Friday, April 1, 2022

ജീവിതമെന്ന അത്ഭുതം ഡോക്ടര്‍ വി പി ഗംഗാധരൻ്റെ ഓര്‍മ്മകള്‍ ...................... കെ എസ് അനിയന്‍

 

ജീവിതമെന്ന അത്ഭുതം

ഡോക്ടര്‍ വി പി ഗംഗാധരൻ്റെ ഓര്‍മ്മകള്‍

കെ എസ് അനിയന്‍

ഡി സി ബുക്സ്

വില: ₹ 299.00

 

ലോകത്തില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ ഭയക്കുന്നതും വെറുക്കുന്നതുമായ ഒരസുഖമാണ് ക്യാന്‍സര്‍. പൂര്‍ണ്ണമായും രോഗമുക്തി ലഭിക്കില്ല എന്ന വിശ്വാസവും , ഫലപ്രാപ്തിയുള്ള മരുന്നുകള്‍ ഒന്നുംതന്നെ ഇന്നുവരെ കണ്ടെത്തിയിട്ടില്ല എന്ന ചിന്തയും ചര്‍ച്ചകളും ആശങ്കകളും  കൊണ്ട് നടക്കുന്ന ഒരു രോഗം എന്നും പറയാം. മറ്റെല്ലാ രോഗങ്ങളില്‍ എന്നപോലെ അശാസ്ത്രീയമായ ചികിത്സകളുടെ ഒരു പരമ്പര തന്നെ അര്‍ബുദ ചികിത്സയിലും കേരളത്തിലടക്കം കാണാന്‍ കഴിയുന്നതും ഈ രോഗത്തിന്റെ നേര്‍ക്കുള്ള സമൂഹത്തിന്റെ ഭയവും ആശങ്കകളും വെളിവാക്കുന്നവയാണ് . പാരമ്പര്യ ചികിത്സക്കാരും ലൊട്ട്ലൊടുക്ക് ചികിത്സകരും ,ആയുര്‍വേദക്കാരും , ഹോമിയോക്കാരും എന്നു വേണ്ട അര്‍ബുദ ചികിത്സയില്‍ അവകാശവാദക്കാര്‍ അനവധിയാണ്. ഇവിടെയൊക്കെ തലവച്ചുകൊടുത്തു ഒടുക്കം, സൂചികൊണ്ട് എടുക്കാന്‍ കഴിയുമായിരുന്നത് തൂമ്പാ കൊണ്ട് പോലും എടുക്കാന്‍ പറ്റാത്ത വിധത്തില്‍ ആശുപത്രികളിലേക്ക് നെട്ടോട്ടമോടുകയും മരണപ്പെടുകയും ഡോക്ടറെ കുറ്റം പറയുകയും ചെയ്യുന്ന ജനതയാണ് ഭൂരിഭാഗവും എന്നത് ഒരു സമൂഹ സത്യമാണ് .  അശ്രദ്ധ കൊണ്ടും , അറിവില്ലായ്മ കൊണ്ടും , ലജ്ജ , ഭയം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും രോഗത്തിന്റെ ആരംഭഘട്ടങ്ങളില്‍ ചികിത്സ തേടാതെ പോകുന്നതാണ് ഈ രോഗത്തിന് മരണമെന്ന അടിക്കുറിപ്പ് കൊടുക്കാന്‍ കാരണമായി തീരുന്നതെന്ന് മനസ്സിലാക്കുന്നിടത്തേ ഇതിനോടുള്ള ഭയം മാറുകയുള്ളൂ . മറ്റ് രോഗങ്ങളെ അപേക്ഷിച്ച് അര്‍ബുദത്തെ പാൻഡമിക്കായി കാണുന്ന ഒരു സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നതു . ഒരു തരത്തില്‍ അതൊരു ബിസിനസ്സുമാണ്. .

