Tuesday, March 8, 2022

നിലവിളികൾക്കയഥാർത്ഥ രൂപങ്ങൾ മാത്രം.

 നിലവിളികൾക്കയഥാർത്ഥ രൂപങ്ങൾ മാത്രം.

ചിലപ്പോഴത് പൊട്ടിത്തെറിച്ചൊരു
ഷെൽച്ചീളിൽ തുളഞ്ഞ
ചോരക്കട്ടയാണ്.
മറ്റു ചിലപ്പോൾ
കടൽത്തീരത്ത് മണൽ തിന്നുന്ന
പാവക്കുട്ടിയുമാകാം.
ചിലപ്പോഴതിന് മൃഗമാംസത്തിന്റെയോ,
തുകലിന്റെയോ ഗന്ധമാകും.
ചവിട്ടുകൊണ്ടു തകർന്ന കശേരുക്കളുമായ്
മലഞ്ചെരുവിലെ നിശബ്ദതയിൽ പതിഞ്ഞു കിടക്കുന്ന
ഉറുമ്പരിക്കുന്ന ചോരക്കട്ടയുള്ള യോനിയുമാകാം.
നിലവിളികളിൽ എപ്പോഴും ഉണ്ടാവുക
ഇരയായിപ്പോയവരുടെ ദീനതയും
ഒറ്റപ്പെടുത്തലുകളുടെ വിഹ്വലതയും.
എണ്ണത്തിൽ കുറവെന്ന രോദനവുമാണ്.
വിശപ്പ് മാറുമ്പോൾ
അറിവ് കൂടുമ്പോൾ
മാറുന്ന ചിലതുണ്ടല്ലോ ജീവിതത്തിൽ;
ഒറ്റപ്പെട്ട സമൂഹങ്ങളായും
വേറിട്ട രൂപങ്ങളായും
ഉളളിൽ നിറയുന്ന സ്വത്വചിന്തകളായും
വെറുപ്പിന്റെ ഭൂപടം വരയ്ക്കുകയും
ഒടുവിൽ,
വിശ്വാസങ്ങളുടെ പരകോടിയിൽ
തങ്ങളിൽ തങ്ങളിൽ ചോരപൊടിയിക്കും.
ഒന്നുമില്ലെന്ന സമാശ്വസിക്കലിൽ
ഉറങ്ങാൻ കഴിയുന്നവരുടെ ലോകമാണിത്.
സ്വന്തം പാദം നനയുവോളം 
പ്രളയമെന്നത് കേൾവി മാത്രമാകുന്ന ലോകം.
@ബിജു ജി.നാഥ്

No comments:

Post a Comment