നമുക്ക് കാടു പൂക്കുന്നത് കാണാന്‍ പോകാം !
നിന്റെ ദാവണിത്തുമ്പില്‍ തെരുപ്പിടിപ്പിച്ചു തൊട്ടാവാടികളെ വകഞ്ഞു മാറ്റി പുല്ലാനികള്‍ക്കിടയിലൂടെ സ്വപ്‌നങ്ങള്‍ തേടി നടക്കാം .
ഇളംകാറ്റില്‍ അളകങ്ങള്‍ നിന്റെ കപോലങ്ങളില്‍ സായന്തനസൂര്യന്റെ നിറം ചാലിക്കുന്നത് മറയ്ക്കുമ്പോള്‍ എനിക്കൊന്നുമ്മ വയ്ക്കാന്‍ കൊതിയാകുന്നു .മാനത്തു കണ്ണികള്‍ കൊതിയോടെ നോക്കുന്ന നിന്റെ പാദങ്ങളില്‍ എനിക്കൊരു മിഞ്ചി അണിയിക്കണം. പുലരികള്‍ തണുപ്പ് വാരിപ്പുതയ്ക്കുമ്പോള്‍ നിന്റെ അണിവയറിന്റെ ഇളം ചൂടില്‍ കവിള്‍ ചേര്‍ത്തു മയങ്ങണം .
നമുക്ക് ഉമ്മകള്‍ പൂക്കുന്ന താഴ് വരകളില്‍ കൊത്താരം കല്ല് കളിക്കാം .
മേഘങ്ങള്‍ കുടപിടിക്കുന്ന പച്ചപ്പരവതാനിയില്‍ കണ്ണുപൂട്ടിക്കിടക്കാം . അടഞ്ഞ കണ്‍പോളകളില്‍ നിറയുന്ന ഇരുണ്ട ചുവപ്പിനെ മനസ്സിലേക്കാവാഹിക്കാം . പരസ്പരം പുണര്‍ന്നുമുറുകുന്ന കൈപ്പത്തികളെ അവരുടെ ഇഷ്ടത്തിനു വിടാം . നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നു എന്നവര്‍ പരസ്പരം ബോധ്യപ്പെടുത്തട്ടെ .
മുയലുകളും മാന്‍പേടകളും ചിത്രശലഭങ്ങളും തുമ്പികളും നമുക്ക് ചുറ്റും ഒരു പൂന്തോട്ടം തീര്‍ക്കട്ടെ . നിന്നിലേക്ക് പൊഴിയുന്ന മഞ്ഞു കണികകളില്‍ ഓരോന്നിലും എന്റെ ചുണ്ടുകളെ ദാഹിക്കുന്ന മിഴികള്‍ തുറക്കട്ടെ .അപ്പൂപ്പന്‍താടികള്‍ പോലെ നമ്മള്‍ പറന്നു നടക്കുന്ന നീലാകാശം നമുക്ക് സ്വന്തമാകട്ടെ .
നമുക്ക് കടലു കാണാന്‍ പോകാം
നീലയും പച്ചയും നിറങ്ങളില്‍ വെളുത്ത നുര നിറയുന്ന കടലിന്റെ മാറില്‍ നീന്തിത്തുടിക്കാം . നിന്റെ രഹസ്യങ്ങളില്‍ ഉമ്മ വയ്ക്കുന്ന മീന്‍കുഞ്ഞുങ്ങളെ അസൂയപൂണ്ടു ഞാന്‍ ആട്ടിയോടിക്കാം . ചുഴികള്‍ , മലരികള്‍ നിറഞ്ഞ സമുദ്രങ്ങളില്‍ മുത്തുംപവിഴവും തേടി മുങ്ങാം കുഴിയിടാം . പവിഴപ്പുറ്റുകളില്‍ നിന്റെ മേനിയുരഞ്ഞു പൊടിയുന്ന ചോര എന്റെ നാവിനാല്‍ ഞാന്‍ തൊട്ടെടുക്കാം . നമുക്ക് നഗ്നതയെ മറക്കാം തൊലികളുടെ മിനുമിനുപ്പില്‍ നിന്നും ഹൃദയത്തിന്റെ ചുകചുകപ്പിലേക്ക് യാത്ര ചെയ്യാം .
നമുക്ക് നമ്മെ മറക്കാം . ജീവിതമെന്നാല്‍ ഞാനും നീയുമാണെന്ന് വെറുതെ പറയാം . പരസ്പരം ആഴങ്ങളില്‍ ചുംബിക്കാം . നിന്റെ അധരങ്ങളിലെ ചോര എന്റെ നാവില്‍ പടരും വരെ.... കരിനീലിച്ച നമ്മുടെ ചുണ്ടുകള്‍ നാണിച്ചു പരസ്പരം ഒളിക്കട്ടെ . നമുക്ക് അത് കണ്ടിരിക്കാം ........ബിജു ജി നാഥ്
യുവത്വത്തിന്‍റെ ആവേശങ്ങള്‍.........................
ReplyDeleteആശംസകള്‍