Sunday, December 28, 2014

നിന്നിലേക്കലിയാന്‍

സ്വപ്‌നങ്ങള്‍ മയങ്ങും മിഴികളുമായോ 
മന്ദസ്മിതമോലും അധരങ്ങളോടെയോ
മുക്കുത്തി കല്ലിന്‍ തീക്ഷ്ണ ശോഭയായോ
നീയെന്‍റെ  ഉള്ളിലേക്ക് ഇറങ്ങി വന്നത്  ?

മനസ്സിലെ മൗനത്തെ തിരികളണച്ചുനീ-
യാരാരും കാണാതെ കരുതി വച്ചിന്നു
അലയുന്ന കാറ്റിന്റെ ലാളനംകൊള്ളുമ്പോള്‍
അനവരതം കലഹിക്കുന്നുവോ നിന്നോട് .

ഒരു കുഞ്ഞു മഴയായി പെയ്തു തുടങ്ങി-
യൊരു പെരുമഴയില്‍ കടപുഴകീടുവാന്‍ 

രാവിന്‍ മണിവീണകള്‍  മീട്ടി നോക്കി
പലകാലം ഇരുള്‍ കുടിച്ചു നിന്‍ നിശ്വാസം .

ഇലകള്‍ പൂവുകള്‍ തൊട്ടാവാടികള്‍ നിറയും
തൊടിയില്‍ ശലഭങ്ങളുമ്മ വയ്ക്കും സൂനങ്ങള്‍.
നിന്‍ വിരല്‍പ്പൂവുകള്‍ കൊണ്ട് പൊട്ടി വിടരും
തുമ്പതന്‍ ഉടല്‍ വിറയ്ക്കും ചിരികളികള്‍ !

കൊലുസിന്‍ നാദത്തില്‍ പരല്‍മീന്‍ പിടയ്ക്കുന്ന
പാടവരമ്പിന്‍ തീരങ്ങള്‍ നൃത്തം വയ്ക്കുന്നു. 
ഒരു പാദ സ്പര്‍ശം കൊതിക്കുന്ന പുല്‍നാമ്പ്
അരുമയോടെ നിന്നെ ഇക്കിളിയാക്കുന്നു .

പ്രിയതേ നിന്‍ കരാംഗുലി പങ്കിട്ടീ വഴികള്‍
ഇളം കാറ്റേറ്റ്‌ നടന്നു തീര്‍ത്തീടുവാന്‍
പാറിപറക്കുന്ന മുടിയിഴകള്‍ കൊണ്ടെന്റെ
മുഖമാകെ കുളിരുകള്‍ വാരിയണിയുവാന്‍

ഒരു ചെറു മഴയില്‍ നനഞ്ഞൊട്ടി നാം
ഒരു വഴി പകുത്തു നടന്നു നീങ്ങീടുവാന്‍
അറിയാതെ ഉള്ളില്‍ പടരുന്ന മോഹത്തെ
അതികാലം ഞാനെന്നില്‍ അടക്കീടട്ടെ !
------------------------ബിജു ജി നാഥ്

No comments:

Post a Comment