Wednesday, December 24, 2014

ആത്മ സമര്‍പ്പണം

മുഖമില്ലാത്ത പെണ്ണേ
നീയെനിക്കാരാണ് ഇന്ന് ?
വിസ്മയത്തിന്റെ പൂക്കുടകള്‍
മിഴികളില്‍ നിറച്ചൊരു കൗതുകമാണോ?
സ്വപ്നങ്ങളുടെ മഴവില്ല് മോഹിച്ച
നീലാകാശമോ ?

സമാഗമങ്ങളുടെ ശീതോഷ്ണങ്ങളില്‍
ചുംബനത്തിന്റെ മുഴുക്കാപ്പ് തേടും
വണ്ടിന്നാസക്തി പോലെ
നിന്റെ സ്നേഹത്തിന്റെ വിരല്‍
തൊട്ടുഴിയുമ്പോള്‍
ഭ്രമമാണതെന്നറിയുന്നു ഞാന്‍ .

കൗതുകത്തിന്റെ കുന്നിക്കുരു പെറുക്കി
കാലത്തിന്റെ മാഞ്ചുവട്ടില്‍
അലസ സായാഹ്നക്കുട വിരിച്ചനാള്‍
മഴയെ സ്വപ്നം കണ്ടിരുന്നില്ലേ നമ്മള്‍ ?

നീയാം മഴവില്ലിനെ സ്വന്തമാക്കാന്‍
ആകാശമായി ഞാന്‍ വിരിഞ്ഞു നിന്ന
എത്രയോ പകലിരവുകള്‍ക്കൊടുവിലാണ്
ദലങ്ങള്‍ അടര്‍ന്ന ചെന്താമര പോല്‍
തൂവെള്ളക്കിടക്കയില്‍ കളം വരച്ചു
നമ്മള്‍ ശീതത്തെ മറന്നുറങ്ങിയത് .

ഇന്നീ രാവിന്റെ തോണിയിലേറി
ഗദ്ഗദത്തിന്റെ സാഗരത്തില്‍
ഒറ്റയ്ക്ക് മടങ്ങുവാന്‍,
നിന്നിലെ മന്ദഹാസത്തിന്റെ മുല്ലമൊട്ടുകളെ
വിരിയാന്‍ വിടാതെ തല്ലിക്കൊഴിക്കുവാന്‍,
ഇല്ല കാലമേ അനുവദിക്കില്ല ഞാന്‍
പകരം നിനക്കെന്റെ
ജീവന്‍ തരാം മടിയേതുമില്ലാതെ.
--------------------------ബിജു ജി നാഥ്

3 comments:

  1. "നിന്നിലെ മന്ദഹാസത്തിന്റെ മുല്ലമൊട്ടുകളെ വിരിയാന്‍ വിടാതെ തല്ലിക്കൊഴിയ്ക്കുവാന്‍ ഇല്ല കാലമേ അനുവദിയ്ക്കില്ല ഞാന്‍..."

    ഇതിലെ "നിന്നിലെ മന്ദഹാസം " എന്ന് പരാമര്‍ശിച്ചത് ആരെയാണ്? നായികയെ ആണോ? അതോ കാലമോ ? അവിടെ ഒരു കണ്ഫ്യൂഷന്‍ ബാക്കിയുണ്ട്..

    വരികള്‍ നന്നായി ബിജു?

    ReplyDelete
    Replies
    1. നായികയുടെ
      നന്ദി ശിവ . ശിവയുടെ ഒരു കഥ വായിച്ചു ഇന്നലെ ഗ്രാമച്ചന്തയിലെ സൂര്യന്‍ . വളരെ നന്നായി പ്രണയത്തെ ആവിഷ്കരിച്ചിരിക്കുന്നു ആശംസകള്‍

      Delete
  2. മുഖമില്ലാത്ത രൂപങ്ങളെ സ്നേഹിയ്ക്കാന്‍ എത്ര രസമാണല്ലേ.. നല്ല വരികള്‍..

    ReplyDelete