Thursday, March 3, 2022

തനിച്ചു നടക്കാൻ പഠിക്കുമ്പോൾ..

തനിച്ചു നടക്കാൻ പഠിക്കുമ്പോൾ..
..................................................................
കടുത്ത വേനലിന്‍ മാറില്‍ നിന്നാകണം 
തുടുത്ത മുഖവുമായ് കടന്നു വന്നൊരുനാള്‍ ,
ഇടക്കിടെ പിണക്കവും പിന്നിണക്കവും 
ചുണ്ടില്‍ ഒളിപ്പിച്ച കുസൃതിയുമായൊരാള്‍ !

നിനക്കു പേരിടുന്നതിന്‍ മുന്നേ ഞാന്‍ 
തിരഞ്ഞു നീയെന്തെന്നുമേതെന്നും 
അറിഞ്ഞതില്ല നിന്‍ പിന്നിലെ വഴികളില്‍ 
മറഞ്ഞിരിക്കുന്ന സമസ്യകളൊന്നുമേ.

നനഞ്ഞ സന്ധ്യകള്‍ ഈറന്‍ പടര്‍ത്തും
മിഴികള്‍ക്കേയറിയൂ വേര്‍പാടിന്നാഴം.
ഇരുണ്ട രാത്രിമൗനങ്ങള്‍ പകച്ചുനില്ക്കും 
നിശ്വാസങ്ങള്‍ക്കേയറിയൂ വിരഹവ്യഥ.

പറന്നു തുടങ്ങുവാൻ കൊതിച്ചൊരാ നേരം
ഇറുന്നു പോയൊരാ ചിറകിന്നെയോർത്ത്
കലങ്ങിയൊഴുകും മിഴികളുമായി നീ
അടഞ്ഞ മുറിയോരം തളർന്നു കിടന്നതും

ഇടറും പാദങ്ങൾ പെറുക്കി വച്ചിന്നിപ്പോൾ
നടന്നു ശീലിക്കാൻ പഠിക്കുന്ന നേരം.
വിരുന്നു വന്നവൻ ഞാന,ഹങ്കാര
തിമിരമോടെ നിൻ കൈ പിടിക്കാനായുന്നു.

പകച്ചുപോകിലും തിരികെ നടക്കാതെ
കുടഞ്ഞെറിഞ്ഞെൻ്റെ കൈയേവം
നടന്നു മുന്നോട്ടു മിഴികൾ ഉയർത്തി നിൻ,
വഴികൾ അടയുന്ന ദിശയത് തിരഞ്ഞിന്ന്.
@ബിജു ജി.നാഥ്

No comments:

Post a Comment