Friday, March 4, 2022

ശിഖണ്ഡി ...............വിനയശ്രീ

 

ശിഖണ്ഡി (നോവല്‍ )

വിനയശ്രീ

അക്ഷരസ്ത്രീ

വില : ₹ 150.00

 

 

പുരാണങ്ങള്‍ എപ്പോഴും കഥകളുടെ സാഗരമാണ് . പല വിധങ്ങളായ കാഴ്ചപ്പാടുകളും , കഥാപാത്ര വത്കരണങ്ങളും നടക്കുന്ന ഒരു മേഖലയാണ് പുരാണങ്ങളുടെ പഠനവും തുടര്‍ന്നുള്ള സാഹിത്യ രചനകളും . ഇന്ത്യന്‍ സാഹിത്യത്തിലെ ഭൂരിഭാഗം സാഹിത്യ സംഭാവനകളും പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ഇന്ത്യന്‍ പുരാണങ്ങളെയാണ് . രാമായണവും മഹാഭാരതവുമാണ് ഇതില്‍ എടുത്തു പറയേണ്ട പ്രധാന രണ്ടു പുസ്തകങ്ങള്‍ . ഇവയുടെ അനേകമനേകം ഉപകഥകളും പുനര്‍നിര്‍മ്മാണങ്ങളും വിവിധതരം കാഴ്ചപ്പാടുകളുടെ ആവിഷ്കാരങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു . മഹാഭാരതം ആണ് ഇതില്‍ മുന്നിലെന്ന് കാണാം . മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങള്ക്കും ഒട്ടേറെ ഉപകഥകളും, നായകകഥാപാത്രങ്ങളായും വില്ലനായും ഒരുപാട് പുനരാഖ്യാനങ്ങളും സംഭവിച്ചിട്ടുണ്ട് . ഇവയിലൊക്കെയും പല വിധത്തിലുള്ള കൈകടത്തലുകള്‍ സംഭവിച്ചിട്ടുമുണ്ട് . ആധുനിക ലോകത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് , ഇന്നത്തെ ചുറ്റുപാടില്‍ ഉയരാവുന്ന ചോദ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് മഹാഭാരതത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട് . രാമായണവും ശിവചരിതവും പറഞ്ഞ അമീഷിന്റെ അടുത്ത പ്രൊജക്റ്റ് മഹാഭാരതം ആണെന്ന് കേട്ടിരുന്നു . ഇന്ത്യയുടെ മത സൌഹാര്‍ദ്ധത്തിനും നാനാത്വത്തില്‍ ഏകത്വത്തിനും കളങ്കമായിക്കൊണ്ട്  രാമരാജ്യമെന്നും , ഹൈന്ദവരാജ്യമെന്നും ഒരു മതവിശ്വാസത്തിന്റെ കീഴിലേക്ക് കൊണ്ട് വരാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായി , പുരാണങ്ങളെയൊക്കെയും , ചരിത്രങ്ങളൊക്കെയും പുനര്‍നിര്‍മ്മിക്കുകയാണ് ഇന്ന് ഒരു വിഭാഗം രാഷ്ട്രീയ, അധികാരവര്‍ഗ്ഗം., ഇത് ഒരു ദിവസംകൊണ്ടുള്ള ശ്രമം ഒന്നുമല്ല. അതിന്റെ ഭാഗമായാണ് രാമാനന്ദ് സാഗറിന്റെ രാമായണവും മഹാഭാരതവുമായി ദൂരദര്‍ശന്‍ ഇന്ത്യന്‍ മനസ്സുകളില്‍ ആദ്യമേ വിത്തുകള്‍ വിതച്ചത് . ഇതിന് പുറമേയാണ്  താജ്മഹലിനും മറ്റ് പുരാതന കെട്ടിടങ്ങള്ക്കും പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. മുന്പ് കേട്ടിട്ടുപോലുമില്ലാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്ഷേത്രങ്ങളും വിശ്വാസങ്ങളും കെട്ടിയിറക്കപ്പെടുന്നതും .

