Monday, October 14, 2013

ഇരട്ട ലോകത്തിന്റെ അന്തേവാസികള്‍

വിടപറയാന്‍ കൊതിക്കുന്ന
പകലിനെ പോലെ
അലതല്ലി പിരിയുന്ന
തിരമാല പോലെ
കരയുവാന്‍ വെമ്പുന്ന
ഹൃത്തിനെ നോക്കി
പടുവാക്ക് പറയാന്‍
കഴിയാതെ പോയവന്‍
ഞാന്‍ .

ഒരു ക്ഷണമാത്രയില്‍ ,
ഒരേ കിടക്കപങ്കിട്ടവര്‍
ഒരു പാതതന്നിരുപുറം
നിറകണ്ണുകളെ
സൂര്യബാഷ്പത്തിലലിയാന്‍
വിട്ടോര്‍ നമ്മള്‍ .

ഓര്‍ക്കാതെ പെയ്ത
മഴയെത്ര നനഞ്ഞവര്‍
പുഞ്ചിരിയുടെ വസന്തത്തില്‍
വേദനതന്‍ മുള്ളുകള്‍മറച്ചു 
ഒരിലമറവില്‍
തണല്‍ തേടി തളര്‍ന്നവര്‍
നാം .

കഥയെത്ര പറഞ്ഞിട്ടുണ്ടാകാം
തലയിണകളുടെ
എണ്ണമെഴുക്കുകളെത്ര
കണ്ണീരുപ്പു കുടിച്ചിരിക്കാം
പുതപ്പുകളുമിനീരില്‍
ശ്വാസം മുട്ടിയിരിക്കാം
ഇരുട്ടെത്രയോ വട്ടം
ഉഷ്ണിച്ചു പുകഞ്ഞിട്ടുണ്ടാകം
എങ്കിലും നാം
പുലരികളിലൊരിക്കലും
നനയുന്ന പീലിവിടര്‍ത്തി
നോക്കിയിട്ടിലന്യോന്യം.

ഓര്‍മ്മകള്‍ തന്‍
അക്ഷൌഹിണിയില്‍
ഞാന്‍ അഭിമന്യുവാകുന്നു.
മോഹങ്ങളുടെ വനവീഥിയില്‍
നീയഹല്യയും .
നമുക്കിരുപുറവും
തമസ്സിന്റെ ചുവപ്പടിഞ്ഞു
വഴുവഴുക്കുന്ന
ജീവിതം ഒഴുകിപരക്കുന്നു .

നാം രണ്ടിലകളാകുന്നു
എക്കല്‍ മണ്ണടിഞ്ഞ
തീരങ്ങളില്‍ തൊട്ടു തൊടാതെ
കാലത്തിന്റെ
നോട്ടുപുസ്തകത്താളുകളില്‍
കലണ്ടറിന്നക്കങ്ങളായി
 ഉരുകിയമരുന്നു ...!
-----ബി ജി എന്‍ വര്‍ക്കല ----

2 comments:

  1. പീലി വിടര്ത്തി നോക്കിയിട്ടില്ല അന്യോന്യം നല്ല വരികൾ

    ReplyDelete