ജ്യോതിഷ ബാലപാഠം(പഠനം)
അംശി നാരായണ പിള്ള
റെഡ്യാര്‍ പ്രസ്സ്
വില : ആറ് അണ
അറിവിന്റെ വികാസം തുറന്ന വായനയുടെയും തിരഞ്ഞെടുപ്പുകളുടെയും അടിസ്ഥാനത്തിലാകണം. അതിനാല്‍ത്തന്നെ വായനയില്‍ ഇന്നതെന്നൊരു തിരഞ്ഞെടുപ്പ് ഉണ്ടാകാറില്ല. അത് അശാസ്ത്രീയ വിഷയങ്ങള്‍ ആയാലും ശാസ്ത്രീയ വിഷയമായാലും സമീപനം ഒന്നുപോലെയാണ്. കുറച്ചു കാലം മുന്പ് സംവാദങ്ങളില്‍ ഒക്കെ പങ്കെടുക്കുമ്പോള്‍ പ്രത്യേകിച്ചും മത വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ കേട്ടിട്ടുള്ള ഒരു വാക്കാണ് ഇതുപറയുമ്പോള്‍ ഓർമ്മ വരിക . പഠിച്ചിട്ടു വിമര്‍ശിക്കൂ. വായന തുടങ്ങിയ കാലഘട്ടം മുതല്‍ തിരഞ്ഞെടുപ്പില്‍ ഒരു ഫില്‍റ്ററിംഗ് നടത്തിയിട്ടില്ല . അത് മത പുസ്തകങ്ങള്‍ ആയാലും മ പ്രസിദ്ധീകരണങ്ങള്‍ ആയാലും കൊച്ചു പുസ്തകങ്ങള്‍ ആയാലും ശാസ്ത്ര പുസ്തകങ്ങള്‍ ആയാലും വായന എന്നതാണു പ്രധാനം . അതില്‍ നിന്നും കിട്ടുന്നതെന്തും അതുപോലെ സ്വീകരിക്കാതിരിക്കാന്‍, വിരുദ്ധമായ വായനകള്‍ സഹായിച്ചിട്ടുമുണ്ട് . പഴയകാലത്തിന്റെ അറിവും പുതിയ കാലത്തിന്റെ അറിവും ഒരുപോലെ അല്ലെന്ന് നമുക്കറിയാം . പുതിയ അറിവുകള്‍ പഴയകാല അറിവുകളെ പാടെ റദ്ദ് ചെയ്യുകയോ , പുതുക്കുകയോ ശരിവയ്ക്കുകയോ ചെയ്യാറുണ്ട് . ശാസ്ത്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളുടെ വായനയില്‍ നിന്നും പൊതുവേ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു സംഗതി പഴയ പല അറിവുകളെയും കാര്യ കാരണ സഹിതം മനസ്സിലാക്കാനും തിരുത്താനും ഒരു അവസരം സൃഷ്ടിക്കുന്നുണ്ട് എന്നുള്ളതാണ് . നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് . നമ്മള്‍ ഒരുകാലത്ത് സഞ്ചരിച്ചത് മനുഷ്യര്‍ ചുമക്കുന്ന വാഹനങ്ങളില്‍ ആയിരുന്നു . പിന്നെയത് മൃഗങ്ങള്‍ക്ക് കൈമാറി ഇന്നത് യന്ത്രങ്ങള്‍ക്ക് കൈമാറി . ഇവിടെ യാത്ര ചെയ്യാനുള്ള അവസ്ഥ അതുപോലെ നിലനില്‍ക്കുന്നു . അടിസ്ഥാനപരമായി യാത്ര ചെയ്യുക തന്നെ വേണം പക്ഷേ അതിനു പുരോഗമനപരമായ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു . അത് കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങളും