Sunday, March 6, 2022

നിശബ്ദമാക്കപ്പെടുന്ന ഉടലുകള്‍


നിശബ്ദമാക്കപ്പെടുന്ന ഉടലുകള്‍
-----------------------------------------

നിങ്ങളെപ്പോഴെങ്കിലുമൊരു പെണ്ണുടലില്‍ നോക്കിയിട്ടുണ്ടോ ?
കണ്ണുകളില്‍ കാമമില്ലാതെ.
ഉള്ളില്‍, പെണ്ണെന്ന ചിന്തയില്ലാതെ
ശരീരത്തിന്റെ ഭംഗി നോക്കാനല്ലാതെ
നിങ്ങള്‍ക്കെപ്പോഴെങ്കിലുമതിന് കഴിഞ്ഞിട്ടുണ്ടോ?

അടുക്കളപ്പുകയിലും കരിയിലും കുഴഞ്ഞ
(അതിനിന്നെവിടെയാ ആ അടുക്കള എന്നോര്‍ക്കുന്നവര്‍ നഗരവാസികളാകണം)
അലക്കുകാരത്തിലും ഫിനോയിലും കുതിര്‍ന്ന
വിയര്‍പ്പും മണ്ണും കൂടിക്കുഴഞ്ഞ
ഒരുടലിനെ മടുപ്പില്ലാതെ നോക്കിയിട്ടുണ്ടോ?

തിളച്ചുരുകുന്ന ഗ്രീഷ്മത്തിലും
തണുത്തുറയുന്ന ശിശിരത്തിലും
വരണ്ട് പൊട്ടുന്ന കാറ്റിലും
ആര്‍ത്തലച്ച മഴയിലും നനഞ്ഞവള്‍.
ഒരുടലെന്ന വെറും കാരണത്താല്‍ നഗ്നമാക്കപ്പെടുമ്പോള്‍
നിങ്ങള്‍ക്കെപ്പോഴെങ്കിലും ലജ്ജ തോന്നിയിട്ടുണ്ടോ ?

മരിച്ചു കിടക്കുന്ന വേളയിലെങ്കിലും
ചോര പുരണ്ട ശരീരത്തിനപ്പുറം
മുറിഞ്ഞുപോയ അവവയങ്ങള്‍ക്കപ്പുറം
ചീഞ്ഞളിഞ്ഞ ശരീരമെന്നതിനപ്പുറം  
ഒരു മനുഷ്യനെന്ന നോട്ടം നിങ്ങളില്‍ ഉണ്ടായിട്ടുണ്ടോ ?

പെണ്ണുടലെന്നാല്‍ മറ്റൊരു ജീവനാണെന്നും
മനസ്സും വികാരവും വിചാരവും നിറഞ്ഞ
കഴിവും ശക്തിയും ബുദ്ധിയും കുറവല്ലാത്ത,
ഇതേ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ള
ഒരാളെന്ന് നിങ്ങള്‍ കരുതുമ്പോള്‍ ഒരു മനുഷ്യന്‍ ജനിക്കുന്നു.
@ബിജു ജി.നാഥ്





No comments:

Post a Comment