പെണ്‍കുട്ടികളുടെ വീട് (നോവല്‍ )
സോണിയ റഫീക്
ഡി സി ബുക്സ്
വില :₹ 310.00
മാജിക്കല്‍ റിയലിസം എന്നൊരു സങ്കേതം മലയാളിക്ക് പരിചയപ്പെടുത്തിയത് സേതുമാധവന്റെ പാണ്ഡവപുരവും എം മുകുന്ദന്റെ ആദിത്യനും രാധയും മറ്റ് ചിലരും എന്നീ എഴുത്തുകള്‍ ആണ് . അവ നല്കിയ വായനാസുഖം പക്ഷേ തുടര്‍ന്നു വന്ന ഒരെഴുത്തുകാരനും നല്കാന്‍ കഴിഞ്ഞിട്ടില്ല അതോ എനിക്കു വായിക്കാന്‍ കിട്ടിയിട്ടില്ല എന്നോ അറിയില്ല . ടി ഡി രാമകൃഷ്ണന്റെ നോവലുകളും ബന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളും ആ ഒരു പാറ്റേണില്‍ വായിക്കാന്‍ കഴിയുമോ എന്നു ചോദിച്ചാല്‍ അതിനു അത്രയും സൗന്ദര്യമോ രസച്ചരടോ നല്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മയായി മനസ്സിലാക്കുന്നു . നമുക്ക് നല്ല എഴുത്തുകാര്‍ ഉണ്ട് . പക്ഷേ എഴുത്തുകള്‍ നല്ലത് വളരെ കുറവാണ് . ചിലരാകട്ടെ എഴുതാറില്ല , ചിലര്‍ പ്രശസ്തരാകാറുമില്ല. പ്രശസ്തിയാണല്ലോ വായനയുടെ മാനദണ്ഡമായി കൊണ്ടാടപ്പെടുന്നത് . സോണിയ റഫീക്, യു എ ഇ യില്‍ ജീവിക്കുന്ന മലയാളഭാഷയില്‍ എഴുതുന്ന എഴുത്തുകാരിയാണ് . ഹെര്‍ബെറിയം എന്ന നോവല്‍ ആണ് ഈ എഴുത്തുകാരിയുടേതായി ഞാന്‍ വായിച്ചിട്ടുള്ള ഏക നോവല്‍. പക്ഷേ ഇതൊരെണ്ണം മാത്രമല്ല അവര്‍ എഴുതിയിട്ടുള്ളത്. എന്റെ സുഹൃത്തല്ലാത്തതിനാലും ഫോളോ ചെയ്യാത്തതിനാലും മറ്റു പുസ്തകങ്ങള്‍ കണ്ടിട്ടില്ല , വായിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ പക്ഷേ സോണിയയുടെ ഒരു നോവല്‍ കയ്യില്‍ തടഞ്ഞു . പെണ്‍കുട്ടികളുടെ വീട്. വളരെ കൗതുകകരമായി തോന്നിയ ഒരു തലക്കെട്ട്! വായിക്കണം എന്നു തോന്നിയതിനാല്‍ കൂടെ കൂട്ടി പുസ്തകം. ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കുന്ന സ്വഭാവവും സമയവും ഒട്ടും ഇല്ലാത്തതിനാലും ഒരേ സമയം പല പരിപാടികളില്‍ വ്യാപൃതനാവുന്ന ഒരാളായതിനാലും സമയമെടുത്താണതു വായിച്ചു തീര്‍ത്തത്. പൂര്‍ണ്ണമായും ദുബായിയുടെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു നോവല്‍ എന്നതാണു ഇതില്‍ ആദ്യം കണ്ട പ്രത്യേകത . ദുബായിയുടെ പശ്ചാത്തലത്തില്‍ കുറേ പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട് ഒരുപാട് ഇറങ്ങാറുമുണ്ട്. പക്ഷേ അവയൊക്കെയും മലയാളികളായ എഴുത്തുകാരുടെ മധ്യവര്‍ഗ്ഗ ജീവിത കാഴ്ചകള്‍ ആണ് . ചിലര്‍ നീലക്കോളര്‍ ജീവിതങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട് . തോമസ് ചെറിയാന്റെ നോവല്‍ അത്തരത്തിലൊന്നാണ്. മറ്റ് ചിലരാകട്ടെ താഴ്ന്ന വര്‍ഗ്ഗക്കാരുടെ ദയനീയതയെ മധ്യവര്‍ഗ്ഗ കാഴ്ചകളില്‍ നിന്നുകൊണ്ടു പോളീഷ് ചെയ്ത് വായനക്കാരുടെ സഹതാപത്തെ ചൂക്ഷണം ചെയ്യാന്‍ ശ്രമിക്കുന്നവയാണ് . ഇവയൊന്നുമല്ലെങ്കില്‍ പിന്നുള്ളത് ദുബായ് ജീവിതത്തിലെ അനുഭവങ്ങള്‍ , വ്യക്തികള്‍ തുടങ്ങിയവയുടെ ദൃശ്യവത്കരണവും വാഴ്ത്തിപ്പാടലുകളും ഒക്കെയായി മാറും. ഇക്കാരണം കൊണ്ട് തന്നെയാണ് സോണിയയുടെ ഈ നോവല്‍ ദുബായിയുടെ ജീവിതമായി എടുത്തുപറയാൻ കാരണം . അതിനു പ്രത്യേകിച്ച് ഒരു കാരണം കൂടിയുണ്ട്. കുടിയേറ്റത്തൊഴിലാളികള്‍, പ്രവാസികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുകയും അത്തരം ലേബലില്‍ ഒരു സാഹിത്യ മേഖല ഉണ്ടാക്കിയെടുക്കാന്‍ അക്ഷീണ പരിശ്രമവും നടത്തുന്ന കാഴ്ചകള്‍ക്ക് മുന്നിലിരുന്നാണ് ഈ നോവലിനെ വിലയിരുത്തേണ്ടത്. ഈ നോവല്‍ പറയുന്നതു മൂന്നു എമിറാത്തി പെണ്‍കുട്ടികളുടെ ജീവിതമാണ് . അതിലേറെ പ്രത്യേകത ഈ കഥ നടക്കുന്നതു വർത്തമാന,ഭൂതകാലങ്ങളിലാണ് . അവിടെ ഇന്നത്തെ വര്‍ണാഭമായ ദുബായ് നഗരമല്ല ഉള്ളത് . കടലില്‍ മുങ്ങി മുത്തുകള്‍ ശേഖരിക്കുന്ന ദരിദ്രരായ എമിറാത്തികള്‍ . ഇന്ത്യന്‍ രൂപ വിനിമയത്തിലിരുന്ന ദുബായ്. കറുത്ത ദ്രാവകമായ എണ്ണ കണ്ടെടുക്കാന്‍ തുടങ്ങുന്ന കാലത്തെ ദുബായ്. ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ കാലത്തെ ദുബായ്. അതേ ആ കാലത്തിന്റെ കഥകൂടിയാണ് ഈ നോവലില്‍ പറയുന്നതു . അന്നത്തെ എമിറാത്തി ജനതയുടെ ജീവിതത്തെയാണ് പറയുന്നതു . അന്നത്തെ ജീവിതം , സാമൂഹിക സാഹചര്യം , സംസ്കാരം , കാഴ്ചപ്പാടുകള്‍ ഇവയൊക്കെയാണ് നോവലിന്റെ ലോകം . ഇന്നത്തെ ലോകത്തിരുന്നന്നത്തെ ലോകത്തെ കാണുന്ന നാസിയ എന്ന പെൺകുട്ടി. അവൾ ഒരു മ്യൂസിയം കാണുന്നതും അതിലൂടെ അവിടെ ജീവിച്ചിരുന്ന മൂന്നു എമിറാത്തി പെണ്‍കുട്ടികളുടെ ജീവിതം എങ്ങനെ , എന്തായിരുന്നു എന്നു പറയുന്നതുമായ ഈ നോവലില്‍ നാസിയ എന്ന പെണ്കുട്ടിയുടെ ഓര്‍മ്മകളില്‍ , ഭാവനകളില്‍ ഒക്കെയായി വിടരുന്ന അവരുടെ ജീവിതത്തെ സോളമന്‍ എന്ന കാമുകന്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് ഇതിവൃത്തം. ഇവിടെയാണ് കാലത്തിനു പിറകിലേക്കും മുന്നിലേക്കും സഞ്ചരിക്കുന്ന എം മുകുന്ദന്റെ ആദിത്യനും രാധയും മറ്റ് ചിലരും അതുപോലെ പാണ്ഡവപുരവും ഓര്‍മ്മയിലേക്ക് കടന്നു വരുന്നത് . അതിനാല്‍ തന്നെ സോണിയ എന്ന എഴുത്തുകാരിയുടെ ഈ നോവലിനെ ഒരു മാജിക്കല്‍ റിയലിസം എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്നത്. വായനയില്‍ നാസിയ, ആ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ പുനര്‍ജന്മം എന്നോ അതല്ലായെങ്കില്‍ അവര്‍ക്കൊപ്പം നടന്ന ഒരാളെന്നോ ഉള്ളോരു ശക്തമായ ചിന്ത ഉണ്ടാക്കിയെടുക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞു . അതായിരുന്നു നോവലിന്റെ ഭംഗിയും . മറ്റൊരു സവിശേഷമായ സംഗതി ഭാഷയും ചിന്തയും തദ്ദേശീയതയുടെ നേര്‍ പടമായി പ്രയോഗിക്കാന്‍ കഴിഞ്ഞതും ആ പെണ്‍കുട്ടികളില്‍ ഇളയവളുടെ കഥ പറച്ചില്‍ ശൈലിയുടെ അറബിക്കഥാ രീതിയും ഇതിനെ ഒരു തര്‍ജ്ജമ ആയി തോന്നിപ്പിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നതായി അനുഭവപ്പെടുത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു . ഓരോ എഴുത്തുകാരനും , താന്‍ ജീവിക്കുന്ന ഭൂമികയെ അടയാളപ്പെടുത്താനും , അതിന്റെ സൂക്ഷ്മ,സ്ഥൂലങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ശ്രമിക്കേണ്ടതുണ്ട് . എന്തെഴുതണം , എങ്ങനെ എഴുതണം തുടങ്ങി, എന്തെന്കിലും എഴുതിയാല്‍ സംഭവിച്ചേക്കും എന്നു കരുതുന്ന ഭയം വരെ കുടിയേറ്റ തൊഴിലാളികളെ ബാധിക്കുന്നതാണ് ശരിക്കും പറഞ്ഞാല്‍ അടയാളപ്പെടുത്തലുകള്‍ ആകേണ്ട രചനകള്‍ ഉണ്ടാകാതെ പോകുന്നതിനു കാരണം. ഈ സാഹചര്യത്തില്‍ , വിഷയത്തെ സമീപിക്കാനും കൈകാര്യം ചെയ്യാനും സോണിയ എന്ന എഴുത്തുകാരിക്ക് കഴിഞ്ഞത് അത് വിഷയത്തിലെ നേരും സമീപനവും മാനുഷികവും സാംസ്കാരികവുമായ ഒന്നായതിനാല്‍ത്തന്നെയാണ് .
പോരായ്മകള്‍ ഒന്നുമില്ല എന്നു പറഞ്ഞു ഒഴിവാക്കാന്‍ കഴിയില്ല എങ്കിലും ഈ നോവലിനെ . കുറച്ചേറെ വിശദമായ , ആഴത്തിലുള്ള പഠനവും , കുറച്ചുകൂടി വിശാലമായ ഭാവനയും എഴുത്തുകാരിക്ക് വേണ്ടതുണ്ടായിരുന്നില്ലേ എന്നു തോന്നിപ്പിച്ചു . കൈയ്യില്‍ നിന്നും വിട്ടുപോയേക്കാവുന്ന ഇടങ്ങള്‍ പലപ്പോഴും കൂട്ടിപ്പിടിച്ചു യോജിപ്പിക്കാന്‍ ശ്രമിച്ചിരുന്നു . ഒരു പക്ഷേ ഇവിടെ സ്ത്രീയെന്ന പരിമിതി എഴുത്തുകാരിയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ എന്നറിയില്ല എങ്കിലും ആവറേജ് എന്നതിനപ്പുറം നോവലിനെ വഴി നടത്തിക്കാന്‍ കഴിഞ്ഞത് സന്തോഷകരമായി തോന്നി . ഹെര്‍ബെറിയത്തില്‍ നിന്നും ഒട്ടു ദൂരം സഞ്ചരിച്ചിരിക്കുന്നു എഴുത്തുകാരി എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു . അധികം ആരും വായിച്ചോ , എഴുതിയോ കണ്ടില്ല എന്നതില്‍ നിന്നും സാഹിത്യ സഭകളിലെ സ്ഥിരം കുറ്റികളുടെ വായനയിലോ , പരിഗണയിലോ ഇടം കൊടുക്കാതെ മനപൂര്‍വ്വം അവഗണിച്ചതായി തോന്നി. അതല്ലെങ്കില്‍ , ഈ പുസ്തകത്തിനെ കുറിച്ചൊരു ചര്‍ച്ചയോ മറ്റോ കാണാന്‍ / കേള്‍ക്കാന്‍ കഴിഞ്ഞേനെ. സാധാരണ അത്തരം സംഭവങ്ങള്‍ അനസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഭൂമികയാണെന്നതിനാല്‍ സ്വാഭാവികമായും തോന്നിയതാണ് അങ്ങനെ ഒരു സംശയം. ഡി സി യുടെ ബാനറില്‍ ഇറങ്ങിയിട്ടും എന്തുകൊണ്ടാകും സോണിയ അധികം അറിയപ്പെടാതെയും ചർച്ച ചെയ്യപ്പെടാതെയും പോകുന്നത് എന്നൊരു ചോദ്യം മുന്നോട്ട് വയ്ക്കുന്നു . ഒരു പക്ഷേ എനിക്കത് കാണാന്‍ കഴിയാതെ പോയതാകുമോ . കൂടുതല്‍ ഉയരത്തില്‍ എത്താനും , അറിയപ്പെടാനും കഴിയട്ടെ ഈ എഴുത്തുകാരിക്ക് എന്ന ആശംസകളോടെ ബിജു ജി. നാഥ്
No comments:
Post a Comment