Saturday, March 12, 2022

ഖഡ്ഗ രാവണന്‍ പ്രണയിച്ചപ്പോള്‍ ........................ പ്രവീണ്‍ പി. ഗോപിനാഥ്

 

ഖഡ്ഗ രാവണന്‍ പ്രണയിച്ചപ്പോള്‍ (നോവല്‍ )

പ്രവീണ്‍ പി. ഗോപിനാഥ്

നോര്‍ത് കാര്‍ട്ടര്‍ പബ്ലീഷിംഗ് ഹൌസ്

വില : ₹ 120.00

 

            രാമായണവും മഹാഭാരതവും ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട രണ്ടു ഭാരതീയ ഇതിഹാസ കഥകള്‍ ആണ് . കഥകള്‍ എന്നതിനപ്പുറം കഥാസാഗരം ആണെന്ന് പറയാം . ഇവയോട് അനുബന്ധിച്ച് പല വിധങ്ങളായ ഉപകഥകള്‍ രാജ്യമൊട്ടാകെയും പുറത്തും ലഭ്യമാണ് . വാമൊഴിയായും വായനയായും സിനിമയും സീരിയലും ആയും പല പല കാലങ്ങളായി ഇവ ഭാരതമനസ്സുകളില്‍ ഭക്തിയോടെയും വിഭക്തിയോടെയും നിലനില്‍ക്കുന്നുണ്ട് . രാമായണം എന്ന കൃതിയില്‍ പ്രതിപാദിക്കുന്ന ധര്‍മ്മത്തെയും നീതിബോധത്തെയും ചോദ്യം ചെയ്യുന്ന അനവധി പഠനങ്ങള്‍ , കഥകള്‍ , കവിതകള്‍ തുടങ്ങി പലവിധ കലാരൂപങ്ങള്‍ ലഭ്യമാണ് . വയലാര്‍ തന്റെ കവിതയിലൂടെ രാവണപുത്രി എന്നൊരു ഭിന്ന ചിന്ത മലയാളമനസ്സില്‍ ആഴത്തില്‍ സീതയെക്കുറിച്ച് വരച്ചിടുന്നുണ്ട് . ഇത്തരം വിയോജനക്കുറിപ്പുകള്‍ കൂടിയില്ലാതെ രാമായണത്തെ വായിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് കരുതുന്നില്ല . സ്വതന്ത്രങ്ങളായ വ്യാഖ്യാനങ്ങള്‍ പലതും അതിനാല്‍ തന്നെ വായനക്കാരന് രുചിക്കാന്‍ ലഭ്യമാകുന്നു . ദുഷ്ടതയുടെ പത്തു തലകളും, വ്യാഖ്യാനങ്ങളുടെ പത്തു തലകളും രാവണന് ഒരുപോലെ വായനക്കാര്‍ പതിച്ചു നല്കുന്നുണ്ട് . ഇവിടെ ഖഡ്ഗ രാവണന്‍ പ്രണയിച്ചപ്പോള്‍ എന്ന നോവലിലൂടെ ശ്രീ പ്രവീണ്‍ പി. ഗോപിനാഥ് എന്ന യുവ എഴുത്തുകാരന്‍ രാവണന്റെ പ്രണയത്തെ വരച്ചിടുന്നു . സര്‍വ്വം സഹയായ ഭൂമീദേവി എന്ന ബിംബത്തെ രാവണന്റെ പ്രണയിനിയായും സീത രാവണന് ഭൂമീദേവിയില്‍ പിറക്കുന്ന മകളായും കഥാകാരന്‍ വിലയിരുത്തുന്നു .

 

            രാവണന്റെ ജീവിതത്തെ സമകാലീന എഴുത്തുകാരില്‍ നീലകണ്ഠന്‍, അമീഷ് എന്നിവരിലൂടെ വ്യത്യസ്തവും മാനുഷികവുമായ തലങ്ങളിൽ അടയാളപ്പെടുത്തുന്ന വിധത്തിലുള്ള കൃതികള്‍ വന്നു കഴിഞ്ഞതാണ് . അക്കൂട്ടത്തില്‍ മലയാളത്തിലെ അവസാനത്തെ എന്നു പറയാന്‍ കഴിയില്ലെങ്കിലും, പഠനമായി പ്രവീണ്‍ പി ഗോപിനാഥ് അവതരിപ്പിക്കുന്നു ഈ നോവലില്‍ . അജയ്യനായ പോരാളിയും , ഭയമില്ലാത്ത മനുഷ്യനുമായ രാവണന്‍ പ്രണയത്തിലാകുന്നത് ഭൂമീദേവിയില്‍ ആണ് . അവൾക്ക് വേണ്ടി എന്തും ത്യജിക്കാനും, എന്തും ചെയ്യാനും തയ്യാറാകുന്ന ഒരാളായി രാവണന്‍ നിലകൊള്ളുന്നു . തന്റെ രാജാവിനെ വധിച്ചു കൊണ്ട് ഭൂമീദേവിയെ രക്ഷിക്കുന്ന രാവണന്‍ അവളെ പ്രണയിച്ചു തുടങ്ങുന്നു . ഭൂമീദേവിയും, രാവണന്‍ എന്ന ധിക്കാരിയായ അസുരന്റെ രൂപത്തെ തൻ്റെ ഉള്ളിൽ ആവാഹിക്കുന്നു . ഭൂമീദേവിയുടെ അച്ഛന്‍ കൂടി ഉള്ളതുകൊണ്ടു മാത്രം ദേവലോകം ആക്രമിക്കാതെ വിടുന്ന രാവണന്‍ പതിനാല് രാജ്യങ്ങളും കീഴടക്കി ചക്രവര്‍ത്തിയായി മാറുന്നു. പക്ഷേ അസുരനെന്ന ഒറ്റക്കാരണത്താല്‍ ദേവ പുത്രിയെ വിവാഹം കഴിക്കാന്‍ കഴിയില്ല എന്നറിവില്‍ നിരാശനായി രാവണന്‍ മടങ്ങുന്നു . രാവണനുമായി പിരിയുന്ന അവസാനനാളില്‍ , നിമിഷത്തിൽ അവര്‍ ശരീരം പങ്കുവയ്ക്കുന്നുമുണ്ട് . അതോടെ ഇനിയാരെയും വിവാഹം കഴിക്കില്ല എന്ന ഉറച്ച മനസ്സോടെ ഭൂമീദേവി തന്റെ കടമകളിലേക്ക് വ്യാപൃതയാവുന്നു . ഭൂമീദേവിയെ നഷ്ടമായ വേദനയില്‍ നിന്നും ക്രൂരനായി മാറുന്ന രാവണന്‍ പിന്നെ തന്റെ ജീവിതം അതിനു തോന്നുന്ന വിധത്തില്‍ വിട്ടുകളയുകയാണ് . തന്റെ മകളാണ് സീത എന്നറിഞ്ഞതിനാല്‍ മാത്രമാണ് രാമ രാവണയുദ്ധത്തിൽ, അവള്‍ വിധവയാകാതിരിക്കാന്‍ രാമനെ വധിക്കാതെ രാവണന്‍ സ്വയം മരണം പുല്‍കുന്നത് എന്ന് എഴുത്തുകാരൻ സംശയിക്കുന്നു. സ്വന്തം സഹോദരിയെ അപമാനിച്ച രാമനെ കൊല്ലാന്‍ തന്നെയാണ് സീതയെ അപഹരിക്കുന്നതെങ്കിലും അവള്‍ ആരെന്ന അറിവില്‍ നിന്നും അവൾക്ക് ഉചിതമായ പരിചരണങ്ങള്‍ നല്‍കുന്ന രാവണന്‍ മാന്യതയുടെ പര്യായമായി വിലയിരുത്തപ്പെടുന്നു .

 

            പ്രണയത്തിന്റെയും വിരഹത്തിന്റെയും പകയുടെയും രാഷ്ട്രീയം പറയുന്ന ഈ ചെറുനോവല്‍ ആഖ്യാന ശൈലികൊണ്ടും വിഷയപുതുമ കൊണ്ടും നന്നായി വായിക്കപ്പെടുന്നുണ്ട് . യുവ ബ്ലോഗിസ്റ്റും അനവധി പുസ്തകങ്ങള്‍ എഴുതിയ ഒരാളായും ആഗോള എഴുത്തുകാരുടെ കണക്കെടുപ്പില്‍ പതിമൂന്നാം സ്ഥാനം കൊണ്ട് പ്രസിദ്ധനുമായ ഈ എഴുത്തുകാരന്‍ ഒരു ജ്യോതിഷി കൂടിയാണ് . തുറന്ന കാഴ്ചപ്പാടുകളും , യുക്തിഭദ്രമായ ചിന്തകളും കൊണ്ട് രാവണനെ വരച്ചിടുമ്പോള്‍ താന്‍ അഭിമുഖീകരിക്കപ്പെടും എന്നു ഭയക്കുന്ന വിഷയത്തിന് ആമുഖത്തില്‍ തന്നെ ക്ഷമായാചനം ചെയ്യേണ്ടി വരുന്ന എഴുത്തുകാരന്‍ ഇന്നിന്റെ മുന്നില്‍ ഒരു ചോദ്യ ചിഹ്നമാണ് . കാരണം എഴുത്തോ കഴുത്തോ എന്നൊരു പ്രഹേളിക ഇന്ത്യന്‍ എഴുത്തുകാരില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു എന്നതൊരിക്കലും ലഘുവായി കാണാന്‍ കഴിയില്ലല്ലോ . കൂടുതല്‍ വായനകള്‍ ഉണ്ടാകട്ടെ എന്നും വായനകള്‍ നിര്‍ഭയവും യുക്തിഭദ്രവുമായിരിക്കട്ടേയെന്നും ആഗ്രഹിക്കുന്നു . കാരണം എങ്കില്‍ മാത്രമേ സമൂഹത്തില്‍ നവീകരണവും ചിന്താവിപ്ലവവും സംഭവിക്കുകയുള്ളൂ . എഴുത്തുകാരുടെ ഭാവനകള്‍ മാത്രമല്ല ആഴത്തിലുള്ള വായനകളും ഇത്തരം രചനകള്‍ക്ക് കാരണമാകുന്നു എന്നതിനാല്‍ നിന്നുപോകുന്ന വായനകളെ തിരിച്ചു പിടിക്കേണ്ടത് ആവശ്യമായിരിക്കുന്നു . ആധുനിക കാലത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂടുതല്‍ വിപുലമായിക്കൊണ്ടിരിക്കുമ്പോള്‍ കുട്ടികളില്‍ പോലും വായനയെന്നത് ഒരു അനാവശ്യ വസ്തുവായി മാറുന്നുണ്ട് . കളികളും മറ്റ് പഠന രീതികളും ഒക്കെ മാറുന്നു . കൃഷിയോ പ്രകൃതിയോ കുട്ടികള്‍ക്ക് ഇന്നൊരു കൌതുകമോ വിഷയമോ ആകുന്നില്ല. പുസ്തക വായന എന്നത് പിന്നെ പറയേണ്ടതുമില്ലല്ലോ . സാഹിത്യത്തില്‍ പുതിയ കാലത്ത് എന്താകും സംഭവിക്കുക എന്നത് വലിയൊരു ചോദ്യമായി മാറും . പുതിയ നാമ്പുകള്‍ എഴുത്തിലേക്ക് വരുമോ ? വരുമെങ്കില്‍ അവര്‍ക്കെന്താകും എഴുതാനുണ്ടാവുക ?

 

            കൂടുതല്‍ വായനകളും എഴുത്തുകളും പുതുമകളും പുത്തന്‍ ആശയങ്ങളും ആയി പുതിയ നിര കടന്നു വരട്ടെ എന്നാഗ്രഹിക്കുന്നു . അത്തരം എഴുത്തുകാരുടെ പുതിയ തരംഗം ഉണ്ടാകട്ടെ . എല്ലാവിധ ആശംസകളോടും ബിജു ജി.നാഥ്

 

 

 

No comments:

Post a Comment