കമ്പോളവും സൃഷ്ടിക്കുക മാത്രമല്ല മാനുഷികമായ ഒരു തലത്തില്‍ കൂടി എത്തിച്ചേര്‍ന്നു . ഇന്നാരും മനുഷ്യനെക്കൊണ്ടോ മൃഗങ്ങളെക്കൊണ്ടോ ചുമക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. പ്രൊഫ സി രവി ചന്ദ്രന്‍ തന്റെ പകിട പതിമൂന്നു എന്ന പുസ്തകത്തിലൂടെ ജ്യോതിഷത്തെയും അതിന്റെ മുന്‍ അവസ്ഥകളെയും കാഴ്ചപ്പാടുകളെയും തിരുത്താന്‍ ഒരു ശ്രമം നടത്തുകയുണ്ടായി . ആ പുസ്തകം വായനയില്‍ ഇതുവരെ എടുത്തിട്ടില്ല . പരിഗണനയില്‍ ഇരിക്കുന്ന ഒരു പുസ്തകമാണത്. പഴയ പുസ്തകങ്ങള്‍ പലതും ഗുട്ടന്‍ബര്‍ഗ് പോലുള്ള വിദേശ സംരംഭങ്ങളിലൂടെ ഇന്ന് നമുക്ക് ലഭ്യമാണ് എന്നതിനാല്‍ വായനയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല . അത്തരം ചില പുസ്തകങ്ങളുടെ കൂട്ടത്തില്‍ ലഭിച്ച ചില പുസ്തകങ്ങള്‍ ആണ് ജ്യോതിഷ പഠനം ബാലപാഠം, സ്ത്രീ ജാതകം , ജ്യോതിഷ മാര്‍ഗദ്വീപിക , ലക്ഷണ രേഖാശാസ്ത്രം തുടങ്ങിയവ. ഇവയില്‍ ജ്യോതിഷ ബാലപാഠം വായിച്ചതിനെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നതു . മറ്റുള്ളവ വായിക്കുന്നതിനനുസരിച്ച് അവയെക്കുറിച്ച് എഴുതാമെന്നു കരുതുന്നു . അംശി നാരായണപിള്ള എഴുതിയ ജ്യോതിഷ ബാലപാഠം , ജ്യോതിഷ പഠനം നടത്തുന്നവര്‍ക്കുള്ള ഒരു കൈപ്പുസ്തകം ആണ് . എന്താണ് ഗ്രഹങ്ങള്‍ , അവയുടെ നിലകള്‍ , അവ മനുഷ്യനില്‍ ചെലുത്തുന്ന ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത് . കവിതാ രൂപത്തില്‍ പരിചയപ്പെടുത്തുന്ന ഈ പുസ്തകം മനോഹരമായ കാവ്യമായി വായിക്കാന്‍ സന്തോഷം നല്കുന്നു എന്നതിനപ്പുറം മനുഷ്യരുടെ അറിവിന്റെ പരിമിതിയും കാലവും അത് അവനില്‍ ചെലുത്തിയിരിക്കുന്ന സ്വാധീനവും മനസ്സിലാക്കാന്‍ സഹായകമാണ് . ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും രാശികളെയും ഒക്കെ പരിഗണിക്കുമ്പോള്‍ മനസ്സില്‍ എപ്പോഴും തോന്നുന്ന അതേ ചിന്ത തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത് . കോടാനുകോടി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും വാല്‍ നക്ഷത്രങ്ങളും അസംഖ്യം ദുരൂഹതകളും നിറഞ്ഞ പ്രപഞ്ചം !
