Monday, December 8, 2014

സമരം


അന്നം ഉപേക്ഷിച്ചു സമരം
അന്നത്തിനായും സമരം.
വിദ്യ അര്‍ത്ഥിച്ചും സമരം
വിദ്യ മുടക്കിയും സമരം.


അറയടച്ചിട്ടും സമരം
അറ തുറന്നിട്ടും സമരം.
വഴി നിഷേധിച്ചും സമരം
വഴി തുറക്കാനും സമരം.

തൊഴിലിനു വേണ്ടി സമരം
തൊഴില്‍ മുടക്കാനും സമരം.
ഭരണം ലഭിയ്ക്കാന്‍ സമരം
ഭരണം കളയാനും സമരം.

മദ്യപിയ്ക്കാനും സമരം
മദ്യം ഒഴിവാക്കാനും സമരം.
തുണിയുടുക്കാനും സമരം
തുണിയഴിയ്ക്കാനും സമരം.

ഉമ്മവയ്ക്കാനും സമരം
ഉമ്മ നിഷേധിയ്ക്കാനും സമരം.
തുണ്ട് ഭൂമിയ്ക്കും സമരം
ഭൂമി നിഷേധിച്ചും സമരം..

അതിരുകള്‍ കാക്കാന്‍ സമരം
അതിരുകള്‍ തകര്‍ക്കാന്‍ സമരം.
മതമുപേക്ഷിയ്ക്കാന്‍ സമരം
മതമുറപ്പിയ്ക്കാനും സമരം .

മാംസം വില്‍ക്കുവാന്‍ സമരം
മാംസവില്‍പ്പനയ്ക്കും സമരം.
ജാതി പോകാനായി സമരം
ജാതി വളര്‍ത്താനും സമരം .

വികസനം വരുവാന്‍ സമരം
വികസനം തടയാനും സമരം.
കോഴ കൊടുക്കാന്‍ സമരം
കോഴ വാങ്ങുന്നതിനും സമരം.

ഗോളങ്ങള്‍ താണ്ടുവാന്‍ സമരം
ഗോളങ്ങള്‍ താണ്ടുന്നതിനും സമരം.
ഒന്നാമന്‍ ആകുവാന്‍ സമരം
ഒന്നാമനായതില്‍ സമരം.

ഒന്നിച്ചു നില്‍ക്കുവാന്‍ സമരം
ഭിന്നിച്ചു പോകാനും സമരം.
ജീവനെടുക്കാന്‍ സമരം
ജീവനെടുക്കുവതിനും സമരം.

സമരമുപേക്ഷിയ്ക്കാന്‍ സമരം
സമരം നടത്തുവാന്‍ സമരം.
സമരങ്ങള്‍ സമരങ്ങള്‍ എങ്ങും
ജീവിതം സമരത്തില്‍ അമരുന്നു.
--------------------06.12.2014

1 comment:

  1. സമരസ്വാതന്ത്ര്യം ഉള്ളത് നല്ലതല്ലേ

    ReplyDelete