Wednesday, December 10, 2014

കന്യാവിനോദം..........സബീന എം സാലി

വായനയുടെ തണുത്തിരുണ്ട പ്രതലങ്ങളെ ചൂട് പിടിപ്പിച്ചുകൊണ്ട്‌ മരുഭൂമി തന്ന ആദ്യ വായന ആണ് ശ്രീമതി "സബീന എം സാലി" യുടെ "കന്യാവിനോദം" . തികച്ചും യാദൃശ്ചികമായി കൈകളില്‍ എത്തിയ ഒരു പുസ്തകം എന്നതിനപ്പുറം അതിനു വേറെ പ്രത്യേകതകള്‍ ആദ്യം ഉണ്ടായില്ല . പക്ഷെ വായനയുടെ ഉള്ളറകളിലേക്ക് ഇറങ്ങി പോകുമ്പോള്‍ ആണ് അറേബ്യന്‍ സംസ്കാരത്തിന്റെ ഉള്ളറകളില്‍ ഒരുപാട് ഒളിച്ചു നോട്ടങ്ങള്‍ കഥാകാരി നടത്തി എന്ന സത്യം മനസ്സില്‍ വിരിയുന്നത് . ഒരു ചരിത്ര വിദ്യാര്‍ത്ഥിയായ മനസ്സുമായി അതിലേക്കു ഇറങ്ങുമ്പോള്‍ കഥകളുടെ ഒരു മണല്‍ക്കാട് തന്നെ മുന്നില്‍ കാണാന്‍ കഴിയുന്നു . അതില്‍ പ്രണയമുണ്ട് രതി ഉണ്ട് , വന്യതയും വാത്സല്യവും ഉണ്ട് , സഹാനുഭൂതിയും കരുണയും ഉണ്ട് . ഇരുപത്തി മൂന്നു കഥകള്‍ കൊണ്ട് സമ്പന്നമായ ആ എഴുത്തുകളിലേക്ക് ഞാന്‍ ഒന്നൂളിയിട്ട്‌ ഇറങ്ങുകയാണ് . ഒരു ആസ്വാദനം എന്നത് എന്റെ ജീവിതത്തിലെ ആദ്യ അനുഭവം ആകാം . കാരണം ഇത് വരെ വായിച്ചു പോയിട്ടുള്ളത് അല്ലാതെ അതിനെ കുറിച്ച് ഇങ്ങനെ ഒരു എഴുത്ത് ആദ്യം ആണ് വിശദമായി . എന്റെ വായനയില്‍ ആദ്യം തടഞ്ഞത് ആദ്യ വായന ആയതും "അതിര്‍ത്തികള്‍ താണ്ടി അലയുന്നവര്‍ " ആണ് . അസ്പഷ്ടമായ സ്വരത്തില്‍ വിരക്തിയില്‍ നിന്നും വിടുതല്‍ തേടുന്ന ചില മാനങ്ങള്‍ പോലെയാണ് മൗനം നല്‍കുന്ന ചില സന്ദേഹങ്ങള്‍ . കിടപ്പുമുറിയുടെ ശബ്ദഘോഷങ്ങളും , ജാലകക്കാഴ്ച്ചകള്‍ക്കുമപ്പുറം , പുതുമകള്‍ തേടുന്ന ഭര്‍ത്താവിന്റെ കാമനകള്‍ക്ക് വഴങ്ങി കൊടുക്കുന്ന ധര്‍മ്മമാണ് തന്റെ ജീവിതമെന്നറിവ് 'അസു'വില്‍ ഉണ്ടാക്കിയ മനോവ്യാപാരമാകം തുടുത്ത കവിളുകള്‍ ഉള്ള ഉയരവും ആരോഗ്യവും തുടിക്കുന്ന പഷ്തൂണിന്റെ കാഴ്ചകള്‍ . ഒളിഞ്ഞു സാഹസപ്പെട്ടു നോക്കാന്‍ കൊതിക്കുന്ന ആ 'ഒന്നി'ല്‍ പ്രണയം ഉരുവായി തുടങ്ങുമ്പോള്‍ തന്നെ അത് നഷ്ടമാകുകയും ചെയ്യുന്നു . മാരിചനെ പോലെ അയാളെ വെട്ടിച്ചു മരുഭൂവിലേക്ക് ഓടിപ്പോകുമന്നു.  ആ ഒന്നിലൂടെ ഇവ അസന്നിഗ്ധമായി കഥാകാരി പറയുന്നു അര്‍ത്ഥഗര്‍ഭമായ മൗനസ്മിതമായി.
