പാവങ്ങള്‍ (നോവല്‍ )
വിക്തോര്‍ യൂഗോ
ഡി സി ബുക്സ്
വില : ₹ 525.00
പതിനെട്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ലെസ് മിസറബിള്‍സ് എന്ന ഫ്രഞ്ച് നോവലിന്റെ ജൈത്രയാത്രയാണ്
പാവങ്ങള്‍ എന്ന മലയാളം നോവലിന്റെ ചരിത്രം . ലോകം മുഴുവന്‍ പലവട്ടം വായിച്ചു
കഴിഞ്ഞതാണ് ഈ നോവല്‍. കുട്ടിക്കാലത്ത് സ്കൂള്‍ പാഠപുസ്തകത്തിലും , സ്കൂള്‍
സിനിമാ ഷോ കളിലും കണ്ടു മറന്നുപോയ ഒരു കഥാപാത്രമാണ് ജീല്‍വാജീന്‍ . ശരിക്കുമുള്ള ആ
പേരിന്റെ ഉച്ഛാരണം ഴാങ് വാല്‍ ഴാങ് ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഇപ്പോള്‍ ഈ
നോവല്‍ വായിച്ചു കഴിയുമ്പോഴാണെന്നത് മറച്ചു വയ്ക്കുന്നില്ല . കുറ്റവും കുറ്റബോധവും ശിക്ഷയും വളരെ മനോഹരമായി
ചിത്രീകരിക്കുന്ന ആ രംഗം കള്ളനും പുരോഹിതനും പോലീസ് ഓഫീസറും ഇന്നും മനസ്സില്‍
പതിഞ്ഞു കിടപ്പുണ്ട് . ഈ നോവലിന്റെയാണ് ആ ഭാഗം എന്നത് അറിയുന്നതു ഇപ്പോള്‍ ഇത്
വായിക്കുമ്പോള്‍ മാത്രമാണല്ലോ. ഴാങ് വാല്‍ ഴാങ് എന്ന മനുഷ്യന്റെ ജീവിതത്തിലെ ഭാഗ്യ
നിര്‍ഭാഗ്യങ്ങളുടെ കഥയാണ് പാവങ്ങള്‍ . കുടുംബത്തിലെ വിശപ്പ് മാറ്റാന്‍ ഒരു വഴിയും
കാണാതെ ഒടുവില്‍ ഒരു ഭക്ഷണശാലയിലെ ചില്ലലമാര തല്ലിയുടച്ച് ഒരു കഷണം അപ്പവുമായി
ഓടുന്ന ആ മനുഷ്യനു നിയമം നല്‍കുന്ന ശിക്ഷ അഞ്ചു വര്‍ഷത്തെ കഠിനതടവാണ്. തണ്ടുവലി
എന്നു പേരുള്ള ആ ശിക്ഷ ലഭിക്കുന്നവര്‍ പിന്നെ സമൂഹത്തില്‍ എന്നും കുറ്റവാളിയും
പേടിപ്പെടുത്തുന്നവനും ആയി മാറുകയാണ്. ഇവിടെ ഴാങ് വാല്‍ ഴാങ് ശിക്ഷാ കാലാവധി
തീരുന്നതിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തടവ് ചാടുകയും വീണ്ടും
പിടിക്കപ്പെടുകയും വീണ്ടും അതേപോലെ കാലാവധി തീരാറാകുന്ന അവസരത്തില്‍ ചാടുകയും
പിടിക്കുകയും ചെയ്തു ചെയ്തയാള്‍ പത്തൊന്‍പത് വര്‍ഷമാണ് തണ്ടുവലി ശിക്ഷ
അനുഭവിക്കുന്നത് . അവിടെനിന്നും വരുമ്പോഴാണ് മൈത്രാന്റെ അരമനയില്‍ അന്തിയുറങ്ങുകയും
കളവ് ചെയ്യുകയും പിടിക്കപ്പെടുകയും മൈത്രാന്റെ കരുണകൊണ്ടു നിയമത്തിൻ്റെ കൈയ്യില്‍
നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു . അയാളുടെ ദുര്‍വ്വിധി അവിടെ തീരുന്നില്ല .