 

            ഡോക്ടര്‍ വി പി ഗംഗാധരന്‍ കേരളത്തിലും പുറത്തും അറിയപ്പെടുന്ന ഒരു അര്‍ബുദ രോഗ ചികിത്സാ വിദഗ്ദ്ധനാണ് . അദ്ദേഹത്തിൻ്റെ അടുത്ത് അഭയം പ്രാപിക്കുന്നവര്‍ ദൈവത്തെ അഭയം പ്രാപിക്കുന്നത് പോലെ ആണ് ഫീല്‍ ചെയ്യുന്നത് എന്നു പലരുടേയും അഭിപ്രായങ്ങള്‍ കണ്ടിട്ടുണ്ട് . ദൈവം ചെയ്യാത്തത് ഡോക്ടര്‍ ചെയ്യുന്നുണ്ട് എന്നത് വിരോധാഭാസം ആയി തോന്നിയേക്കാം എങ്കിലും ഭക്തരെ നിരാശരാക്കരുതല്ലോ . ഡോക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ ഓര്‍മ്മകളെ കുറിച്ചു വച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍ . ജോലിയില്‍ കയറിയ കാലം മുതലുള്ള ഓര്‍മകളില്‍ , തന്റെ മനസ്സിനെ സ്വാധീനിച്ച ചില മനുഷ്യരുടെ ഓര്‍മകളെ ഓര്‍ത്തെടുക്കുകയും അത് കളക്ട് ചെയ്ത കെ എസ് അനിയന്‍ ഒരു പുസ്തകമാക്കുകയും ചെയ്തു . ഇരുപതിൽ പരം എഡിഷനുകള്‍ വിറ്റുപോയ ഈ പുസ്തകം ഒരു വിധത്തില്‍ പറഞ്ഞാല്‍ അർബുദം മാത്രമല്ല അതിനെക്കുറിച്ച് പറയുന്ന ഏതൊന്നും സമൂഹത്തില്‍ വലിയ കൌതുകവും അറിയാനുള്ള ത്വരയും ഉണര്‍ത്തുന്ന ഒന്നാണ് എന്നതിന്റെ ഉദാഹരണം കൂടിയാണ് . അതല്ലെങ്കില്‍ വെറുമൊരു ഓര്‍മ്മക്കുറിപ്പായി മാറുമായിരുന്ന ഒന്നാണ് ഇത്രയധികം എഡിഷനുകളിലൂടെ സഞ്ചരിക്കുന്നത് എന്നു കാണാം . ഒരാള്‍ പറഞ്ഞതായി ആമുഖക്കുറിപ്പില്‍ പറയുന്നുണ്ട് പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്ന ഈ പുസ്തകം ദിവസവും പാരായണം ചെയ്യുന്നു എന്നു . ഇത്രയൊക്കെ ആഘോഷിക്കപ്പെടുന്ന എന്താണ് ഈ പുസ്തകത്തില്‍ എന്നറിയാനുള്ള ഒരു ആകാംഷ ആമുഖം വായിച്ചപ്പോള്‍ തന്നെ മനസ്സില്‍ ഉടലെടുത്തതാണ് . പക്ഷേ പൂര്‍ണ്ണമായും പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഇതിലെന്താണ് പറഞ്ഞിട്ടുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ , അവയൊക്കെയും വാഴ്ത്തിപ്പാട്ടുകളും അതിശയോക്തികളും ആയി തോന്നിപ്പോകുന്നു . എന്താകും അങ്ങനെ തോന്നാന്‍ കാരണം എന്നത് കൂടി പറയാം .

 

