Monday, December 15, 2014

വേലിയിറക്കം

തണുത്ത മണലില്‍ നിലാവിന്റെ പുതപ്പു ചൂടി ആകാശം നോക്കി കിടക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ പക്ഷെ അരികില്‍ ശാന്തമായി ഉറങ്ങുന്ന കടലിന്റെ ആഴങ്ങള്‍ ഒളിപ്പിക്കുന്ന അതെ പ്രക്ഷുബ്ധതയായിരുന്നു . ഒന്നോര്‍ത്താല്‍ ജീവിതത്തിന്റെ ചക്രമുരുണ്ട് പോകുന്നു എന്നതിനപുരം താന്‍ എന്താണ് ജീവിക്കുവാന്‍ വേണ്ടി ചെയ്തത് എന്നയാള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. തളര്‍ന്ന മിഴികളും ബ്ലേഡ് കാണാന്‍ മറന്നുപോയ മുഖവും മുഷിഞ്ഞ വസ്ത്രങ്ങളും ഒക്കെയായി ഒരു തരം ലോകത്തോട്‌ തന്നെ വിദ്വേഷം പുലര്‍ത്തി ജീവിച്ച ഒരു മനുഷ്യന്റെ രൂപം ..!
ഓര്‍മ്മവച്ച കാലം മുതല്‍ സ്നേഹം നിഷേധിക്കപ്പെട്ടവന്‍ , ജനനം താതന്റെ കാലനായി എന്ന ഓമനപ്പേരോട് കൂടി പിറന്നവന്‍ .
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഉണ്ടായിരുന്നു ഓരോ ദുര്‍ഘടസന്ധികള്‍ . പഠനത്തില്‍ ഒരിക്കലും മുന്നേറിയിട്ടില്ല . പഠിക്കുന്നതിലും കൂടുതല്‍ ലോകത്തെയറിയുന്നതിലായിരുന്നു കമ്പം . അവഗണനയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ച അമ്മയുടെ നഗ്നത ഒളിഞ്ഞു നോക്കിയാണ് ആദ്യമവന്‍ രതിമൂര്‍ച്ഛയടഞ്ഞത് . സ്ത്രീ എന്നുമൊരു പ്രതികാരത്തിന്റെ എഴുത്ത് പലകയായതും അമ്മയുടെ അവഗണനയുടെയും പ്രാക്കുകളുടെയും ബാക്കിയായിരുന്നു . ആരെയും അനുസരിക്കാത്ത തല്ലുകൊള്ളിയായ ജന്മം . നെറ്റിയിലും തോളിലുമടക്കം തല്ലുകൊള്ളിത്തരത്തിന്റെ അടയാളങ്ങള്‍ ഉപേക്ഷിച്ച വടുക്കളുമായി അശ്വത്ഥാമാവിനെ പോലെ അലയാനായിരുന്നു വിധി .
ഒട്ടേറെ തീരങ്ങള്‍ , മുഖങ്ങള്‍  , തൊഴിലുകള്‍ . എവിടെയും ആദ്യം തിരഞ്ഞിരുന്നത് ചേല ചുറ്റിയ ദേഹങ്ങള്‍ മാത്രം . സ്ത്രീകളുടെ ഗന്ധമേല്‍ക്കാത്ത രാവുകള്‍ മയക്കുമരുന്ന് ലഭിക്കാത്തവന്റെ അവസ്ഥ പോലെയായിരുന്നു എന്നതാണ് ശരി . ഉപേക്ഷിച്ചും , വലിച്ചെറിഞ്ഞും , തന്തയില്ലാത്ത കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ ക്രൂരമായൊരു ആനന്ദം കണ്ടെത്തിയ നാളുകള്‍ ആയിരുന്നു അവയൊക്കെ . ഒരു പുതിയ തലമുറയെ വളര്‍ത്തി എടുക്കാന്‍ എന്നപോലൊരു മോഹമായി അത് കൊണ്ട് നടക്കുകയായിരുന്നു. കുറ്റബോധമോ , മനസ്സിന്റെ ചാഞ്ചാട്ടമോ ഇല്ലാതെ നടന്നു പോയ പാതകള്‍ .... എന്ത് തൊഴിലുമെടുക്കാനുള്ള മനസ്സും പിന്നെ ആരോഗ്യമുള്ള ശരീരവും . പാരമ്പര്യമായി ലഭിച്ച സൗന്ദര്യവും വേട്ടയ്ക്കു ഇറങ്ങുമ്പോള്‍ കൂടെയുണ്ടായിരുന്നതിനാലാകണം ജീവിതത്തില്‍ നിരാശകള്‍ ഒരിക്കലും അയാള്‍ക്ക്‌ കൂട്ടുകാരായതേയില്ല .
പേരില്ലാത്ത മുഖവുമായി അറിയാത്ത നാടുകളില്‍ ചുറ്റിത്തിരിയുമ്പോഴാണ് ഏതോ ഒരു മറാട്ടി പെണ്ണിന്റെ കഴുത്തു ഞെരിച്ചു കൊണ്ട് ഉള്ളില്‍ പുതിയൊരു മോഹം നീലിച്ചു വീണത്‌ . ഉപയോഗിക്കുക നശിപ്പിക്കുക അതായി പുതിയ രസം . ഒരു നാളില്‍ കൂടുതല്‍ ഒരിടത്തും തങ്ങിയില്ല. ഒരു വിധത്തില്‍ ഒരു ഭാരതപര്യടനം തന്നെ ആയിരുന്നു അതെന്നു പറയാം വേണമെങ്കില്‍ . പോകുന്നിടത്തൊക്കെ ഒരു ജീവനെയെങ്കിലും ആസ്വദിച്ചു ഇല്ലാതാക്കി ആനന്ദമടഞ്ഞു കടന്നു പോയി നാളുകള്‍ . ഏതൊരു ജൈത്ര യാത്രക്കും ഒരു അവസാനം ഉണ്ടാകും എന്നത് ഇവിടെയും സംഭവിച്ചു . ആരില്‍ നിന്നോ ലഭിച്ച അണുക്കള്‍ ലിംഗാഗ്രത്തില്‍ മുകുളങ്ങള്‍ ആയി വിരിഞ്ഞു തുടങ്ങി . ചികിത്സകളോ മരുന്നോ ഇല്ലാതെ ഒടുവിലൊരു വെറും മാംസകഷണം ആയി അവശേഷിച്ചു അത് . ജീവിതങ്ങള്‍ എപ്പോഴും ഇങ്ങനെ ആണ് . വീഴ്ച വരും വരെ മാത്രമാണ് പിന്തിരിഞ്ഞു നോക്കാതെ മുന്നോട്ടു ഓടുന്നത് . പിന്നിലെക്കൊരു നോട്ടം പോലും അസാധ്യമാണ് മനുഷ്യന് . ഒടുവില്‍ ഒരു നാള്‍ ഒരു വീഴ്ചയുടെ ആഴങ്ങളില്‍ വീണു കിടന്നു കൊണ്ട് അവന്‍ തിരികെ യാത്ര ചെയ്തു തുടങ്ങും . നഷ്ടങ്ങളുടെ കണ്ണീരുമായി പിന്നെ പശ്ചാത്താപം ചെയ്തു തുടങ്ങുകയായി . അപ്പോള്‍ മുതല്‍ അവന്‍ തിരികെ നടക്കും . ഉപേക്ഷിച്ച തീരങ്ങളിലൂടെ മറന്നു പോയ വഴികളിലൂടെ ഒരു പരാജിതന്റെ യാത്ര . മരണത്തിന്റെ ഗന്ധം വിരിഞ്ഞു നില്‍ക്കുന്ന മനസ്സുമായി തിരികെയുള്ള ഈ യാത്രയില്‍ കുറ്റബോധവും പാപബോധവും വേട്ടയാടിക്കൊണ്ടിരിക്കും അവനെ . കണ്ണീരില്‍ മുക്കിയും , ഓര്‍മ്മകളെ മയക്കി കിടത്തിയും ലഹരികളുടെ പൂക്കള്‍ തലച്ചോറില്‍ വിരിയിച്ചും പിന്നെ ദിനങ്ങള്‍ കൊഴിഞ്ഞു വീഴും . തുടങ്ങിയേടത്തു തിരികെ എത്തുമ്പോള്‍ ആണ് മാപ്പ് പറയാനോ കടം വീട്ടാനോ ഒന്നും ബാക്കിയില്ലെന്ന തിരിച്ചറിവ് ആഘാതമായി വീഴുന്നത് . മറ്റൊരു വീട്ടാക്കടമായി അത് മനസ്സില്‍ ചത്തു മലച്ചു കിടക്കും . എല്ലാം മറന്നു , ഉപേക്ഷിച്ചു പോയവന് ഒന്നും ബാക്കിയില്ലാത്തതിന്റെ വേദനയെങ്ങനെ അനുഭവിക്കാനാകും എന്ന് അന്നേ മനസ്സിലാകുകയുമുള്ളൂ .
വിശാലമായ ഈ കടപ്പുറത്ത് ശാന്തമായുറങ്ങുന്ന തിരകളുടെ ചാരത്തു നക്ഷത്രങ്ങളും പൌര്‍ണ്ണമിയും സാക്ഷി നിര്‍ത്തി യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍കാഴ്ചകള്‍ നടത്തിക്കൊണ്ടു പോയിടീലും , ഓര്‍മ്മകളുടെ അവസാന കണികയെന്നത് ബാല്യത്തിന്റെ ഏതേലും ഒരു തുരുത്തു വരെ മാത്രമാകും . ഗര്‍ഭാശയത്തിലേക്ക് തിരികെ മടങ്ങാനോ , ജീവന്റെ ആദ്യ തുടിപ്പിന്‍ ചിന്തകളിലേക്ക് ഊളിയിടാനോ സാധ്യമല്ലല്ലോ .
സ്വപ്‌നങ്ങള്‍  ഇല്ലാത്ത ജീവിതം ! അതിനു പക്ഷെ ജീവിതത്തിന്റെ പുതിയ ലോകം സ്വന്തവുമല്ല . ലോകത്തെ നോക്കി കാണാന്‍ കണ്ണുകള്‍ തുറന്നിരുന്നാല്‍ പോര ഉള്‍ക്കണ്ണു ഉണ്ടാകണം . ലഹരി പൂക്കാത്ത ഈ രാവില്‍ ഇനിയൊരു പുലരി കൂടി വരുമ്പോള്‍ ചീര്‍ത്തു വീര്‍ത്ത മനുഷ്യക്കോലമായി മത്സ്യങ്ങള്‍ കൊത്തിവിഴുങ്ങിയ കണ്ണുകളും , ചുണ്ടും, ലിംഗവുമായി ഒഴുകി നടക്കണം ഇനി  . എന്റെ ജീവിത കൊണ്ട് ഈ ലോകത്തിനു കിട്ടുക ആ ഒരു സൗഭാഗ്യമാകും . ലോകം ഉറങ്ങുമ്പോള്‍ ഉറങ്ങാന്‍ മടിച്ചിരുന്ന എന്റെ രാത്രികള്‍ക്ക് ഇതവസാനരാത്രി . വിടര്‍ത്തി പിടിച്ച കൈകളുമായി തിരയടങ്ങിയ കടലിന്റെ മാറിലേക്ക്‌ ഇറങ്ങി ചെല്ലുമ്പോള്‍ പ്രതിഷേധത്താല്‍ കടലിളകിയത് ജന്മത്തിന്റെ പിന്തുടരുന്ന നിരാകാരത്തിന്റെ അവസാനത്തെ അനുഭവമാകട്ടെ . തണുത്ത ജലത്തിന്റെ കുളിര്‍മ്മ കാല്‍മുട്ടുകള്‍ കടന്നു ലിംഗത്തെ പൊള്ളിച്ചുകൊണ്ടു നെഞ്ചില്‍ ആശ്വാസതാളം ഉയര്‍ത്തി ചുണ്ടുകളില്‍ ഉപ്പു നനയിച്ചു നിറുകയില്‍ നുരയും പതയുമായി അലസം കടന്നു പോയി.
കാറ്റ് പിന്നെയും വീശിക്കൊണ്ടിരുന്നു . നിലാവ് പുഞ്ചിരി പൊഴിച്ച് കൊണ്ടേയിരുന്നു . നഷ്ടമായ ചൂട് തിരികെ മോഹിച്ചു കടല്‍ക്കരയിലെ മണല്‍ത്തരികള്‍ മാത്രം കണ്ണ് നനയിച്ചു . കടല്‍ അപ്പോഴും നിര്‍വൃതിയിലെന്ന പോലെ മിഴികള്‍ അടച്ചു മയക്കത്തിലായിരുന്നു . നുര നിറഞ്ഞ പുഞ്ചിരിയോടെ ലാസ്യം .....!
-----------------------------------------------------------------------------------ബിജു ജി നാഥ്

No comments:

Post a Comment