"അനന്തമജ്ഞാതമാവര്‍ണ്ണനീയം! ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം. അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ട് "
ശരിയാണ് ആ മനുഷ്യന് പ്രത്യേകിച്ചും ഇങ്ങ് കേരളത്തില്‍ അല്ല ഇന്ത്യയില്‍ ഉള്ളവര്‍ക്ക് മാത്രമായി വൈവാഹികക്കുരുക്കുമായി നില്‍ക്കുന്ന ഒരു ഗ്രഹം . ഇന്ന് ശാസ്ത്രം ജലം തേടി അവിടെയിറങ്ങിയിട്ടും ഒട്ടനവധി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വിവാഹത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന തമാശകള്‍ ആര്‍ക്കും ബോധ്യമാകാത്ത ഒരു കാര്യമായി നില്‍ക്കുന്നതെന്താകാം. ആകാശ ഗോളങ്ങളെക്കുറിച്ച് പഠിക്കാന്‍ മനുഷ്യന്‍ പണ്ടുമുതലെ ശ്രമിക്കുന്നു . അതിന്റെ പേര് ജ്യോതിശാസ്ത്രം എന്നുമാണ് . പക്ഷേ അതിന്റെ പേരിനെ ജ്യോതിഷം എന്നു മാറ്റുകയും ജ്യോതിഷം ഒരു ശാസ്ത്രമായി അവതരിപ്പിക്കുകയും ചെയ്യുന്ന കേവലതയെ നാളിന്നുവരെ ആരും ചോദ്യം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്നത് എന്തുകൊണ്ടാകും . ഒരുകാലത്ത് ബ്രാഹ്മണർക്ക് മാത്രം വീട് വയ്ക്കാന്‍ അധികാരം ഉണ്ടായിരുന്നപ്പോള്‍ അവന്റെ വീടിന് സ്ഥാനം നോക്കാനും രൂപരേഖ നിര്‍മ്മിക്കാനും ഉപയോഗിച്ച ശാസ്ത്രമെന്ന കാപട്യം ആണ് വാസ്തു ശാസ്ത്രം . പക്ഷേ ഇന്നത് ആരുടേയും വിശ്വാസത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു . ജോലിക്കു , വിവാഹത്തിന് , കഷ്ടകാലത്തിന് , വീട് വയ്ക്കാന്‍ , ബിസിനസ് തുടങ്ങാന്‍ എന്തിനധികം നല്ല സന്താനങ്ങളെ ഉണ്ടാക്കാന്‍ , പഠനം തുടങ്ങാന്‍ ,പ്രസവിക്കാന്‍ , ഒക്കെയ്ക്കുമൊക്കെയ്ക്കും ജ്യോതിഷന്റെ അടുത്തേക്ക് പായുന്ന മനുഷ്യരാണ് മലയാളികള്‍ . ശ്രീലങ്ക എന്ന ദേശം അന്ധവിശ്വാസങ്ങളുടെ നാടുകൂടിയാണ് . അവിടെ ഏറ്റവും കൂടുതല്‍ ഉള്ളത് മലയാളി ജ്യോതിഷികള്‍ ആണ് എന്നു തദ്ദേശീയരായ സുഹൃത്തുക്കള്‍ പറഞ്ഞതോര്‍ക്കുന്നു .