            മഹാഭാരതത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ ഇങ്ങനെ ഒരു വിഷയം ഉണ്ടെന്നിരിക്കിലും , അതിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെടുന്ന നോവലുകള്‍ ഈ ഒരു ലക്ഷ്യം മുന്നില്‍ നിന്നല്ലാതെയും സംഭവിക്കുന്നുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയില്ല . മലയാളത്തില്‍ തന്നെ വളരെ പ്രശസ്തവും അപ്രശസ്തവും ആയ ഒട്ടേറെ വായനകള്‍ ഉണ്ട് . ഭീമസേനനെ നായകനാക്കി എം ടി എഴുതിയ രണ്ടാമൂഴം, ദ്രൌപദിയെ നായികയാക്കി പി ബാലകൃഷ്ണന്‍ എഴുതിയ ഇനി ഞാന്‍ ഉറങ്ങട്ടെ ദുര്യോധനനെ നായകനാക്കി ബാബുരാജ് കലമ്പൂര്‍ എഴുതിയ വാരണാവതം തുടങ്ങിയവ ഇക്കൂട്ടത്തില്‍ വായിച്ചവ ഓര്മ്മ വരുന്നു . യുയുത്സു , യയാതി , കര്‍ണ്ണന്‍ , ഭീഷ്മര്‍ , അംബ , ദ്രോണര്‍ , അശ്വത്വമാവ് , കുന്തി , ഗാന്ധാരി .... ഇങ്ങനെ ആ ലിസ്റ്റ് നീളുന്നുണ്ട് മൊഴിമാറ്റമായും അല്ലാതെയും ഒക്കെയായി കേട്ടറിവുകള്‍. ഇക്കൂട്ടത്തില്‍പ്പെടുത്താവുന്ന ഒരു വായനയുടെ വിവരങ്ങള്‍ ആണ് ഇവിടെ ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്. വിനയശ്രീ എന്ന എഴുത്തുകാരിയുടെ ശിഖണ്ഡി എന്ന നോവലാണ് അത്. മഹാഭാരതത്തിലെ ശിഖണ്ഡിയില്‍ നിന്നും പാടെ വേര്പെട്ട് സ്വന്തമായ ഒരു നിലപാടും വ്യക്തിത്വവുമായി നില്‍ക്കുന്ന കഥാപാത്രമായിട്ടാണ് ശിഖണ്ഡിയെ വിനയശ്രീ ഇതില്‍ പരിചയപ്പെടുത്തുന്നത്. ശിഖണ്ഡി എന്ന കഥാപാത്രത്തിന്റെ നിലനില്‍പ്പ് അവരുടെ ലിംഗബോധത്തില്‍ ഊന്നിയതാണ് . അര്‍ദ്ധനാരിയെന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയാണ് പുരാണങ്ങള്‍ നല്‍കുന്ന ശിഖണ്ഡി വേഷം. സ്ത്രീയും അല്ല പുരുഷനുമല്ലാത്ത ഒരു അവസ്ഥ. അത് മാനസികമോ ശാരീരികമോ ആകാമല്ലോ എന്ന കാഴ്ചപ്പാടില്‍ നിന്നാകണം വിനയശ്രീ തന്റെ നോവലില്‍ ശിഖണ്ഡിയെ ഒരു പൂര്‍ണ്ണ സ്ത്രീയായിത്തന്നെ അവതരിപ്പിക്കുന്നത്. പാഞ്ചാലരാജാവ് തനിക്ക് പിറന്ന കുട്ടി ആണോ പെണ്ണോ എന്നറിയും മുന്നേതന്നെ രാജകുമാരന്‍ പിറന്നു എന്നു പറഞ്ഞുപോയ പിഴയെ മൂടുവാന്‍ മാത്രമാണു ശിഖണ്ഡിയെന്ന മകളെ പുരുഷനായി വളര്‍ത്തുന്നത് . ശിഖണ്ഡിയെ ആണാക്കുവാന്‍ വൈദ്യന്‍മാര്‍ ശ്രമിച്ചപ്പോള്‍ മുഖരോമങ്ങള്‍ മാത്രമാണു അവര്‍ക്ക് ശിഖണ്ഡിയില്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞതെന്ന് കാണുന്നു . എങ്കിലും ഒരു പുരുഷനെപ്പോലെ അവളെ കൊട്ടാരം വളര്‍ത്തി. ഒരു കൊട്ടാരത്തിലെ മുഴുവന്‍ ആള്‍ക്കാരെയും കബളിപ്പിച്ചുകൊണ്ടു എങ്ങനെ അതിനു സാധിച്ചു എന്നൊക്കെ ചോദിക്കുന്നത് യുക്തിഭദ്രമായിരിക്കില്ല എന്നു കരുതുന്നു . അതിനു കാരണമായി പലതുണ്ട് . മഹാഭാരതമെന്ന പൂര്‍ണവും ഏകവുമായ കാവ്യം ഇക്കഴിഞ്ഞ രണ്ടായിരത്തഞ്ഞൂറു കൊല്ലത്തിന് മുകളില്‍ ശക്തമായി നില്‍ക്കുമ്പോള്‍ അത് മുന്നോട്ട് വയ്ക്കുന്ന ഓരോ കഥാസന്ദര്‍ഭങ്ങള്ക്കും യുക്തിബോധത്തിന്റെ അനാവശ്യകതയുള്ളത് തന്നെയാണ് അതിനു കാരണം.

