Tuesday, March 22, 2022

I could not be Hindu ...................... Bhanwar Meghawanshi

I could not be Hindu (Biography)
Bhanwar Meghawanshi
Translated By Nivedita Menon 
Navayana Publishing 
Price: ₹ 240.00


 “ഒരു ക്ഷേത്രം , ഒരു ശ്മശാനം , ഒരു കിണര്‍ മനുഷ്യന്”- ഭന്‍വര്‍ മേഘവംശി

            വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളത്തിന്റെ മണ്ണില്‍ നിന്നുമുയര്‍ന്ന ഒരു സന്ദേശം “ഒരു ജാതി, ഒരു മതം , ഒരു ദൈവം മനുഷ്യന്” എന്നായിരുന്നു . സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീ നാരായണ ഗുരു മുന്നോട്ട് വച്ച ആ ആശയത്തിന് അക്കാലത്ത് ഒരുപാട് അഗാധമായ തലങ്ങള്‍ ഉണ്ടായിരുന്നു എന്നൊക്കെ പരക്കെ വായിക്കപ്പെടുന്നുണ്ടെങ്കിലും അതേതു മതം , ദൈവം , ജാതി എന്നൊരു ചോദ്യം നിശബ്ദമാക്കപ്പെടുകയാണ് ഉണ്ടായത് . അതിനുത്തരം എന്നതുപോലെ അരുവിപ്പുറത്ത് അതേ ഗുരു തന്നെ ഒരു പ്രതിഷ്ഠയിലൂടെ കാണിച്ചുതന്നതും ചരിത്രം. ശങ്കരാചാര്യര്‍ കൊളുത്തിവിട്ട ഹൈന്ദവ മതത്തിന്റെ ഉദ്ധാരണം അതിന്റെ സകല വിധ പ്രഭാവത്തോടെ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു എന്നയറിവ് വളരെ ലഘൂകരിച്ചു കാണേണ്ട ഒന്നല്ലല്ലോ. ഉത്തരേന്ത്യയുടെ മണ്ണില്‍ ചാതുര്‍വര്‍ണ്യം ആര്യാധിനിവേശം മുതലേ നിലവിലുള്ള ഒരു വസ്തുതയാണ് . എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോളം വരെയെങ്കിലും കേരളത്തിനു പരിചയമില്ലാത്ത ഒരു സംഗതിയായിരുന്നത് . ഉത്തരേന്ത്യന്‍ ബ്രാഹ്മണരെ ദക്ഷിണേന്ത്യയിലേക്ക് ആദരിച്ചാനയിക്കപ്പെടുംവരെയും അതങ്ങനെ ഒരറിവ് മാത്രമായിരുന്നു എന്നു കാണാം. കാലാന്തരത്തില്‍ ഇന്ത്യയാകമാനം ചാതുര്‍വണ്യം ഒരു വൈറസ് പോലെ പടര്‍ന്ന് പിടിക്കുകയും ദുര്‍ബ്ബലരായ മനുഷ്യരെ അത് ബാധിക്കുകയും ചെയ്തു. ഇന്ന്, ഈ നൂറ്റാണ്ടില്‍ പോലും അത് മനസ്സില്‍ നിന്നോ സമൂഹത്തില്‍ നിന്നോ നഷ്ടമാകാത്ത വിധം നിലനില്‍ക്കുന്നുമുണ്ട് . എങ്കില്‍പ്പോലും വിദ്യാഭ്യാസവും, സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളും, രാഷ്ട്രീയ പുരോഗതിയും ദക്ഷിണേന്ത്യയില്‍ നിന്ന് ആ ഒരു ചിന്തയെ ഭാഗികമായെങ്കിലും നീക്കം ചെയ്യാന്‍ കഴിഞ്ഞു എന്നു കാണാം . പക്ഷേ ഉത്തരേന്ത്യ ഇന്നും അതിന്റെ പിടിയില്‍ നിന്നും ഭാഗീകമായ് പോലും മുക്തമല്ല എന്നതാണു ഖേദകരമായ വസ്തുത . സമകാലീന ഇന്ത്യയുടെ ചരിത്രത്തെ പരിശോധിക്കുകയാണെങ്കില്‍ വ്യക്തവും ദൃഢവുമായ മനുവാദ ചിന്തകള്‍ ഒരിക്കല്‍ക്കൂടി തിരികെ വരുത്തുവാന്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമൂഹത്തെ ആഹ്വാനം ചെയ്യുന്നതായി സംശയിക്കേണ്ടതിൻ്റെ ഒരുപാട് കാരണങ്ങള്‍ കാണാന്‍ കഴിയും . ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെ മൃദുവായി കാണേണ്ട ഒന്നല്ല സംഘ പരിവാര്‍ രാഷ്ട്രീയം . ഒരു നൂറ്റാണ്ടിന് പിറകിലേക്ക് ജനതയെ നയിക്കുകയും ലോകത്തിന് മുന്നില്‍ കപട വികാസ മുഖം കാട്ടുകയും ചെയ്യുന്നതായി സംശയിക്കാതിരിക്കാന്‍ ഒരു നിര്‍വ്വാഹവുമില്ല . ഉത്തരേന്ത്യ സവര്‍ണ്ണ മേധാവിത്വത്തിന്റെ പിടിയില്‍ ആണെന്നതിനാല്‍ത്തന്നെ അവര്‍ക്കതൊരു പുതിയ വിഷയമല്ല. ഒരലങ്കാരം പോലെ അവരത് ശിരസ്സില്‍ വഹിക്കുന്നു . പക്ഷേ ദക്ഷിണേന്ത്യ അതില്‍ നിന്നും മുക്തമായി വരാന്‍ ശ്രമിക്കുമ്പോള്‍  സവര്‍ണ്ണത ദക്ഷിണേന്ത്യയെക്കൂടി അവരുടെ കൂട്ടത്തിലേക്ക് പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുന്നു. ഭന്‍വാര്‍ മേഘവംശി എന്ന മനുഷ്യന്‍ രാജസ്ഥാനില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ ആണ് . അതിനപ്പുറം അദ്ദേഹം പ്രസക്തമാകുന്നത് സംഘ പരിവാറിന്റെ രാഷ്ട്രീയ സ്വയം സേവക് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു ശരാശരി ഉത്തരേന്ത്യന്‍ ഹിന്ദുത്വവാദി ആയിരുന്നുവെന്നതും , പക്ഷേ ഇന്നാ പ്രസ്ഥാനത്തിന്റെ ശത്രുവായി വേട്ടയാടപ്പെടുകയും പ്രസ്ഥാനത്തില്‍ നിന്നും സ്വയം പുറത്തു പോയി സത്യങ്ങള്‍ വിളിച്ച് പറയുകയും ചെയ്ത ഒരാള്‍ എന്ന നിലയിലാണ് . പൂണൂല്‍ധാരികളായ മനുഷ്യര്‍ സൃഷ്ടിക്കുന്ന വരകളിലൂടെ, വരികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരും . ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ ഇടങ്ങളില്‍ തരം തിരിക്കപ്പെട്ടവര്‍. ഒരേ കുളത്തില്‍ നിന്നും കുളിക്കാനോ ജലമെടുക്കാനോ കഴിയാത്ത മനുഷ്യര്‍. അവര്‍ നോക്കിനില്‍ക്കുമ്പോള്‍ അതേ ജലം കുടിക്കുകയും കുളിക്കുകയും ചെയ്യുന്ന കന്നുകാലികള്‍ . ഒരേ പാത്രത്തില്‍ നിന്നും കഴിച്ചും ഒരേ കിടക്കയില്‍ കിടന്നും സ്നേഹം നേടുന്ന വളര്‍ത്ത് മൃഗങ്ങളും പക്ഷികളും . പക്ഷേ അതേ സാഹോദര്യത്തിന്റെ , സ്നേഹത്തിന്റെ ഒരു ചെറിയ പങ്ക് പോലും ലഭിക്കാത്ത മനുഷ്യര്‍ . അവരെയും നമ്മള്‍ മനുഷ്യരെന്നു തന്നെയാണ് വിളിക്കുന്നതെന്നത് തമാശയായി തോന്നുന്നില്ലേ ? അധഃകൃതനെന്ന കാരണത്താല്‍ എങ്ങുമെത്താന്‍ അനുവദിക്കാതെ , അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിനു മനുഷ്യരുടെ പ്രതീകമാണ് ഈ മനുഷ്യന്‍ . സമൂഹത്തില്‍ തനിക്കുള്ള വിലയെന്തെന്ന് ഓരോ മനുഷ്യര്‍ക്കും കാട്ടിക്കൊടുക്കുന്ന, കൊടും ക്രൂരതകള്‍ വായിക്കുമ്പോള്‍ ഇപ്പൊഴും നാം ജീവിക്കുന്നതു  സാംസ്കാരികമായി ഉന്നതിയിലുള്ള ഒരു ലോകത്താണോ എന്ന സംശയം ഉടലെടുക്കുന്നുണ്ട് . ഇന്ത്യയിലെ താലിബാനികള്‍ ആണ് സംഘപരിവാര്‍ ചിന്താഗതികള്‍ ഉള്ള മനുഷ്യര്‍ എന്നു പറയാന്‍ ഒരു വ്യസനവും അതിനാല്‍ ഉണ്ടാകുന്നില്ല . ദളിതരായ മനുഷ്യരെ തല്ലുകൊള്ളാനും ,കൊല്ലാനും ഉപയോഗിയ്ക്കുന്ന നൃശംസതയെയാണ് സംഘ പരിവാര്‍ ആശയ വികസനം എന്നു പറയേണ്ടത് . പച്ചയായ മുസ്ലീം വിരോധം കൗമാരക്കാരില്‍ കുത്തിവയ്ക്കാന്‍ ആണ് ശാഖകള്‍ ഉപയോഗിക്കുന്നത് എന്ന വെളിപ്പെടുത്തല്‍ വലിയ ആശ്ചര്യമൊന്നും നല്‍കുന്നില്ല . സിമിയും മറ്റ് തീവ്രഇസ്ലാം ചിന്താഗതികള്‍ / ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളിലും സംഭവിക്കുന്നത് ഇത് തന്നെയാണല്ലോ. മൃദു ഹിന്ദുവും തീവ്ര ഹിന്ദുവും എന്നു ഹൈന്ദവ പക്ഷത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഉത്തരേന്ത്യന്‍ ജീവിതത്തില്‍ പ്രത്യേകിച്ചും ഗുജറാത്തില്‍ താമസിക്കുമ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഉന്നതവിദ്യാഭ്യാസമുള്ള ഗുജറാത്തിയുവാവ് പറഞ്ഞ ഒരു കാര്യം ഈ പുസ്തകം വായിക്കുമ്പോള്‍ വീണ്ടും തികട്ടി വന്നു . അയാള്‍ അന്ന് 2005ല്‍ പറഞ്ഞത് കോളേജിലെ മുസ്ലീം പെങ്കുട്ടികളെ ഞങ്ങള്‍ വളച്ചെടുത്ത് ഭോഗിക്കാറുണ്ട് . ഒരു മുസ്ലീം പെണ്ണിനെ ഭോഗിച്ചാല്‍ നൂറു പശുക്കളെ ഊട്ടിയതിന് തുല്യം