Wednesday, December 24, 2014

യാത്രികന്‍ ഞാന്‍

അടുത്ത വളവു വരെ മാത്രം
നിലനില്ക്കുന്നൊരു അസ്വസ്ഥത.
അതുമാത്രമാണ്
നിന്റെ മൗനം നല്‍കുന്ന വേദന .

ഈ യാത്രകള്‍
വിനോദത്തിന്റെ തീക്കുടുക്കകള്‍ തരുന്നു .
കൈവെള്ളയിലിരുന്ന്
കണ്ണുനനയിക്കുന്ന വെറും 
ഓര്‍മ്മ മാത്രമാണ് നിന്റെ ചിരി .
നീ ഒരു ലോകമാണ് !

നിറുകയില്‍ നിന്നും തുടങ്ങുന്ന തീര്‍ത്ഥയാത്ര!
പുരികങ്ങള്‍ക്ക് നടുവിലൂടെ
നാസികാഗ്രത്തില്‍ എത്തുമ്പോള്‍
യാത്ര ഒരു ചടങ്ങാകുന്ന പോലെ .
ചുണ്ടുകളെ അലിയിച്ചുകൊണ്ട് താഴോട്ടു പോകാന്‍
എന്നും മടിയോടെ നിന്നൊരു യാത്ര !

യാത്ര ഒരു കുതിച്ചു ചാട്ടമാകുന്നത്
ചുണ്ടില്‍ നിന്നുത്ഭവിക്കുന്നൊരു
 ഗംഗോത്രിയാകുമ്പോഴാണു .
ഹിമവല്‍ശൈലങ്ങള്‍ക്കിടയിലൂടെ ഒഴുകി
നദികള്‍ തടാകങ്ങളാകുന്ന പോലെ .

യാത്ര പലപ്പോഴും അനിശ്ചിതങ്ങളാണ് .
എങ്ങുമെത്താതെ പെയ്യുന്ന മഴച്ചാല് പോലെയാണ്
യാത്രകള്‍ ചിലപ്പോഴെന്നു തോന്നാം.
ഒടുവില്‍ അഗ്രം ചുംബിച്ചു നിന്റെ വിരല്‍ത്തുമ്പില്‍
ഒരു പുഷ്പദലമായും തോന്നാം .

എല്ലായാത്രകളും മോക്ഷപ്രദായിനികളും
ഉയരത്തിലേക്കുമാണെങ്കിലും
വിരുദ്ധമായ പരികല്‍പ്പനകളിലൂടെ
നീയാം ലോകം ഞാന്‍ വെട്ടിപ്പിടിച്ചത്
ഒരുപക്ഷെ മൂന്നാം കണ്ണില്‍ കണ്ട
കറുത്ത പാതയിലൂടെയാകം .
യാത്രകള്‍ക്ക് ഇനിയും വഴികളടയുമ്പോള്‍
ഇനിയെന്തെന്ന് ഞാന്‍ വെറുതെ ....
......ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment