Saturday, April 9, 2022

കള്ളക്കാറ്റേ ചൊല്ലരുതാരോടും നീയിത്

കള്ളക്കാറ്റേ ചൊല്ലരുതാരോടും നീയിത് . 
------------------------------------------- ആല്‍മരത്തിന്നിലകള്‍ പോലവര്‍;
തമ്മിലുരയുന്നു തല്ലുന്നു പിരിയുന്നു. 
പിന്നേയും,ചെറുകാറ്റിന്റെ കൈകളാല്‍
ഉമ്മ വയ്ക്കുന്നു സാന്ത്വനം ചൊല്ലുന്നു .
കണ്ടുനില്‍ക്കാന്‍ കുതൂഹലം ഉണ്ടെന്നാല്‍
ഉണ്ട് വേദന അവരുടെ ഉള്ളിലും.
 പിന്നെയെന്തിനായെന്നും പരസ്പരം
തമ്മില്‍ കലഹിക്കുന്നൊരീ കിളികള്‍.
ഉള്ളിലുള്ള മോഹങ്ങള്‍ ഗൂഡമായ് 
തമ്മില്‍ പറയാന്‍ മടിക്കുന്നതാകുമോ? 
ചൊല്ലിയറിയുന്നതിന്‍ സുഖമല്ലൊരിക്കലും
തമ്മിലറിഞ്ഞും പറയാതിരിക്കുന്നതില്‍ .
എന്തിനാണെന്ന് പറയാതെ അറിയാതെ
പിന്നെയുമവര്‍ വഴക്കാളിയാകുന്നു. 
പിന്നെ വേദന തിന്നവര്‍ രാവതില്‍
നിദ്രയില്ലാതെ കണ്ണീര്‍ പൊഴിക്കുന്നു .
എന്തിനാകാം ചോരനീ പവനന്‍
എത്തിനോക്കി ചിരിക്കുന്നിതിങ്ങനെ?
കണ്ടു കണ്ണടച്ചീടുകയല്ലേ വേണ്ടൂ
ചൊല്ലിന്നടക്കാമോ ലോകാരോടിങ്ങനെ! @ബിജു ജി.നാഥ്

No comments:

Post a Comment