'കുങ്കുമപ്പൂക്കളുടെ മൂടുപടം' എന്ന കഥയില്‍ അഫ്ഗാനിസ്ഥാന്റെ ചരിത്രപരമായ കാഴ്ചകളിലേക്കും സ്ത്രീകളുടെ അടിച്ചമര്‍ത്തലുകള്‍ മതം എങ്ങനെ അവരില്‍ എന്ത് ഉളവാക്കുന്നു എന്നതിലേക്കും ഇറങ്ങി ചെല്ലുന്നു . അടുക്കള ഉപകരണങ്ങള്‍ക്കൊപ്പം ഉപയോഗം കൊണ്ട് പഴകിയ ഗോതമ്പ് മണികളില്‍ നിന്നും ആട്ട വേര്‍തിരിച്ചു വിഴുപ്പു കല്ലില്‍ അരിശങ്ങള്‍ തീര്‍ത്ത്‌ ബൂര്‍ഖയുടെ ചതുരക്കൂട്ടില് കൂടി മാത്രം പുറം കാഴ്ചകളെ അറിയുന്ന സ്ത്രീയെ വളരെ തന്മയത്തോടെ വരച്ചു കാട്ടുന്നു ഇതില്‍ .
'ദുഗൈമ' എന്ന കഥയില്‍ മരുഭൂമിയുടെ വന്യതയും ഇരുണ്ട വശങ്ങളും വിടര്‍ന്നു കാണുന്നുണ്ട് . പ്രണയവും ജീവിതവും വരച്ചു കാണിക്കുന്നു ആ ഊഷരതകളില്‍ എന്നത് കൊണ്ട് മാത്രം വ്യെത്യ്വാസം നേടുന്ന ഈ കഥ നല്ലൊരു വായന നല്‍കുന്നുണ്ട് .
'ഷിവോഗ പറഞ്ഞത് ' ശരിക്കും ജീവിതത്തിന്റെ പരുക്കന്‍ യാതാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോകുന്ന മനുഷ്യന്റെ , വീണു പോകുന്ന മനസ്സിനെ ,പ്രതീക്ഷകളെ ഒക്കെ അവതരിപ്പിക്കുന്നു .
'വിഴുപ്പുവണ്ടി ' വരച്ചിടുന്നത് പ്രവാസ ജീവിതത്തില്‍ സാധാരണകാണുന്ന ഒരു കാഴ്ചയാണെങ്കിലും അതിലെ സാധാരണത്വം നന്നായി പറയുന്നുണ്ട് .
'സിരാ ഉലോ' എന്നൊരു കഥയില്‍ പിലിപിനികളുടെ ജീവിതത്തെ നോക്കി കാണുന്നു . പ്രവാസത്തില്‍ സ്ഥിരകാഴ്ചകള്‍ ആണ് ഇവ എങ്കിലും അവ വായനക്കാരന്റെ മുന്നിലേക്ക്‌ നേര്‍ക്കാഴ്ച പോലെ അവതരിപ്പിക്കുമ്പോള്‍ അത് ഒരു പുതുമയായി തോന്നുന്നുണ്ട് .
'നനഞ്ഞ കാഴ്ചകള്‍' കണ്ണ് നനയിക്കുന്ന ദൈന്യതയാണ് ആ കാഴ്ചകള്‍ . സൗന്ദര്യമല്ല സ്ത്രീക്ക് ശത്രു അവളുടെ ഉടല്‍ തന്നെ ആണ് എന്ന് സ്ഥാപിക്കപ്പെടുന്ന ഒരു രചന . വായനയില്‍ കഥയായി തോന്നിക്കില്ല എന്നതാണ് ഈ എഴുത്തിന്റെ മേന്മയായും അവകാശപ്പെടാം .
'നഗരഗന്ധങ്ങള്‍' തികച്ചും വ്യെത്യസ്ഥമായ ഒരു വായന തന്നു . ജീവിതത്തില്‍ പരാജയപ്പെട്ടു പോയ ഒരു മനുഷ്യന്റെ വളരെ പച്ചയായ ഒരു കാഴ്ച അതാണ്‌ നഗരഗന്ധങ്ങള്‍ .ആ ഗന്ധം നന്നായി മനസ്സിലാക്കിത്തരുന്ന നഗരത്തിന്റെ പുറംപോക്കിനെ വരച്ചു കാണിക്കുന്നത് എത്ര മനോഹരമായാണ് . മറ്റുള്ള രചനയില്‍ നിന്നും വളരെ വേറിട്ടൊരു ആഖ്യായന ശൈലി ഇത് വായനയില്‍ നല്‍കുന്നുണ്ട് . എടുത്ത് പറയാവുന്ന ഒരു രചന .
'അപര്‍ണ്ണയുടെ കാമുകന്‍' എന്ന കഥയില്‍ പ്രണയം കാറ്റിനോട് ആണ് .നാടിന്റെ മഴയോര്‍മ്മകളും , തണുപ്പന്‍ കാറ്റിന്റെ കുസൃതികളും മണല്‍ക്കാറ്റിന്റെ തീക്ഷ്ണതയും വൈകാരികതയും നിരാശയും ഏകാന്തതയും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന ഒരു വായന നല്‍കി .
' വഴി മുറിഞ്ഞ യാത്രകള്‍ ' ശരിക്കും ജീവിതത്തിന്റെ ക്ഷണികത മനോഹരമായി ആതാരിപ്പിക്കുന്നു . കാഞ്ചനക്കൂടില്‍ അടച്ചു ജീവിക്കുന്ന സ്വര്‍ണ്ണ മത്സ്യം തന്റെ മുന്നില്‍ കാണുന്ന വികാരരഹിതമായ മനുഷ്യ ജീവിതത്തെ നോക്കി കാണുന്ന കാഴ്ച , ഒപ്പം തനിക്കു ആഴിയില്‍ നഷ്ടമായ തന്റെ ഇണയെ ഓര്‍ത്തുള്ള വേദന ഒടുവില്‍ മരണം എത്തിപ്പിടിക്കുമ്പോള്‍ അവനോടൊത്തുള്ള യാത്രയില്‍ ആണ് മത്സ്യം . തികച്ചും നൈമിഷ്കമായ ജീവിതത്തില്‍ നാം കണ്ടെത്തുന്ന ഓരോ ജീവകഥാപാത്രങ്ങളും നമുക്കിവിടെ കാണാന്‍ കഴിയുന്നു ഒരു വീടിനുള്ളില്‍ ചലിക്കുന്ന യന്ത്രങ്ങള്‍ പോലെ .
'വസന്തത്തിന്റെ ആത്മാവ് ' മഞ്ഞും മരണവും ഒറ്റമരവും ശവക്കൊട്ടയും ഒക്കെ പ്രതീകങ്ങള്‍ ആകുന്ന ഒരു രചന എന്നതിനപ്പുറം ജീവിതത്തിന്റെ വിരസതയും അനപത്യ ദുഖവും ചിന്തകളും വരച്ചിടുന്നുണ്ട് ആഴത്തില്‍ . വളരെ നല്ലൊരു വായനയുടെ തലം തുറന്നു തരുന്നു ഈ കഥ .
'ഭ്രാന്ത് പൂക്കുന്ന കാലം ' മയക്കു മരുന്നുകളുടെ പ്രഭാവത്തിലും , അതിന്റെ കെടുതികളിലും നശിച്ചു പോകുന്ന മാനുഷ്യമൂല്യങ്ങളും അത് പിന്നീട് ജീവിതത്തെ കൊത്തിപ്പറിക്കുന്നതും അശാന്തിയുടെ പരമകാഷ്ടയില്‍ മരണം തേടുന്നതും വളരെ തീവ്രമായി പറഞ്ഞു . ശരിക്കും ഒരു തുറന്ന കാഴ്ച തന്നെ ആണ് അത് നാം കാണാതെ പോകുന്ന , അങ്ങനെ ശ്രമിക്കുന്ന ചില നഗ്നസത്യങ്ങള്‍ അതില്‍ നമ്മെ നോക്കി പല്ലിളിക്കുന്നു .
'രഥയാത്രിക ' ഭ്രമകല്‍പ്പനകളില്‍ ആറാടുന്ന നേഹയിലൂടെ അസമത്വവും അസന്തുലിതവുമായ മരുജീവിതത്തിന്റെ കാണാക്കാഴ്ച തുറന്നു തരുന്നു . നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്ന സ്ത്രീയുടെ വിഹ്വലതയുമായി നേഹ നിങ്ങളെ പൊള്ളിക്കും എന്നത് തീര്‍ച്ച .
'ജനസേവകന്‍ ' ആധുനിക ലോകത്തിന്റെ ജനസേവന രീതികളും , കാഴ്ചകളും കാണിച്ചു തരുന്ന കഥ . ലഹളകള്‍ ഉണ്ടാക്കുന്നതും അവയ്ക്കെതിരെ സംസാരിക്കുന്നതും അവര്‍ക്കിടയില്‍ സമാധാന ദൂത് കൊണ്ട് വരുന്നതും ആയ നീലക്കുറുക്കന്മാരെ തൊലിയുരിച്ചു കാണിക്കുന്നു ഈ എഴുത്തില്‍ .
'സ്ഥാവരങ്ങളുടെ പ്രയാണം' സ്ത്രീ എന്നാല്‍ ഭോഗ വസ്തു എന്നൊരു കാഴ്ചപ്പാടുള്ള ലോകത്ത് നശിച്ചു പോകാന്‍ മാര്‍ഗ്ഗങ്ങള്‍ തുറന്നു കൊടുക്കുന്ന സമൂഹത്തില്‍ ഇവയില്‍ നിന്നും അകന്നു തന്റെ അവയങ്ങള്‍ വിറ്റ് കൊണ്ട് തന്റെ ലക്ഷ്യങ്ങള്‍ അല്പമെങ്കിലും വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന മാലതി സ്ത്രീയുടെ തനിമ നിലനിര്‍ത്തുകയും താക്കീതുകള്‍ പോലെ തലയുയാര്‍ത്തി സമൂഹത്തെ നേരിടുകയും ചെയ്യുന്നു .
'ആംബുലന്‍സ് ' പേര് പോലെ മൃതശരീരങ്ങളുടെ വാഹകന്‍ മരുഭൂമിയിലെ ഒരു രാത്രിയിലൂടെ മരുഭൂമിയുടെ രാവും അതിന്റെ ചൂരും കാണിച്ചു തരുന്നു . കൂട്ടത്തില്‍ എടുത്തു പറയാന്‍ കൊള്ളാവുന്ന മറ്റൊരു രചന . മറ്റു വായനകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പോലെ ഇതിലും മരണം ഒരു തണുത്ത നിഴല്‍ ആണ് .
'സുഹ്റ' ഓരോ നാടിനുമോരോ സുഹ്റകള്‍ ഉണ്ട് എന്നിടത്താണ് ഈ വായനയുടെ രസം . രസം എന്ന് പറയുക സാഡിസം ആണെങ്കിലും ആ വാക്ക് അവിടെ അവിചാരിതമായി കടന്നു വരുന്നതാണ് . നല്ല വായന നല്‍കി . നാട്ടിന്‍പുറത്തിന്റെ നന്മകളില്‍ കൂടി ഒരു യാത്രയായിരുന്നു ആ കഥ .
