ആദ്യം അതൊരു പുഴയായിരുന്നു.
.............................................
എല്ലാം ഉള്ളിലൊതുക്കി
കഴുകി വെടിപ്പാക്കി
കടലിലേക്കൊരു യാത്ര.
ഒന്നും ഓർത്തു വയ്ക്കാതെ
തിരികെ യാത്ര ചെയ്യാതെ
കടലിലേക്കൊരു യാത്ര.
പിന്നെ, അതൊരു കാടായി മാറി.
രഹസ്യങ്ങളുടെ കലവറ !
അതിഗൂഢമായ മനസ്സിൽ,
നിറഞ്ഞ പച്ചിലക്കാട്ടിൽ
ഒളിഞ്ഞിരിക്കുന്നതെന്തൊക്കെ?
ജീവന്റെ ആദി താളം മുതൽ
ക്രൗര്യതയുടെ മൗനം വരെ.
ഒരേ താളമില്ലാത്ത
വിവിധ ജന്മങ്ങൾ.
നോട്ടത്തിലേക്ക് ഒരാകാശം വന്നു.
നീലയുടെ ശാന്തതയിൽ
മേഘ വെണ്മയുടെ നിർമ്മലതയിൽ
ആത്മീയതയുടെ തണുത്ത കാറ്റ്.
കാമത്തിന്റെയല്ലാതെ
പ്രണയത്തിന്റെയല്ലാതെ
സുതാര്യമായ മൗലികത
ജീവിതത്തിന്റെ താളം.
നിറങ്ങളില്ലാത്തൊരുവന്റെ ജീവിതത്തിൽ
കനവുകൾ നെയ്തു തളർന്നവൾ,
ചിറകുകൾ തളർന്നവൾ
പകർന്നിട്ട കാഴ്ചകൾ.
വേറിട്ട ചിന്തകളോടെ
വേദനയൊളിപ്പിച്ച മനമോടെ
കാഴ്‌ചകളെയവൻ കണ്ടു തുടങ്ങുന്നു.
പുഴയവന് ജീവിതവും
കാട് മനസ്സും
ആകാശം ആശ്വാസവുമാകുന്നു.
അവസ്വാന ശ്വാസത്തിന് മുമ്പ്
അവനെഴുതാൻ തുടങ്ങുന്നു
എല്ലാം മറന്നൊന്നുറങ്ങുവാൻ
നീയെന്റെ ജീവനെടുക്കുക.
ഒഴുകുന്ന ചോരയിൽ തൊട്ട്
നീയെന്റെ ചരമക്കുറിപ്പ് കുറിക്കുക.
കാലം പറഞ്ഞിടട്ടെ.
നമുക്കിടയിൽ
ഒഴുകിയകന്ന പുഴയിലും
പടർന്നു കയറിയ കാട്ടിലും
തെളിഞ്ഞ നീലാകാശത്തിലും
ഒരിക്കലും ഒന്നിക്കാനാവാതെ പോയ
രണ്ടു പേരുടെ നിശ്വാസമുണ്ടായിരുന്നുവെന്ന്....
@ബിജു ജി നാഥ്
.
No comments:
Post a Comment