിലെങ്ങും നിന്റെ ചെറു ചിരി സാന്ത്വനമാകുന്നില്ല എന്ന ഓര്‍മ്മ എന്നെ നിരാശനാക്കുന്നു . കരളിന്റെ നോവിനെ കാണാക്കൊമ്പില്‍ ഞാത്തിയിട്ടുകൊണ്ട് കനവിന്റെ തേരില്‍ യാത്ര ചെയ്യാനാവാത്ത എന്റെ ചിന്തകളെ അക്ഷരങ്ങളുടെ ദീപികയില്‍ കൂടി നീ അനുധാവനം ചെയ്യുമോ എന്നതായിരുന്നു എന്റെ ഒടുവിലത്തെ ഭയം...!
നിരാശ ഇപ്പോഴും മനസ്സിനെ കുത്തി നോവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് . കണ്ണുനീരിന്റെ അകമ്പടിയില്ലാതെ കരയാന്‍ പഠിച്ച എന്റെ കണ്ണുകളെ ശാന്തമാണെന്നും സൌമ്യമാണെന്നും വിളിക്കാന്‍ നിന്നെ പ്രേരിപ്പിച്ച വികാരം എന്തായിരുന്നു ?
ജീവിത നൌകയില്‍ കൂടെ വരുവാനായി നീ തന്ന 
പേയ്ക്കിനാവുകള്‍ മാത്രമെന്‍ കയ്യില്‍ , എങ്കിലും 
സഖേ നീ എന്റെ ജീവിത വീഥിയില്‍ നിത്യവും 
നിമ്മല സൌരഭമായി വിളങ്ങീടണം .!
ഒരിക്കലും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വസ്തുവായി , പൂരിപ്പിക്കാന്‍ കഴിയാത്ത സമസ്യയായി ഹൃദയാന്തര്‍ഭാഗത്ത്‌ ഞാനെന്നെ കാത്തു സൂക്ഷിച്ചിടുന്നു .
നാളെയുടെ വരവിനെ കാത്തിരിക്കുമ്പോഴും , മധുരമായ ഓര്‍മ്മകള്‍ കൂട്ടിനില്ലെങ്കിലും , ജീവിക്കുവാനോ മരിക്കുവാനോ കഴിയാതെ ഞാന്‍ തിരക്കുഴിയില്‍ പെട്ടുഴലുകയാണ് . കൊതി തീരുംവരെ നിന്നെ സ്നേഹിക്കുവാണോ , മതി തീരും വരെ നിന്നെ നോക്കിയിരിക്കുവാണോ കഴിയാതെ വിങ്ങുകയാണ് എന്റെ നെഞ്ചകം .!
--------------------ബി ജി എന്‍

2 comments:

  1. പൂരിപ്പിക്കാന്‍ കഴിയാത്ത ചില സമസ്യകള്‍ എല്ലാവര്‍ക്കും എപ്പോഴും കാണും. അല്ലേ?

    ReplyDelete
  2. athe poorippikkum thorum anyamaakunna varikalil muzhumippikkanavatha sankdama baakki vaykkunnor

    ReplyDelete