Thursday, April 21, 2022

അവര്‍ കാട് കാണുമ്പോള്‍

അവർ കാടു കാണുമ്പോൾ
............................
അവര്‍ കാടുകയറുകയായിരുന്നു.
കൈകളില്‍ ഒന്നുമില്ലാതെ,
പ്രതീക്ഷകള്‍ ഒന്നുമില്ലാതെ,
ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെ....
അവര്‍ കാടുകയറുകയായിരുന്നു .

അവള്‍ പറഞ്ഞത് മാത്രമായിരുന്നു കാരണം.
കാടിന്റെ നഗ്നത കാണണം.
കാട്ടാറിന്റെ തീരം കാണണം.
കാട്ടുതേനിന്റെ ഗന്ധം നുകരണം.
അതെ, അവളായിരുന്നു മാര്‍ഗ്ഗം.

കാടു കയറിത്തുടങ്ങുമ്പോള്‍ ആവേശമായിരുന്നു.
പുല്‍ച്ചെടികളെ വകഞ്ഞു മാറ്റി,
കൂര്‍ത്ത കല്ലുകള്‍ ചവിട്ടിമെതിച്ചു
കാടു കയറുകയായിരുന്നു .

നിറയെ പച്ചപ്പ്‌...
പേരറിയാ ഫലവൃക്ഷങ്ങള്‍,
കണ്ടിട്ടില്ലാത്ത പൂക്കള്‍,
കേട്ടിട്ടില്ലാത്ത കിളിക്കൊഞ്ചലുകള്‍.
കാട് ആവേശമായി.

ചൂടാറാത്ത ആനപ്പിണ്ടങ്ങള്‍,
പതിഞ്ഞു കിടക്കും കാലടയാളങ്ങള്‍,
പേരറിയാ മൃഗഗന്ധങ്ങള്‍...
കാട് ഭയമായിത്തുടങ്ങി.

വിശപ്പിന്റെ വിളി കേള്‍ക്കുമ്പോള്‍,
കാട്ടാറിന്റെ തീരത്ത്‌
കരിമ്പാറക്കെട്ടില്‍ കയറിയിരിക്കുകയായിരുന്നല്ലോ.
കണ്ണാടി തോല്‍ക്കുന്ന വെള്ളം
കൈക്കുമ്പിള്‍ നിറയെ എടുത്ത് മുഖത്തൊഴിച്ചും,
പരല്‍മീനുകളെ വിരല്‍കൊത്താന്‍ വിട്ടും
കാട്ടാറിനെ കണ്ടു.
പൊന്തക്കാടില്‍ നിന്നോടി വന്ന
മുള്ളന്‍ പന്നിയെയും
കാട്ടുമുയലിനെയും
കണ്ണു തെറ്റാതെ കണ്ടു സന്തോഷിച്ചും,
ഓടിയകന്ന പേരറിയാ പാമ്പിനെ
പേടിയോടെ നോക്കിയും
കാടു കയറുകതന്നെ വീണ്ടും.

അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങള്‍
കണ്ണുകളില്‍ ശോണ രാശി പടർത്തുമ്പോള്‍,
കാവല്‍ മാടം തേടുകയായിരുന്നു കണ്ണുകള്‍.
തളര്‍ന്നു തുടങ്ങിയിട്ടില്ലാത്ത നമുക്കായ്
ആരോ കെട്ടിയുണ്ടാക്കിയ കാവല്‍ മാടം!
കാട്ടില്‍ ഇരുളെന്നാല്‍
കാത് തുളക്കുന്ന സംഗീതമാണെന്നവള്‍ പറഞ്ഞു.
ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകള്‍ കാണാന്‍
പുറം നോക്കി ഇരിക്കുമ്പോള്‍
വിശപ്പിനു കാട്ടുകിഴങ്ങുകള്‍ തുണ വന്നു.

കാടിന്റെ രാത്രി !
എന്റെ വയറില്‍ തല വച്ച്
ആകാശം നോക്കി കിടന്നാല്‍
താരകങ്ങളെ എണ്ണാന്‍ രസമുണ്ടെന്നവള്‍.
രാത്രി വളരുന്നതും തളരുന്നതും
എത്ര വേഗം കടന്നു പോയെന്നു വെളിച്ചം പറഞ്ഞു.
ഉറക്കം വരാത്ത മിഴികളെ
നക്ഷത്രങ്ങള്‍ കൊതിയോടെ നോക്കി കണ്ണടച്ചു.
ഇനി കാടിറക്കം ആണ്.

അവള്‍ക്കിപ്പോള്‍ കാട് സന്തോഷമാണ്.
ഓര്‍മ്മയുടെ പൂക്കാലമാണ്.
യാത്രപറഞ്ഞു രണ്ടു വഴികളിലേക്ക് നടക്കുമ്പോള്‍,
ഇരുവരുടെയും മനസ്സില്‍ കാട് വളരുകയായിരുന്നു!
പൂത്തുലഞ്ഞ കാടിന്റെ സംഗീതം നിറയുകയായിരുന്നു...
@ബിജു ജി.നാഥ്

No comments:

Post a Comment