'ഏഴുവയസ്സുള്ള ഫെമിനിസ്റ്റ് ' വളരെ കൗതുകം നല്‍കിയ വായന ആണ് ഒരു കൊച്ചു പെണ്‍കുട്ടിയിലൂടെ ഒരു വലിയ വായന സാമ്രാജ്യം ആണ് തുറന്നിട്ടത് . വളരെ നല്ലൊരു രചനയായി ഇതിനെ വിശേഷിപ്പിക്കാം.
'ചോളം മണക്കുന്ന ദുപ്പട്ട' ഈ കഥ നമ്മെ കൊണ്ട് പോകുക ചില യാതാര്ത്യങ്ങളിലേക്ക് ആണ് . വര്‍ഗ്ഗീയ വിഷങ്ങള്‍ ചുരത്തുന്ന ഇടങ്ങളിലൂടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ചെന്ന് പെടുന്ന ജീവിതങ്ങളെ ഇവിടെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു . കൗമാരത്തിന്റെ ബലഹീനതകളും അഹങ്കാരവും നിഷേധവും അമ്മയുടെ ഓര്‍മ്മകളെ തിന്നാന്‍ വിടുന്ന തിരിച്ചറിവിന്റെ കാലം വളരെ വേദനയോടെ മാത്രമേ വായിക്കാന്‍ കഴിയൂ . അമ്മയെ തിരിച്ചറിയുന്ന ചോള മണത്തിലൂടെ സജീവമായി ആ ഓര്‍മ്മ നിലനിര്‍ത്തുന്നു കഥാകാരി ഇവടെ ദില്ഷനിലൂടെ . തികച്ചും മനോഹരമായ ഒരു കഥ ആണ് ഇതും .
'മുഖമില്ലാത്ത ഓര്‍മ്മകള്‍' സാദിയ എന്ന പെണ്‍കുട്ടിയിലൂടെ ഒരു സാധാ അറബ് പെണ്‍കുട്ടിയുടെ ദയനീയതയും , വിഷമതകളും വരച്ചു കാണിക്കുന്ന രചന . പ്രമേയം കൊണ്ട് നന്നായി നില്‍ക്കുന്നു. വായന നല്‍കുന്ന നെടുവീര്‍പ്പുകള്‍ ഉത്തരം ഇല്ലാതെ അലയുന്ന അനുഭവം .
'കന്യാവിനോദം ' ശരിക്കും പുറംചട്ടയില്‍ കണ്ട ഈ പേര് പക്ഷെ വായനയില്‍ വിനോദം ആയല്ല അനുഭവപ്പെടുക . മനുഷ്യമനസ്സിന്റെ എന്തിലെങ്കിലും ഒരു അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന ഏകാന്തതയുടെ , വിരസതയുടെ , വെറുപ്പിന്റെ പിന്നെ രതിയുടെ ചിത്രം . ഓരോ ഏകാന്ത മനുഷ്യരിലും ഉണരുന്ന ചോദന , രതി അതിനെ പൂര്‍ത്തിയാക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളെ രതി കല്പനകള്‍ വളരെ പരിമിതവും കയ്യടക്കവും കൊണ്ട് മനോഹരമായി പറഞ്ഞു എന്നതാണ് ഈ കഥയുടെ പ്രത്യേകത . വായനയില്‍ മുന്‍ നിരയില്‍ കൊണ്ട് വരും ഈ വായന . പി ജെ ജോണ്‍സന്റെ 'നേര്ച്ച' എന്ന കഥയില്‍ കന്യാസ്ത്രീ കുരിശു കൊണ്ട് തേടുന്ന രതിയുടെ മറ്റൊരു തലം .
