മിഴിനീര്‍ കൊണ്ടെന്നെ നീ പൊള്ളിക്കുക!
ഓരോ കാഴ്ചകളിലും .
ദുസ്വപ്നമായി നീ നടുക്കുക
ഓരോ ഉറക്കത്തിലും.
ഉറങ്ങുവാന്‍ ആകാതെ
നോക്കുവാന്‍ ആകാതെ
ഹൃദയം പൊടിഞ്ഞു ഞാന്‍ പിടയട്ടെ .
നിന്നെ പിച്ചെടുത്ത കരങ്ങള്‍ക്ക്
ഇപ്പോഴും വിരലുകള്‍ സ്വന്തം.
നിന്നെ കടിച്ചു മുറിച്ച ദന്തങ്ങള്‍
ഇപ്പോഴും പരിക്കുകളില്ലാതെ.
നിന്നെ ചവിട്ടിപ്പിടിച്ച കാലുകള്‍
ഇപ്പോഴും മുടന്തില്ലാതെ .
നിന്നെ കീറിമുറിച്ച ലിംഗം
ഇപ്പോഴും ഉദ്ധരിക്കുന്നുണ്ട് .
ഇല്ല ,
നിനക്ക് നീതിയ്ക്കായ്
വെട്ടി മുറിയ്ക്കാത്ത വിരലുകളും
തല്ലിക്കൊഴിക്കാത്ത ദന്തങ്ങളും
തല്ലിയോടിക്കാത്ത കാലുകളും
ഛേദിച്ചുകളയാത്ത ലിംഗവും ഉള്ളപ്പോള്‍
നിന്റെ നോട്ടങ്ങള്‍ എന്നെ പൊള്ളിച്ചുകൊണ്ടേയിരിക്കും .
ഓരോ ഉറക്കത്തിലും നീ നീതി തേടി
എന്നെ അലട്ടും
കാരണം , നീ എന്റെ പെങ്ങളാണ് ,
നീ എന്റെ മകളാണ് ,
നീ എന്റെ സഹജീവിയാണ് .
സഹതപിക്കാത്തൊരീ ലോകത്ത്
നിന്നെ പിച്ചിചീന്തുന്ന ഓരോ
കരങ്ങള്‍ ,
കാലുകള്‍ ,
ദന്തങ്ങള്‍,
ലിംഗങ്ങള്‍...
നശിപ്പിച്ചുകൊണ്ടേയിരിക്കും ഞാന്‍ .
ഞാനല്ലൊരായിരം ഞങ്ങള്‍
നിനക്കായ് കാവല്‍ നില്‍ക്കുന്നുണ്ട് .
ഓരോ തെരുവുകോണുകളിലും ,
ഓരോ ചലിക്കുന്ന വാഹനങ്ങളിലും ,
ഓരോ പണിശാലകളിലും,
ഓരോ വീടുകളിലും .
ഇനി നീ മയങ്ങുക ശാന്തമായി .
ഇനി നീ നടക്കുക തലയുയര്‍ത്തി
ഇനി നീ ജീവിക്കുക നമുക്കൊപ്പം
ലോകം നിനക്കും കൂടിയുള്ളതാണ് .
----------------ബിജു ജി നാഥ്
No comments:
Post a Comment