ജനത്തിനെ ഭയന്നുള്ള അയാളുടെ ഓട്ടം ഒടുവില്‍ അയാളെ എത്തിക്കുന്നത് ഒരു വന്‍
വ്യവസായിയും, പട്ടണത്തിന്റെ മേയര്‍ പദവിയിലുമാണ് . പക്ഷേ അവിടെയും അയാള്‍ക്ക്
സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ല . അയാളുടെ പേരില്‍ നടക്കുന്ന ഒരു
മോഷണത്തിന്റെ ശിക്ഷാവിധിയില്‍ ഒരു നിരപരാധി അയാളുടെ പേരില്‍ ബലിയാടാകാന്‍
ഒരുങ്ങുമ്പോൾ ഴാങ് വാല്‍ ഴാങ് ന് കോടതിയോടു താനാണ് ശരിക്കുള്ള ഴാങ് വാല്‍ഴാങ് എന്നു
പരിചയപ്പെടുത്തേണ്ടി വരുന്നു . അതോടെ മേയറുടെ സൗകര്യങ്ങളില്‍ നിന്നും അയാള്‍
തടവുകാരനിലേക്ക് വീണ്ടും വഴുതിവീഴുന്നു . വീണ്ടും തടവ് ചാടുകയും അയാള്‍ എടുത്തു
വളര്‍ത്തുന്ന ഒരു പെങ്കുട്ടിയുടെ ജീവിതം കഷ്ടതകള്‍ ഇല്ലാതാക്കാൻ വേണ്ടി
രഹസ്യമായി കുഞ്ഞിനെയും കൊണ്ട് ഒളിവില്‍ താമസിക്കുകയും ചെയ്യുന്നു . തുടര്‍ന്നുള്ള സംഭവങ്ങള്‍
ഒന്നും തന്നെ ശുഭപര്യവസാനികള്‍ ആയ സംഗതികള്‍ അല്ല . ജീവിതകാലം മുഴുവന്‍ ദുഖവും , നിരാശയും വിഷമങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ കഥയാണ്
പാവങ്ങള്‍ . അയാളിലെ നന്മയും തിന്‍മയും പല സന്ദര്‍ഭങ്ങളിലായി എത്ര ഹൃദയ
സ്പൃക്കായായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു .
പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പിലെ ജനജീവിതവും ,
ചിന്തകളും , നിയമ, രാഷ്ട്രീയ
കാഴ്ചപ്പാടുകളും ഒക്കെ വളരെ വ്യക്തമായി ഈ നോവല്‍ പരിചയപ്പെടുത്തുന്നു . മതവും
രാഷ്ട്രീയവും അധികാരവും അവയുടെ കറുത്തതും വെളുത്തതുമായ മുഖങ്ങളെ
പരിചയപ്പെടുത്തുകയും, ആ സമൂഹത്തിന്റെ അവസ്ഥയെയും ജീവിതത്തെയും
തുറന്നുകാട്ടുകയും ചെയ്യുന്നു. കാട്ടുകടന്നല്‍ പോലെ നാടകീയവും , വൈകാരികവുമായ ജീവിത മുഹൂര്‍ത്തങ്ങളെയും സംഘര്‍ഷങ്ങളെയും അവതരിപ്പിക്കുന്ന
ഈ നോവല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞും വായനക്കാരെ ആകര്‍ഷിക്കുന്നത് ആഖ്യായന ശൈലിയുടെ
മികവും വിഷയത്തോടുള്ള സത്യസന്ധമായ സമീപനവും കൊണ്ടാണ് . ഓരോ വായനയും ഓരോ ലോകമാണ് .
ആ ലോകത്തെ പരിചയപ്പെടുത്തുമ്പോൾ അതിനാല്‍ത്തന്നെ എഴുത്തുകാരന്‍ ഒരു കണ്ണാടിയാകണം .
ആധുനിക എഴുത്തുകാരുടെ കൈവശം ഇല്ലാതെ പോകുന്ന അപൂര്‍വ്വം ചില കഴിവുകളില്‍ ഒന്നായിട്ടതിനെ കാണാന്‍ കഴിയും . നല്ല വായനകളെ നമുക്ക് തിരികെ കിട്ടുവാന്‍ എഴുത്തുകാര്‍ വായന ഒരു തപസ്യയായി കാണേണ്ടി വരും എന്നൊരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു . ആശംസകളോടെ ബിജു ജി.നാഥ്
No comments:
Post a Comment