Wednesday, December 24, 2014

ലക്ഷ്മണരേഖ

ലക്ഷ്മണരേഖ
.........................
മാഞ്ഞു പോയതോ, മറന്നു പോയതോ ?
അറിയില്ല ലക്ഷ്മണരേഖ കാണാതെ പോയി .
സീതയുടെ കണ്ണുകളില്‍ മാത്രമായിരുന്നു 
രേഖകളുടെ സുവര്‍ണ്ണനിറമുണ്ടായിരുന്നത് .

ലക്ഷ്മണന്‍ താന്‍ വരച്ച രേഖ തേടി 
വൈദേഹിയുടെ ചുറ്റിലും യാത്ര തുടങ്ങി .
വിടര്‍ന്ന ഫാലങ്ങളില്‍ നിന്നുമായിരുന്നു 
യാത്രയുടെ തുടക്കമെങ്കിലും നിരാശയായിരുന്നു ഫലം .

യാത്ര ശംഖിന്‍ വരകളില്‍, ഇഴകളില്‍ 
മിനുപ്പില്‍ മാഞ്ഞു പോയിരുന്നുവോ 
താമരനൂലുകൊണ്ടിടയളന്നും പിന്നെ 
താമരയിലകളില്‍ ജലം പകര്‍ന്നും നോക്കി .

സ്വേദകണങ്ങളില്‍ തടഞ്ഞു മഴനൂല് പോല്‍ 
പാലാഴിയൊഴുകിയിറങ്ങിയെങ്കിലും 
മാഞ്ഞുപോയ രേഖയോ , അടയാളമോ 
എങ്ങും കണ്ടുകിട്ടുകയുണ്ടായില്ല തന്നെ .

തോല്‍വി സമ്മതിക്കാന്‍ മടിക്കുന്ന 
സൗമിത്രി യാത്ര പിന്നെയും തുടർന്നു . 
ചുഴികളുടെ അഗാധതയില്‍ എങ്ങുമേ 
കണ്ണുകള്‍ നോട്ടമെത്താതെ പോയിടീലും 

യാത്ര അനിവാര്യതയായിമാറിയിരുന്നു 
സീതയിലും അതിന്റെ ആവശ്യകതയേറുന്നു .
ലക്ഷ്മണനൊപ്പം തന്നെ സീതയും ഇപ്പോള്‍ 
വരയുടെ അക്ഷാംശ രേഖാംശങ്ങള്‍ തേടിത്തുടങ്ങുന്നു .

ആകാശം കറുത്തു വന്നതുപോലെ 
മൂടിക്കെട്ടി കാഴ്ച മറച്ചു തുടങ്ങുന്നതറിയുന്നവര്‍ 
വന്മരങ്ങള്‍ വഴിമാറിത്തുടങ്ങുന്നതറിയുമ്പോള്‍ 
യാത്രയുടെ താപത്തില്‍ ലക്ഷ്മണന്‍ കിതച്ചു തുടങ്ങുന്നു .

സീതയില്‍ യാത്ര കൗതുകവും മിഴിവുമേറുന്നു 
ലക്ഷ്മണനു ഇപ്പോള്‍ സീത വഴികാട്ടിയാകുന്നു .
അരുവികളില്‍ നിന്നും ദാഹമകറ്റിയവന്‍ 
യാത്ര തുടരുന്നു രേഖകള്‍ മാഞ്ഞ താഴ്വരകളില്‍ .

ഒടുവില്‍ അന്ധകാരം നിറഞ്ഞ ഏതോ ചരുവില്‍ 
പുതച്ചു മൂടി ഉറങ്ങുന്ന ലക്ഷ്മണനെ നോക്കി 
സീത പകച്ചു നില്‍ക്കുന്നു മാരീചന്റെ മായ കണ്ടും 
മാഞ്ഞു പോയ രേഖ ഓര്‍ത്തും നെറ്റിയില്‍ നിന്നും ഒരു 
ചുവന്ന പുഴ താഴോട്ടൊഴുകിത്തുടങ്ങുന്നു .
...... ബിജു.ജി.നാഥ് വർക്കല

1 comment:

  1. ലക്ഷ്മണരേഖയുടെ രാഷ്ട്രീയം.. :)

    ReplyDelete