           

            കൊട്ടാരത്തിലെ തോഴിമാരിലൊക്കെ ശിഖണ്ഡി പരീക്ഷിച്ചു വിജയിക്കുന്ന ഒരു ഫോര്‍മുലയാണ് ലെസ്ബിയന്‍ പ്രണയത്തിന്റെ മധുരം. ഒരു പുരുഷന് സ്നേഹിക്കാന്‍ കഴിയുന്നതിലുമധികം ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ അറിയാനും സ്നേഹിക്കാനും കഴിയും എന്ന സിദ്ധാന്തമാണിവിടെ എഴുത്തുകാരി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്നു കാണാം. പ്രണയം എന്നത് ലിംഗയോനീ ബന്ധത്തിലൂടെ മാത്രം ഉണ്ടാകുന്ന ഒന്നല്ല എന്നും ഒരു സ്ത്രീയുടെ സന്തോഷങ്ങളും സംതൃപ്തിയും പ്രണയപൂര്‍വ്വ കേളികളില്‍ എങ്ങനെയാണ് വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്നും പറയാന്‍ ശ്രമിക്കുന്ന ഒരു നോവലായി ഇതിനെ വിലയിരുത്താന്‍ കഴിയും. ശിഖണ്ഡിയുടെ പ്രണയവും കൃഷ്ണന്റെ പ്രണയവും ഒരു നാണയത്തിന്റെ ഇരുപുറമായി ഇതില്‍ അടയാളപ്പെടുന്നു . തന്റെ പകയും ജന്‍മോദ്ദേശ്യവും ആയ ഭീഷ്മവധത്തെയും തുടര്‍ന്നുള്ള ക്രൂരമായ മരണത്തോടെയും ശിഖണ്ഡിയുടെ കഥ പൂര്‍ണ്ണമാകുന്നു . ശിഖണ്ഡിയെ പ്രത്യേകമായി അടയാളപ്പെടുത്തുന്ന അസ്തിത്വദുഖവും, പ്രണയവും, ബന്ധങ്ങളും പോലുള്ള ചെറിയ ചില വസ്തുതകള്‍ മാറ്റിവച്ചാല്‍ മഹാഭാരതകഥയില്‍ നിന്നും വേറിട്ട് വലിയ മാറ്റങ്ങള്‍ ഒന്നും ഇതിലും എഴുത്തുകാരി കൊണ്ട് വരുന്നില്ല. എടുത്തു പറയാവുന്ന രണ്ടു മാറ്റങ്ങള്‍ ഇവയാണ് . ഒന്നു ശിഖണ്ഡി എന്ന സ്ത്രീയിലൂടെ സ്ത്രീകളുടെ മനസ്സിനേയും ഇഷ്ടങ്ങളെയും സന്തോഷങ്ങളെയും അവതരിപ്പിക്കുന്നു. രണ്ട് ചരിത്രം എന്നും അവഗണിക്കുന്ന, സമൂഹം താഴെക്കിടയില്‍ ആയി കരുതുന്ന ചാതുര്‍ വര്‍ണ്യത്തിന്റെ ഇരകളുടെ ശബ്ദമായി, അവരുടെ വികാരങ്ങളെ മാനുഷികതലത്തില്‍ നോക്കിക്കാണുന്നു . യുദ്ധഭൂമിയില്‍ ഇരാവനും ഘടോല്‍ഘച്ചനെയും ഒക്കെ അവതരിപ്പിക്കുമ്പോള്‍ ഈ കാര്യത്തില്‍ എഴുത്തുകാരി നല്ല ശ്രദ്ധ വയ്ക്കുകയും വ്യെത്യെസ്തമായ രീതിയില്‍ അതിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പ്പെടുകയുണ്ടായി

 

            ഒരു നോവല്‍ എന്ന രീതിയില്‍ ഒറ്റവായനയ്ക്ക് ഉതകുന്ന ശിഖണ്ഡി, ഭാഷയും പ്രമേയവും കൊണ്ട് നല്ല വായന നല്കി . പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ച് നോവലുകള്‍ രചിക്കുന്ന വിനയശ്രീ ഒരു ജ്യോതിഷ കൂടിയാണ് . കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന രചനകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു . വ്യെത്യെസ്ഥ കാഴ്ചപ്പാടുകളിലൂടെ, മുന്നേ പോയവരെ അതുപോലെ പിന്തുടരാത്ത, കഥയ്ക്കുള്ളിലെ ആരും കാണാക്കഥകള്‍ രചിക്കപ്പെടാനും ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാനും ഈ എഴുത്തുകാരിക്ക് കഴിയട്ടെ എന്ന ശുഭപ്രതീക്ഷയോടെ ബിജു ജി. നാഥ്

No comments:

Post a Comment