ഒരു രഹസ്യം
.....................
പകലു മായും നേരമാകുന്നു
സൂര്യനും നടന്നൂ തളർന്നേ
ചുവന്നു പോയ മുഖത്തെ ദീനം
കണ്ടു പ്രകൃതി മൗനം പൂകി നില്ക്കുന്നു.
ഇളവെയിൽ നാളം ചൂടിയാ പാട-
വരമ്പിലൂടെ നടക്കുന്നിരുവർ.
വിളഞ്ഞു സ്വർണ്ണം പൂശിയ നെല്ലിൻ
തലോടലേറ്റവർ അലസം ചലിപ്പൂ.
ഗ്രാമഭംഗിയവൾ കാട്ടുന്നു ചുറ്റും
വിടർന്നു കിടപ്പും പാടവും വാനവും,
ഹരിതയാടയണിഞ്ഞൊരാ കുന്നിൻ
പാദം ചുറ്റിയൊഴുകും തെളിനീരും.
ഒരു വെള്ളിക്കൊലുസെന്ന പോലെയാ
തോടൊഴുകിയകലുന്നു മൗനമായ്.
കരയിലിത്തിരി നേരമാ സലിലത്തെ
അരുമയോടവർ നോക്കിയിരിക്കുന്നു.
കഥകളേറെ ചൊല്ലുന്നവർ പരസ്പരം.
പാദങ്ങൾ തഴുകിയൊഴുകുന്നു പ്രാണദവും,
ഉമ്മ വയ്ക്കുന്നു പരൽമീനുമക്ഷണം!
ഒരു കുളിരാൽ നീർതെറുപ്പിച്ചവൾ
കിലുകിലാരവം പൊട്ടിച്ചിരിക്കുന്നു.
കുനുകുനെ ജലം നിറഞ്ഞുളെളാരാ കണ-
ങ്കാലിലെ മറുകിൽ മിഴിനട്ടിരുന്നയാൾ
വെറുതെ ഓർക്കുന്നു വിറപൂണ്ടൊരധര -
ദാഹമെങ്ങനെ തടയുന്നതെന്നങ്ങ്.
പകലുമായുന്ന ചിന്തയാലവളപ്പോൾ
വളയമിട്ടൊരാ കാൽവിരൽ മറച്ചല്ലോ
ധടുതിയിൽ കൈ പിടിച്ചവനുടെ, പിന്നെയോ
നടന്നു പോകുന്നു വീട്ടിലേക്കിരുവരും.
ഒരു തമാശപോൽ കണ്ടിവയൊക്കെയും
ചിരി മറച്ചൊരാ പവനനുമന്നേരം
പതിയെ മണ്ടുന്നവരുടെ പിന്നാലെ
ഇലയനക്കം പോലുമില്ലാതെ കുതൂഹലം!
@ബിജു ജി.നാഥ്
No comments:
Post a Comment