'മെയില്‍ ഷോവനിസ് ' കഥയുടെ തലക്കെട്ട്‌ പോലെ അല്ല കഥ വായിക്കുമ്പോള്‍ അനുഭവപ്പെടുക തെറ്റിധാരണ പുലര്‍ത്താന്‍ മാത്രം ഉതകുന്ന തലക്കെട്ട്‌ . ശരിക്കും ഭ്രമാത്മകതയുടെ വായന ആണ് ഇത് . മൃഗങ്ങളില്‍ കൂടി മനുഷ്യരെ പ്രതീകവല്‍ക്കരിക്കാന്‍ കഥാകാരി കാണിക്കുന്ന ശ്രമം പാളിപ്പോകുന്നില്ല വായനയില്‍ . സൗന്ദര്യവും യുവത്വവും തടവറയില്‍ കൊരുത്തിടുന്ന സാധാരണ ജീവിതവും ലക്ഷ്യമെത്താതെ മുറിയുന്ന ജീവിതവും നന്നായി അവതരിപ്പിച്ചു എന്ന് പറയാം .മണ്ണിന്റെ മാറിലേക്ക് ഒരു സാധാരണമനുഷ്യന്‍ ആയി മറ്റുള്ളവര്‍ക്ക് ഒപ്പം ജീവിക്കാന്‍ ശ്രമിക്കുന്ന ദൈന്യത ഇവിടെ നന്നായി സ്പര്‍ശിക്കുന്നുണ്ട്‌ വരികളില്‍ .
'കുപ്പുവാര' ആധുനിക സമൂഹത്തില്‍ ഒരു സമൂഹം ഇന്ന് അനുഭവിക്കുന്ന ദീനതയാര്‍ന്ന ഒരു വസ്തുത വളരെ നന്നായി അവതരിപ്പിക്കുന്നു ഈ കഥയില്‍ .. തീവ്രവാദിയായി ഒരിക്കല്‍ മുദ്രകുത്തപ്പെട്ടാല്‍ പിന്നെ അവന്റെയും കുടുംബത്തിന്റെയും അവസ്ഥ , എത്ര നിരപരാധി ആണെന്ന് തെളിഞ്ഞാലും സമൂഹം അവരെ കാണുക എങ്ങനെ എന്നുള്ളതും അവരുടെ ആകുലതകളും വരച്ചു കാട്ടുന്ന രചന .
പൊതുവേ വായന വളരെ നല്ലതായിരുന്നു . സംതൃപ്തി നല്‍കിയ വായന എന്ന് പറയാം . ഭാവിയോടു നീതി പുലര്‍ത്താന്‍ കഴിയുന്ന ഒരു എഴുത്തുകാരി ആയി ഈ കഥാകൃത്തിന്റെ എഴുത്തുകള്‍ വായിക്കപ്പെടുന്ന ഒരു കാലം വിദൂരമല്ല എന്ന് മനസ്സിലാക്കിത്തരുന്ന എഴുത്തുകള്‍ ആയിരുന്നു ഓരോ കഥകളും . മരണവും ,ഏകാന്തതയും പ്രണയവും ., സ്ത്രീകളുടെ അറിയപ്പെടാത്ത , പറയാന്‍ കഴിയാതെ പോകുന്ന മൗനവുമൊക്കെ വളരെ ചാരുതയോടെ വരച്ചിടാന്‍ കഴിയുന്നുണ്ട് എന്നതാണ് ഈ കഥാകാരി നല്‍കുന്ന വാഗ്ദാനം . അവതാരികയില്‍ ശ്രീ സുഭാഷ് ചന്ദ്രന്‍ ഉപമിക്കുന്നത് പോലെ മാധവിക്കുട്ടിയെ അനുകരിക്കാന്‍ രതി എഴുതുന്നതാണ് സാഹിത്യം എന്ന് തോന്നിക്കില്ല ഈ വായനകള്‍ . അത് കൊണ്ട് തന്നെ ഈ കഥാസമാഹാരം വായനക്കാരനെ ഒരിക്കലും നിരാശനാക്കില്ല എന്ന് ഉറപ്പു പറയാന്‍ കഴിയും ...............ബിജു ജി നാഥ് 

No comments:

Post a Comment