Tuesday, March 8, 2022

ഹൃദയഗീതകം

ഹൃദയഗീതകം
............................
അരിയദുഃഖം കടഞ്ഞെടുത്തിന്നൊരു
ഹൃദയഗീതകം ഞാന്‍ കുറിച്ചീടുന്നു.
പരക്കെ വാനില്‍ പറന്നൂനടക്കുവാന്‍
മനസ്സിലാഗ്രഹം ബാക്കിവയ്ക്കുന്നു ഞാന്‍.

ഇവിടെയെത്രയോ പൂക്കള്‍ മനോഹരം
ഇവിടെയെത്രയോ ഗാനം മോഹനം.
ഇവിടെയെല്ലാ മനസ്സുകള്‍ക്കുള്ളിലും
നിറയുമാനന്ദമധുപാത്രശേഖരം.

കിളികള്‍ പാടുന്നത്രെയോ സാന്ദ്രമായ്
നദികള്‍ ഒഴുകുന്നു നൃത്തവിലോലവും.
മഴവില്‍ വിരിയുന്നോരാകാശമേലാപ്പും
മഴപൊഴിയുന്ന പുലര്‍കാലഭംഗിയും.

ശലഭചിറകുകള്‍ തന്‍ മനോരമ്യമാം
നിറ വസന്തം എത്ര ചേതോഹരം!
എങ്കിലും തപ്തമെൻ ഹൃത്തിൽ നിറയും
വേദനകൾക്കില്ല ലേപനമൊന്നും പാരിൽ.

പൂവ് ചൊല്ലുന്നു ശലഭമേ നീയെന്നിലെത്ര
മധുനുകർന്നീടികിലും തെല്ലില്ലെന്നിൽ വേദന.
ഇല്ല നീ പറഞ്ഞീടല്ലേ ഓർക്കാതെ പോലുമേ
നിന്നെ ഞാൻ പ്രണയിച്ചീടുകെന്നൊരിക്കലും.

എത്ര വേദനയാകുമാ വാക്കുകൾ ഓർക്കുക
നല്കുന്നൊരീ ശപ്തമാം ജീവിതം തന്നിലും.
എങ്കിലും നിന്നെ ഓർത്തു പോകുമ്പോൾ ഞാൻ
ബാക്കി വയ്ക്കുന്നെൻ യാത്രകൾ മുന്നോട്ട്..

കാടുണ്ട് മേടുണ്ട് വാനുണ്ട് കടലുണ്ട് ചുറ്റിലും
വസന്തം വേനൽ മഴയും തണുപ്പുമായ് പ്രകൃതിയും
കൂട്ടുണ്ട് പാട്ടുണ്ട് ഉല്ലാസമേതുമുണ്ടെൻ ചാരെ.
ഇല്ലാത്തതായുള്ളതൊന്ന്, നിൻ പ്രണയം മാത്രം.!!
@ബിജു. ജി.നാഥ്

No comments:

Post a Comment