വെറുതെ
വഴിയോരം കാത്തു നില്‍ക്കുന്നോര്‍
അവര്‍ പരസ്പരം പരാതികള്‍
പറയുകയായിരുന്നു .
എന്നോ നഷ്ടപ്പെട്ട പ്രണയത്തെ,
കളഞ്ഞുപോയ മഞ്ചാടിമണികളെ,
വിരസമായ രാവുകളെ,
മറന്നുപോയ മധുരങ്ങളെ,
ഓര്‍മ്മയില്‍ കുത്തുന്ന മുള്ളുകളെ....
ഒക്കെയും അവര്‍
പങ്കുവയ്ക്കുകയായിരുന്നു.
കണ്ണാടിമാളികള്‍ പണിഞ്ഞും,
ചിരിയുടെ മുഖാവരണം പൊതിഞ്ഞും,
കണ്ണീരിന്റെ നനവുകളെ മറയ്ക്കുകയായിരുന്നു.
എനിക്ക് നീയെന്ന വാഗ്ദാനം
പരസ്പരം പറഞ്ഞുറപ്പിക്കുകയായിരുന്നു .
അപ്പോഴും, അവര്‍ക്കിടയില്‍ നിലാവ് അന്യമായിരുന്നു .
അഴിഞ്ഞു വീഴുന്ന ഉടയാടകളുടെ അസഹ്യതയും
കളഞ്ഞു പോകുന്ന സ്വത്വവും
അന്യമായേക്കാവുന്ന ഇഴയടുപ്പങ്ങളും
അവരെ ആശങ്കയിലാഴ്ത്തുന്നുണ്ടായിരുന്നു
.
അവര്‍ക്ക് പറക്കാന്‍
ആകാശമുണ്ടായിരുന്നു.
പക്ഷേ, അവര്‍ക്ക് സ്വപ്നം കാണാന്‍
സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
അവരുടെ സ്വപ്നങ്ങള്‍ക്ക് പലപ്പോഴും
ഇല്ലാതിരുന്നത് ഐക്യമായിരുന്നു. .
അതുകൊണ്ടാകണം...
അതുകൊണ്ട് മാത്രമാകണം
അവരിങ്ങനെ ഇരു ദിശകളിലേക്ക് മുഖംതിരിച്ച്
വേദനകളെ മറച്ചു പിടിച്ചു,
വേർപിരിയാന്‍ വേണ്ടി ശ്രമിക്കുന്നത് .
പാഴായിപ്പോകുമെന്ന ഉറപ്പോടെ തന്നെ
വാഗ്ദാനങ്ങള്‍ നല്‍കി
സമാശ്വസിപ്പിക്കുന്നത് .
അതിനാലാകണം,
അവര്‍ക്കിങ്ങനെ പൊതുവഴിയില്‍
അന്യരായി നില്‍ക്കേണ്ടി വരുന്നത് .
തികച്ചും അന്യമായി
തികച്ചും ഏകമായി .
@ബിജു ജി നാഥ്
No comments:
Post a Comment