പുണ്യം ലഭിക്കും. ഇതേ വസ്തുത ഈ പുസ്തകത്തില്‍ ലേഖകന്‍ പങ്കുവയ്ക്കുമ്പോള്‍ ആണ് ഇത് ഉത്തരേന്ത്യയിലെ പൊതുവായ സംഘ പരിവാര്‍ സന്ദേശങ്ങളില്‍ ഒന്നാണ് എന്ന തിരിച്ചറിവു ഉണ്ടാകുന്നത് . ഇത്തരം ഒരുപാട് ദുഷ്പ്രചാരങ്ങള്‍ മുസ്ലീംങ്ങൾക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ശാഖകള്‍ വഴി കൗമാരക്കാരെ പഠിപ്പിക്കുന്നത് കൊണ്ടാകണമല്ലോ അവര്‍ക്ക് ത്രിശൂലവും വാളും കൊണ്ട് തെരുവുകളില്‍ ഗര്‍ഭിണികളെ പോലെ കീറി മുറിക്കാന്‍ കഴിയുന്നത് , സ്ത്രീകളെ കൂട്ട മാനഭംഗം ചെയ്യാന്‍ മനസ്സ് വരുന്നത് . പ്രത്യക്ഷത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് സംഘ പരിവാര്‍ ആശയങ്ങളോട് ആഭിമുഖ്യം കുറവാണെങ്കിലും തുടര്‍ച്ചയായ പ്രചരണങ്ങളും കപട വാര്‍ത്തകളും കൂട്ടത്തില്‍ മുസ്ലീം തീവ്ര പക്ഷക്കാരുടെ പ്രവര്‍ത്തികളും ഹിന്ദു ആശയങ്ങളെ സ്വീകരിക്കാന്‍ മാനസികമായ ഒരു അവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട് . അടുത്തകാലത്ത് ഉണ്ടായ ചില മലയാളസിനിമകളും , ഉത്തരേന്ത്യൻ വാര്‍ത്തകളുടെ തുടര്‍ സംപ്രേക്ഷണങ്ങളും കാശീര്‍ ഫയല്‍ പോലുള്ള ഹിന്ദിസിനിമകളുടെ വമ്പിച്ച പ്രചാരണം ഒരു പ്രധാനമന്ത്രി തന്നെ സ്വയം ചെയ്യുന്നതും ഇവയ്ക്ക് നല്ല രീതിയില്‍ വളം വച്ചുകൊടുക്കുന്നുണ്ട് .
        സംഘ പരിവാര്‍ ശാഖയില്‍ നിന്നും പുറത്തു കടന്ന ലേഖകന്‍ നിലനില്‍പ്പിനായി പിന്നെ അലയുകയായിരുന്നു . ബുദ്ധമതം, ജൈനമതം ഇവയൊക്കെ ഹിന്ദുമതത്തിന്റെ പിരിവുകള്‍ ആണെന്നതിനാല്‍ ക്രൈസ്തവ മതം , ഇസ്ലാം മതം തുടങ്ങിയ ഓപ്ഷനുകള്‍ ആലോചിക്കുകയും ശ്രമിക്കുകയും ചെയ്യുകയും ഒടുവില്‍ സ്വന്തം മതത്തില്‍ തന്നെ തുടരുകയും ചെയ്യുന്ന ഭന്‍വര്‍ മേഘവംശി ഈ പുസ്തകത്തിലൂടെ ഒരുപാട് സാമൂഹ്യ വിഷയങ്ങളെ അഡ്രസ് ചെയ്യുന്നുണ്ട് . ദളിത ലോകത്തിന്റെ അറിവില്ലായ്മയും ഹൈന്ദവതയുടെ കൊടി പിടിക്കാനുള്ള ത്വരയും ഒക്കെ വിമര്‍ശനാത്മകമായി അദ്ദേഹം ഇതില്‍ പറയുന്നുണ്ട് . തീര്‍ച്ചയായും വായനയില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പുസ്തകം തന്നെയാണിതെന്ന കാര്യത്തില്‍ സംശയമില്ല . സസ്നേഹം ബിജു ജി.നാഥ്

No comments:

Post a Comment