             ഈ പുസ്തകത്തില്‍ ആദ്യാവസാനം ഉള്ളത് ഡോക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ ചില രോഗികളുടെ വിവരങ്ങള്‍ ആണ് . എന്തു വിവരങള്‍ എന്നു ചോദിച്ചാല്‍ അവര്‍ക്ക് രോഗം വന്നു , ഡോക്ടറെ കണ്ടു , ചികിത്സിച്ചു . ചിലര്‍ രക്ഷപ്പെട്ടു പൂര്‍ണ്ണമായി ആരോഗ്യത്തോടെ ജീവിക്കുന്നു ചിലര്‍ മരിച്ചു പോയി . അതിനപ്പുറം ഒന്നോ രണ്ടോ സ്ഥലത്തു ആശുപത്രി ജീവനക്കാരുടെ പ്രത്യേകിച്ചു ചില ഡോക്ടര്‍മാരുടെ സ്വഭാവ വൈചിത്ര്യങ്ങൾ പറയുന്നു . പക്ഷേ ഈ പുസ്തകം ആവശ്യപ്പെടുന്നത് ഇവയൊന്നുമല്ല എന്നു പറയാന്‍ തോന്നുകയാണ് . കാരണം ഈ പുസ്തകം വായിക്കാന്‍ എടുക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു . അത് മറ്റൊന്നുമല്ല ഇതൊരു കൈപ്പുസ്തകമായി സൂക്ഷിക്കാന്‍ പാകത്തിന് ഇതില്‍ ആവശ്യമുണ്ടായിരുന്നത് ഒരു പരിചയസമ്പന്നനായ ഡോക്ടര്‍ എന്ന നിലയ്ക്ക് , ക്യാസര്‍ എന്ന് രോഗത്തിനെ കുറിച്ചും അതിന്റെ വിവിധ വകഭേദങ്ങളും അവയുടെ സൂചനകളും രോഗം വരാവുന്ന, വന്നാല്‍ ഉള്ള മുൻകരുതലുകളും ചികിത്സകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അടക്കം ഒരുപിടി കാര്യങ്ങള്‍ പറയാന്‍ കഴിയുമായിരുന്നു എന്നുള്ളപ്പോഴും ഇതില്‍, ഡോക്ടര്‍ ഒരു നല്ല മനുഷ്യ സ്നേഹിയും ലാളിത്യമുള്ളവനും സര്‍വ്വോപരി സ്നേഹവും കരുണയും സഹജീവി സ്നേഹവുമുള്ള ഒരു മനുഷ്യനാണ് എന്നു മാത്രം പറയാനാണ് മുഴുവന്‍ താളുകളും ഉപയോഗിച്ചിരിക്കുന്നത് എന്നു കാണുന്നു . സാമൂഹികമായ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉള്ള ഒരാള്‍ എന്ന നിലയ്ക്ക് ഡോക്ടറില്‍ നിന്നും പ്രതീക്ഷിക്കുന്നത് അത്തരം ഒരു പുസ്തകം കൂടിയാണ് . ഇതുപോലെ ലളിതമായി ക്യാന്‍സറിനേയും അതിനേ സംബന്ധിച്ചുള്ള പൊതുജനത്തിന്റെ സംശയങ്ങളും രോഗികള്‍ക്ക് വേണ്ട നിർദ്ദേശങ്ങളും ഒക്കെ അടങ്ങുന്ന അത്തരം ഒരു പുസ്തകം ലക്ഷോപലക്ഷം ജനങ്ങള്‍ വീടുകളില്‍ സൂക്ഷിക്കാന്‍ പാകത്തിന് ഇറക്കാന്‍ കെ എസ് അനിയനും ഡോക്ടര്‍ക്കും കഴിയട്ടെ എന്നു ആശിക്കുന്നു . വിപണികളില്‍ ഉള്ള പുസ്തകങ്ങള്‍ രണ്ടു തരത്തിലാണ് . ഒന്നു അശാസ്ത്രീയവും ഉപയോഗശൂന്യവുമാണെങ്കില്‍ മറ്റൊന്നു സാധാരണക്കാരന് മനസ്സിലാകാത്ത ശാസ്ത്രീയരീതിയില്‍ ഉള്ളതാണ് . ഇവയ്ക്കിടയില്‍ നിന്നും ഒരു അനുകൂലമായ വായനയെ സംഭാവന ചെയ്യാന്‍ ഈ കൂട്ടുകെട്ടിന് കഴിയട്ടെ. സസ്നേഹം ബിജു ജി.നാഥ്

 

 

 

 

 

No comments:

Post a Comment