Monday, November 9, 2015

പൗര്‍ണ്ണമി


താമരഗന്ധം നിറയും രാവിന്‍
താരക റാണി നീയെങ്കിലും.
ഓമലേ നിന്നുടെ മിഴികളില്‍
വീണലിയുന്നു തമോഗര്‍ത്തങ്ങള്‍ .

കൂമ്പിയ മിഴികളില്‍ നിന്നുതിരും
നാണത്തിന്‍ പൂവിതളുകള്‍ കാണ്മേ
പാരിജാതത്തിന്‍ സുഗന്ധം പോല്‍
കാമിനീ നിന്നോര്‍മ്മ പൊതിയുന്നു.

രാവുകളെത്ര കടന്നുപോയ് നിന്‍ 
നോവുകള്‍ കൊണ്ട് ദാഹമകറ്റി .
പെയ്യാതെ പോയ മഴയില്‍ നന -
ഞ്ഞെത്ര കര്‍ക്കിടകരാവും വിതുമ്പി.

ചാറ്റല്‍മഴയുടെ സൂചിമുനകള്‍ നിന്‍
ദേഹിയെ നോവിച്ച കാലമകലവേ 
കുത്തിയൊലിക്കും മഴയുടെ കുടയില്‍
ശബ്ദമില്ലാത്തൊരു ഗാനമായ് നീയിന്നു.

വെളിച്ചം കനവു കണ്ടുറങ്ങുമെന്‍
ജാലകവാതിലിലൂടെ പരിമന്ദം
യാമിനി തന്‍ ചിറകേറി നീയതി 
ലോലമിന്നെന്‍ ശയ്യയില്‍ വീഴവെ

പ്രണയമധുരം നിന്നധരങ്ങള്‍
പൊഴിയും ചികുരത്താല്‍ മറച്ചു
തരിക നീയോമലേ ജീവനില്‍
കുളിര് പകരുമൊരു ചുംബനം .
--------------ബിജു ജി നാഥ്

1 comment: