ചില മനുഷ്യർ ചിലകാലങ്ങളിൽ
.............................................................
നഷ്ടവസന്തങ്ങൾക്കുമപ്പുറം ചിന്തതൻ
തപ്തനിശ്വാസക്കുളിരിൽ പിടയുന്നു
ഹൃത്തടമെങ്കിലും ഭാവിക്കുകില്ല ഞാൻ
ഒട്ടുമേ എൻ്റെ അന്തരാത്മാവിനെ, ലോകമേ!
വന്നുചേർന്നു പലകാലങ്ങളിൽ, പിന്നെ
പോയ് മറഞ്ഞവർ വിട പറഞ്ഞീടാതെ.
നിന്നുവെന്നാൽ ചിലർ ഹാ! ചൊല്ലിയേവം
കേവലം സാന്ത്വന വാക്കിൻ്റെ മർദ്ദനം.
കുത്തിയിറക്കും കഠാരമുനയെ പിന്നെയും
താഴ്ത്തി നോക്കും കുതൂഹലം പോലല്ലോ
കേട്ടു നില്ക്കും സാന്ത്വന വാക്കുകൾ തൻ
ആഴമേറ്റും വേദന, മാനവഹൃദയങ്ങളിൽ.
ചൊന്നിടാം സൗഹൃദവാക്കിൻ്റെ പശിമയും,
ചിന്തയിൽ നിന്ന് പിരിയും പ്രണയവും.
പുഞ്ചിരിയാൽ തഴുകി നീങ്ങും കുളിർ-
ത്തെന്നലായ് ഹേമമൊട്ടുമേയില്ലാതങ്ങ്.
കുറിച്ചിടാം പലരീതിയിൽ ചിന്തകൾ,ലോക-
മതിനെ കണ്ടിടാം യുക്തമായ രീതിയിൽ.
വാർന്നൊഴുകുന്ന ഹൃത്തിൻ വിലാപമോ
വായിക്കുന്നവർക്ക് ഏകിടാം ആനന്ദവും!
എത്ര സുന്ദരം ലോകമേ നിന്നിൽ നിറയുമീ
ഹരിത കമ്പള കാഴ്ചകൾ വസന്തവും!
വന്നു പോകുന്ന ഗ്രീഷ്മത്തെയോർത്തല്ലേ
കണ്ണുനീർ പൊഴിപ്പൂ ശിശിരവും വർഷവും.
കുത്തിയൊഴുകും പുഴയെത്ര വേഗത്തിൽ
മാഞ്ഞു പോകുന്നു വരളുന്നുണങ്ങുന്നു.
കാത്തു കാത്താ കടലിരിക്കുന്നു പിന്നെ,
കാറ്റിൻ കൈയ്യിലായക്കുന്നു തെളിനീരും.
എത്ര പാരസ്പര്യം നല്കുമീ കാഴ്ചകൾ
കണ്ടു വളരുന്ന മാനുഷർക്കില്ലാ തെല്ലും
കണ്ടു നില്ക്കുവാനല്ലാതെ മറ്റൊരു
ഹൃത്തിനെയറിയാനോ പുൽകുവാനോ.
@ ബിജു ജി.നാഥ്
No comments:
Post a Comment