ഇവയൊന്നും വിശ്വസിക്കാത്ത ഞാൻ ചില സുഹൃത്തുക്കളോട് അവരെക്കുറിച്ചു പറയുമ്പോൾ അവരിൽ വിരിയുന്ന ആശ്ചര്യം മാത്രം മതിയാകും ഒരു ജ്യോതിഷ വേഷത്തിന് ഒരു വിശ്വാസിയെ സ്വാധീനിക്കാൻ കഴിയുന്ന തെങ്ങനെ എന്നു മനസ്സിലാക്കാൻ . കപട ശാസ്ത്രങ്ങള്‍ക്കെതിരെ സംസാരിക്കുന്നതുകൊണ്ടു മാത്രം സൗഹൃദങ്ങള്‍ നഷ്ടമാകുന്ന ഒരാള്‍ ആണ് ഞാന്‍ . മതങ്ങള്‍ക്കെതിരെ പറയുമ്പോള്‍ പിണങ്ങുന്ന മത സ്നേഹികള്‍ , സ്യൂഡോ സയന്‍സിനെതിരെ സംസാരിക്കുന്നതിനാല്‍ പിണങ്ങുന്ന ആയൂര്‍വേദ, യൂനാനി , ഹോമിയോ ,സിദ്ധ സുഹൃത്തുക്കള്‍ ഇപ്പോള്‍ ഞാന്‍ ജ്യോതിഷത്തെക്കുറിച്ച് പറയുമ്പോള്‍ പിണങ്ങാന്‍ പോകുന്ന ജ്യോതിഷ സുഹൃത്തുക്കള്‍ എന്നിവരോടുള്ള ഇഷ്ടം ഉള്ളില്‍ വച്ചുകൊണ്ടു തന്നെ പറയട്ടെ . ആധുനിക ലോകത്ത് നമുക്ക് സഞ്ചരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഒരുപാടുണ്ടല്ലോ അപ്പോള്‍ എന്തിനാണ് നാം ഇപ്പൊഴും മൃഗങ്ങളും മനുഷ്യരും നമ്മെ ചുമക്കണം എന്നു ശഠിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് . ഇന്ന് നമുക്കറിയാം നമ്മള്‍ ജീവിക്കുന്ന ഇടം മാത്രമല്ല ലോകം . ഒരേ സമയം ലോകത്തിന്റെ നാനായിടങ്ങളില്‍ ജനിക്കുന്ന ആയിരക്കണക്ക് കുട്ടികളില്‍ , കേരളത്തിലോ ഇന്ത്യയിലോ ജനിക്കുന്ന കുട്ടികളുടെ മാത്രം ജീവിതത്തെ ഗ്രഹനില നിയന്ത്രിക്കുമ്പോള്‍ മറ്റ് കുട്ടികള്‍ ഒരു ദോഷവുമില്ലാതെ വിവാഹിതരായി അവര്‍ മുത്തശ്ശിമാരാകുമ്പോഴും ഇവിടെ വിവാഹ സ്വപ്നങ്ങള്‍ താലോലിച്ചിരിക്കേണ്ടി വരുന്ന സ്ത്രീകളെ സൃഷ്ടിക്കുന്ന നിങ്ങള്‍ സമൂഹത്തെ സഹായിക്കുകയല്ല ചെയ്യുന്നത് . കേരളത്തില്‍ മതം പലതാണല്ലോ . മുന്‍പൊക്കെ എല്ലാവർക്കും ഹിന്ദു ജ്യോതിഷമായിരുന്നു പഥ്യം. പൂര്‍വ്വമതക്കാരില്‍ നിന്നും കൂടെക്കൊണ്ട് പോയ വിശ്വാസം . പക്ഷേ ഇപ്പോള്‍ അതിനു പരിണാമം സംഭവിച്ചു ശാഖകള്‍ ഉണ്ടായി . എല്ലാ മതങ്ങൾക്കും ഇന്ന് അവരവരുടെ മതലേബല്‍ ഉള്ള ജ്യോതിഷം സ്വന്തമാണ് . വര്‍ദ്ധിച്ചു വരുന്ന ഇത്തരം അന്ധ വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ ശാസ്ത്രീയ അഭിരുചിയുള്ള ഒരു തലമുറ വളര്‍ന്ന് വരേണ്ടിയിരിക്കുന്നു . അതിന് ഇത്തരം പുസ്തകങ്ങള്‍ തുറന്ന മനസ്സോടെ വായിക്കേണ്ടതുണ്ട് . കാരണം അപ്പോഴേ അബദ്ധങ്ങള്‍ തിരിച്ചറിയാൻ കഴിയൂ . അമിത വിശ്വാസം ഉള്ളവര്‍ക്ക് പക്ഷേ അത്തരം വായന കൂടുതല്‍ വിശ്വാസമാകും നല്കുക എന്നത് കറുത്ത സത്യവും . സസ്നേഹം ബിജു ജി നാഥ്
No comments:
Post a Comment